UPDATES

ട്രെന്‍ഡിങ്ങ്

പേടിയോടെ ജീവിക്കേണ്ടി വരുന്നത്‌ ഒട്ടും സുഖമുള്ള കാര്യമല്ല; സ്വാതന്ത്ര്യം, അതു തന്നെയാണ് ലഹരി

മനസിന്റെ ഒരു കോണിലും ഭയം താങ്ങി നില്‍ക്കാത്ത സ്വാതന്ത്ര്യം. ഇരുട്ടെന്നോ വെളിച്ചമെന്നോ; തനിച്ചെന്നോ കൂട്ടമായെന്നോ; വേര്‍തിരുവുകളില്ലാത്ത സ്വാതന്ത്ര്യം

അഖില

അഖില

കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് ഞാന്‍ അനുഭവിക്കുന്നതില്‍ ഏറ്റവും അനുഭൂതിദായകമേതെന്നു ചോദിച്ചാല്‍ നിസംശയം പറയാം. ഇതു വരെ പൂര്‍ണമായും രുചിക്കാതിരിക്കാന്‍ സാധിക്കാത്ത സ്വാതന്ത്ര്യത്തിന്റെ ലഹരിയാണതെന്ന്. മനസിന്റെ ഒരു കോണിലും ഭയം തങ്ങി നില്‍ക്കാത്ത സ്വാതന്ത്ര്യം. ഇരുട്ടെന്നോ വെളിച്ചമെന്നോ; തനിച്ചെന്നോ കൂട്ടമായെന്നോ; വേര്‍തിരുവുകളില്ലാത്ത സ്വാതന്ത്ര്യം.

മറ്റൊന്നും ചിന്തിക്കാനോ എഴുതാനോ ആഗ്രഹമില്ലാഞ്ഞിട്ടല്ല… എന്നാല്‍ നിതാന്തമായി തുടരുന്ന ഭയം… ജീവിക്കുന്ന ഞാനുള്‍പ്പെടെ ഉള്ള സ്ത്രീകളെ കുറിച്ചോര്‍ത്ത്… വളര്‍ന്നു വരുന്ന ഓരോ പെണ്‍ഭ്രൂണങ്ങളെ കുറിച്ചോര്‍ത്ത്…

കേരളത്തില്‍ നിന്നുമുള്ള ഞെട്ടിക്കുന്ന രണ്ടു വാര്‍ത്തകള്‍ കണ്ടാണ് ഇന്നലെ ഉറക്കം ഉണര്‍ന്നത്. ഒരു ദിവസത്തെ മുഴുവന്‍ ചിന്തകളുടെ, ഭയപ്പാടുകളുടെ, ആകുലതകളുടെ കൂമ്പാരത്തിലേക്ക് തള്ളിയിടാന്‍ കഴിയുന്നവ. ഇരു സന്ദര്‍ഭങ്ങളിലും സ്വയം ഒന്ന് പ്രതിഷ്ഠിച്ച് നോക്കിയാല്‍ മജ്ജ വരെ നുറുങ്ങുന്ന അനുഭവങ്ങള്‍.

ഫെമിനിസ്റ്റ് എന്നു കളിയാക്കുന്നവരോട് ഉറക്കെ പറയുക തന്നെ ചെയ്യും; ഞാന്‍ ഒരു ഫെമിനിസ്റ്റ് ആണ്. കാരണം, സ്ത്രീകളുടെ വിഷയങ്ങള്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളാണ്. അത് ആണിന്റെയും പെണ്ണിന്റെയും പ്രശ്‌നങ്ങളാണ്. ഈ അറിവ് ഉള്‍ക്കൊള്ളാത്തിടത്തോളം എങ്ങനെയാണ് ഒരു രാജ്യം വികസിക്കുന്നത്? യഥാര്‍ത്ഥത്തിലുള്ള മോചനം ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്. ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ ഭയത്തിന്റെ കണ്ണികളാല്‍ ബന്ധിക്കപ്പെട്ടാല്‍ എവിടെയാണ് അവര്‍ക്ക് ഭരണഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്വാതന്ത്ര്യം? സമത്വം?

ഞാനിപ്പോഴുള്ള സ്വീഡനിലെ തെരുവുകളില്‍, ബസുകളില്‍, കടകളില്‍, ക്ലാസ്സ് മുറികളില്‍; ഞാന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഒളിഞ്ഞു നോട്ടത്തിന്റെ ശല്യങ്ങളില്ലാതെ, ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള പരിഹാസങ്ങളില്ലാതെ, ശരീരം ഏല്‍പ്പിക്കുന്ന പരിമിതികളില്ലാതെ, ആര്‍ത്തുല്ലസിച്ച് ആഘോഷിച്ച് നടക്കാം.

കുടുംബ വ്യവസ്ഥിതിയോ സാമൂഹ്യ ബന്ധങ്ങളോ ഇല്ലെന്നു പറഞ്ഞ് കളിയാക്കുന്ന പാശ്ചാത്യ ലോകമോ, ജനതയോ വഴിയില്‍ നടക്കുന്ന സ്ത്രീകളെ പരിഹസിക്കാറോ ഉപദ്രവിക്കാറോ ഇല്ല. മാത്രമല്ല അങ്ങേയറ്റം ബഹുമാനത്തോടെയാണ് പെരുമാറുന്നത്. പരസ്പരം കെട്ടിപിടിക്കുന്നതോ ചുംബിക്കുന്നതോ സദാചാര കണ്ണോടെ നോക്കി കാണാതെ, പകരം അതിനെ സ്‌നേഹത്തിന്റെ ഊഷ്മളഭാവമായി മാത്രം കരുതുന്നവര്‍. മറ്റുള്ളവരുടെ സ്വകാര്യതയില്‍ തലയിടാത്തവര്‍. എന്നാല്‍ ആര്‍ഷ ഭാരതമെന്നും പറഞ്ഞു സ്ത്രീയെ ദേവിയായി വാഴ്ത്തുന്ന നമ്മളോ?

ഇവിടെ ഞങ്ങളുടെ ക്ലാസ് മുറികളിലെ ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നതും ലൈംഗിക സമത്വത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. ‘ജന്‍ഡര്‍’ എന്ന ആംഗലേയ പദത്തിനൊരു തര്‍ജ്ജമ ഇല്ലെന്നുള്ളത് തന്നെ ക്ലേശകരമാണ്. വാചാലരായ പെൺസുഹൃത്തുക്കള്‍ ആണ് ക്ലാസ്സിലുള്ളവരെല്ലാം. എല്ലാ മേഖലയിലും ഇടപെടുന്നവര്‍, തല ഉയര്‍ത്തിപ്പിടിച്ച് സ്വന്തമായി അഭിപ്രായം പറയുന്നവര്‍.

പരിപാടികള്‍ വരുമ്പോള്‍ കസേര പിടിക്കാനും മൈക്ക് സെറ്റ് ചെയ്യാനും ഒക്കെ ആണ്‍കുട്ടികളെ ആണ് ഞാന്‍ കണ്ടിരിക്കുന്നത്. എന്റെ പെണ്‍കുട്ടികളെ… മിണ്ടാതിരിക്കുന്ന നിങ്ങളെ കുറ്റപെടുത്തുന്നതല്ല… മിണ്ടാതെ ഇരുത്തിയ സമൂഹത്തെ കുറിച്ചാണ് എന്റെ വേവലാതി.

‘മറ്റേര്‍ണിറ്റി ലീവ്’ അല്ല ‘പാറ്റെര്‍ണിട്ടി ലീവ്’ ആണ് ഇവിടങ്ങളിലുള്ളത്. അച്ഛനും അമ്മക്കും കുഞ്ഞിനെ നോക്കാന്‍ ശമ്പളത്തോടെ അവധി കൊടുക്കുന്ന രാജ്യം. പുരുഷന്മാര്‍ മാസങ്ങളോളം അവധി എടുത്ത് കുഞ്ഞുങ്ങളെ നോക്കുമ്പോള്‍ സ്ത്രീകള്‍ ജോലിക്ക് പോകുന്നു (നമ്മുടെ നാട്ടില്‍ ഒരു കുഞ്ഞു ജനിച്ചാല്‍ അതിന്റെ അമ്മയ്ക്ക് എല്ലാം ത്യജിക്കേണ്ടി വരുകയാണ്). കൂടെ ജീവിക്കുന്ന വ്യക്തിയുടെ വ്യക്തി സ്വാതന്ത്രത്തിനു യാതൊരു വിലങ്ങുതടിയും ഏല്‍പ്പിക്കാതെ വീട്ടുജോലികള്‍ പോലും പങ്കിട്ടു ചെയ്യുന്ന ജനത. ഭാര്യമാര്‍ക്ക് പരിഗണന നല്‍കുന്നവരെ പെണ്‍കോന്തന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന സംസ്‌ക്കാരമേ നമുക്ക് പരിചിതമായുള്ളു. പെണ്‍കുട്ടികളായാല്‍ അടക്കവും ഒതുക്കവും വേണം എന്ന മുറുമുറുപ്പുകളെ നമ്മള്‍ കേട്ടിട്ടുള്ളു.

ഞാന്‍ തിരിച്ചറിയുന്നു, ഇവിടെ നിന്ന് തിരികെ വരുമ്പോള്‍ എനിക്ക് ഏറ്റവും കൂടുതല്‍ നഷ്ടപ്പെടാന്‍ പോകുന്നത് ഈ സ്വാതന്ത്ര്യത്തിന്റെ ലഹരി തന്നെയാണ്. ഇനിയും ഏറെ ഉയരേണ്ടതുണ്ട് മലയാളിയുടെ മാനസികമായ ഉള്‍ക്കാഴ്ചയും ബൗദ്ധികമായ സാഹചര്യങ്ങളും.

ആണെന്നൊ പെണ്ണെന്നോ വേര്‍തിരിക്കാതിരിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. നല്ലൊരു സാമൂഹിക മാറ്റം വരത്തക്ക രീതിയില്‍ ഇതിനെ രാഷ്ട്രീയമായും മാനുഷികമായും കൈകാര്യം ചെയ്യാം. പൃഥ്വിരാജ് എന്തു പറഞ്ഞെന്നോ മഞ്ജു വാര്യര്‍ എന്തു പറഞ്ഞെന്നോ ഉള്ള വര്‍ത്തകള്‍ക്കൊപ്പം മാധ്യമങ്ങള്‍ക്ക് പലതും എഴുതാനുണ്ട്. നമുക്ക് പ്രവര്‍ത്തിക്കാനും. കാരണം പേടിയോടെ ജീവിക്കുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല…

(സ്വീഡനിലെ ലുണ്ട് സർവ്വകലാശാലയിലെ ജേണലിസം വകുപ്പിൽ വിദ്യാർത്ഥിയാണ് അഖില)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഖില

അഖില

സ്വീഡനിലെ ലുണ്ട് സർവ്വകലാശാലയില്‍ ജേണലിസം വകുപ്പിൽ വിദ്യാർത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍