TopTop

ഫ്രഞ്ച് തിരഞ്ഞെടുപ്പ്; ഇമ്മാനുവല്‍ മാക്രോണിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്തു; പിന്നില്‍ റഷ്യയെന്ന് ആരോപണം

ഫ്രഞ്ച് തിരഞ്ഞെടുപ്പ്; ഇമ്മാനുവല്‍ മാക്രോണിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്തു; പിന്നില്‍ റഷ്യയെന്ന് ആരോപണം
ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സാധ്യത കല്‍പിക്കപ്പെടുന്ന ഇമ്മാനുവല്‍ മാക്രോണിന്റെ പ്രചാരണ സംഘത്തിന്റെ ഇ-മെയിലുകള്‍ ചോര്‍ന്നത് വിവാദമാകുന്നു. തങ്ങള്‍ 'ഭീമാകാരവും സംഘടിതവുമായ' ഹാക്കിംഗിന് ഇരയായതായി മാക്രോണിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ എന്‍ മാര്‍ഷെ ആരോപിച്ചു. എംലീക്‌സ് എന്ന ഉപയുക്താവാണ് ഒമ്പത് ഗിഗാബൈറ്റ് വരുന്ന രേഖകള്‍ ചോര്‍ത്തിയതെന്നാണ് വിവരം. രേഖകള്‍ പങ്കുവെക്കുന്ന പേസ്റ്റ്ബിന്‍ എന്ന സൈറ്റിലാണ് രേഖകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍ ആരാണ് രേഖകള്‍ ചോര്‍ത്തിയതിന് ഉത്തരവാദികള്‍ എന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക ഇ-മെയിലുകള്‍ ചോര്‍ത്തപ്പെട്ടതിന് സമാനമായ സംഭവമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ തരത്തിലുള്ള ആഭ്യന്തര രേഖകള്‍ ചോര്‍ത്തപ്പെട്ടതായി എന്‍ മാര്‍ഷെ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇ-മെയിലുകള്‍, കണക്കുകള്‍ സംബന്ധിച്ച രേഖകള്‍, വിവിധ കരാറുകള്‍ എന്നിവ ചോര്‍ന്ന രേഖകളില്‍ പെടുന്നതായും പ്രസ്താവന വെളിപ്പെടുത്തുന്നു. യുഎസില്‍ കണ്ടപോലെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് ഫ്രാന്‍സിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്ത്യനാളുകളില്‍ സംഭവിച്ചിരിക്കുന്നതെന്നും പ്രസ്താവന ആരോപിക്കുന്നു.

പ്രചാരണ പരിപാടികള്‍ക്കിടയില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് എന്‍ മാര്‍ഷെ തുടര്‍ച്ചയായി ഇരയായിട്ടുണ്ട്.
സംശയം വിതയ്ക്കുന്നതിന്റെ ഭാഗമായി യഥാര്‍ത്ഥ രേഖകളോടൊപ്പം തെറ്റായ നിരവധി വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരണം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള സാധ്യതകളും വിരളമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2017 ഏപ്രില്‍ 24 വരെയുള്ള ഇ-മെയിലുകള്‍, ഫോട്ടോകള്‍, മറ്റ് രേഖകള്‍ എന്നിവ ഉണ്ടെന്ന് അവകാശപ്പെട്ട് വിക്കിലീക്‌സ് രേഖകളുടെ സഞ്ചയത്തിലേക്ക് ഒരു ഇ-മെയില്‍ ലിങ്ക് നല്‍കിയിട്ടുണ്ട്.

എന്നാല്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതികരിക്കാനാവില്ലെന്ന് ഫ്രഞ്ച് നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ നിലവില്‍ വന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഞായറാഴ്ച രാത്രി എട്ടുമണിക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ അടയ്ക്കുന്നത് വരെ തുടരും. ഫ്രാന്‍സില്‍ മാക്രോണ്‍ 62 മുതല്‍ 63 ശതമാനം വരെ വോട്ട് വിഹിതം നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ അഞ്ച് അഭിപ്രായ സര്‍വെകള്‍ പറയുന്നത്. സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും കോലാഹലഭരിതവും നിര്‍ണായകവുമായ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ നിലപാടുകാരിയായ മാരിന്‍ ലെ പെന്നിന് ഒരു സാധ്യതയും അഭിപ്രായ സര്‍വെകള്‍ കല്‍പിക്കുന്നില്ല.

എന്നാല്‍ ഫ്രാന്‍സിലെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കാന്‍ റഷ്യ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് രേഖകള്‍ ചോര്‍ത്തപ്പെട്ടതെന്നാണ് മാക്രോണിന്റെ പ്രചാരണ വിഭാഗം ആരോപിക്കുന്നത്. ഏപ്രില്‍ 26ന് പരാജയപ്പെട്ട ഒരു ശ്രമം നടന്നതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം ക്രംലിന്‍ നിഷേധിച്ചു.

മാര്‍ച്ചില്‍ ലെ പെന്‍ മോസ്‌കോ സന്ദര്‍ശിച്ചപ്പോള്‍, ഫ്രാന്‍സിലെ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ലെ പെന്നിന്റെ പാര്‍ട്ടിക്ക് മതിയായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നതായി നിരീക്ഷകര്‍ പറയുന്നു. റഷ്യന്‍ രഹസ്യാന്വേഷണ യൂണിറ്റുമായി ബ്‌നധപ്പെട്ട ഒരു ഹാക്കിംഗ് സംഘം മാക്രോണിന്റെ പ്രചാരണത്തെ ലക്ഷ്യമിടുന്നുണ്ടെന്ന് കഴിഞ്ഞ മാസം ട്രന്‍ഡ് മൈക്രോ എന്ന സൈബര്‍ സുരക്ഷ സ്ഥാപനം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവര്‍ തന്നെയാണ് യുഎസ് തിരഞ്ഞെടുപ്പ് കാലത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രേഖകള്‍ ചോര്‍ത്തിയതെന്ന കരുതപ്പെടുന്നു.

Next Story

Related Stories