പ്രവാസം

തൊഴില്‍രഹിതര്‍ക്കും താല്‍ക്കാലിക വിസയില്‍ എത്തിയവര്‍ക്കും ദുബായില്‍ സൗജന്യഭക്ഷണം

ചൈനീസ് റസ്‌റ്റോറന്റാണ് അനേകം പേര്‍ക്ക് ആശ്വാസമാവുന്ന ഈ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്

ഇനി തൊഴിലില്ലെന്ന് കരുതി ക്യൂബ മുകുന്ദനെയോ സുരാജിന്റെ ജയിംസിനെയോ പോലെ പട്ടിണി കിടക്കുകയോ നൊയമ്പുതുറ ഭക്ഷണത്തിനായി കാത്തുനില്‍ക്കുകയോ ചെയ്യേണ്ടി വരില്ല. തൊഴില്‍രഹിതനായി ദുബായിയില്‍ താമസിക്കുന്നവര്‍ക്കും തൊഴില്‍ തേടി താല്‍ക്കാലിക വിസയില്‍ ഇവിടെ എത്തിയവര്‍ക്കും സൗജന്യഭക്ഷണം നല്‍കുന്നതിനായി ഒരു റസ്‌റ്റോറന്റ് മുന്നോട്ട് വന്നിരിക്കുന്നു. ബിസിനസ് ബേയില്‍ പ്രവര്‍ത്തിക്കുന്ന വോക്മാന്‍ എന്ന ചൈനീസ് റസ്‌റ്റോറന്റാണ് അനേകം പേര്‍ക്ക് ആശ്വാസമാവുന്ന ഈ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പ്രയാസമേറിയതാണ് എന്ന് തങ്ങള്‍ക്ക് മനസിലാവും എന്ന് സ്ഥാപനത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ പറയുന്നു. സൗജന്യ ഭക്ഷണം കഴിക്കാന്‍ തൊഴില്‍രഹിതരെ അത് ക്ഷണിക്കുകയും ചെയ്യുന്നു. അധികം വരുന്ന ഭക്ഷണം പൊതിഞ്ഞ്, ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന പതിവ് നേരത്തെ തന്നെയുണ്ടെന്ന് റസ്റ്റോറന്റിന്റെ ഉടമ ഡില്ലണ്‍ ദാര്‍യാനാനി ഖലീജ് ടൈംസിനോട് പറഞ്ഞു.

ദൈനംദിന രീതിയല്‍ പ്രവര്‍ത്തിക്കുന്ന ഒരു റസ്റ്റോറണ്ട് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് ഭക്ഷണം നല്‍കുക മാത്രമല്ല തങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലില്‍ എത്തുന്ന തൊഴില്‍രഹിതരെ സൗജന്യ ഭക്ഷണം കഴിക്കാന്‍ തങ്ങള്‍ ക്ഷണിക്കും. കാരണം അവരുടെ ബുദ്ധിമുട്ടകള്‍ ഒരു കാലത്ത് തങ്ങളും അനുഭവിച്ചിട്ടുണ്ടെന്ന് ദാര്‍യാനാനി പറഞ്ഞു. ഇതിനകം തന്നെ നിരവധി തൊഴില്‍രഹിതരെ സഹായിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, അധികം വരുന്ന ഭക്ഷണം പദാര്‍ത്ഥങ്ങള്‍ ചെറിയ പാക്കറ്റുകളിലാക്കി അടുത്തുള്ള സുരക്ഷ ജീവനക്കാര്‍ക്കും കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ക്കും വിതരണം ചെയ്യാറുണ്ട്. ഇവരെല്ലാം ഉപജീവനാര്‍ത്ഥം കഠിനമായി അദ്ധ്വാനിക്കുന്നവരാണെന്നും അവര്‍ ചെയ്യുന്ന മഹത്തായ സേവനങ്ങള്‍ക്കുള്ള പാരിതോഷികം എന്ന നിലയിലാണ് സൗജന്യ ഭക്ഷണം നല്‍കുന്നതെന്നും ദാര്‍യാനാനി പറയുന്നു. സാധാരണഗതിയില്‍ ഇത്തരം പത്തുപതിനഞ്ച് പൊതികളെങ്കിലും വിതരണം ചെയ്യാന്‍ സാധിക്കാറുണ്ട്. ഏതായാലും ദിവസവും ഒരു പൊതിയെങ്കിലും വിതരണം ചെയ്യപ്പെട്ടു എന്ന് ഉറപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതൊരു കാരണ്യപ്രവര്‍ത്തനമാണ് എന്ന് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറല്ല. ഞങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഭക്ഷണം തയ്യാറാക്കുന്നു. അധികം വരുന്ന ഭക്ഷണം വെറുതെ കളയാന്‍ തോന്നാറില്ല. അതിനാല്‍ ആവശ്യക്കാര്‍ക്കോ അല്ലെങ്കില്‍ അതിന് വേണ്ടി കഠിനമായി അദ്ധ്വാനിക്കുന്നവര്‍ക്കോ അത് നല്‍കുന്നു എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിഭവങ്ങള്‍ വളരെ പരിമിതമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മറ്റ് വിഭങ്ങളൊക്കെ ഒരു പക്ഷെ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഭക്ഷണം മാത്രം അങ്ങനെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അഞ്ച് പ്ലേറ്റ് ഭക്ഷണം അധികം വന്നാല്‍ അത് അത് വലിച്ചെറിയുന്നതിന് പകരം ആവശ്യക്കാര്‍ക്ക് നല്‍കുക എന്നതാണ് റസ്‌റ്റോറന്റിന്റെ നയമെന്നും ദാര്‍യാനാനി വിശദീകരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍