TopTop
Begin typing your search above and press return to search.

ഭീകരയുദ്ധത്തിന്റെ സൂത്രധാരന്‍മാര്‍ ആര്? തലപുകഞ്ഞ് ഫ്രഞ്ച് പൊലീസ്

ഭീകരയുദ്ധത്തിന്റെ സൂത്രധാരന്‍മാര്‍ ആര്? തലപുകഞ്ഞ് ഫ്രഞ്ച് പൊലീസ്

ഹെലെന്‍ ഫോക്വിറ്റ്, മാത്യൂ കാംബെല്‍, ഗ്രിഗറി വിഷൂസി
(ബ്ലൂംബര്‍ഗ് ന്യൂസ്)

ചാര്‍ളി ഹെബ്ദോ ആക്രമണത്തിന് ശേഷം ഇത്ര പെട്ടന്ന് ഇതെങ്ങിനെയാണ് പാരീസില്‍ വീണ്ടും ഭീകരാക്രമണം സാധ്യമായതെന്ന അങ്കലാപ്പില്‍ അന്വേഷണ ഏജന്‍സികള്‍ തലപുകയ്ക്കുമ്പോള്‍, 127 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ യുദ്ധമെന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വേ ഒലാന്‍ദ പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച്ച രാത്രി ഏഴു സ്ഥലങ്ങളിലായി പാരീസില്‍ ആരാണ് ആക്രമണം നടത്തിയതെന്നും അവര്‍ക്ക് പിന്തുണയുണ്ടായിരുന്നോ എന്നും യൂറോപ്പിലാകമാനമുള്ള സുരക്ഷാസേനകള്‍ അന്വേഷിക്കുകയാണ്. അക്രമികളില്‍ 8 പേര്‍ കൊല്ലപ്പെട്ടു. ഇതുമായി ബന്ധമുള്ള മറ്റുള്ളവര്‍ ആരെന്നറിയാണ് അന്വേഷണം നടക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെ യുദ്ധകലുഷിതമായ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളലും, വ്യോമാക്രമണങ്ങള്‍ക്കുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദി തിരിച്ചടിയെ നേരിടലും കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. ജനുവരിയില്‍ 17 പേരെ കൊന്ന ഭീകരാക്രമണം നടന്ന ആക്ഷേപ ഹാസ്യ മാസിക ചാര്‍ളീ ഹെബ്ദോയുടെ കാര്യാലയങ്ങളില്‍ നിന്നും നടക്കാനുള്ള ദൂരമേ ഉള്ളൂ, ഇപ്പോള്‍ നടന്ന ആക്രമങ്ങളിലെ ഏറ്റവും കൂടുതല്‍ മരണം വിതച്ച ബാറ്റക്ലാന്‍ സംഗീത ശാലയിലേക്ക്.

'എല്ലായിടത്തും നാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കെതിരെ, നാം എന്താണോ അതിനെതിരെ-ഒരു സ്വതന്ത്ര രാജ്യം- ഒരു ജിഹാദി സേന നടത്തിയ' ആക്രമണമാണിതെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ശനിയാഴ്ച്ച രാഷ്ട്രത്തോട് ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു. 'വിദേശത്തു തയ്യാറാക്കുകയും സംഘടിപ്പിക്കുകയും ചെയ്ത, ഫ്രാന്‍സിലെ ചില വ്യക്തികളുടെ സഹായത്തോടെ നടന്ന യുദ്ധ കുറ്റകൃത്യമാണിത്.'

ഇറാഖിലും സിറിയയിലുമായുള്ള തങ്ങളുടെ ഖിലാഫത്തിന് നേരെയുള്ള ഫ്രഞ്ച് വ്യോമാക്രമണത്തിന് തിരിച്ചടിയാണിതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ട്വിറ്ററിലെ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണങ്ങള്‍ 'മഴയിലെ ആദ്യതുള്ളികളാണ്, ഒരു താക്കീതായി എടുക്കാന്‍ വേണ്ടി.'

പരിക്കേറ്റവരില്‍ 300 പേര്‍ ആശുപത്രിയിലാണ്. ഇതില്‍ 80 പേരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും യു.എസ്, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, റുമാനിയ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരുണ്ട്.ആക്രമണത്തിന് ശേഷം നിരവധി സംഭവവികാസങ്ങളുണ്ടായി:

ഒരു അക്രമിയുടെ മൃതദേഹത്തിനരികില്‍ നിന്നും ഒരു സിറിയന്‍ പാസ്‌പോര്‍ട് ലഭിച്ചു. ഒക്ടോബര്‍ 3നു ഗ്രീക് ദ്വീപായ ലെറോസിലാണ് ഇത് രേഖപ്പെടുത്തിയത് എന്നു ഗ്രീക് സര്‍ക്കാര്‍ പറഞ്ഞു. മറ്റൊരാളുടെ അടുത്ത് നിന്ന് ഒരു ഈജിപ്ത് പാസ്‌പോര്‍ട്ട് കിട്ടി. മൂന്നാമതൊരാള്‍ ഒരു ഫ്രഞ്ച് പൗരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു എന്നാണ് എഎഫ്പി പറയുന്നത്.

ജര്‍മനിയിലെ മോന്റിനെഗ്രോയില്‍ നിന്നും പൊലീസ് കാറില്‍ സൂക്ഷിച്ച ആയുധങ്ങളും വെടിക്കോപ്പുകളുമായി ഒരു 51കാരനെ പിടികൂടി. ഇതിന് പാരീസിലെ സംഭവങ്ങളുമ്മായി ബന്ധമുണ്ടെന്ന് ന്യായമായും കരുതാമെന്നു ബവേറിയന്‍ സ്റ്റേറ്റ് പ്രധാനമന്ത്രി പറയുന്നു.

ഫ്രാന്‍സ് തങ്ങളുടെ അതിര്‍ത്തികളുടെ കര്‍ശന നിയന്ത്രണം ഏറ്റെടുക്കണമെന്നും ഭീകരവാദികളുടെ പൗരത്വം റദ്ദാക്കണമെന്നുമാണ് ആക്രമണം കാണിക്കുന്നതെന്ന് തീവ്രവലതുപക്ഷ നേതാവ് മേരീ ലെ പെണ്‍ പറഞ്ഞു.

പാരീസ് ഓഹരി വിപണി തിങ്കളാഴ്ച്ച പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കും. വിദ്യാലയങ്ങളും പതിവുപോലെ നടക്കും.

പാരീസിലെ സംഭവവികാസങ്ങള്‍ സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരെ സ്വീകരിക്കണോ വേണ്ടയോ എന്ന തര്‍ക്കത്തിന് വീണ്ടും ചൂടുപിടിപ്പിക്കും. ഈ വര്‍ഷം ഇതിനകം ആയിരക്കണക്കിനാളുകള്‍ അഭയം തേടിക്കഴിഞ്ഞു. ജര്‍മ്മന്‍ ചാന്‍സിലര്‍ ഏഞ്ചല മെര്‍ക്കലിന്റെ തുറന്ന വാതില്‍ നയം 28അംഗ യൂറോപ്യന്‍ യൂണിയനിലേക്ക് കൂടുതല്‍ ജിഹാദികളെ കൊണ്ടുവരും എന്ന് ചില രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ വാദിക്കുന്നുണ്ട്.

ഫ്രാന്‍സിലെ മുസ്ലീം ജനതയെ യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യ എങ്ങനെ സാമൂഹ്യമായി കൂടുതല്‍ ഉള്‍ച്ചേര്‍ക്കാം എന്നതിനെക്കുറിച്ചുള്ള സംവാദങ്ങള്‍ക്കും വീണ്ടും ജീവന്‍ വയ്ക്കും. പ്രത്യേകിച്ചും പാരീസ് ആക്രമണത്തിലെ ചില അക്രമികള്‍ ചാര്‍ളീ ഹെബ്ദോ ആക്രമണത്തിലെ പോലെ ഫ്രഞ്ച് പൗരന്മാരാണെന്ന് വന്ന സാഹചര്യത്തില്‍.

വെള്ളിയാഴ്ച്ച രാത്രി 9.15നു നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രസിഡന്റ് ഒലാങ് അടക്കം 80,000 കാണികള്‍ ഫ്രാന്‍സ്-ജര്‍മനി ഫുട്‌ബോള്‍ മത്സരം കാണാനിരിക്കെയാണ് മൈതാനത്തിനടുത്ത് മൂന്നു സ്‌ഫോടനങ്ങളോടെ ആസൂത്രിതമായ ആക്രമണങ്ങള്‍ തുടങ്ങിയത്. ഉടനെതന്നെ രാത്രിയാഘോഷങ്ങള്‍ തിമിര്‍ക്കുന്ന 10, 11 നഗര ജില്ലകളില്‍ കാറുകളില്‍ നിന്നും ഭക്ഷണശാലകളില്‍ നിന്നും തോക്കുധാരികള്‍ ചാടിയിറങ്ങുകയും അതുവരെയും ഒരു സാധാരണ സായാഹ്നത്തിന്റെ അന്ത്യം ആഘോഷിച്ചിരുന്ന പാരീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങുകയും ചെയ്തു.

വിനോദസഞ്ചാരികള്‍ നിറഞ്ഞ പാരീസിലെ സ്ഥലങ്ങള്‍ക്ക് പകരം പ്രദേശവാസികള്‍ ധാരാളമായി വരുന്ന സ്ഥലങ്ങളാണ് ആക്രമണത്തിന് തെരഞ്ഞെടുത്തത്. നാഷണല്‍ സ്റ്റേഡിയം ഒഴിച്ച് മറ്റ് സ്ഥലങ്ങളൊന്നും പ്രമുഖ സര്‍ക്കാര്‍ മന്ദിരങ്ങളോ, സാംസ്‌കാരിക കേന്ദ്രങ്ങളോ ആയിരുന്നില്ല. അതായത് വലിയ സുരക്ഷ സന്നാഹങ്ങളും ഇല്ലായിരുന്നു.അക്രമികള്‍ നൂറുകണക്കിനാളുകളെ ബന്ദികളാക്കുകയും 80 ഓളം പേരെ കൊല്ലുകയും ചെയ്ത ബാറ്റക്ലാന്‍ ആര്‍ട്‌സ് സെന്ററിലാണ് ഏറ്റവും മാരകമായ ആക്രമണം നടന്നത്. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പ്പ് നടക്കുമ്പോള്‍ മുപ്പത്തിയൊമ്പതുകാരി തെരെസ സെഡ് ഒരു സുഹൃത്തിനൊപ്പം അവിടെയുണ്ടായിരുന്നു. 'തലയ്ക്ക് വെടിയേറ്റ ഒരാളുടെ ശരീരത്തിനു പിറകില്‍ ഞാന്‍ മറഞ്ഞിരുന്നു. ഞാനാകെ ചോരയില്‍ കുളിച്ചു.' അവരുടെ അടുത്ത് കിടന്ന മറ്റൊരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഫ്രഞ്ചില്‍ സംസാരിച്ചിരുന്ന അക്രമികള്‍ സിറിയയിലെ യുദ്ധത്തെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. തുരുതുരെയും ഒറ്റക്കുമായി അവര്‍ കണ്ണില്‍ കാണുന്നവരെയെല്ലാം വെടിവെച്ചു. പൊലീസ് കെട്ടിടത്തിലേക്ക് കടന്നപ്പോഴാണ് സെഡ് രക്ഷപ്പെട്ടത്.

പശ്ചിമേഷ്യയിലെ താവളങ്ങളില്‍ നിന്നും വിദൂരമായ പ്രദേശങ്ങളിലടക്കം ആക്രമണം നടത്താനുള്ള ജിഹാദികളുടെ ശേഷിയില്‍ കടുത്ത ആശങ്കയാണ് യു.എസ് അധികൃതര്‍ പ്രകടിപ്പിക്കുന്നത്. ഈജിപ്തില്‍ നിന്നും പറക്കവേ തീവ്രവാദികള്‍ ബോംബ് വെച്ചു തകര്‍ത്തതെന്ന് സംശയിക്കുന്ന റഷ്യന്‍ വിമാനാപകടത്തിന് രണ്ടാഴ്ച്ചക്കുള്ളിലാണ് ഈ ആക്രമണം.

അല്‍ ഖ്വയ്ദയുടെ മുന്‍ ആക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ 'ഈ ആക്രമണം ആസൂത്രിതവും, ഏകോപിതവും കൃത്യമായി തയ്യാറാക്കിയതുമാണ്,' എന്ന് പറയുന്നു ലണ്ടന്‍ ആസ്ഥാനമായ ഏഷ്യപസഫിക് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര സുരക്ഷ ഡയറക്ടര്‍ സജ്ജന്‍ ഗോഹേല്‍. 'തന്തങ്ങളിലും അടവുകളിലുമുള്ള വലിയ മാറ്റങ്ങളാണ് ഇത് കാണിക്കുന്നത്.'

വന്‍ നഗരങ്ങളിലെ ഇത്തരം ആയിരക്കണക്കിന് എളുപ്പത്തില്‍ ആക്രമിക്കാവുന്ന ലക്ഷ്യങ്ങളെ സംരക്ഷിക്കുക എന്ന വലിയ വെല്ലുവിളിയാണ് സുരക്ഷ ഏജന്‍സികള്‍ക്കും പൊലീസിനും മുന്നിലുള്ളത്.

ഇലക്ട്രോണിക് മേല്‍നോട്ടത്തിന് പുതിയ നിയമങ്ങളും, കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കലുമൊക്കെയായി ചാര്‍ളി ഹെബ്ദോ ആക്രമണത്തിന് ശേഷം ഫ്രാന്‍സ് വ്യാപകമായ ഭീകരവിരുദ്ധ നടപടികള്‍ എടുത്തിരുന്നു. രാജ്യത്തെ പ്രമുഖ കെട്ടിടങ്ങളിലെല്ലാം സായുധരായ സൈനികര്‍ സ്ഥിരം കാഴ്ച്ചയായി. വെള്ളിയാഴ്ച്ച ഉണ്ടായ തരത്തിലുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ പരിശീലനം ലഭിച്ചവരാണിവര്‍.

പക്ഷേ ഇപ്പോഴുള്ള ശേഷിയും വിഭവങ്ങളും കൊണ്ടു തീവ്രവാദി സംഘങ്ങളുമായി ബന്ധമുള്ള, നൂറോ ആയിരമോ ആളുകളെ നിരന്തരം നിരീക്ഷിക്കുക ഏതാണ്ട് അസാധ്യമാണ് എന്നത് വെല്ലുവിളിയുടെ ആഴം കൂട്ടുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories