TopTop
Begin typing your search above and press return to search.

ജേസന്‍ റെസയ്യാന്‍റെ മോചനം; സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍

ജേസന്‍ റെസയ്യാന്‍റെ മോചനം; സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍

കരേന്‍ ഡെയങ്, കാരള്‍ മോറെല്ല
(വാഷിങ്ടണ്‍ പോസ്റ്റ്)

അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ തീരുമാനം ഉറച്ചതായിരുന്നു. വാഷിങ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ടര്‍ ജേസന്‍ റെസയ്യാന്‍ ഉള്‍പ്പെടെ തടവിലായിരുന്ന അമേരിക്കക്കാരുടെ മോചനം സംബന്ധിച്ച് ഇറാനുമായുണ്ടാക്കിയ ധാരണയില്‍ റെസയ്യാന്റെ ഇറാന്‍കാരി ഭാര്യയും ഉള്‍പ്പെടും. ഭാര്യയെക്കൂടാതെ ടെഹ്‌റാന്‍ വിടാന്‍ റെസയ്യാന്‍ തയാറാകില്ലെന്ന് അവര്‍ക്കറിയാമായിരുന്നു.

റെസയ്യാനെയും വിട്ടയക്കപ്പെട്ട മറ്റ് രണ്ടുതടവുകാരെയും സ്വാതന്ത്ര്യത്തിലേക്കു കൊണ്ടുപോകാനെത്തിയ സ്വിസ് വിമാനം ടെഹ്‌റാനിലെ ഇമാം ഖൊമൈനി രാജ്യാന്തര വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കാത്തിരുന്നു. റെസയ്യാന്റെ ഭാര്യയെയും അവരെ സന്ദര്‍ശിക്കാനെത്തിയ റെസയ്യാന്റെ അമ്മയെയും കാണാനില്ല എന്നതായിരുന്നു കാരണം.

വൈറ്റ്ഹൗസില്‍ അന്തരീക്ഷം സമ്മര്‍ദം നിറഞ്ഞതായിരുന്നു. തടവുകാരുടെ കൈമാറ്റത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായോ എന്നായിരുന്നു ആശങ്ക. ഇറാന്‍ ആണവകരാര്‍ പ്രഖ്യാപനമെന്ന നയതന്ത്രവിജയത്തിനൊപ്പം അന്നുതന്നെ നടക്കേണ്ടതായിരുന്നു തടവുകാരുടെ മോചനം.

വിയന്നയില്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശമന്ത്രി ജാവേദ് സരീഫും സമ്മര്‍ദ്ദമേറിയ ടെലിഫോണ്‍ സംഭാഷണം നടത്തി. ജര്‍മനിയില്‍, വിട്ടയക്കപ്പെട്ട തടവുകാര്‍ എത്തിച്ചേരേണ്ടിയിരുന്ന യുഎസ് വ്യോമകേന്ദ്രത്തില്‍ റെസയ്യാന്റെ സഹോദരന്‍ ടെഹ്‌റാനിലെ ടെലിഫോണ്‍ നമ്പറുകളില്‍ റെസയ്യാന്റെ ഭാര്യയെയും അമ്മയെയും കണ്ടെത്താന്‍ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു.

18 മാസത്തെ തടവുകാലത്ത് റെസയ്യാന്റെ മോചനത്തിനായി പരിശ്രമിച്ച കുടുംബവും തൊഴില്‍സ്ഥാപനവും ഒടുവില്‍ മോചനം നേടിയെടുത്ത ഒബാമ ഭരണകൂടവും സംഘര്‍ഷഭരിതമായ അവസാനനിമിഷങ്ങളിലായിരുന്നു.

12 മണിക്കൂറിലേറെ വൈകി എല്ലാവരെയും കൊണ്ട് വിമാനം പറന്നുയരുമ്പോഴും പ്രശ്‌നം ആശയക്കുഴപ്പം മാത്രമാണോ ഗുരുതരമായ മറ്റെന്തെങ്കിലുമാണോ എന്നു വ്യക്തമായിരുന്നില്ല.'ദുരൂഹവും ആശങ്കാജനകവും'
2014 ജൂലൈ 22ന് വാഷിങ്ടണ്‍ പോസ്റ്റ് ഫോറിന്‍ എഡിറ്റര്‍ ഡഗ്ലസ് ജെഹ്‌ലിന് ടെഹ്‌റാനില്‍ നിന്ന് ഒരു ഫോണ്‍ സന്ദേശം ലഭിച്ചു. പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ജേസന്‍ റെസയ്യാനും ഭാര്യ ഇറാനിയന്‍ ഫൊട്ടോഗ്രാഫര്‍ യെഗനേഹ് സലേഹിയും അറസ്റ്റ് ചെയ്യപ്പെട്ടു എന്നായിരുന്നു വിവരം. റെസയ്യാന്റെ സഹോദരനും കലിഫോര്‍ണിയയില്‍ ബയോടെക്‌നോളജി കണ്‍സള്‍ട്ടന്റുമായ അലിയെ വിവരമറിയിച്ച ജെഹ്ല്‍ ഉടന്‍തന്നെ യുഎസ്, ഇറാന്‍ ഉദ്യോഗസ്ഥര്‍ക്കും വിവരം കൈമാറി.

'അതൊരു ആശയക്കുഴപ്പമാകുമെന്നായിരുന്നു പ്രതീക്ഷ. ഇറാനില്‍ ഇടയ്ക്ക് സംഭവിക്കാറുള്ള സാങ്കേതിക പിഴവുകളിലൊന്ന്, ' ജെഹ്ല്‍ ഓര്‍മിക്കുന്നു.

'അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഇറാനിയായ റെസയ്യാന്‍ അക്രെഡിറ്റേഷനുള്ള ജേണലിസ്റ്റായിരുന്നു. സാധാരണനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റെസയ്യാന്റെ പേരില്‍ കുറ്റമൊന്നും ഉണ്ടായിരുന്നില്ല'.

പ്രശ്‌നം വേഗം പരിഹരിക്കാനാകുമെന്ന പ്രതീക്ഷ അസ്തമിച്ചത് മൂന്നുദിവസത്തിനുശേഷമാണ്. മുതിര്‍ന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റ് സ്ഥിരീകരിച്ചു.

'റെസയ്യാന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും' കാണിച്ച് പത്രത്തിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ മാര്‍ട്ടിന്‍ ബാരന്‍ പ്രസ്താവന പുറപ്പെടുവിച്ചു. സംഭവത്തില്‍ 'ആശങ്ക' പ്രകടിപ്പിച്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ' സ്വകാര്യത മാനിച്ച്' മറ്റൊന്നും പറയാന്‍ തയാറായില്ല.

ഇറാനില്‍ തടവിലായ അമേരിക്കക്കാര്‍ വേറെയുമുണ്ടായിരുന്നു. മുന്‍ നാവികന്‍ ആമിര്‍ ഹെക്മത്തി, ക്രിസ്ത്യന്‍ പുരോഹിതന്‍ സയീദ് അബേദിനി എന്നിവരും കുറ്റാരോപിതരായി അവിടെയുണ്ടായിരുന്നു. കുറ്റങ്ങളെല്ലാം വ്യാജമാണെന്നാണ് അമേരിക്കന്‍ നിലപാട്.

ഇറാനിലെ കിഷില്‍ 2007ല്‍ അപ്രത്യക്ഷനായ സിഐഎ കോണ്‍ട്രാക്ട് വര്‍ക്കര്‍ റോബര്‍ട്ട് ലെവിന്‍സണ്‍ മറ്റൊരു തടവുകാരനാണ്. ആണവകരാര്‍ സംബന്ധിച്ചതും അല്ലാത്തതുമായി ഇറാനുമായി നടക്കുന്ന എല്ലാ ചര്‍ച്ചകളിലും ഈ തടവുകാരുടെ പ്രശ്‌നം ഉന്നയിക്കാറുണ്ടെന്ന് യുഎസ് അധികൃതര്‍ പറയുന്നു.

ഇത് റെസയ്യാന്റെ വിമോചനത്തിലേക്കുള്ള വഴികളുടെ വിവരണമാണ്. റെസയ്യാന്റെ കുടുംബം, വാഷിങ്ടണ്‍ പോസ്റ്റ് എക്‌സിക്യൂട്ടിവുകള്‍, മുതിര്‍ന്ന ഭരണാധികാരികള്‍ എന്നിവരുമായി സംസാരിച്ചു തയാറാക്കിയത്. നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായതിനാല്‍ പലരും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

പിന്‍വാതിലുകള്‍ തുറക്കുമ്പോള്‍
പുതിയ വിവരങ്ങളൊന്നുമില്ലാതെ സമയം നീങ്ങിയതോടെ ഇറാനുമായി ആണവകരാര്‍ ഒപ്പിടാനുള്ള ഭരണകൂടത്തിന്റെ വ്യഗ്രത റെസയ്യാന്റെ മോചനശ്രമത്തെ തണുപ്പിക്കുന്നുവെന്ന ആശങ്ക വളര്‍ന്നു. ഭരണാധികാരികളുമായി നിരന്തരബന്ധം പുലര്‍ത്തിയിട്ടും എന്താണു നടക്കുന്നതെന്നതിനെപ്പറ്റി റെസയ്യാന്റെ കുടുംബാംഗങ്ങള്‍ക്കോ വാഷിങ്ടണ്‍ പോസ്റ്റിനോ കാര്യമായ വിവരമുണ്ടായിരുന്നില്ല.

'തീര്‍ച്ചയായും അവരുടെ പ്രധാന ശ്രദ്ധ ആണവകരാറിലായിരുന്നു', ഭരണകൂടത്തെപ്പറ്റി ജെഹ്ല്‍ പറയുന്നു. ' ജേസന്റെ വിധി അവര്‍ക്ക് രണ്ടാംസ്ഥാനത്തുമാത്രമായിരുന്നു എന്ന് പലപ്പോഴും തോന്നി.'

ബാരന്‍, ജെഹ്ല്‍ എന്നിവരും മറ്റ് എഡിറ്റര്‍മാരും വൈസ് പ്രസിഡന്റ് ബിഡന്‍, കെറി, വൈറ്റ് ഹൗസ് സ്റ്റാഫ് ചീഫ് ഡെനിസ് മക്‌ഡൊണോ, ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ ഇ റൈസ്, ഭീകരവാദത്തിനെതിരെയുള്ള ഉപദേഷ്ടാവ് ലിസ മൊണാക്കോ തുടങ്ങിയവരെ കണ്ടു.

'ഞങ്ങളുമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഭരണകൂടം ഒരിക്കലും തയാറായിരുന്നില്ല', ബാരന്‍ പറയുന്നു. 'റെസയ്യാന്റെ മോചനവുമായി ബന്ധപ്പെട്ട് ഭരണകൂടവുമായും ഇറാനുമായും ഇടപെട്ടിരുന്ന എക്‌സിക്യൂട്ടിവുകള്‍ക്കും വാര്‍ത്തയെന്ന നിലയില്‍ ഇക്കാര്യം കൈകാര്യം ചെയ്തിരുന്ന റിപ്പോര്‍ട്ടര്‍മാര്‍ക്കുമിടയില്‍ നിശബ്ദതയുടെ മതിലുണ്ടായിരുന്നെങ്കിലും ഏതെങ്കിലും വഴിക്ക് വിവരങ്ങള്‍ പരസ്യമാകുമെന്ന് അവസാനം വരെ യുഎസ് ഭരണകൂടം ഭയന്നിരുന്നു.'

ഒറ്റയ്ക്കും ഒരുമിച്ചും അലിയും വാഷിങ്ടണ്‍ പോസ്റ്റും സ്വന്തം പരിശ്രമം തുടര്‍ന്നു. തുറന്നുകിട്ടിയ വഴികള്‍ ഉപയോഗിച്ച് ഇറാന്‍കാരുമായി, മറ്റ് സര്‍ക്കാരുകള്‍ വഴി, സ്വകാര്യവ്യക്തികള്‍ വഴി എന്നിങ്ങനെ റെസയ്യാന്റെ കാര്യം മറവിയിലേക്കു നീങ്ങുന്നില്ലെന്ന് അവര്‍ ഉറപ്പാക്കി.

അലി ആരംഭിച്ച ഇന്റര്‍നെറ്റ് അപേക്ഷയില്‍ അഞ്ചുലക്ഷത്തോളം പേര്‍ ഒപ്പുവച്ചു. ഇറാനുമായുള്ള ചര്‍ച്ചകളില്‍ ഇക്കാര്യം ഉന്നയിക്കാന്‍ വിദേശ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും വാഷിങ്ടണ്‍ പോസ്റ്റ് പ്രതിനിധികള്‍ ഇക്കാര്യം ആവര്‍ത്തിച്ച് ഉന്നയിച്ചു. 'ജേസനെ മോചിപ്പിക്കുക' ബാഡ്ജുകളും പോസ്റ്ററുകളും വിതരണം ചെയ്യപ്പെട്ടു.

നേരത്തെ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് എം കിമ്മിറ്റിന്റെ സേവനം വാഷിങ്ടണ്‍ പോസ്റ്റ് ഉപയോഗപ്പെടുത്തി. വില്‍മര്‍ഹേല്‍ ലോ ഫേമിലായിരുന്നു കിമ്മിറ്റിന്റെ പ്രവര്‍ത്തനം.

ഇറാനില്‍ റെസയ്യാന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. നിയമനടപടികള്‍ സുതാര്യമല്ലാതായി. 2014 സെപ്റ്റംബര്‍ അവസാനം സലേഹിക്ക് ജാമ്യം ലഭിച്ചു. വ്യക്തമാക്കപ്പെടാത്ത കുറ്റങ്ങളില്‍ റെസയ്യാനെ രഹസ്യവിചാരണ ചെയ്യുമെന്ന് ഡിസംബറില്‍ ഇറാന്‍ അറിയിച്ചു. നിയമസഹായവും ജാമ്യവും നിഷേധിക്കുകയും ചെയ്തു. 2015 ജനുവരിയില്‍ കേസ് ഇറാന്‍ ഇന്റലിജന്‍സ് സര്‍വീസുമായി അടുത്ത ബന്ധമുള്ള റവലൂഷനറി കോടതിക്കുവിട്ടു. കുറച്ചുദിവസത്തിനകം കടുംപിടുത്തക്കാരനായ ജഡ്ജി അബോല്‍ഘാസെം സലാവതിയെ കേസ് കേള്‍ക്കാന്‍ തിരഞ്ഞെടുക്കുകയും ചെയ്തു.

10 മുതല്‍ 20 വരെ വര്‍ഷം തടവ് ലഭിക്കാവുന്ന ചാരവൃത്തിയും മറ്റു കുറ്റങ്ങളുമാണ് കുറ്റപത്രത്തില്‍ ചുമത്തിയിരുന്നത്. മേയില്‍ നടന്ന രഹസ്യവിചാരണ ഒരുദിവസത്തിനുശേഷം ഉപേക്ഷിക്കപ്പെട്ടു. ജൂണില്‍ മൂന്നുദിവസം വിചാരണ നടത്തി. പിന്നീട് ജൂലൈയിലും. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നില്ല.

'നടപടികള്‍ മുന്നോട്ടുനീങ്ങിയതോടെ നയതന്ത്രവഴികള്‍ പ്രശ്‌നം പരിഹിക്കില്ലെന്നു വ്യക്തമായി, ' അലി പറയുന്നു. ' കാര്യം നടക്കണമെങ്കില്‍ ഇറാന്‍ ആഭ്യന്തര സുരക്ഷാവൃത്തങ്ങള്‍ ഇടപെടണമെന്നു വ്യക്തമായിരുന്നു.'ഇറാനില്‍ തീരുമാനമെടുക്കുന്നവര്‍ക്കൊപ്പം
റെസയ്യാന്റെ അറസ്റ്റിനുശേഷം പല ചര്‍ച്ചകളിലും ആണവ ചര്‍ച്ചകളില്‍ യുഎസ് തടവിലുള്ള ഇറാന്‍കാരുടെ കാര്യം വിഷയമായി. എങ്കിലും തടവുകാരുടെ പരസ്പരകൈമാറ്റമാണ് ഇറാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമായത് ശരത്കാലത്താണ്.

തുടര്‍ന്ന് ആണവചര്‍ച്ചകളില്‍നിന്ന് ഈ വിഷയത്തെ വേര്‍പെടുത്തി രണ്ടു രാജ്യങ്ങളും ഇതിനായി വെവ്വേറെ സംഘങ്ങളെ നിയോഗിച്ചു. ജനീവയില്‍ ചര്‍ച്ച നടത്തേണ്ട സംഘത്തില്‍ ഇരുസര്‍ക്കാരിന്റെയും ഏജന്‍സികളിലെ ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. ഇറാന്‍ സംഘത്തില്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയ ഉദ്യോഗസ്ഥരും വിദേശമന്ത്രാലയത്തിനു പുറത്തുള്ള മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു.

തടവുകാരുടെ കാര്യവും ആണവകരാറും വ്യത്യസ്ത വിഷയങ്ങളാണെന്ന് നിരവധി യുഎസ് ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞിരുന്നു. തടവുകാരുടെ വിഷയത്തിലുള്ള സൗജന്യങ്ങള്‍ ആണവനിലപാടിനെ ബാധിക്കില്ലെന്ന് യുഎസ് പലവട്ടം വ്യക്തമാക്കിയിരുന്നു.

'അവരെ തടവിലാക്കിയിരിക്കുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ കരുതുന്നു. നിങ്ങളുടെ രാജ്യത്തെ നടപടികള്‍ അവര്‍ ലംഘിച്ചുവെന്ന് നിങ്ങള്‍ കരുതുന്നു. ജനങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തോടുള്ള കാഴ്ചപ്പാടിനെ ഈ സംഭവം സാരമായി ബാധിക്കും,' സരീഫിനോട് ഇങ്ങനെ പറഞ്ഞതായി ഞായറാഴ്ച നല്‍കിയ അഭിമുഖത്തില്‍ കെറി അറിയിച്ചു.

തടവുകാരെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സുഗമമായിരുന്നില്ല. യുഎസ് മോചിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ട തടവുകാരുടെ എണ്ണം വളരെക്കൂടുതലായിരുന്നു. ഭീകരവാദം, സായുധഅക്രമം എന്നിവ ആരോപിക്കപ്പെട്ട ആരെയും വിട്ടുകൊടുക്കില്ലെന്ന് ഒബാമ വ്യക്തമാക്കുകയും ചെയ്തിരുന്നു.

2015 ജൂലൈയില്‍ ദീര്‍ഘകാല ആണവകരാര്‍ ഒപ്പിട്ടശേഷം ചര്‍ച്ചകളുടെ ഫലസാധ്യത ഏറി. വിയന്നയില്‍ സിറിയയെപ്പറ്റിയുള്ള ചര്‍ച്ചക്കിടെ സരീഫിനെ കണ്ടപ്പോള്‍ തടവുകാരുടെ കാര്യത്തില്‍ തീരുമാനമായെന്നാണു താന്‍ കരുതിയതെന്ന് കെറി പറയുന്നു. ' കരാറായിക്കഴിഞ്ഞു എന്നു കരുതി ഞങ്ങള്‍ ഹസ്തദാനം നടത്തി'.

എന്നാല്‍ യുഎസ് വിട്ടുകൊടുക്കേണ്ട തടവുകാരെച്ചൊല്ലിയുള്ള തര്‍ക്കം കാര്യങ്ങള്‍ വീണ്ടും നീട്ടി. 'ടെഹ്‌റാനില്‍ മറ്റൊരു വകുപ്പിന്റെ ഇടപെടല്‍ കരാറിനു തടസമായി.' ഇത് ഏതു വകുപ്പാണെന്നു വെളിപ്പെടുത്താന്‍ കെറി തയാറായില്ല.

കാണാതായ ഭാര്യയും അമ്മയും
മോചിപ്പിക്കേണ്ട ഏഴ് ഇറാനി തടവുകാരുടെ കാര്യത്തില്‍ ഈമാസം ആദ്യം തീരുമാനമായി. അതേസമയം ആണവകരാര്‍ അനിശ്ചിതത്വത്തിലായിരുന്നു. രണ്ടും ഒരുമിച്ചുനടപ്പാകുംവിധം ആസൂത്രണം ചെയ്തവയല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അങ്ങനെ നടന്നാല്‍ ആ നയതന്ത്രവിജയത്തിന് സമാനതയില്ലെന്നതില്‍ തര്‍ക്കമുണ്ടായില്ല.

അലി റെസയ്യാനും അഭിഭാഷകന്‍ കിമ്മിറ്റിനും എന്തൊക്കെയോ നടക്കാന്‍പോകുന്നു എന്നതിന്റെ സൂചനകള്‍ ലഭിച്ചു. ഇറാനില്‍ സലേഹി നേരിട്ടുകൊണ്ടിരുന്ന പതിവ് ചോദ്യം ചെയ്യപ്പെടലുകള്‍ മറ്റൊരു രൂപം പ്രാപിച്ചു.

'കരാര്‍ അവസാനഘട്ടത്തിലാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാരില്‍നിന്ന് വിവരം ലഭിച്ചു. ഒരു റിപ്പോര്‍ട്ടറെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് അയയ്ക്കുന്നത് നന്നായിരിക്കുമെന്നും. ഉടന്‍ മോചിപ്പിക്കപ്പെടുമെന്ന് ജേസനും കുടുംബത്തിനും വിവരം ലഭിച്ചതായി ഇറാനില്‍നിന്ന് അറിയാനായി, ' ജെഹ്ല്‍ പറയുന്നു.

മോചനശ്രമം നടക്കുന്നതായി ശനിയാഴ്ച രാവിലെയാണ് യുഎസ് എംബസിയില്‍നിന്ന് നേരിട്ട് വിവരം ലഭിക്കുന്നത്.

വിയന്നയില്‍ ആണവകരാര്‍ പ്രഖ്യാപിക്കുന്ന പൊതുചടങ്ങില്‍നിന്നകന്ന് കെറിയും സരീഫും തടവുകാരുടെ കൈമാറ്റം സംബന്ധിച്ച കരാര്‍ ഒപ്പിട്ടു. വാഷിങ്ടണില്‍ ഇറാനി തടവുകാരുടെ മോചനഉത്തരവില്‍ ഒബാമ ഒപ്പിട്ടു. യുഎസ് - ഇറാന്‍ ബന്ധമില്ലാത്തതിനാല്‍ ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിന് ഇടനിലക്കാരായ സ്വിറ്റ്‌സര്‍ലാന്‍ഡ് ടെഹ്‌റാനിലേക്ക് ഒരു വിമാനം അയച്ചു.

'പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്തു, ' കെറി പറയുന്നു. 'പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്നു കാണിച്ചുകൊടുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. കൈമാറ്റം നടപ്പാക്കുമെന്നും നന്നായി നടപ്പാക്കിയെന്നും സരീഫ് ഉറപ്പുതന്നിരുന്നു'. തടവുകാരില്‍ ആര്‍ക്കെങ്കിലും പങ്കാളികളുണ്ടെങ്കില്‍ അവരെയും രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കരാറില്‍ വ്യക്തമാക്കിയിരുന്നു.

പിന്നെ അവര്‍ കാത്തിരുന്നു
ഇതിനിടെ യൂറോപ്പിനും യുഎസിനും അറിയാത്ത ഒരു സംഭവമുണ്ടായി. റെസയ്യാന്‍ മോചിതനാകുമെന്നും രാജ്യം വിടുമെന്നും എന്നാല്‍ ഒപ്പം പോകാന്‍ അനുവാദമുണ്ടാകില്ലെന്നും ഭാര്യ സലേഹിയെ ഇറാന്‍ അധികൃതര്‍ അറിയിച്ചു. റെസയ്യാന്റെ അമ്മ മേരിക്കും സലേഹിക്കും വിമാനത്താവളത്തിലെത്തി ദൂരെനിന്ന് റെസയ്യാന്‍ പോകുന്നതു കാണാമെന്നും അറിയിക്കപ്പെട്ടു.

അങ്ങനെ ദിവസം മുഴുവന്‍ ഇരുവരും പുറംലോകവുമായി ബന്ധമില്ലാതെ വിമാനത്താവളത്തിന്റെ മറ്റൊരുഭാഗത്ത് ഇരിക്കുകയായിരുന്നു. അറസ്റ്റിലായപ്പോള്‍ സലേഹിയുടെ സെല്‍ഫോണ്‍ പിടിച്ചെടുക്കപ്പെട്ടിരുന്നു. പിന്നീട് ടെഹ്‌റാനില്‍ സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ ഇരുവര്‍ക്കും ധൈര്യമുണ്ടായതുമില്ല. രാത്രിയായതോടെ സലാഹിയുടെ അപ്പാര്‍ട്ട്‌മെന്റിലേക്കു മടങ്ങാന്‍ ഇരുവരും തീരുമാനിച്ചു.

കെറി നിരവധി തവണ സരീഫിനോട് സംസാരിച്ചു. എന്താണു നടക്കുന്നതെന്നു തനിക്കറിയില്ലെന്നു പറഞ്ഞ സരീഫ് കാര്യങ്ങള്‍ അന്വേഷിച്ച് വേണ്ടതു ചെയ്യാമെന്ന് ഉറപ്പുനല്‍കി.

ജര്‍മനിയില്‍ അലി റെസയ്യാന്‍ പരിഭ്രാന്തനായി ടെഹ്‌റാനിലുള്ള സുഹൃത്തുക്കളെ വിളിച്ചുകൊണ്ടിരുന്നു. സലാഹിയെയും അമ്മയെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 'അവസാനം അവരെ ഫോണില്‍ കിട്ടി. നടക്കുന്നതെന്താണെന്ന് അവരോടുപറഞ്ഞു. ഭരണകൂടവുമായി യോജിച്ച് അവര്‍ വിമാനത്താവളത്തിലെത്തുമെന്ന് ഉറപ്പാക്കി'. അവര്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മേരി റെസയ്യാന്‍ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നില്ല.

വാഷിങ്ടണ്‍ സമയം രാവിലെ 6.58ന് കിമ്മിറ്റിന്റെ ഫോണില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് വിളി വന്നു. യാത്രക്കാര്‍ എല്ലാവരുമായി വിമാനം പറന്നുയര്‍ന്നുകഴിഞ്ഞു എന്ന വിവരവും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories