TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസ് തിരിച്ചുവരുമോ? ഇതുവരെ സൂചനകളൊന്നും ഇല്ല

കോണ്‍ഗ്രസ് തിരിച്ചുവരുമോ? ഇതുവരെ സൂചനകളൊന്നും ഇല്ല

1947 ആഗസ്റ്റിന് ശേഷം ഏതാണ്ട് 14 വര്‍ഷമൊഴിച്ചു മറ്റെല്ലാക്കാലത്തും രാജ്യം ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ അന്ത്യയാത്രയിലാണോ? പാര്‍ട്ടി ഇന്ന് എന്നത്തേക്കാളും ദുര്‍ബലമായ അവസ്ഥയിലാണ് എന്നു അതിന്റെ കടുത്ത അനുയായികള്‍ പോലും സമ്മതിക്കും- ഒരുപക്ഷേ 1885 ഡിസംബറില്‍ അത് സ്ഥാപിതമായതിനുശേഷമുള്ള ഏറ്റവും ദുര്‍ബലമായ അവസ്ഥ. മുമ്പും പലതവണ ഉയര്‍ത്തിയിട്ടുള്ള ഈ ചോദ്യം അസമിലും കേരളത്തിലും പാര്‍ട്ടി നേരിട്ട തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പ്രസക്തമാകുന്നു. നാം ഒരു കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കാണ് പോകുന്നത് എന്നു നമ്മെ വിശ്വസിപ്പിക്കാന്‍ ബി ജെ പി കടുത്ത ശ്രമം നടത്തുന്നു. പക്ഷേ യാഥാര്‍ത്ഥ്യവും വീക്ഷണവും തമ്മില്‍ വ്യത്യാസമുണ്ടാകാം.

ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷി മാത്രമല്ല (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ടിയേക്കാളും) രാജ്യത്തെ ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളില്‍ ഓരോന്നിന്റെയും മുക്കിലും മൂലയിലും തങ്ങള്‍ക്ക് സാന്നിദ്ധ്യമുണ്ടെന്നും അവകാശപ്പെടുന്ന കോണ്‍ഗ്രസ് പല അവസരങ്ങളിലും തളരുകയും ഉയരുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഓരോ തവണ തിരിച്ചുവന്നപ്പോഴും പഴയ ഔന്നത്യം വീണ്ടെടുക്കാന്‍ അതിന് ആയിരുന്നില്ല. ഓരോ വീഴ്ച്ചയും ഓരോ പുതിയ ആഴങ്ങള്‍ തൊട്ടു. 2014 പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടുവിഹിതം ആദ്യമായി 20 ശതമാനത്തിന് താഴെ പോവുകയും ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 44 ആയി ചുരുങ്ങുകയും ചെയ്തതാണ് ഏറ്റവും ഒടുവിലെ തകര്‍ച്ച. അപ്പോള്‍ 2019 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാന്‍ പോകുന്ന 17-മത് പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇനിയും താഴേക്കു പോകുമോ? നരേന്ദ്ര മോദി സര്‍ക്കാരിന്റെ വരുന്ന മൂന്നുവര്‍ഷങ്ങളിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു പലതും. എന്നിട്ടും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കക്ഷി പുതുജീവനായി എന്തുചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ്. ബി ജെ പി സര്‍ക്കാര്‍ സ്വയം നശിക്കും എന്ന അന്തമില്ലാത്ത പ്രതീക്ഷയിലാണവര്‍. അത്രയൊന്നും ചെറുപ്പമല്ലാത്ത ഉപാദ്ധ്യക്ഷനാകട്ടെ-രാഹുല്‍ഗാന്ധിക്ക് ജൂണ്‍ 19-നു 46 തികയും- എന്നത്തേയും പോലെ, ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി ആവശ്യപ്പെടുന്ന തരത്തിലുള്ള ഊര്‍ജസ്വലതയോടെ കോണ്‍ഗ്രസിനെ നയിക്കാന്‍ വിമുഖനുമാണ്.സ്വാതന്ത്ര്യത്തിന് രണ്ടു ദശാബ്ദങ്ങള്‍ക്ക് ശേഷം 1967-ലെ നാലാം പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തെ 9 സംസ്ഥാനങ്ങളില്‍ ഒരുമിച്ച് ആദ്യമായി കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടു (പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം). അന്ന് പ്രചരിച്ചിരുന്ന ഒരു തമാശ കിഴക്കന്‍ പാകിസ്ഥാന്‍ തൊട്ട് പടിഞ്ഞാറന്‍ പാകിസ്ഥാന്‍ വരെ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരൊറ്റ സംസ്ഥാനവും തൊടാതെ ഒരാള്‍ക്ക് യാത്രചെയ്യാമെന്നായിരുന്നു. ഇന്ദിരാ ഗാന്ധി ആ കക്ഷിയെ രണ്ടുതവണ പിളര്‍ത്തി. യാഥാസ്ഥിതിക വിഭാഗമെന്ന് വിളിക്കപ്പെട്ടവരെ മൂലയ്ക്കിരുത്തി. അക്ഷരാര്‍ത്ഥത്തില്‍ ‘ഹൈ കമാണ്ട്’ ആയി. 1971-ലെ ബംഗ്ലാദേശിന്റെ പിറവിയുടെ തരംഗത്തില്‍ വീണ്ടും അധികാരത്തിലേറി. പലരും പറയുന്നതുപോലെ ഇളയ മകന്‍ സഞ്ജയ് ഗാന്ധിയോട് കാണിച്ച അതിലാളനയും 1977 മാര്‍ച്ചില്‍ സ്വേച്ഛാധിപത്യ വാഴ്ച്ചയായ അടിയന്തരാവസ്ഥ ഭരണം വീണതും കോണ്‍ഗ്രസിന്റെ അവസാനത്തിന്റെ തുടക്കം കുറിച്ചു. എന്നിട്ടും ഏതാണ്ട് മൂന്നുകൊല്ലത്തിനുള്ളില്‍ അവര്‍ വീണ്ടും അധികാരത്തില്‍ വന്നു. 1984-ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം അവരുടെ മൂത്ത പുത്രന്‍ രാജീവ് ഗാന്ധി പാര്‍ട്ടിയെ അതിന്റെ ഏറ്റവും വലിയ വിജയത്തിലേക്ക് നയിച്ചു. 48% വോട്ടും ലോകസഭയില്‍ നാലില്‍ മൂന്നു ഭൂരിപക്ഷവും. അയാളുടെ അമ്മയും എന്തിന് മുത്തച്ഛന്‍ ജവഹര്‍ ലാല്‍ നെഹ്രു പോലും അത്ര ഭൂരിപക്ഷം ഉണ്ടാക്കിയിരുന്നില്ല. അഞ്ചു വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിന് പുറത്തായി.

ആറ് വര്‍ഷത്തിന് ശേഷം 1991 മേയില്‍ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം അയാളുടെ വിധവ സോണിയ സജീവരാഷ്ട്രീയത്തില്‍നിന്നും വിട്ടുനിന്നു. എട്ട് വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് വീണ്ടും കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ അവര്‍ അധികാരം വേണ്ടെന്നുവെച്ചു. എന്നിട്ടും ഒരു പതിറ്റാണ്ടു കഴിഞ്ഞ് അവരാ കക്ഷിയെ നയിക്കുക മാത്രമല്ല, രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മാറുകയും ചെയ്തു. സാങ്കേതികമായി നോക്കിയാല്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും പി വി നരസിംഹ റാവുവിന്റെയും ആറ് വര്‍ഷക്കാലം മാറ്റി നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന അഞ്ചര പതിറ്റാണ്ടു കാലത്തില്‍ ഗാന്ധി-നെഹ്രു കുടുംബത്തിലെ ഒരംഗമാണ് ആ സര്‍ക്കാരിനെ നയിച്ചത്. അപ്പോള്‍ ഈ ‘കുടുംബവാഴ്ച്ചയുടെ’ പിടി കോണ്‍ഗ്രസിന്റെ പതനത്തില്‍ എന്തു സംഭാവനയാണ് നല്‍കിയത്? ഇത് ഉത്തരം പറയാന്‍ എളുപ്പമുള്ള ഒരു ചോദ്യമല്ല.എന്തായാലും, വൈരുദ്ധ്യമാകും എന്ന പേടികൂടാതെ പറയാവുന്ന കാര്യം സാമൂഹ്യ ശാസ്ത്രജ്ഞന്‍ രജനി കോത്താരി പറഞ്ഞ പോലെ സര്‍ക്കാരിന്റെ കോണ്‍ഗ്രസ് സംവിധാനം കുറച്ച് ദശാബ്ദങ്ങളായി ജീര്‍ണമായിക്കൊണ്ടിരിക്കുകയാണ് എന്നാണ്. കോണ്‍ഗ്രസിന്റെ ശക്തി എന്നു പറയാമായിരുന്നത് അത് പാര്‍ട്ടിക്കുള്ളില്‍ ഒരു സഖ്യമായിരുന്നു എന്നാണ്. ലോകത്തെ ഏറ്റവും വൈവിധ്യം നിറഞ്ഞ ദേശരാഷ്ട്രത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നു എന്നു ന്യായമായും അവകാശവാദം ഉന്നയിക്കാമായിരുന്നു. എന്നാല്‍ സുവര്‍ണ്ണക്ഷേത്രത്തിന് നേരെയുണ്ടായ സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷമുണ്ടായ 1984-ലെ ഡല്‍ഹി സിഖ് വിരുദ്ധ കലാപത്തിനുശേഷം ഈ ധാരണ ദുര്‍ബലമാകാന്‍ തുടങ്ങി. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തോടെ മുസ്ലീങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ മതെതര വിശ്വാസ്യതയില്‍ സംശയം തോന്നിത്തുടങ്ങി. 1990-കളുടെ പകുതിയോടെ വലിയ വിഭാഗം ആദിവാസികള്‍, ദളിതര്‍, പിന്നാക്ക ജാതിക്കാര്‍ എന്നിവര്‍ ബി ജെ പി, ബി എസ് പി, സമാജ് വാദി പാര്‍ടി എന്നിവയിലേക്ക് കൂടുമാറി. 1991-ലെ സാമ്പത്തിക ഉദാരവത്ക്കരണം കൂടിയായപ്പോള്‍ അതിന്റെ ഇടതു-ഉദാര മുഖത്തിനും കോട്ടംതട്ടി. വിവിധ ചിന്താധാരകള്‍ക്ക് തന്റെ തണലില്‍ ഇടംകൊടുത്തിരുന്ന ആ വലിയ വടവൃക്ഷം അതിന്റെ പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായി.

മുന്നണി രാഷ്ട്രീയം വ്യാപകമാവുകയും പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ ശക്തമാവുകയും ചെയ്ത 1996-2004 കാലത്തും ഭരിക്കാന്‍ വിധി തെരഞ്ഞെടുത്ത കക്ഷിയാണ് തങ്ങളെന്ന മൂഢവിശ്വാസത്തില്‍ അഭിരമിക്കുകയായിരുന്നു കോണ്‍ഗ്രസ്. അഴിമതിയും കൈക്കൂലിയും അതിനെ തിന്നുതീര്‍ക്കുമ്പോള്‍ ചുമരെഴുത്ത് വായിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കഴിഞ്ഞില്ല. എന്താണ് നടക്കുന്നതെന്ന് അവര്‍ക്ക് തിരിച്ചറിയാം എന്നതിന്റെ യാതൊരു ലക്ഷണവും അവര്‍ പ്രകടിപ്പിച്ചില്ല. കോണ്‍ഗ്രസ് തിരിച്ചുവരുമോ, ആരുടെ നേതൃത്വത്തില്‍? ഇവ തുറന്ന ചോദ്യങ്ങളാണ്. വ്യക്തമായ കാര്യം, ഇന്നത്തെ നിലക്ക് അവര്‍ക്ക് ഒരു ബി ജെ പി വിരുദ്ധ സഖ്യത്തെ നയിക്കാനുള്ള ശേഷിയില്ല എന്നതാണ്. മറ്റെന്നത്തെക്കാളും കൂടുതലായി ഇന്ത്യന്‍ ജനാധിപത്യം ശക്തമായൊരു പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന്റെ ദുര്‍ബ്ബലമായ അവസ്ഥ കൂടുതല്‍ നിരാശാജനകവുമാണ്.


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories