TopTop
Begin typing your search above and press return to search.

ജീവഭയം: പാരീസിലേക്കുള്ള സഞ്ചാരികൾ നിലയ്ക്കുന്നു

ജീവഭയം: പാരീസിലേക്കുള്ള സഞ്ചാരികൾ നിലയ്ക്കുന്നു

താര പട്ടേല്‍
(ബ്ലൂംബെര്‍ഗ്)

തീവ്രവാദി ആക്രമണങ്ങള്‍ ഫ്രാന്‍സിന്‍റെ ടൂറിസം വ്യവസായത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. യൂറോപ്പിന് പുറത്തുനിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ന കുറവ് പാരീസിനുമേല്‍ ഏല്‍പ്പിച്ച ആഘാതം ചെറുതല്ല.

വന്‍തോതില്‍ പണം ചെലവഴിക്കുന്ന യു‌എസ്, ഏഷ്യ, പേര്‍ഷ്യന്‍ ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വരവിനെ ആക്രമണഭീതി ബാധിച്ചതോടെ ഈ വര്‍ഷം ജൂലൈ വരെയുള്ള കാലയളവില്‍ രാത്രി തങ്ങുന്ന യാത്രികരുടെ എണ്ണത്തില്‍ 10% കുറവു വന്നതായി ഡ്യു ഡിമന്‍ഷ് ജേണലിന് ഞായറാഴ്ച നല്‍കിയ അഭിമുഖത്തില്‍ ടൂറിസം സ്റ്റേറ്റ് സെക്രട്ടറി മത്തിയസ് ഫികല്‍ പറഞ്ഞു. യൂറോപ്പില്‍ നിന്നുള്ളവരുടെ ബുക്കിങ് റദ്ദായിട്ടില്ലെങ്കിലും ലക്ഷ്വറി താമസസൌകര്യങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചത്.

കഴിഞ്ഞ വര്‍ഷത്തിന്‍റെ തുടക്കം മുതലേ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആക്രമണങ്ങള്‍ ഏറ്റു വാങ്ങിയ ഫ്രാന്‍സിലെ പ്രധാന ബിസിനസ്സാണ് ടൂറിസം. ജൂലൈയില്‍ നോര്‍മന്‍ഡിയില്‍ നടന്ന വൃദ്ധ പുരോഹിതന്‍റെ കൊലപാതകം, നീസില്‍ നടന്ന ബാസ്റ്റില്‍ ഡേ കൂട്ടക്കൊല, ഒരു ഹാസ്യ മാസികയുടെ ഓഫീസിന് നേരേ നടന്നതടക്കം ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരങ്ങളിലൊന്നായ പാരീസില്‍ കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണങ്ങള്‍ നിരവധിയായിരുന്നു.

ആക്രമണം നടന്ന ദിവസം മുതല്‍ ജൂലൈ 23 വരെയുള്ള കണക്കെടുത്താല്‍ നീസിലേയ്ക്കുള്ള ഇന്‍റര്‍നാഷണല്‍ ഫ്ലൈറ്റ് ബുക്കിങ്ങുകള്‍ കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 57 ശതമാനം കുറഞ്ഞിട്ടുണ്ട്. ട്രാവല്‍ ഡേറ്റാ സ്പെഷ്യലിസ്റ്റായ ഫോര്‍വേഡ്-കീസിന്‍റെ ജൂലൈ 23 വരെയുള്ള റിസര്‍വേഷന്‍ കണക്കുകള്‍ പ്രകാരം ഫ്രാന്‍സിലൊട്ടാകെ ഈ മാസത്തേയ്ക്കും സെപ്റ്റംബറിലേയ്ക്കും പ്ലാന്‍ ചെയ്യപ്പെട്ടിട്ടുള്ള സന്ദര്‍ശനങ്ങളില്‍ അഞ്ചിലൊന്ന് കുറവു വന്നിട്ടുണ്ട്.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തിരാവസ്ഥ നടപ്പിലാക്കിയ പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒളാന്ദ് എയര്‍പോര്‍ട്ടിലും പാരീസിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലും പട്ടാളക്കാരുടെ പട്രോളിങ് ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച സുരക്ഷാ ഡ്രില്‍ തകരാറിലായതിനെ തുടര്‍ന്നു ഒരാവശ്യവുമില്ലാതെ ഈഫല്‍ ടവര്‍ ഒഴിപ്പിച്ചതായി സ്മാരകത്തിന്‍റെ ഓപ്പറേറ്ററെ ഉദ്ധരിച്ച് ലെ പാരീസിയന്‍ പത്രം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സംശയകരമായി കാണപ്പെടുന്ന ബാഗുകളുടെ പരിശോധനമൂലം നഗരത്തിലെ പൊതുഗതാഗതം സ്ഥിരമായി തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്.ഫ്രെഞ്ച് ഹോട്ടല്‍ ലോബി ഗ്രൂപ്പായ Union des Metiers et des Industries de l'Hotellerie നല്‍കുന്ന റിപ്പോര്‍ട് പ്രകാരം അവസാനമുണ്ടായ ആക്രമണത്തിന് മുന്‍പേ തന്നെ, ഈ വര്‍ഷത്തെ ആദ്യ അഞ്ചു മാസങ്ങളില്‍ പാരീസിലെഹോട്ടല്‍ മുറികളില്‍ നിന്നുള്ള വരുമാനത്തിന്‍റെ സൂചിക 14 ശതമാനം താഴ്ന്നിരുന്നു.

പാരീസ് റീജിയന്‍ ടൂറിസം കമ്മിറ്റി നടത്തിയ ഒരു പോള്‍ ഈ പ്രവണത ശരി വയ്ക്കുന്നു. ഈ രംഗത്തെ 450 പ്രാദേശിക പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു സര്‍വേ ചെയ്തപ്പോള്‍ പകുതിയിലധികം പേരും ഓഗസ്റ്റ് മാസത്തെ റിസര്‍വേഷന്‍ "മോശം അഥവാ വളരെ മോശം" എന്നു പ്രതികരിച്ചു.

ആക്രമണങ്ങള്‍ക്കു ശേഷം ഒരു ടൂറിസ്റ്റ് ആകര്‍ഷണമെന്ന നിലയില്‍ ഫ്രാന്‍സിന്‍റെ അവസ്ഥയെ കുറിച്ച് കഴിഞ്ഞ മാസം എയര്‍ ഫ്രാന്‍സ്- KLM ഗ്രൂപ്പ് ആശങ്ക പ്രകടിപ്പിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഓപ്പറേറ്ററായ, പാരീസ് ആസ്ഥാനമായുള്ള അക്കോര്‍ പറയുന്നത് ആക്രമണങ്ങള്‍ വര്‍ഷത്തിന്‍റെ ആദ്യപകുതിയിലെ ലാഭത്തെ മോശമായി ബാധിച്ചിരിക്കുന്നു എന്നാണ്.


Next Story

Related Stories