TopTop
Begin typing your search above and press return to search.

സംഘ പരിവാറിന്റെ ചില ബി ഗ്രേഡ് സാംസ്കാരിക ഇടപെടലുകള്‍

സംഘ പരിവാറിന്റെ ചില ബി ഗ്രേഡ് സാംസ്കാരിക ഇടപെടലുകള്‍

സുഫാദ് ഇ മുണ്ടക്കൈ

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദമായ രാഷ്ട്രീയ നിയമനത്തിനെതിരെ ഇന്ത്യയിലെങ്ങും ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഫെയ്‌സ്ബുക്കിലൂടെ സംഘടിച്ച് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ നിരവധി പേരാണ് പങ്കെടുത്തത്.

സാധാരണ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനപ്പുറം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ക്രിയേറ്റീവ് സ്‌പെയ്‌സ് കൂടിയാണ്, സിനിമ എന്ന കലാരൂപത്തെ വഴക്കിയെടുക്കാനും നിര്‍മ്മിക്കാനും ആളുകളെ പ്രാപ്തരാക്കി മാറ്റുന്ന ഇടം. ഇവിടെ പ്രസ്തുത മാധ്യമത്തില്‍ തഴക്കവും വഴക്കവുമുള്ള അധികാരികള്‍ വേണമെന്ന ആവശ്യത്തില്‍ ശബ്ദം ഉയരുക എന്നത് നീതിക്കുവേണ്ടിയുള്ള കലഹമാണ്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള പ്രദേശങ്ങളുടെ രുചികളും ശീലങ്ങളും ശീലക്കേടുകളും ഉള്ള സാംസ്‌കാരിക ഇടത്തെ കേവലം ഹിന്ദുത്വ വര്‍ഗീയമുഖമുള്ള ഒരിടമായി മാറ്റാനുള്ള ശ്രമമാണ് ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിലൂടെ മോദിസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ മാത്രം കണിശമായ നിയമങ്ങളും യോഗ്യതകളും മാനദണ്ഢമാക്കുകയും എന്നാല്‍ അദ്ധ്യാപകരേയും, മേലധികാരികളേയും യാതൊരു മാനദണ്ഢവുമില്ലാതെ നിയമിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാവുക? ആക്രിക്കച്ചവടക്കാരനെ പുരാവസ്തുവകുപ്പിന്റെ തലവനാക്കിയാല്‍ എന്താണ് കുഴപ്പം എന്നാണോ ബി ജെ പി ചോദിക്കുന്നത്? ഉന്നതനിലവാരമുള്ള അക്കാദമികനിലവാരമുള്ള സ്ഥാപനങ്ങള്‍ പോലും ഇത്തരത്തില്‍ ലഘൂകരിക്കപ്പെട്ടില്‍രിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഗജേന്ദ്ര ചൗഹാനെ അത്യുന്നതമായ ആഗോളനിലവാരത്തിലുള്ള ഒരു സ്ഥാപനത്തിന്റെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ മാത്രം എന്ത് യോഗ്യതയാണ് അദ്ദേഹത്തിനുള്ളത്? ചില ബി ഗ്രേഡ് സിനിമകളില്‍ അഭിനയിക്കുകയും കൂടാതെ ഒരു സീരിയലില്‍ യുധിഷ്ഠിരനായും വേഷമിട്ടു എന്നാണ് ബി ജെ പിയുടെ അവകാശവാദം. മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, ഗിരീഷ് കര്‍ണാഡ്, യു ആര്‍ അനന്തമൂര്‍ത്തി, സയ്യിദ് അക്തര്‍ മിര്‍സ്, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ അന്തര്‍ദേശീയ കലാപ്രതിഭകള്‍ തങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് മഹത്തരമാക്കിയ ഒരു ഇടത്താണ് ഇദ്ദേഹത്തിന് ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. കേവലം കാറാമാന്മാരേയോ, എഡിറ്റര്‍മാരേയോ, സംവിധായകരേയോ നിര്‍മ്മിക്കുന്ന ഒരു കേന്ദ്രമല്ല അത്. ക്രിയാത്മകവും കൃത്യമായ രാഷ്ട്രീയത്തോടെയും പ്രവര്‍ത്തിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന മഹനീയമായ സ്ഥലമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിനും ജനാധിപത്യരീതിയില്‍ സമരം ചെയ്യാനുമുള്ള അവകാശത്തിനും ഇടമുള്ള ചുരുക്കം ചില കാമ്പസുകളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാപനമായിരുന്നു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇത്തരത്തില്‍ ബഹുസ്വരതയുടെ മുഖമുദ്രയായ ഒരു സ്ഥാപനത്തില്‍ ഫാസിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ 1925-ല്‍ അര്‍ എസ് എസ് രൂപീകരിച്ച അജണ്ട നടപ്പിലാക്കുകയാണ് ബി ജെ പി.മോദി ഭരണകാലത്ത് ഇന്ത്യയിലെ കാമ്പസുകള്‍ നേരിടുന്ന വെല്ലുവിളികള്‍ അതിഭീകരമാണ്. മദ്രാസ് ഐ ഐ ടിയിലെ വര്‍ഗീയരാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ ശക്തമായ സമരം നടന്നു കൊണ്ടിരിക്കെയാണ് സമാനമായ സാഹചര്യം പൂനെയിലും ഉണ്ടാവുന്നത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമീപ കാലത്ത് പ്രതീക്ഷിക്കേണ്ട വലിയ ദുരന്തങ്ങളുടെ സൂചനയാണിത്. സാമ്പത്തിക ഫാസിസം ഒരു വശത്ത്, സാംസ്‌കാരിക ഫാസിസം മറുവശത്തും. പരമാധികാര-ജനാധിപത്യ-മതേതരത്വ രാജ്യത്തെ ഒരു സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റ് രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് ഇന്ത്യയിലെങ്ങും നടക്കുന്നത്. തന്റെ സ്തുതിപാഠകര്‍ക്കും ആജ്ഞാനുവര്‍ത്തികള്‍ക്കും മാത്രം 'അഛേ ദിന്‍' ഉണ്ടാക്കാനുള്ള പറക്കലിലാണ് മോദി. പാവപ്പെട്ട ഇന്ത്യക്കാരന്റെ ഭക്ഷണത്തിലും മണ്ണിലും തൊഴിലിലും ഒടുവില്‍ അവന്റെ മക്കളുടെ വിദ്യാഭ്യാസത്തില്‍ പോലും കാവി കലര്‍ത്തി സ്വച്ഛമായൊരു ഭാരതം പടുത്തുയര്‍ത്താനാണ് അര്‍ എസ് എസ് കടിഞ്ഞാണിടുന്ന ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ നിയമനങ്ങളില്‍ നിന്നും നമ്മുടെ കലാ-കായിക-സാംസ്‌കാരിക-വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന വര്‍ഷങ്ങളായുള്ള അവകാശങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി ഉണ്ടാകുന്നു ഇവിടെ.

പൂനെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തോട് ഐക്യപ്പെടുക എന്നത് ഒരു രാഷ്ട്രീയ നിലപാട് പ്രഖ്യാപനം കൂടിയാണ്. കേവലം സോഷ്യല്‍ മീഡിയ വിപ്ലവങ്ങളില്‍ നിന്നും പുറത്തിറങ്ങി പൊതു സമൂഹത്തോട് സംവദിക്കാന്‍ ഇന്നിന്റെ യുവത തയ്യാറാവുന്നു എന്നതിന്റെ സൂചനയാണ് ഫെയ്‌സ്ബുക്ക് കൂട്ടായ്മ കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധപ്രകടനം. ഇന്നലെകളില്‍ സംഭവിച്ച മൗനങ്ങളുടെ വിപത്തുകളെ ഇല്ലായ്മ ചെയ്യാനാണ് പുതുതലമുറ ശ്രമിക്കേണ്ടത്. വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാന്യമുള്ളതാണ് അധികാരികളെ തിരഞ്ഞെടുക്കുന്നതും. ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ പാട്ടുപാടിയും സിനിമ പിടിച്ചും ചിത്രം വരച്ചും ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ പോരാടുമ്പോള്‍ പിന്തുണയര്‍പ്പിച്ച് തെരുവിലിറങ്ങാതിരിക്കാന്‍ നമുക്കെങ്ങനെ സാധിക്കും?

(കോഴിക്കോട് സര്‍വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ഥിയാണ് ലേഖകന്‍)

ചിത്രങ്ങള്‍: ഹനീന്‍ യൂസഫ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories