TopTop
Begin typing your search above and press return to search.

ഒരിക്കല്‍ ജോണും ഘട്ടക്കും ഇവിടെ ജീവിച്ചിരുന്നു

ഒരിക്കല്‍ ജോണും ഘട്ടക്കും ഇവിടെ ജീവിച്ചിരുന്നു

ഷിനി ജെ കെ

പറയപ്പെടുന്ന ഏതോ ഒരു വലിയ സംസ്‌കാരത്തിന്റെ പേരില്‍ ഒരുപാടഹങ്കരിക്കുന്ന ഈ രാജ്യത്ത്, ഇവിടുത്തെ ഏറ്റവും മികച്ച ഫിലിം സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ആറു ദിവസമായി സമരത്തിലാണ്. ഈ സ്ഥാപനത്തിന്റെ നിലനില്‍പ്പിനുവേണ്ടി, ഈ 'മഹാരാജ്യ'ത്തിലെ ഭരണകൂടത്തിന്റെ 'സാംസ്‌കാരിക ഫാസിസ'ത്തിനെതിരെ, സിനിമജീവിതവും രാഷ്ട്രീയവുമായ തലമുറകള്‍ക്കുവേണ്ടി, ഞങ്ങള്‍ക്കു തന്നെവേണ്ടി...

സമരം തുടങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്. ജൂണ്‍ പന്ത്രണ്ടാം തീയതി. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാന്‍ നിയമിക്കപ്പെട്ടതിനെത്തുടര്‍ന്ന്. ആരാണ് ഈ ഗജേന്ദ്രചൗഹാന്‍ എന്ന് കണ്ടെത്തുകയായിരുന്നു ഞങ്ങളുടെ ആദ്യജോലി. കുട്ടിക്കാലത്ത് ദൂരദര്‍ശനില്‍ 'മഹാഭാരതം' കണ്ട ചിലരെങ്കിലും ക്യാമ്പസിലുണ്ടായിരുന്നതു കൊണ്ടു യുധിഷ്ടിരനാണു താരമെന്ന് മനസ്സിലായി. കുത്തകകളോടു പ്രശ്‌നമുണ്ടെങ്കിലും അവസാനം ഗൂഗിളു തന്നെവേണ്ടിവന്നു ഞങ്ങള്‍ക്ക് ഗജേന്ദ്രചൗഹാന്‍ ആരാണെന്നു പറഞ്ഞുതരാന്‍. ഡിജിറ്റല്‍ റെവല്യൂഷന്‍ കാലത്ത് പിന്തിരിപ്പന്‍ രാഷ്ട്രീയംപറയുമ്പോള്‍, ശത്രു ഏറ്റവും മികച്ച ടെക്‌നോളജിയും പിആര്‍ വര്‍ക്കും നടത്തിക്കൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കാനായത് കൊണ്ട്, സാധ്യമായ എല്ലാറിസര്‍ച്ച് വര്‍ക്കും ഞങ്ങള്‍ ചെയ്തു. ഒരു രാത്രി പൂര്‍ണ്ണമായും ഗജേന്ദ്ര ചൗഹാനുവേണ്ടി മാറ്റിവച്ചു. ഖുലിഖിട്കി, ജംഗിള്‍ ലവ് അങ്ങനെ യുധിഷ്ടിരചരിതം വിവിധഖണ്ഡങ്ങള്‍ കണ്ട് ഉറക്കം കളഞ്ഞത് സമരത്തിന്റെ ആദ്യഘട്ടം. ഗജേന്ദ്രചൗഹാന്‍ എഫ് ടി ഐ ഐ ചെയര്‍മാന്‍ സ്ഥാനത്തുവേണ്ട എന്നുള്ള തീരുമാനത്തിലെത്താന്‍ ഞങ്ങള്‍ക്ക് അധികമൊന്നുംആലോചിക്കേണ്ടിവന്നില്ല.

ഇനികാരണങ്ങള്‍;

1. എഫ് ടി ഐ ഐ എന്ന ലോകനിലവാരമുള്ള കലാസ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ എന്താണ് ഗജേന്ദ്ര ചൗഹാന്റെ യോഗ്യത?

ഹിന്ദി, മലയാളം ഭാഷകളിലെ 'ബി' ഗ്രേഡ് സിനിമകളില്‍ അഭിനയിച്ച പരിചയം.ആശാറാം ബാപ്പുവിന്റെ പരിപാടികളുടെ പ്രചാരകനായി വേദിപങ്കുവച്ച പരിചയം. അതേവേദിയില്‍ ഫെബ്രുവരി 14 മാതൃ പിതൃദിനമായി ആചരിക്കണമെന്നു പറഞ്ഞ ഫാസിസ്റ്റ് ധാര്‍ഷ്ട്യം.ടെലിബ്രാന്‍ഡ്‌ ഷോകളില്‍ ഭാഗ്യംകൊണ്ടു വരുന്ന നവരത്‌നമാലകളുടെ പ്രചാരകനായ പരിചയം.മഹാഭാരതത്തിലെ യുധിഷ്ടിരവേഷം.

സിനി ആര്‍ടിസ്റ്റ് അസോസിയേഷന്‍(സിന്റ) തലപ്പത്തിരുന്ന് അഴിമതിനടത്തി പുറത്ത്‌പോകേണ്ടിവന്ന ഭരണപാടവം. ബിജെപി സാംസ്കാരിക വിഭാഗത്തിന്റെ ദേശീയനേതാവായിരുന്നതും ഇലക്ഷന്‍ ക്യാമ്പയിന്‍ നടത്തിയതും.

2. ഇതാണു യോഗ്യതകളെങ്കില്‍ എഫ് ടി ഐ ഐ ചെയര്‍മാന്‍പോലൊരു ഉന്നതപദവിയിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം? പ്രക്രിയ?

എഫ് ടി ഐ ഐ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നതും ചെയര്‍മാനെ നിയമിക്കുന്നതും ക്യാബിനറ്റ് നേരിട്ടാണ്. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ക്കനുസരിച്ച് ചെയര്‍മാന്‍ സ്ഥാനത്തേക്കു വരുന്ന ആളുകളുടെ രാഷ്ട്രീയവും വേറെ ആയിരിക്കാം.

സയീദ് അക്തര്‍ മിര്‍സ, യൂആര്‍ അനന്തമൂര്‍ത്തി, വിനോദ്ഖന്ന, ഗിരീഷ് കര്‍ണാട്, അടൂര്‍ ഗോപാലകൃഷ്ണന്‍, മൃണാള്‍സെന്‍, ശ്യാം ബെനഗല്‍ അങ്ങനെ നീളുന്നു ഞങ്ങളുടെ പഴയ ചെയര്‍മാന്മാര്‍. ഇതില്‍ വിനോദ ഖന്ന മാത്രമായിരുന്നു നേരിട്ട് ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കെ ചെയര്‍മാനായത്. ബിജെപി സ്റ്റാന്‍ഡിംഗ് എംപി ആയിരുന്നു വിനോദ്ഖന്ന. എഫ് ടി ഐ ഐ ചരിത്രത്തിലെ ഏറ്റവും മോശം ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് അതായിരുന്നു. വ്യക്തമായ കോണ്‍ഗ്രസ് ബന്ധമുണ്ടായ യൂആര്‍ അനന്തമൂര്‍ത്തിയെ ചെയര്‍മാന്‍ ആക്കിയത് എന്‍ ഡി എ ഗവണ്‍മെന്‍റാണ്. ഋത്വിക് ഘട്ടക് ചെയര്‍മാനായി വന്നതാവട്ടെ ഇന്ദിരാഗാന്ധിയുടെ കാലത്തും. മുന്‍പുള്ള പല ഭരണകൂടങ്ങളും എഫ് ടി ഐ ഐ എന്ന ഇടത്തെ കണ്ടിരുന്നത് എങ്ങനെയാണെന്നറിയാന്‍ ഈ രണ്ടു ഉദാഹരണങ്ങളിലേക്ക് മാത്രം നോക്കിയാല്‍മതി.

എന്‍ എഫ് ഡി സി തലപ്പത്ത് സുരേഷ്‌ ഗോപി വന്നതും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി പെഹ്ളാജ്‌ നിഹലാനി വന്നതും ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി തലപ്പത്ത് ശക്തിമാനിലൂടെ നമ്മുടെ കുഞ്ഞുങ്ങളെ പൊള്ളയായ മധ്യവര്‍ഗ്ഗ മര്യാദ പഠിപ്പിച്ച്, മാപ്പ് പറയിച്ച് ശീലിച്ച മുകേഷ് ഖന്ന വന്നതും മാത്രം ചേര്‍ത്ത് വായിച്ചാല്‍ ഈ ഹൈന്ദവ ഫാസിസ്റ്റുകളുടെ കാവിവല്‍ക്കരണ അജണ്ട മനസ്സിലാവും. ഭരണത്തിലെത്തുന്നതിനു മുന്‍പ് തീവ്രദേശീയതയും സംസ്‌കാരവും പഠിപ്പിക്കാന്‍ ശ്രമിച്ചവര്‍, ഇപ്പോള്‍ ശ്രമിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കാനും ഇത്തരം സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി, വരുംതലമുറകളുടെ തലച്ചോറില്‍ വിഷംകുത്തിവയ്ക്കാനുമാണ്.

3.ഇനി എഫ്ടിഐഐസൊസൈറ്റി എന്ന 21 അംഗഭരണസമിതിയില്‍ അംഗങ്ങളായ 5 പേരുടെ യോഗ്യത, വിശ്വാസ്യത, രാഷ്ട്രീയം?

കൃത്യമായ ആര്‍ എസ് എസ് പശ്ചാത്തലമുള്ള അനഘ ഘൈസ്സാസ് നരേന്ദ്ര മോദിയെയും അയോധ്യയേയും നാഷണല്‍ഡിഫന്‍സ് അക്കദമിയേയും നാനാജിദേശ്മുഖിനെയും കുറിച്ച് പ്രൊപ്പഗണ്ട സിനിമകള്‍ എടുത്തിട്ടുള്ളവരാണ്. സ്വയം 100 ശതമാനം ആര്‍എസ്എസ്‌കാരിയാണെന്നു പറയുന്ന, അതില്‍ അഭിമാനിക്കുന്നുവെന്നുപറയുന്ന വ്യക്തിയാണ് ഇവര്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാരെ സിനിമയ്‌ക്കൊപ്പം ഇന്ത്യന്‍ സംസ്‌ക്കാരവും പഠിപ്പിക്കുമെന്ന് ഇവര്‍പറയുന്നു.

നാല് വര്‍ഷം എ ബി വി പി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ആയിരുന്ന നരേന്ദ്ര പഥക് 14 വര്‍ഷമായി ഒരു മറാഠി മാസികയുടെ എഡിറ്റര്‍ ആണ്. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സംസ്‌കാരം പഠിക്കണമെന്നും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എഫ് ടി ഐ ഐയില്‍ നടക്കില്ലെന്നും ഭരണകൂടവിരുദ്ധരായ വിദ്യാര്‍ത്ഥികളെ ഒരുപാഠം പഠിപ്പിക്കുമെന്നുമാണ് പഥക് ആദ്യമേ പറയുന്നത്.

ആര്‍ എസ്എസ് ബന്ധമുള്ള സംഘടനയായ സംസ്‌കാര്‍ ഭാരതിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് പ്രാഞ്ചല്‍ സൈക്കിയ. എന്‍ എസ് ഡി യില്‍ പഠിച്ച ഇയാള്‍ അഭിനേതാവാണ് എന്ന്പറയപ്പെടുന്നു.

പാരമ്പര്യവും സംസ്‌കാരവും സദാചാരവും പുതിയ കുട്ടികളെ പഠിപ്പിക്കണമെന്ന ചിന്തയെ ഇയാളും പിന്തുണയ്ക്കുന്നു. സംസ്‌കാര്‍ ഭാരതി അത്തരമൊരു സംഘടനയാണെന്ന് സൈക്കിയ പറയുന്നു. 'ഇന്ത്യന്‍ പാരമ്പര്യവും സംസ്‌കാരവും സദാചാരമൂല്യങ്ങളും മാത്രമല്ല, പരമ്പരാഗത കലകളും ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു. ആ കൂട്ടത്തില്‍ ഈ കുട്ടികളേയും ഉള്‍പ്പെടുത്തിയാല്‍ അവര്‍ നാളെ രാജ്യത്തിന് ഉപകാരപ്പെടുന്ന പൗരന്മാരായി വളരും. 'സൈക്കിയകൂട്ടിച്ചേര്‍ത്തു.

നാലാമനായ രാഹുല്‍ ഷോലര്‍പുര്‍കാര്‍ ഹിന്ദി മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ മഹാരാഷ്ട്ര സംസ്ഥാന അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ ഒരു ടിക്കറ്റ് പ്രതീക്ഷിക്കപ്പെട്ടയാളാണ് രാഹുല്‍. രാജ്യത്തിനും വിദ്യാര്‍ത്ഥികള്‍ക്കും ഗുണകരമാകുന്ന ഒരു പുതിയ ചിന്താധാര വരുന്നതില്‍ കുഴപ്പമില്ലെന്ന് ഇയാള്‍പറയുന്നു.

എഫ് ടി ഐ ഐ പൂര്‍വ്വവിദ്യാര്‍ത്ഥിയായ, അഞ്ചാമന്‍ ശൈലേഷ് ഗുപ്ത ഇവിടെ വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടേ മോദിയന്‍ പ്രോപ്പഗണ്ട സിനിമകള്‍ ഉണ്ടാക്കിയിട്ടുള്ള ആളാണ്.

മൃണാള്‍സെന്നിനും ശ്യാംബെനഗലിനും ഒക്കെ നിങ്ങള്‍ അവസരം കൊടുത്തില്ലേ, തന്നെപ്പോലെ ഉള്ള സാധാരണക്കാര്‍ക്ക് വളര്‍ന്നുവരാന്‍ നിങ്ങള്‍ അവസരം തന്നില്ലെങ്കില്‍ സാധാരണക്കാരന്‍ എങ്ങനെ ഉയരത്തിലെത്തുമെന്ന അതിബുദ്ധിപൂര്‍വ്വമായ ചോദ്യമാണ് ഇയാള്‍ ചോദിക്കുന്നത്. ഇതൊരു പരീക്ഷണശാല അല്ലെന്നു ഞങ്ങള്‍ പറയുമ്പോള്‍ അത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ എന്ന ബൗദ്ധിക ഉപരിവര്‍ഗ്ഗത്തിന്റെ സാംസ്കാരിക ഫാസിസമായി പ്രത്യാരോപണം ഉന്നയിക്കുന്നു.

അപ്പോള്‍, ഞങ്ങളില്‍ സംസ്‌കാരവും പാരമ്പര്യവും സദാചാരമൂല്യങ്ങളും ദേശീയബോധവും കുത്തിവയ്ക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക ഫാസിസം അല്ലേ? ഞങ്ങളെ പാഠംപഠിപ്പിക്കുമെന്നു ധാര്‍ഷ്ട്യത്തില്‍ പറയുന്ന സാംസ്‌കാരിക ഫാസിസം അല്ലേ? ഞങ്ങളുടെ സിനിമകളില്‍ ഇന്ത്യന്‍ സംസ്‌കാരം കുത്തിനിറയ്ക്കണമെന്നു പറയുന്നത് ദേശീയഫാസിസം അല്ലേ? ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോഴെല്ലാം ഞങ്ങളെ ദേശവിരുദ്ധരും തീവ്ര ഇടതുപക്ഷക്കാരും മാവോയിസ്റ്റുകളും ആയി മുദ്രകുത്തുന്ന സ്ട്രാറ്റജി പിന്നെന്താണ്? ഭരണകൂടം ഞങ്ങളെ ഇത്രമാത്രം ഭയപ്പെടുന്നതെന്തിനാണ്?

എഫ് ടി ഐ ഐയുടെ ദൈനംദിനകാര്യങ്ങള്‍ തൊട്ട് ഭരണപരവും അക്കാദമികവുമായ ഏതു കാര്യത്തിലും തീരുമാനമെടുക്കാന്‍ കഴിയുന്ന തന്ത്രപ്രധാന സ്ഥാനങ്ങളിലാണു ചൗഹാനും ഈ അഞ്ചുപേരും നിയമിക്കപ്പെട്ടിരിക്കുന്നത്. സാധാരണ ഒരു യൂണിവേഴ്‌സിറ്റിയുടേതിനേക്കാള്‍ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങാളാണു എഫ് ടി ഐ ഐയുടേത്. പ്രത്യേകിച്ച് സിലബസ്സിലും മറ്റും കാര്യമായ മാറ്റങ്ങള്‍ വേണ്ട ഈ പ്രത്യേകഘട്ടത്തില്‍. കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്ന ഘട്ടംകൂടിയാണിത്. ഇത്തരമൊരവസരത്തില്‍ തീവ്ര ബ്രാഹ്മണിക്കല്‍ നിലപാടുകളുള്ള ഒരുഭരണസമിതി അധികാരത്തില്‍ വരുന്നത്, എല്ലാ വ്യക്തികളുടേയും രാഷ്ട്രീയങ്ങള്‍ക്കപ്പുറം എഫ് ടി ഐ ഐ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് അപകടകരമാണ്. ഈയിടെയായി പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് പഠിപ്പിക്കാന്‍ വരുന്ന വിസിറ്റിങ് പ്രൊഫസര്‍ കുത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ബ്രാമണിക്കല്‍ ചിന്തകളും ചരിത്രത്തില്‍ ഒരിക്കലും ഇല്ലാതിരുന്ന തീവ്രവാദ ദിനാചരണവും മെഡിറ്റേഷന്‍ ക്ലാസ്സുമൊക്കെ കാവിവല്‍ക്കരണമല്ലെങ്കില്‍ പിന്നെന്താണ്? വിദ്യാര്‍ത്ഥികളെ പോലീസിനെക്കൊണ്ട് അടിച്ചമര്‍ത്തണമെന്നു പറയുന്ന സുരേഷ്‌ഗോപിയുടെ ഭാഷ ഒരു ഫാസിസ്റ്റ് ഭരണകൂട പ്രതിനിധിയുടെ അധികാര ധാര്‍ഷ്ട്യമല്ലേ? രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ക്ലാസ്സുകളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍, സബ്‌സിഡൈസ്ഡ് ആയ സിനിമാ കോഴ്‌സുകള്‍ പഠിക്കുന്ന ഒരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയില്‍, അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇത്രയേറെ സ്വകാര്യവല്ക്കരണശ്രമങ്ങള്‍ നടത്തിയ മോദി ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് ഫാസിസത്തെയും ഞങ്ങള്‍ കരുതലോടെ തന്നെയാണു കാണുന്നത്. യുപിഎ ഭരണകാലത്തുവന്ന സ്വകാര്യവല്ക്കരണ ശ്രമങ്ങളെ സമരം ചെയ്തു തോല്‍പ്പിച്ച അതേ ശക്തിയും ഉറച്ച രാഷ്ട്രീയബോധ്യവും എഫ് ടി ഐ ഐക്ക് ഇപ്പോഴുമുണ്ട്.

ഭരണകൂടം അവരുടെ അജണ്ടകള്‍ ഇതുപോലൊരു സ്ഥലത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നോര്‍ക്കണം. ഒരിക്കലിവിടെ ജോണും ഘട്ടക്കും ജീവിച്ചിരുന്നു.

(ഇതു തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. എഫ് ടി ഐ ഐ കമ്മ്യൂണിറ്റിയുടെ പൊതു അഭിപ്രായമല്ല.)

(പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയാണ്‌ ലേഖിക)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories