TopTop
Begin typing your search above and press return to search.

താഷി ആന്‍ഡ് ദ മങ്ക്; കരുണയുടെ മിടിക്കുന്ന ഹൃദയം

താഷി ആന്‍ഡ് ദ മങ്ക്; കരുണയുടെ മിടിക്കുന്ന ഹൃദയം

Tashi and the Monk by Andrew Hinton & Johnny Burke/2014

പടിഞ്ഞാറന്‍ നാടുകളില്‍ ടിബറ്റന്‍ ബുദ്ധിസം പ്രചരിപ്പിക്കാനായി ദലൈ ലാമ നേരിട്ട് തെരഞ്ഞെടുത്ത ബുദ്ധ സന്യാസിയായിരുന്നു ലോബ്സാങ് ഫുന്‍റ്സോക്. ആത്മീയഗുരുവായുള്ള അമേരിക്കന്‍ ജീവിതം അവസാനിപ്പിക്കാനും ജന്മനാട്ടിലേയ്ക്കു മടങ്ങി അവിടത്തെ കുട്ടികളുടെ കഷ്ടപ്പാടുകള്‍ നീക്കാനായി പ്രവര്‍ത്തിക്കാനുമുള്ള പ്രേരണ എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിനുണ്ടായി. തുടര്‍ന്നു അദ്ദേഹം ഹിമാലയന്‍ താഴ്വരകളില്‍ രൂപം കൊടുത്ത സംഘമാണ് Jhamtse Gatsal (സ്നേഹത്തിന്‍റെയും കരുണയുടെയും പൂന്തോട്ടം എന്നാണ് ഈ ടിബറ്റന്‍ പേരിന്‍റെ അര്‍ത്ഥം). അനാഥരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ 85 കുട്ടികളാണ് ഇവിടെ അലിവോടെ ജീവിക്കാന്‍ പഠിക്കുന്നത്. ഈ കൂട്ടത്തിലേയ്ക്ക് മനസില്ലാമനസ്സോടെ എത്തുന്ന ഒരു അഞ്ചു വയസ്സുകാരിയുടെ കഥയ്ക്കൊപ്പം ഫുന്‍റ്സോകിന്‍റെ ഉദ്യമത്തെ പിന്തുടരുന്നതാണ് ‘Tashi and the Monk’ എന്ന ചിത്രം. ആ ചെറിയ ജീവിതകാലത്തിനിടയ്ക്ക് സങ്കല്‍പ്പിക്കാനാകാത്ത വിധമുള്ള അവഗണനകളും ദുരിതവും അവള്‍ സഹിച്ചിട്ടുണ്ട്. അവിടെയെത്തുന്ന കാലത്ത് താഷിയുടെ അമ്മ മരിച്ചിരുന്നു; മദ്യപാനിയായ അച്ഛനാവട്ടെ അവളെ തീരെ ശ്രദ്ധിച്ചിരുന്നുമില്ല. കൂട്ടത്തില്‍ ഏറ്റവും ചെറിയ കുട്ടിയായിരുന്ന അവള്‍ക്ക് കൂടെയുള്ള കൌമാരക്കാരായ അന്തേവാസികളോട് ദേഷ്യവും വഴക്കുമൊക്കെയായിരുന്നു.

'ഈ ഭൂമിയിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന അതിഥികള്‍ക്ക്' നന്നായി ജീവിക്കാന്‍ ഒരവസരം നല്‍കിക്കൊണ്ട് സന്തോഷകരമല്ലാതിരുന്ന സ്വന്തം ബാല്യകാലാനുഭവങ്ങളെ ലോബ്സാങ് വഴി തിരിച്ചു വിടുന്നുണ്ട്. ഒരു കുടുംബത്തിന്‍റെ ഭാഗമായിരിക്കാനുള്ള മോഹം കൊണ്ട് അദ്ദേഹം Jhamtse Gatsalലെ കുട്ടികളുടെ ജീവിതങ്ങളില്‍ തനിക്കൊരിക്കലും കിട്ടാതെ പോയ ഒന്നായി മാറി- ഒരു അച്ഛന്‍. വിദൂരമായ ഒരു മലമുകളില്‍ സ്ഥാപിച്ച ഈ കമ്യൂണിറ്റിക്കു ചുറ്റുമുള്ള ലോകം ദരിദ്രമാണ്. അതുകൊണ്ടു തന്നെ ഉള്‍ക്കൊള്ളാവുന്നതിന്‍റെ പരമാവധി കുട്ടികള്‍ ഇവിടെയുണ്ട്. പുതിയ കുട്ടികളെ ചേര്‍ക്കാനുള്ള അപേക്ഷകളിന്‍മേല്‍ വളരെ ആലോചിക്കേണ്ടി വരുന്നത് ലോബ്സാങിനെ അസ്വസ്ഥനാക്കുന്നുണ്ട്. താനെടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലങ്ങള്‍ അദ്ദേഹത്തിനു സഹിക്കേണ്ടി വരുന്നു: ആ പ്രദേശത്തുള്ള ഒരാണ്‍കുട്ടിക്ക് തന്‍റെ കമ്യൂണിറ്റിയില്‍ ഇടം കൊടുക്കാന്‍ ലോബ്സാങിനു കഴിഞ്ഞില്ല. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ആ പതിനൊന്നു വയസ്സുകാരന്‍ ആത്മഹത്യ ചെയ്യുകയാണ്. തൊട്ടടുത്തുള്ള മറ്റൊരു ഗ്രാമത്തിലെ ഒരു കുട്ടിയുടെ അച്ഛന്‍ മരിച്ചു. അവനെക്കൂടെ ഏറ്റെടുക്കണമെന്ന് നിവൃത്തികേടു കൊണ്ട് ആ കുടുംബം കേണപേക്ഷിക്കുമ്പോള്‍ ഇനിയും കുട്ടികളെ എടുത്താല്‍ അവിടെ ഉള്ളവര്‍ക്കു വേണ്ടത്ര ശ്രദ്ധ കൊടുക്കാനാവാതെ വരുമെന്ന് ജോലിക്കാര്‍ ലോബ്സാങിന് മുന്നറിയിപ്പു കൊടുക്കുന്നു.

ലോബ്സാങിന്‍റെ സംരംഭത്തെക്കുറിച്ചു പറയുന്നതിനു പുറമേ അവിടെ പുതുതായെത്തുന്ന താഷി ഡ്രോല്‍മയുടെ കഥയും സിനിമ കാണിക്കുന്നുണ്ട്: കുഞ്ഞു ശരീരത്തില്‍ വലിയ വ്യക്തിത്വവുമായി എത്തിയ, താന്തോന്നിയും അസ്വസ്ഥയുമായ ഒരു അഞ്ചു വയസ്സുകാരി. വെല്ലുവിളി ഉയര്‍ത്തുന്ന ആ പ്രകൃതം കൊണ്ടുതന്നെ വളരെ ചൊടിയുള്ള കഥാപാത്രമാണവള്‍. അവിടെയുള്ള 84 സഹോദരങ്ങള്‍ക്കിടയില്‍ തന്‍റെ സ്ഥാനമുറപ്പിക്കാന്‍ തുടക്കത്തില്‍ കഷ്ടപ്പെടുന്നുണ്ടെങ്കിലും ലോബ്സാങിന്‍റെയും സംഘത്തിന്‍റെയും മാജിക് പതുക്കെ ഫലിച്ചു തുടങ്ങുകയാണ്. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ആ വഴക്കാളിക്കുട്ടിയില്‍ അല്‍ഭുതകരമായ മാറ്റങ്ങളുണ്ടാകുകയും അവള്‍ക്ക് നല്ലൊരു സുഹൃത്തിനെ കിട്ടുകയും ചെയ്യുന്നു. മനഃശാസ്ത്രപരമായ സമീപനങ്ങളോ മരുന്നുകളടക്കമുള്ള ആധുനിക വൈദ്യശാസ്ത്രരീതികളോ അല്ല ലോബ്സാങിന്‍റേത്. ആത്മാവിനെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് അദ്ദേഹത്തിനു താല്‍പ്പര്യം. അപാരമായ ക്ഷമയോടെ, സുന്ദരവും ശാന്തവുമായ രീതിയിലാണ് താഷിയടക്കം തനിക്കൊപ്പം വന്ന കുട്ടികളെ ജീവിതമെന്ന സമ്മാനം ആസ്വദിക്കാന്‍ അദ്ദേഹം പ്രാപ്തരാക്കിയത്. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ലക്ഷ്യബോധവും മഹാമനസ്കതയും അവരിലുണ്ടാക്കുന്നതിനൊപ്പം അന്തര്‍ലീനമായിട്ടുള്ള കഴിവുകളെ കണ്ടെത്താന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു.

ലോബ്സാങ് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചിട്ടുള്ള സംവിധായകന്‍ ആന്‍ഡ്രൂ ഹിന്‍റണ്‍ ഇങ്ങനെയാണ് പറയുന്നത്: "ലോബ്സാങിന്‍റെ ഗ്രാമസന്ദര്‍ശനങ്ങളില്‍ ഒപ്പം പോകുമ്പോള്‍ സ്കൂളിനും അവിടെ നടക്കുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നയാളെന്ന നിലയ്ക്ക് പ്രദേശവാസികള്‍ അദ്ദേഹത്തെ ഒരു വീരനായകനെ പോലെ വരവേല്‍ക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ പറ്റില്ലെന്നു പറയുന്ന ആളെന്നാണ് ആ ബുദ്ധസന്യാസി അറിയപ്പെടുന്നത് എന്നു കണ്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നു പോയി. കാരണം ആയിരത്തിലധികം അപേക്ഷകളില്‍ നിന്നാണ് താന്‍ 85 കുട്ടികളോട് 'യെസ്' പറഞ്ഞതെന്ന് അദ്ദേഹം സിനിമയില്‍ പറയുന്നുണ്ട്. ലോബ്സാങ് ഏറ്റെടുത്ത ദൌത്യത്തിന്‍റെ ഗുരുത്വവും ഞങ്ങള്‍ക്കു മനസിലായി. ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച ശേഷം കമ്യൂണിറ്റിയില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും നിറവേറ്റാനാകാതെ ബാക്കിയാകുന്ന അവരുടെ ആവശ്യങ്ങളോര്‍ത്തു താന്‍ വിവശനാകാറുണ്ടെന്ന് അദ്ദേഹം പറയുന്നു."

Jhamtse Gatsal ലെ ഊഷ്മളവും സുരക്ഷിതവുമായ അന്തരീക്ഷത്തിലാണ് കഥയുടെ ചുരുള്‍ നിവരുന്നത്. ഉപജീവനത്തിനായി വയലുകളില്‍ പണിയെടുക്കുകയോ റോഡരികില്‍ പാറക്കല്ലു പൊട്ടിക്കുകയോ മാത്രം ചെയ്യാനുള്ള ആ പ്രദേശത്ത് കമ്യൂണിറ്റിയിലെ കുട്ടികള്‍ക്ക് മഹത്തരമായ ഒരു വഴി തുറന്നു കിട്ടുന്നുണ്ട്- ലോബ്സാങിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "വിസ്മയകരമായ ജീവിത"ത്തിനുള്ള അവസരം. പ്രകൃത്യാ മനോഹരമായ പശ്ചാത്തലം ഒപ്പിയെടുക്കുന്ന ഗംഭീര ചിത്രീകരണത്തിനും ആകര്‍ഷകമായ സംഗീതത്തിനുമൊപ്പം ചിത്രത്തിന്‍റെ സാങ്കേതിക വശങ്ങളും നല്ല നിലവാരം പുലര്‍ത്തുന്നു. പക്ഷേ ഒരു കുട്ടി അവളുടെ പ്രതീക്ഷകളെ വീണ്ടെടുക്കുന്ന അപൂര്‍വ്വ ദൃശ്യമാകും ചിത്രം കഴിഞ്ഞാലും കാണികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുക; 'താഷി ആന്‍ഡ് ദ മങ്കി'ന്‍റെ മിടിക്കുന്ന ഹൃദയമാണ് അത്. ജീവിതങ്ങളെ മാറ്റിമറിക്കാന്‍ കരുണയ്ക്കുള്ള കഴിവിനു മുന്നില്‍ ഹൃദയസ്പര്‍ശിയായ ഒരുപഹാരമാണ് ഈ ചിത്രം.


Next Story

Related Stories