TopTop
Begin typing your search above and press return to search.

അയല മത്തി ചൂര കാരി കണവ കിളിമീന്‍... നത്തോലി : ഇത് ഫ്രെഷ് ടു ഹോം

അയല മത്തി ചൂര കാരി കണവ കിളിമീന്‍... നത്തോലി : ഇത് ഫ്രെഷ് ടു ഹോം

വി ഉണ്ണികൃഷ്ണന്‍

ഇപ്പോള്‍ മീന്‍ വാങ്ങുമ്പോള്‍ ഫ്രീയായി കിട്ടുന്ന കുറച്ചു കാര്യങ്ങളാണ് ക്ലോറിനും ഫോര്‍മാലിനും അമോണിയയും. കടയിലെ ഫ്രീസറില്‍ നിന്നും എടുത്ത മീന്‍ വീട്ടില്‍ എത്തുന്നതിനു മുന്‍പ് ചീയാന്‍ തുടങ്ങും. എത്രയൊക്കെ കഴുകിയാലും ഇവയില്‍ നിന്നും അമോണിയയുടെ ചുവ പോവുകയുമില്ല. ഒടുക്കം 'നല്ല പെടയ്ക്കുന്ന മീന്‍' എന്ന അവകാശവാദവുമായി ഔട്ട്ലെറ്റുകളില്‍ ഇരിക്കുന്ന മീനുകള്‍ പലതും നമ്മുടെ മേശപ്പുറത്ത് മസാലയില്‍ മുങ്ങി എത്തും. കറിവച്ചും വറുത്തും മീനുകള്‍ ആമാശയത്തിലേക്ക് യാത്ര തുടങ്ങുമ്പോള്‍ കെമിക്കല്‍സും കൂടെയെത്തും.

ഓ! ഇതൊക്കെ കുറേ കേട്ടതാണ്; പുതിയത് വല്ലതും പറയാനുണ്ടോ എന്നാവും ചോദ്യം ഉയരുക. അങ്ങനെയെങ്കില്‍ പുതിയൊരു കാര്യം പറയാം. മേല്‍പ്പറഞ്ഞ സംഗതികളൊക്കെ ഒഴിവാക്കാം; സിമ്പിളായ ഒരു വഴിയുണ്ട്.

ഒറ്റ ക്ലിക്ക്, നല്ല ഫ്രെഷ് മീന്‍ വീട്ടുപടിക്കല്‍ എത്തും. സാധാരണ സംഭവിക്കാറുള്ളത് പോലെ മൂന്നുമാസം കടലില്‍ കിടന്ന ബോട്ടില്‍ നിന്നും മൂന്നാഴ്ച യാത്രചെയ്ത് കരയിലെത്തി, പിന്നെയും അമോണിയയിലും മറ്റു കെമിക്കല്‍സിലും കിടന്നശേഷം നമ്മുടെ വീട്ടില്‍ എത്തുന്ന 'ഫ്രഷ്‌ മീന്‍' എന്ന് പറയപ്പെടുന്ന സംഗതിയല്ല. ചെറുകിട മീന്‍പിടിത്തക്കാരില്‍ നിന്നും നേരിട്ട് വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കരയിലേക്കും അവിടന്ന് ആവശ്യക്കാരന്റെ വീട്ടുപടിക്കലും എത്തുന്ന 'ഫ്രെഷ് ടു ഹോം' എന്ന ഓണ്‍ലൈന്‍ വിദ്യ.

ഓണ്‍ലൈന്‍ വഴിയുള്ള വില്‍ക്കലും വാങ്ങലും ഒക്കെ ഞങ്ങള്‍ കുറേ കണ്ടതാണ്. ഇതിനെന്താ പ്രത്യേകത എന്ന് വീണ്ടുമൊരു ചോദ്യം ഉയരാം.

അതിനുത്തരം ഇതാ...

ഫ്രഷ്‌ ടു ഹോം - ഉപഭോക്താക്കളുടെ എഫ് ടി എച്ച്
സാധാരണ മാര്‍ക്കറ്റുകളില്‍ നിന്നും മത്സ്യം വാങ്ങുമ്പോള്‍ ഒന്നുകില്‍ മുഴുവനായി അല്ലെങ്കില്‍ കണ്ടം തുണ്ടം വെട്ടിയാവും ലഭിക്കുക. വൃത്തിയാക്കി കറിയിലിടാന്‍ പാകത്തില്‍ കിട്ടണമെങ്കില്‍ അതിന്റെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടി നല്‍കേണ്ടി വരും. വേറൊന്ന് മീന്‍ മുഴുവനായി തൂക്കിയശേഷമാവും ക്ലീനിംഗ്. ഒരു കിലോ എടുത്താല്‍ അവസാനം തൂക്കി നോക്കുമ്പോള്‍ അരക്കിലോ കഷ്ടി കണ്ടാലായി. ഒന്നരക്കിലോയുടെ കാശു ചിലവാകും, പക്ഷേ കിട്ടുന്നത് പകുതിയും.ഫ്രെഷ് ടു ഹോമില്‍ അങ്ങനെ ഒരു പ്രശ്നം നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല. ഓരോ ഇനം മത്സ്യം തെരഞ്ഞെടുക്കുമ്പോഴും വൃത്തിയാക്കിയ ശേഷം എത്ര തൂക്കം വരും എന്നുള്ളത് കണക്കാക്കി നിങ്ങള്‍ക്ക് മത്സ്യം വാങ്ങാനാകും. അതും അവസാനം ഉണ്ടാകുന്ന തൂക്കം മത്സ്യത്തിന്റെ വില മാത്രം നല്‍കിയാല്‍ മതി എന്ന് സാരം. തീര്‍ന്നില്ല. എല്ലില്ലാത്ത കഷ്ണങ്ങള്‍, കറി വയ്ക്കാന്‍ പാകത്തില്‍, മുറിക്കാതെ, വൃത്തിയാക്കുക മാത്രം ചെയ്തത്, വലിയ കഷ്ണങ്ങളായി, ആന്തരിക ഭാഗങ്ങള്‍ നീക്കം ചെയ്തത് എന്നിങ്ങനെ ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാം.


'നത്തോലി മുതല്‍ കൊമ്പന്‍ സ്രാവ്' വരെ ഫ്രഷ് ടു ഹോമില്‍ നിന്നും വാങ്ങാം. ശുദ്ധജല, കടല്‍ മത്സ്യങ്ങള്‍, കക്ക, കണവ, ഞണ്ട്, കൊഞ്ച് എന്നിങ്ങനെ സ്പെഷ്യല്‍ ഐറ്റംസ് അടങ്ങിയ വിപുലമായ ശ്രേണി തന്നെ സൈറ്റില്‍ നിങ്ങള്‍ക്ക് ലഭ്യമാവും. ഇനിയിപ്പോ ലിസ്റ്റില്‍ ഇല്ലാത്ത ഒന്നാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ആവശ്യം എഫ്ടിഎച്ച് ടീമിനെ അറിയിക്കാം. കൂടുതലും അന്നന്നു കടലില്‍ പോകുന്ന മീന്‍പിടുത്തക്കാരില്‍ നിന്നും വാങ്ങുന്നതിനാല്‍ ഫ്രഷായിത്തന്നെ മത്സ്യം ലഭ്യമാവും. തെരഞ്ഞെടുക്കുക മാത്രമേ വേണ്ടൂ. ഫ്രഷ് ആയിത്തന്നെ അവ ഫ്രഷ് ടു ഹോം നിങ്ങളുടെ വീടുകളില്‍ എത്തിക്കും. അതും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍. ചിലയിടങ്ങളില്‍ കെമിക്കലുകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഐസ് മത്സ്യം കേടാവാതെയിരിക്കാനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ എഫ്ടിഎച്ചില്‍ ഉപയോഗിക്കുന്നത് സാധാരണ രീതിയില്‍ തയ്യാറാക്കിയ ഐസ് മാത്രമാണ്.

നിലവില്‍ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ ഫ്രഷ് ടു ഹോമിന്റെ സേവനം ലഭ്യമാണ്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മുന്പ് ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ പിറ്റേ ദിവസം അതേ സമയം അല്ലെങ്കില്‍ അതിനു മുന്‍പ് മത്സ്യം വീട്ടുപടിക്കല്‍ എത്തുന്ന രീതിയാണ് എഫ്ടിഎച്ച് സ്വീകരിച്ചിരിക്കുന്നത്. ലഭ്യതയും ആവശ്യകതയും അനുസരിച്ച് ബുക്ക് ചെയ്യുന്ന അന്നുതന്നെ ഡെലിവറി ചെയ്യുന്ന രീതിയും നിലവിലുണ്ട്, ഇപ്പോള്‍ ബെംഗളൂരു മാതമേ സെയിം ഡേ ഡെലിവറി സൗകര്യം ലഭ്യമാകൂ. തുടക്കത്തില്‍ മത്സ്യം മാത്രമായിരുന്നുവെങ്കില്‍ ഇന്ന് കുട്ടനാടന്‍ താറാവ്, കോഴി, ആട് എന്നിവയുടെ സംസ്കരിച്ച മാംസവും എഫ്ടിഎച്ചില്‍ ലഭ്യമാണ്. ഇവിടെയും എഫ്ടിഎച്ച് വ്യത്യസ്തരാകുന്നത്‌ ആന്റിബയോട്ടിക്കുകള്‍ ചേരാത്ത മാസം നല്‍കിയാണ്‌.

ഇ-മെയില്‍ ഐഡി ക്രിയേറ്റ് ചെയ്യുന്നത് പോലെ www.freshtohome.com ലും ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യണം. പിന്നീട് ഓരോ തവണയും ആദ്യം ക്രിയേറ്റ് ചെയ്യുന്ന ഐഡി, പാസ്സ്‌വേര്‍ഡ്‌ എന്നിവ നല്‍കിയാല്‍ മതിയാകും. ആദ്യ തവണ ഇത്ര രൂപയ്ക്ക് പ്രൊഡക്റ്റ് വാങ്ങണം എന്ന നിബന്ധന ഇല്ലെങ്കിലും തുടര്‍ന്നുള്ള ഓരോ പര്‍ച്ചേസുകള്‍ക്കും മിനിമം തുക 300 രൂപയാണ്. ഡല്‍ഹിയില്‍ ഇത് 500 ഉം. എവിടെക്കായാലും ഡെലിവറി ചാര്‍ജ്ജ് 50 രൂപ മാത്രം.

കേട്ടപ്പോള്‍ തരക്കേടില്ല എന്ന് തോന്നുന്നുണ്ടല്ലേ, ഇനി ഇതിന്റെ പിറകിലെ കഥ പറയാം. ഒരു ചേര്‍ത്തലക്കാരന്റെ വിജയഗാഥ

സീ ടു ഹോം ടു ഫ്രഷ്‌ ടു ഹോം
ചേർത്തല പള്ളിപുറം സ്വദേശി മാത്യു ജോസഫ്‌ ആണ് ഫ്രെഷ് ടു ഹോം ഫൌണ്ടര്‍ ആന്‍ഡ്‌ സി ഒ ഒ. വര്‍ഷങ്ങളായി ഫ്രഷ്‌ സീഫുഡ് എക്സ്പോര്‍ട്ടര്‍ ആണ് മാത്യു. സീഫുഡ് ബിസിനസിന്റെ എല്ലാ വശങ്ങളും തന്റെ അനുഭവത്തിലൂടെ പഠിച്ചറിഞ്ഞയാള്‍ എന്ന് മാത്യു ജോസഫിനെക്കുറിച്ച് നിസംശയം പറയാം. കാരണം ഒരു വ്യാഴവട്ടക്കാലത്തിനു മേലെയായി അദ്ദേഹം ഈ മേഖലയിലെത്തിയിട്ട്. പ്രൈവറ്റ് കമ്പനിയില്‍ നിന്നും മത്സ്യക്കയറ്റുമതിയുടെ എല്ലാ തലങ്ങളെക്കുറിച്ചും മനസ്സിലാക്കിയ അദ്ദേഹം പിന്നീട് സ്വന്തമായി ബിസിനസ് ആരംഭിക്കുകയായിരുന്നു. ചിലര്‍ക്ക് സംഭവിക്കുന്നതു പോലെ പെട്ടന്നുണ്ടായ ഒരു ഉള്‍വിളിയുടെ പിന്നാലെ എടുത്തു ചാടിയതല്ല. വര്‍ഷങ്ങള്‍ എടുത്ത് വ്യക്തമായ സ്ട്രാറ്റജി ഉണ്ടാക്കി അതിനെ പിന്‍തുടര്‍ന്ന് പടിപടിയായാണ് മാത്യു ജോസഫ് ഇന്ന് തന്റെ ബിസിനസ്- ഫ്രഷ് ടു ഹോം - നിലവില്‍ 20000 സ്ഥിരം കസ്റ്റേമേഴ്സ് ഉള്ള ഒരു ബ്രാന്‍ഡ് ആക്കി മാറ്റിയത്.


പരമ്പരാഗത വിപണന മാര്‍ഗ്ഗങ്ങളില്‍ നിന്നും മാറി ഒരു ഇ-കോമേഴ്സ് സൈറ്റിന്റെ പ്ലാറ്റ്ഫോമിലേക്കു കൊണ്ടുവരാന്‍ ഉള്ള ചിന്ത എങ്ങനെയുണ്ടായി എന്ന് ചോദിക്കുകയാണെങ്കില്‍ അതൊരു നീണ്ട കഥയാണെന്ന് മാത്യു പറയും. 'ലോകത്തെയാകെ സാമ്പത്തിക മാന്ദ്യം തകര്‍ത്ത സമയത്ത് എന്റെ എക്സ്പോര്‍ട്ട് കമ്പനിയും ബിസിനസ് ചെയ്യുന്നുണ്ടായിരുന്നു. സ്വാഭാവികമായും അവിടെയും മന്ദത വന്നു. ദുബായിലും മറ്റും അന്ന് നമ്മുടെ നെയ്മീന്‍ വില്‍ക്കുന്നത് 420 മുതല്‍ 500 വരെയുള്ള വിലയ്ക്കാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ആ സമയത്തും 500 രൂപ മുതല്‍ മേലോട്ടാണ് അതിന്റെ വില. സമാനമായ അവസ്ഥ തന്നെയായിരുന്നു മറ്റുള്ളവയുടെയും. ഇതേക്കുറിച്ച് വീട്ടില്‍ ഭാര്യയുമായി സംസാരിക്കെ കക്ഷി പറഞ്ഞു; 'എങ്കില്‍ പിന്നെ എന്തിനാണ് കയറ്റി അയക്കുന്നത്, ഇവിടെത്തന്നെ കൊടുത്താല്‍ പോരേ' എന്ന്. തമാശയായി ആണ് വൈഫ് പറഞ്ഞതെങ്കിലും അതില്‍ നിന്നാണ് പ്രാദേശിക വിപണിയിലേക്ക് കൂടി ശ്രദ്ധയെത്തിക്കാനുള്ള ഐഡിയ ഉണ്ടാവുന്നത്. പിന്നെ അതെക്കുറിച്ച് വിശദമായ പഠനം നടത്തി. അതിനു ശേഷമാണ് സീടു ഹോമിന്റെ ബ്ലൂപ്രിന്റ്‌ ശരിയാക്കുന്നത്.

അതിന് എട്ടു മാസങ്ങള്‍ക്കു ശേഷം കൊച്ചി ആസ്ഥാനമായി 2012-ല്‍ ശ്രീ മാത്യു ജോസഫ്‌ ആരംഭിച്ച സീ ടു ഹോം എന്ന പ്രസ്ഥാനമാണ് ഇന്ന് കോടികള്‍ വിറ്റുവരവുള്ള ഫ്രഷ് ടു ഹോം ആയി പരിണമിക്കുന്നത്. സീ ടു ഹോം ആരംഭിക്കുന്ന സമയം തനിക്ക് മാതൃകയാക്കാന്‍ പറ്റിയ ഒരു സൈറ്റ് പോലും ഇല്ലായിരുന്നു എന്ന് മാത്യു ജോസഫ് പറയുന്നു. ഒടുവില്‍ തന്റെ ഉള്ളിലുള്ള ഐഡിയകള്‍ ഓരോന്നും കൊച്ചിയിലുള്ള ഐടി കമ്പനിയുമായി പങ്കുവച്ച് ഏറെ സമയമെടുത്താണ് സീ ടു ഹോം വെബ്സൈറ്റ് നിലവില്‍ വരുന്നത്. ചില സുഹൃത്തുക്കളുടെ പിന്തുണയോടെ ഫിഷറീസ് കോളേജില്‍ നിന്ന് റിക്രൂട്ട് ചെയ്ത മൂന്നു വിദ്യാര്‍ഥികളെയും ചേര്‍ത്ത് മാത്യു ജോസഫ് ബിസിനസിന്റെ മറ്റൊരു തലത്തിലേക്ക് ഇറങ്ങുന്നത്.

ചെറിയ സമയം കൊണ്ട് നല്ല രീതിയില്‍ ബിസിനസ് വളര്‍ത്താന്‍ മാത്യു ജോസഫിനു സാധിച്ചു. വളരും തോറും ചെലവിലും മാറ്റം വരുമല്ലോ. അങ്ങനെ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമായ ഒരു സന്ദര്‍ഭത്തില്‍ സര്‍വ്വീസുകള്‍ ഒന്ന് സ്ലോ ആക്കേണ്ടി വന്നു. ലോണ്‍ എടുക്കാനായി ബാങ്കിനെ സമീപിക്കുന്ന ആ സമയത്താണ് മാത്യുവിന് ഒരു കോള്‍ വരുന്നത്.

അങ്ങേത്തലയ്ക്കല്‍ ഉണ്ടായിരുന്ന വ്യക്തി, പേരു പറഞ്ഞ് പരിചയപ്പെടുകയും സ്ഥിരം കസ്റ്റമര്‍ ആണെന്ന് പറയുകയും ചെയ്തു. ഗെയിം പോര്‍ട്ടല്‍ ആയ സിംഗയുടെ ഇന്ത്യന്‍ മേധാവിയായ ഷാന്‍ കടവിലായിരുന്നു അത്. പിന്നീട് അവര്‍ ഒരുമിച്ചായി ഫ്രഷ്‌ ടു ഹോമിലേക്കും തുടര്‍ന്നുമുള്ള യാത്ര. ഇന്ന് ഫ്രഷ് ടു ഹോമിന്റെ സി ഇ ഒ ആണ് ഷാന്‍ കടവില്‍.'നമ്മുടെ രാജ്യത്തെ ആകെ മത്സ്യസമ്പത്തിന്റെ 10 ശതമാനം മാത്രമാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. ബാക്കി 90 ശതമാനവും ഇവിടെത്തന്നെയാണ് ഉപയോഗിക്കുന്നത്. നല്ലൊരു വിഭാഗത്തിന്റെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഇവ. അത് കൊണ്ടു തന്നെ ഈ മേഖലയ്ക്ക് വലിയ സാധ്യതയാണുള്ളത്. 1000-ല്‍ അധികം മീന്‍പിടിത്തക്കാരും കര്‍ഷകരും ഞങ്ങളോടൊപ്പമുണ്ട്. ദിവസം മൂന്നു ടണ്ണിലധികം ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കാനും ഫ്രഷ് ടു ഹോമിനു കഴിയുന്നു' -ഷാന്‍ കടവില്‍ പറയുന്നു.

കേരളത്തില്‍ ആലപ്പുഴ അരൂരില്‍ സംസ്കരണശാല ഉള്ള കമ്പനി, ബാംഗ്ലൂരില്‍ ആവശ്യക്കാര്‍ കൂടിയപ്പോള്‍ അവിടെ സ്വന്തമായി സംസ്കരണശാല ആരംഭിച്ചു. തുടക്കത്തില്‍ മീന്‍ മാത്രം വിതരണം നടത്തിയിരുന്ന ഫ്രഷ്‌ ടു ഹോം ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ചിക്കാന്‍, മട്ടന്‍, താറാവ്‌ തുടങ്ങിയ മാംസ ഇനങ്ങളും വിതരണം തുടങ്ങി. നേരത്തെ പറഞ്ഞതുപോലെ കൊടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ രാസവസ്തുക്കളും ആന്‍റിബയോട്ടിക്കുകളും ഇല്ലാത്തതിനാല്‍ ദിനംപ്രതി ആവശ്യക്കാര്‍ ഏറുകയാണ്. ബെംഗളുരുവില്‍ സംസ്കരണശാല ഉണ്ടെങ്കിലും മത്സ്യം എല്ലായിടത്തേക്കും പറക്കുന്നത് കൊച്ചിയില്‍ നിന്നുമാണ്.

ചെറുകിട മത്സ്യബന്ധനം നടത്തുന്നവരില്‍ നിന്നും നേരിട്ടു വാങ്ങുന്നതിനാല്‍ ഇടനിലക്കാര്‍ ഇല്ല. അതിനാല്‍ത്തന്നെ മീന്‍ പിടിത്തക്കാര്‍ക്കും കഷ്ടപ്പെടുന്നതിനസരിച്ചുള്ള തുക ലഭിക്കും. അതുകൊണ്ട് ഫ്രഷ് ടു ഹോമിനു മത്സ്യം കൊടുക്കുന്നതിന് അവരും ഡബിള്‍ ഹാപ്പി.

ഇന്ന് ഇന്ത്യയിലെ മാര്‍റ്റുകളില്‍ ലഭിക്കുന്ന മീനുകളില്‍ 75 ശതമാനവും ഏതെങ്കിലും തരത്തിലുള്ള കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതാണെന്ന് ലാബ്‌ ടെസ്റ്റുകള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രെഷ് ടു ഹോം നല്കുന്ന മീനുകള്‍ യാതൊരുവിധ കെമിക്കലുകളും ഉപയോഗിക്കാത്ത ശുദ്ധമായ മത്സ്യമാണെന്ന വാഗ്ദാനം പാലിക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കാത്തതിനാലാണ് ഫ്രഷ് ടു ഹോം ഇവിടം വരെ എത്തിയത് എന്ന് മാത്യു ജോസഫ് വിശ്വസിക്കുന്നു. ഇവരുടെ ഫേസ്ബുക്ക് പേജില്‍ രേഖപ്പെടുത്തിയിട്ടുള്ള കസ്റ്റമര്‍ ഫീഡ്ബാക്കുകള്‍ ഇത് ശരിവയ്ക്കുന്നതാണ്.

അതിനിടെ, മറ്റൊരു കാര്യത്തില്‍ ഫ്രഷ്‌ ടു ഹോം ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു. അതും ഫോബ്സ് അടക്കമുള്ള വിദേശ മാധ്യമങ്ങളില്‍ പോലും.

പങ്കാളിയായവരില്‍ ഗൂഗിള്‍ ഇന്ത്യ മേധാവിയും സിംഗ മുന്‍ സിഇഒയും
വളരെ ചെറിയ കാലയളവില്‍ വിജയകരമായ പ്രവര്‍ത്തനം കാഴ്ചവച്ച കമ്പനിയില്‍ ചില 'ചെറിയ' ബഹുരാഷ്ട്ര കമ്പനികള്‍ നിക്ഷേപം നടത്തുകയും മറ്റു ചിലവ അതിനു താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഗൂഗിള്‍ ഏഷ്യ സി ഇ ഒ രാജന്‍ ആനന്ദന്‍, സിംഗ ഡോട്ട് കോം സി ഇ ഒ മാര്‍ക്ക്‌ പിങ്കസ്, ലോകത്തിലെ ഏറ്റവും വലിയ മൂന്നു ഇന്‍വ്സ്റ്റ്മെന്റ് ബാങ്കുകളുടെ ചെയാര്‍മാന്‍മാരായ വാള്‍ട്ടര്‍ ക്രെഷ്ചെഖ്, പീറ്റ് ബ്രിഗേർ, ടിം ഫ്ലെക്കെർറ്റി, ഇന്‍വ്സ്റ്റ്മെന്റ് രംഗത്തെ ഭീമനായ സോഫ്റ്റ്‌ ബാങ്ക് എന്ന ജാപ്പനീസ് കമ്പനിയുടെ ഇന്ത്യ തലവന്‍ പവൻ ഒൺഗൊൽ എന്നിവർ ഈ പ്രമുഖരില്‍ ചിലരാണ്.
സംഗതി ഇതൊക്കെയാണെങ്കിലും ഈ മേഖലയില്‍ വെല്ലുവിളികള്‍ ഏറെയാണ് എന്ന് മാത്യു ജോസഫ് പറയുന്നു.

'പ്രധാനമായുമുള്ളത് ഡെലിവറി ടൈമിംഗ് തന്നെയാണ്. നമ്മുടെ ട്രാന്‍സ്പോര്‍ട്ടിംഗ് രീതികള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഫ്ലൈറ്റ് ഡിലേ ആകുമ്പോഴും ട്രെയിന്‍ ലേറ്റ് ആകുമ്പോഴും ആവശ്യക്കാര്‍ക്ക് സാധനം എത്തുവാന്‍ വൈകും. അതിനായി വാഗ്ദാനം നല്‍കിയ സമയത്തിലും മുന്‍പ് ബുക്ക് ചെയ്ത പ്രൊഡക്റ്റ് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക. മറ്റൊന്ന് രാസവസ്തുക്കള്‍ ഉപയോഗിക്കാത്ത ഐസ് നിറച്ച തെര്‍മോക്കോള്‍ ബോക്സുകളില്‍ ആണ് ഞങ്ങള്‍ ഇവ അയക്കുക. ഫ്ലൈറ്റില്‍ ആയാലും മറ്റു തരത്തില്‍ ആയാലും ഇത് ഒരു തവണ നമുക്ക് അയക്കാന്‍ സാധിക്കുകയുള്ളൂ. ഐസ് ഉള്ളതിനാല്‍ മീനിന്റെയൊ മറ്റ് ഉല്‍പ്പന്നങ്ങളുടെയൊ തൂക്കം മാത്രമല്ല, ഐസിന്റെ കൂടി തൂക്കത്തിന് പണം നല്‍കേണ്ടി വരും. എന്നാലും കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതില്‍ ഞങ്ങള്‍ പിന്നോട്ടു പോവാറില്ല' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളികള്‍ തീരുന്നില്ല. തങ്ങളുടെ സംരഭം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കണമെന്നുള്ള ഇവരുടെ ആവേശവും ലാഭം എന്നതിനപ്പുറത്ത്, സമൂഹത്തോടുള്ള ഇത്തരം ബാധ്യതകള്‍ ഏറ്റെടുക്കാനും കമ്പനി എന്നും തയ്യാറാണെന്ന് മാത്യു ജോസെഫും ഷാന്‍ കടവിലും വ്യക്തമാക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഹൈദരാബാദ്, ജയ്പൂര്‍, പൂനെ തുടങ്ങി 25 സിറ്റികളില്‍ കൂടി ഫ്രഷ് ടു ഹോം എത്തിക്കാനും ഫ്രഷ്‌ ടു ഹോം തയ്യാറെടുക്കുകയാണ്. കൂടാതെ മസാല റെഡി ടു കുക്ക് പ്രോസസ്സ്ഡ് ഫുഡ് വിഭാഗത്തിലേക്ക് കൂടി കടക്കാനുള്ള പ്ലാനും ഇവര്‍ക്കുണ്ട്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)


Next Story

Related Stories