TopTop
Begin typing your search above and press return to search.

കണക്കപ്പിള്ളമാരുടെ ലോകത്ത് കണക്കുപറയാത്ത കാര്‍ത്തികേയന്‍

കണക്കപ്പിള്ളമാരുടെ ലോകത്ത് കണക്കുപറയാത്ത കാര്‍ത്തികേയന്‍

എ.കെ.ആന്റണിയോടും ഉമ്മന്‍ ചാണ്ടിയോടും കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജി.കാര്‍ത്തികേയന് എ.കെ.ആന്റണി അര്‍ഹിക്കുന്ന പരിഗണന നല്‍കി. 1995ല്‍ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രി ആക്കിയപ്പോള്‍ 2001ല്‍ ഭക്ഷ്യ- പൊതുവിതരണ,സാംസ്‌കാരിക വകുപ്പുകളാണ് നല്‍കിയത്. എന്നാല്‍, ഉമ്മന്‍ചാണ്ടി കാര്‍ത്തികേയനെ ക്രൂരമായി അവഗണിക്കുകയായിരുന്നു. അങ്ങനെയാണ് ഇഷ്ടമില്ലാഞ്ഞിട്ടും സ്പീക്കര്‍ പദം 'ജി.കെ' എന്ന് സഹപ്രവര്‍ത്തകരും സ്‌നേഹിതരും അടുപ്പത്തോടെ വിളിക്കുന്ന കാര്‍ത്തികേയന്‍ ഏറ്റെടുത്തത്. ഗ്രൂപ്പിന്റെ പേരിലുള്ള വെട്ടിപ്പിടിക്കലുകള്‍ക്കും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കണക്കുപറഞ്ഞ് വാങ്ങലുകള്‍ക്കുമൊന്നും സന്നദ്ധനായിരുന്നില്ല ഈ നേതാവ്. സ്പീക്കര്‍ പദവിതന്നെ ആന്റണിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കിട്ടിയതെന്നും കേള്‍വിയുണ്ടായിരുന്നു. അത് ശരിയാണോ എന്ന് ഒരിക്കല്‍ അദ്ദേഹത്തോട് നേരിട്ടുചോദിച്ചു. ചിരിച്ചുകൊണ്ട് സ്‌നേഹപൂര്‍വ്വം തോളത്തുതട്ടിയതല്ലാതെ മറുപടിയൊന്നും തന്നില്ല. അതില്‍ ഉത്തരമുണ്ടായിരുന്നതിനാല്‍ പിന്നീട് അതേക്കുറിച്ച് അന്വേഷിച്ചുമില്ല.

മുസ്ലിംലീഗിന് അഞ്ചാംമന്ത്രിയായി മഞ്ഞളാംകുഴി അലി നിയമിതനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജി.കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ചേരാന്‍ നേരിട്ടെത്തി ക്ഷണിച്ചിരുന്നു. ആഭ്യന്തരവകുപ്പും വാഗ്ദാനം ചെയ്തുവെന്നാണ് കേട്ടത്. എന്നാല്‍, മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ തഴഞ്ഞതിനുള്ള വികാരം പ്രകടിപ്പിച്ച് കാര്‍ത്തികേയന്‍ അത് നിരസിക്കുകയായിരുന്നു. അതുപിന്നെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേട്ടമായി മാറി.

ഇഷ്ടമില്ലാതെയാണ് കേരള നിയമസഭയുടെ സ്പീക്കറായതെങ്കിലും അവിടെ ആകെ മാറ്റിമറിക്കുന്ന പരിഷ്‌കാരങ്ങളാണ് കാര്‍ത്തികേയന്‍ നടപ്പാക്കിയത്. നിയമസഭയില്‍ ബഹളം നടക്കുമ്പോള്‍ 'വാച്ച് ആന്റ് വാര്‍ഡ്' എന്ന വെള്ളക്കുപ്പായമിട്ട, പൊലീസില്‍നിന്ന് ഡെപ്യുട്ടേഷനിലെത്തിയവരുടെ സംരക്ഷണസേന ഇല്ലാത്ത കാര്യം ആര്‍ക്കും ആലോചിക്കാന്‍പോലും കഴിയുമായിരുന്നില്ല. തനിക്ക് അംഗങ്ങളില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ഒരു സേനയും വേണ്ടെന്ന് പ്രഖ്യാപിച്ച് വാച്ച് ആന്റ് വാര്‍ഡിനെ സഭയ്ക്കകത്തുനിന്ന് പിന്‍വലിച്ച തീരുമാനം ശരിയാണെന്ന് കാലം തെളിയിച്ചു. ചോദ്യോത്തരവേള തത്സമയസംപ്രേഷണത്തിനുപുറമേ നിയമസഭ വെബ്കാസ്റ്റിംഗ് ആരംഭിച്ചു. സഭാനടപടികള്‍ അരമണിക്കൂറിനുശേഷം ഇന്റര്‍നെറ്റിലൂടെ കാണാന്‍ കഴിയും. നിയമസഭാ മ്യൂസിയം, കൂറ്റന്‍ മഴവെള്ളസംഭരണി എന്നിവയും കാര്‍ത്തികേയന്‍ എന്ന സ്പീക്കറെ കാലം അടയാളപ്പെടുത്തിവയ്ക്കുന്നവയാണ്.നിയമസഭാംഗങ്ങള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ വര്‍ഷംതോറും പതിനയ്യായിരം രൂപ വീതം അനുവദിച്ചതിനുപിന്നില്‍ വായനയെ വല്ലാതെ ഇഷ്ടപ്പെട്ടുപോയ ഈ സ്പീക്കറാണെന്നത് മറക്കാനാവുമോ?സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞെങ്കിലും അത് യാഥാര്‍ത്ഥ്യമാക്കാനായില്ല. ആ രാജി മന്ത്രിസ്ഥാനത്തിനുവേണ്ടിയാണെന്ന് പറഞ്ഞുനടക്കാന്‍ മുന്നില്‍ നിന്നത് സ്വന്തം പാര്‍ട്ടിക്കാരായിരുന്നു.മനുഷ്യത്വവും സ്‌നേഹവും കരുതലും വെറും അഭിനയമല്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന രാഷ്ട്രീയരംഗത്തെ ചുരുക്കം നേതാക്കളിലൊരാളാണ് ജി.കാര്‍ത്തികേയന്‍. വര്‍ക്കലയില്‍ എന്‍.പി.ഗോപാലപിള്ളയുടെയും വനജാക്ഷി അമ്മയുടെയും മകനായി 1949 ജനുവരി 20ന് ജനിച്ച കാര്‍ത്തികേയന്‍ ഐ.എ.എസ്സാണ് ആഗ്രഹിച്ചത്. എന്നാല്‍, എസ്.എന്‍.കോളേജിലെ കെ.എസ്.യു പ്രവര്‍ത്തനം അദ്ദേഹത്തെ രാഷ്ട്രീയ പ്രവര്‍ത്തകനാക്കുകയായിരുന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്റുവരെ ആയ കാര്‍ത്തികേയന്‍ ഇന്നത്തെ പല പ്രമുഖ നേതാക്കളെയും കൈപിടിച്ചുയര്‍ത്തി. കാര്‍ത്തികേയന്‍ പ്രസിഡന്റായിരിക്കേ കെ.എസ്.യു ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ആക്കൂട്ടത്തിലൊരാള്‍മാത്രം.

ചെറുപ്പം മുതലേ രാഷ്ട്രീയത്തിലെ പാരവയ്പുകള്‍ക്ക് ഇരയാകാന്‍ കാര്‍ത്തികേയന്‍ വിധിക്കപ്പെട്ടിരുന്നു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനായിരുന്നപ്പോള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായ കാര്‍ത്തികേയനെയാണ് അടുത്തവര്‍ഷത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ.എസ്.യു നാമനിര്‍ദ്ദേശം ചെയ്തത്. എന്നാല്‍, വിദ്യാര്‍ത്ഥി സംഘടനാരംഗത്ത് തീരുമാനമെടുക്കാന്‍ ചുമതലപ്പെട്ട ദേശീയനേതാവ് വയലാര്‍രവി ഡല്‍ഹിയില്‍നിന്നെത്തി അന്നത്തെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് നീലലോഹിതദാസിനെ ചെയര്‍മാനാക്കി. അതെന്തുകൊണ്ടാണെന്ന് പിന്നീട് അന്വേഷിച്ചിട്ടേ ഇല്ലെന്ന് പിന്നീട് കാര്‍ത്തികേയന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു.

ആദര്‍ശരാഷ്ട്രീയം കോണ്‍ഗ്രസിലെ 'എ' വിഭാഗത്തിന്റെ കുത്തകയായിരുന്ന കാലയളവിലാണ് ശുഭ്രമായ ഇടപെടലുകളിലൂടെയും വെട്ടിത്തുറന്നുപ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളിലൂടെയും ജി. കാര്‍ത്തികേയന്‍ കോണ്‍ഗ്രസിലെ വേറിട്ട ശബ്ദമായത്. അടിയന്തരാവസ്ഥക്കുശേഷം എ.കെ.ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഏതാണ്ട് മുഴുവനും കോണ്‍ഗ്രസ് (യു) വിലൂടെ ഇടതുമുന്നണിയുമായി ചേര്‍ന്നപ്പോള്‍ കാര്‍ത്തികേയന്‍ ലീഡര്‍ കെ.കരുണാകരനൊപ്പം ഇന്ദിരാഗാന്ധിയുടെ ഉറച്ച അനുയായിയായി. 1978 ജനുവരി ഒന്നിന് ഇന്ദിരാഗാന്ധി ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത നാലുപേരില്‍ ഒരാളായിരുന്നു അദ്ദേഹം. ആ യാത്ര ഇന്ദിരാഗാന്ധിയിലേക്കും പിന്നീട് രാജീവ്ഗാന്ധിയിലേക്കും ഹൃദയബന്ധം സ്ഥാപിക്കുന്ന തലത്തിലേക്ക് വളര്‍ന്നു.കരുണാകരനുമായി ആത്മബന്ധമുണ്ടായിരുന്ന കാര്‍ത്തികേയന്‍ അദ്ദേഹവുമായി തെറ്റി 'തിരുത്തല്‍വാദികള്‍' എന്നറിയപ്പെടുന്ന മൂന്നാം ഗ്രൂപ്പിന്റെ അമരക്കാരനായത് മറ്റൊരു ചരിത്രം. 1992 ജൂലായ് മൂന്നിന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് കാറപകടത്തില്‍ മാരകമായി പരിക്കേറ്റു. തുടര്‍ന്ന് അമേരിക്കയില്‍പോയി തിരികെ എത്തിയപ്പോഴേക്കും 'സേവാദളി'ലൂടെ കടന്നുവന്ന ലീഡറുടെ മകന്‍ കെ.മുരളീധരന്‍ ഐ ഗ്രൂപ്പില്‍ പിടിമുറുക്കിയിരുന്നു. അച്ഛന്റെ പിന്തുണ മകന് ലഭിച്ചു. ഇതാണ് കാര്‍ത്തികേയനും ചെന്നിത്തലയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള ലീഡറുടെ 'മാനസപുത്രന്‍മാര്‍' അദ്ദേഹവുമായി തെറ്റാന്‍ കാരണം.'ജോലിക്കുള്ള പി.എസ്.സി പരീക്ഷ എഴുതാനുളള പ്രായം കഴിഞ്ഞു. ഇനി ഗള്‍ഫില്‍ പോകാനും വയ്യ' എന്ന് സൗമ്യനായിരുന്ന കാര്‍ത്തികേയന്‍ പൊട്ടിത്തെറിച്ചത് അക്കാലത്ത് ഏറെനാള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ബ്‌ളോക്ക് പ്രസിഡന്റ് മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുവരെ ആയിരുന്ന കാര്‍ത്തികേയന്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്നപ്പോള്‍ എടുത്ത നിലപാടുകള്‍ കോണ്‍ഗ്രസുകാരായ യുവാക്കള്‍ക്ക് ആവേശം പകര്‍ന്നു.ഐക്യജനാധിപത്യ മുന്നണി ഭരിച്ചിരുന്ന ആ കാലയളവില്‍ മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ വിലപേശല്‍ ശക്തിപ്പെട്ടപ്പോള്‍ ഏകകക്ഷി വാദം ഉയര്‍ത്തിയത് ഒരു ഘട്ടത്തില്‍ ഭരണ മുന്നണിയെ ഉലച്ചു. 'പഞ്ചാബെങ്കില്‍ പഞ്ചാബ്' എന്ന വിവാദ പ്രസംഗം നടത്തിയ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള രാജിവയ്ക്കണമെന്ന ഭരണകക്ഷി യുവജന സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ ആവശ്യം ആ ദിവസങ്ങളില്‍ മുന്നണി രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചു. ഹൈക്കോടതിവിധിയെ തുടര്‍ന്ന് ബാലകൃഷ്ണപിള്ളക്ക് രാജിവയ്‌ക്കേണ്ടിവന്നു.

സ്വന്തം നാടായ വര്‍ക്കലയില്‍ 1980ല്‍ മത്സരിച്ചെങ്കിലും ആദ്യ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എല്‍.എ വര്‍ക്കല രാധാകൃഷ്ണനോട് തോല്‍ക്കേണ്ടിവന്നു. 1982ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ സി.പി.എമ്മിന്റെ തൊഴിലാളിനേതാവും സിറ്റിംഗ് എം.എല്‍.എമായ കെ. അനിരുദ്ധനെ(എ.സമ്പത്ത് എം.പിയുടെ പിതാവ്) പരാജയപ്പെടുത്തി. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ യുവനേതാവ് എം.വിജയകുമാര്‍ കാര്‍ത്തികേയനെ തോല്പിച്ചു.1991ല്‍ ആര്യനാട്ടേക്ക് മാറിയ കാര്‍ത്തികേയന് പിന്നീട് പരാജയമെന്തെന്നറിയേണ്ടിവന്നില്ല. ആര്‍.എസ്.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിമാരായ കെ.പങ്കജാക്ഷനും പ്രൊഫ.ടി.ജെ.ചന്ദ്രചൂഢനും കാര്‍ത്തികേയനോട് അടിയറവ് പറഞ്ഞവരില്‍ ഉള്‍പ്പെടുന്നു. ആര്യനാട് മണ്ഡലത്തിനുപകരം കഴിഞ്ഞ തവണ രൂപീകൃതമായ അരുവിക്കരയും കാര്‍ത്തികേയനെ അനുഗ്രഹിച്ചു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി, തിരഞ്ഞെടുക്കപ്പെട്ട ഏക വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കാര്‍ത്തികേയന് കെ.പി.സി.സി പ്രസിഡന്റു പദം രണ്ടു തവണയും ചുണ്ടിനും കപ്പിനുമിടയിലാണ് നഷ്ടമായത്. ഐ - എ ഗ്രൂപ്പുപോര് ശക്തമായ കാലയളവില്‍ നടന്ന് സംഘടനാ തിരഞ്ഞെടുപ്പില്‍ കാര്‍ത്തികേയനാവും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന് കരുതിയിരുന്നതാണ്. കേരള സര്‍വകലാശാലാ യൂണിയന്‍ പ്രസിഡന്റുപദം മറ്റൊരാളിനുവേണ്ടി തട്ടിപ്പറിച്ച വയലാര്‍രവി രാത്രിക്കുരാത്രി ഗ്രൂപ്പുമാറി ഒപ്പംനിന്ന എ.കെ.ആന്റണിക്കെതിരെ മത്സരിച്ചു ജയിച്ചപ്പോള്‍ ലീഡര്‍ക്ക് അത് മധുരപ്രതികാരമായി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് ശിപാര്‍ശ ചെയ്തിട്ടും വി.എം.സുധീരന് നറുക്കുവീണപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ കാര്‍ത്തികേയന്‍ മടിച്ചില്ല. നഷ്ടങ്ങളും കോട്ടങ്ങളും നിര്‍മമതയോടെ കാണാന്‍ കാര്‍ത്തികേയന് കഴിഞ്ഞു. അധികാരത്തിനുവേണ്ടി എന്തുവൃത്തികേടുകളും കാട്ടാന്‍ മടിയില്ലാത്തവരുടെ ഈ നാട്ടില്‍ ഈ മനുഷ്യന്‍ തീര്‍ത്തും വ്യത്യസ്തനായിരുന്നു.രാഷ്ട്രീയത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും അദ്ദേഹം വേറിട്ടാണ് സഞ്ചരിച്ചത്. 'ഇഗ്നൊ' വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ.എം.ടി.സുലേഖയാണ് ഭാര്യ. ഇരുവരുടെയും സുന്ദരമായ പ്രണയകഥ ബാലചന്ദ്രമേനോന്റെ 'നയം വ്യക്തമാക്കുന്നു' എന്ന സിനിമക്കും കാരണമായി. അതിലെ സുകുമാരന്‍ എന്ന മമ്മൂട്ടിക്കഥാപാത്രത്തിന് കാര്‍ത്തികേയന്റെ ഛായയുണ്ട്. കെ.എസ്.യു നേതാവിനെ പ്രണയിച്ച സുലേഖക്ക് മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ ജോലി കിട്ടിയതോടെ വീട്ടുകാര്‍ കല്യാണാലോചനകളുമായി മുന്നോട്ടുപോയി. വീട്ടുകാര്‍ക്ക് ഈ ബന്ധം ആലോചിക്കാന്‍പോലുമാവില്ല. സുലേഖക്ക് ജോലിയുണ്ടെങ്കിലും ശമ്പളം കിട്ടിത്തുടങ്ങിയിരുന്നില്ല. നേരെ കാര്‍ത്തികേയന്‍ മഞ്ചേരിയിലെത്തി സുലേഖയെ കൂട്ടി കോണ്‍ഗ്രസ് നേതാവ് (പിന്നീട് മന്ത്രിയായി ) എം.പി.ഗംഗാധരന്റെ വീട്ടിലെത്തി. അവിടെനിന്ന് ഊണുകഴിച്ച് ഡി.സി.സി പ്രസിഡന്റ് ടി.കെ.ഹംസ ( പിന്നീട് സി.പി.എം നേതാവും മന്ത്രിയും എം.പിയുമായി) നല്‍കിയ 50 രൂപയും വാങ്ങി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തിരുവനന്തപുരത്തെത്തി. കെ.കരുണാകരന്റെ അനുഗ്രഹത്തോടെ വിവാഹം. ജക്കാര്‍ത്തയില്‍ എന്‍ജിനീയറായ അനന്തപത്മനാഭനും മുംബയ് ടാറ്റയില്‍ എച്ച് ആര്‍ മാനേജരായ ശബരീനാഥനുമാണ് മക്കള്‍.

'പകരം' എന്ന പേരില്‍ ഒരു രാഷ്ട്രീയ നോവല്‍ ഞാന്‍ എഴുതിയത് 'കലാകൗമുദി'യില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വായിച്ച് അഭിപ്രായം പറഞ്ഞത് പലപ്പോഴും പരസ്യമായി ആവര്‍ത്തിച്ചിരുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അതുപകര്‍ന്ന ആത്മവിശ്വാസം ചെറുതല്ല. 'കേരളകൗമുദി' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'കാമ്പസ്' എന്ന നോവല്‍ പുസ്തകമാക്കിയപ്പള്‍ പ്രകാശനം ചെയ്യേണ്ടതാരാണെന്ന് ഒരു സംശയവുമുണ്ടായില്ല. അക്കാര്യം സൂചിപ്പിച്ചപ്പോള്‍തന്നെ സന്നദ്ധനായി. അതൊരു 'വിഷ്വല്‍ നോവലാ'ണെന്നതുള്‍പ്പെടെ പറഞ്ഞ് തിരുവനന്തപുരം പ്രസ്‌ക്‌ളബ്ബിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി 'ഇനിയും ഈ മാദ്ധ്യമപ്രവര്‍ത്തകനെക്കൊണ്ട് എഴുതിപ്പിക്കാന്‍ മുന്‍കൈ എടുപ്പിക്കാന്‍ നമുക്ക് ശ്രമിക്കാം' എന്നുപറഞ്ഞത് ഭംഗിവാക്കായിരുന്നില്ല. കാണുമ്പോഴൊക്കെയും ഇടക്കിടെ ഫോണിലൂടെയും വിളിച്ച് എഴുത്ത് വിടരുതെന്ന് പറഞ്ഞ് എന്റെ ഹൃദയത്തോട് ചേര്‍ന്നുനിന്ന ഒരാളാണ് ജീവിതത്തില്‍നിന്ന് വിടപറഞ്ഞുപോയെന്നത് വ്യക്തിപരമായ സങ്കടം. അനേകംപേരുടെ വലിയ സങ്കടങ്ങള്‍ക്കുമുന്നില്‍ ഇതൊന്നുമല്ലായിരിക്കും. എങ്കിലും ആ സ്‌നേഹവായ്പിനു മുന്നില്‍ ഈ കണ്ണീര്‍പൂവും കൂടി സമര്‍പ്പിക്കുന്നു.


Next Story

Related Stories