TopTop
Begin typing your search above and press return to search.

'ബോംബെ കോളിങ്': മുംബൈയിലെ കോള്‍ സെന്‍റര്‍ ജീവനക്കാരുടെ കഥ, ആഗോളവത്ക്കരണത്തിന്റെയും

ബോംബെ കോളിങ്: മുംബൈയിലെ കോള്‍ സെന്‍റര്‍ ജീവനക്കാരുടെ കഥ, ആഗോളവത്ക്കരണത്തിന്റെയും

ബെന്‍ ആഡല്‍മാന്‍, സമീര്‍ മല്ലല്‍ എന്നിവരുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്‍ററി ചിത്രമാണ് 'ബോംബെ കോളിങ്'. മുംബൈയിലെ ചെറുപ്പക്കാരായ കോള്‍ സെന്‍റര്‍ ജീവനക്കാരുടെ കഥ പറയുന്ന ഈ സിനിമ നിര്‍മ്മിച്ചത് നാഷണല്‍ ഫിലിം ബോര്‍ഡ് ഓഫ് കാനഡയാണ്. യു‌കെയിലുള്ള ക്ലയന്‍റുകള്‍ക്ക് ഫോണ്‍ സേവനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആഗോളവല്‍ക്കരണം കൊണ്ട് ഇന്ത്യയിലുണ്ടായ മാറ്റങ്ങളുടെ രണ്ടു വശങ്ങളും നമുക്ക് കാണിച്ചു തരുകയാണ് ഡോക്യുമെന്ററി. സാമ്പത്തിക മുന്നേറ്റമുണ്ടാക്കിയതിനൊപ്പം തന്നെ ഇത് ആളുകളെ പരമ്പരാഗത രീതികളില്‍ നിന്നകറ്റി; അവരുടെ നിഷ്ക്കളങ്കത കൈമോശം വന്നു. അമേരിക്ക എന്ന സ്വപ്നത്തിനു പുറകെ പോകുന്ന ഇന്ത്യന്‍ യുവത്വത്തിന്‍റെ രീതികളെ അവര്‍ക്കിടയില്‍ നിന്നു കാണുന്ന സമീപനമാണ് ചിത്രത്തിന്‍റേത്. ചിത്രത്തിന്റെ അവസാനം അവരുടെ ടെലിമാര്‍ക്കറ്റിങ് സംരംഭം പരാജയപ്പെടുകയാണെങ്കിലും കഥാപാത്രങ്ങള്‍ തോല്‍ക്കാന്‍ തയ്യാറാവുന്നില്ല.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 300ലധികം കോള്‍ സെന്‍ററുകള്‍ അവരുടെ ഓപ്പറേഷന്‍സിന്‍റെ ഭാഗമായി ലോകത്തിന്‍റെ എല്ലാ ഭാഗത്തേയ്ക്കും ഫോണ്‍ വിളിക്കുകയും കോളുകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. കാസ് ലലാനി നടത്തുന്ന ഡി‌എം‌എം അത്തരം ഒരു സെന്‍ററാണ്. അവരുടെ സാമ്പത്തിക പുരോഗതിയെയും അവിടത്തെ മാനേജര്‍മാരുടെയും പുതിയ ഓപ്പറേറ്റര്‍മാരുടെയും ജീവിതങ്ങളെയും ബോംബെ കോളിങ് പിന്തുടരുന്നു. സ്വീറ്റി, ചാള്‍സ്, വെന്‍ഡി തുടങ്ങിയ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ എന്തുകൊണ്ട് ഇങ്ങനെയൊരു ജോലി സ്വീകരിക്കുന്നു എന്നു നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. സാമും അലക്സും ഇന്ത്യയുടെ പുതിയ മാനേജ്മെന്‍റ് പാഠങ്ങള്‍ പകര്‍ന്നു തരുന്നു. നമ്മുടെ ഈ വലിയ രാജ്യത്തു നടക്കുന്ന മാറ്റങ്ങളുടെ നേര്‍ച്ചിത്രമാണ് ആഡല്‍മാനും മല്ലലും ചേര്‍ന്ന് കാണിച്ചു തരുന്നത്.

കാസ് മുംബൈയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. കോള്‍ സെന്‍റര്‍ കസ്റ്റമര്‍മാരില്‍ ഭൂരിഭാഗത്തിനും ബോംബെ എന്ന പേരാണ് പരിചിതം. ബ്രിട്ടിഷ് ടെലികോമിന്‍റെ എതിരാളിയായ പുതിയ കമ്പനിക്കു വേണ്ടി ഡി‌എം‌എം ചെയ്യുന്ന സെയില്‍സ് പ്രചാരണം നോക്കി നടത്താന്‍ എത്തിയതാണ് അദ്ദേഹം. ഡി‌എം‌എം ജോലിക്കാരില്‍ മിക്കവരും തന്നെ യു‌കെയില്‍ പോയിട്ടില്ല. യൂണിയന്‍ ജാക്കും ബ്രിട്ടനിലെ ചെറുദ്വീപുകളുടെ മാപ്പുമൊക്കെ ഓപ്പറേറ്റര്‍മാരുടെ സഹായത്തിനുണ്ടെങ്കിലും കമ്പനി അന്തരീക്ഷം അമേരിക്കനാണ്. ചെറുപ്പക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പുതിയൊരു കസ്റ്റമറിനെ കിട്ടുന്ന സന്തോഷത്തില്‍ പരസ്പരം 'ഹൈഫൈവ്' ചെയ്യുന്നു, പ്രധാനപ്പെട്ട സെയിലുകള്‍ നടക്കുമ്പോള്‍ സന്തോഷപൂര്‍വ്വം കെട്ടിപ്പിടിക്കുന്നു, പുറത്തു തട്ടി പ്രോല്‍സാഹിപ്പിക്കുന്നു. ചില യു‌എസ് കമ്പനികളിലെ പോലെ പദവികള്‍ നല്‍കുകയും പുതിയ മാനേജ്മെന്‍റ് വിദ്യകള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ടീമുകളുടെ പേര് ‘Mavericks’, ‘Terminators’, ‘Invincibles’ എന്നൊക്കെയാണ്. വിദ്യാഭ്യാസമുള്ള ആ ചെറുപ്പക്കാര്‍ ഇതെല്ലാം ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും ചെയ്യുന്നു.

വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കുപരിയായ ദേശാഭിമാനവും ഇവരില്‍ കാണാം, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ പങ്കാളികളാകുന്നു എന്നു കരുതുന്നവരാണ് ഓപ്പറേറ്റര്‍മാരില്‍ ചിലര്‍. "എന്തുകൊണ്ട് നമുക്ക് അടുത്ത യു‌എസ്‌എ ആയിക്കൂടാ? എല്ലാ ഇടപാടുകളും ഇന്ത്യന്‍ റുപ്പിയില്‍ നടക്കുന്ന ദിവസം കാണാന്‍ എനിക്കാഗ്രഹമുണ്ട്," എന്നാണ് ടെലിമാര്‍ക്കറ്ററായ നകുല്‍ ഒട്ടും മടിക്കാതെ പറയുന്നത്. മറ്റുള്ളവര്‍ക്കൊപ്പം ആവേശം പങ്കു വയ്ക്കുന്ന നകുല്‍ ഇന്ത്യയുടെ സാമ്പത്തിക, സാമൂഹ്യ മാറ്റങ്ങളില്‍ ഡി‌എംഎമ്മിനുള്ള പങ്ക് അറിയുന്നുണ്ട്. ഈ ചെറുപ്പക്കാര്‍ക്ക് അവരുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കു വയ്ക്കാനുള്ള അവസരം നല്‍കിക്കൊണ്ട് രാജ്യത്തിന്‍റെ പുരോഗതിയോടു പൊതുവേ സ്വീകരിക്കപ്പെടുന്ന വ്യക്തിനിഷ്ഠമല്ലാത്ത സമീപനം ബോംബെ കോളിങ് മാറ്റി മറിക്കുന്നുണ്ട്. ഈ ചെറുപ്പക്കാരുടെ ജീവിതങ്ങള്‍ അടുത്തറിയാനുള്ള അവസരമാണ് ചിത്രത്തിലൂടെ ലഭിക്കുന്നത്. മൊത്തം ജനതയുടെയും ജീവിതരീതികളും സാമ്പത്തിക അവസ്ഥയും ഡോക്യുമെന്‍ററി പോലെയുള്ള ചെറിയ മാതൃകയിലൂടെ പ്രതിനിധീകരിക്കാനാവില്ല എന്നറിയാം. എന്നാല്‍ ഇന്ത്യയില്‍ പൊതുവേ നടക്കുന്ന റിപ്പോര്‍ട്ടിങ്ങില്‍ കടന്നു വരാത്ത ശബ്ദങ്ങളെ മുന്നോട്ടു കൊണ്ടുവരാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്.

പുതിയ കാല വിശകലനങ്ങള്‍ രാജ്യത്തിന്‍റെ സാമ്പത്തിക മാറ്റങ്ങളെ രേഖപ്പെടുത്തുന്നത് ജോലിക്കാരെ സപ്ലൈ ചെയ്യുന്ന കണക്കുകളിലൂടെയാണ്. ഈ കമ്പനികളുടെ സ്വന്തം രാജ്യങ്ങളില്‍ നടത്തുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ അവരുടെ കോള്‍ സെന്‍ററുകള്‍ ഇന്ത്യയില്‍ നടത്താം. കാസിന്‍റെ അഭിപ്രായത്തില്‍ യുഎസ്സിലെയും യു‌കെയിലെയും ആളുകളേക്കാള്‍ ജോലിയോട് ആഭിമുഖ്യമുള്ളവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ ഈ ചെറുപ്പക്കാരായ ഓപ്പറേറ്റര്‍മാര്‍ക്കു കിട്ടുന്ന സാമ്പത്തിക അഭിവൃദ്ധിയും താരതമ്യേന അവരനുഭവിക്കുന്ന സ്വാതന്ത്ര്യവും സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമല്ല എന്ന വസ്തുത ഉള്‍പ്പെടുത്താന്‍ സംവിധായകര്‍ മറക്കുന്നില്ല. അവര്‍ തിളങ്ങുന്ന ഷോപ്പിങ് മാളുകളില്‍ മൊബൈല്‍ ഫോണുകളും മറ്റും വാങ്ങുമ്പോള്‍ നഗരത്തിലെ വീടില്ലാത്ത മനുഷ്യര്‍ നിരത്തുവക്കില്‍ തുണി വിരിച്ചു കിടന്നു രാത്രികള്‍ കഴിച്ചു കൂട്ടുന്നു.

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ്ഏഞ്ചലസില്‍ ബോംബെ കോളിങ്ങിന് ഗ്രാന്‍ഡ് ജൂറി പുരസ്കാരം ലഭിച്ചിരുന്നു. ഡോക്സ ഫിലിം ആന്‍ഡ് വീഡിയോ ഫെസ്റ്റിവലില്‍ Most Innovative Documentary ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. Hot Docs, Melbourne, Bergen എന്നീ ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 2006ലെ വേനലില്‍ കാനഡയില്‍ തീയേറ്റര്‍ റിലീസും ഉണ്ടായിരുന്നു.


Next Story

Related Stories