TopTop
Begin typing your search above and press return to search.

പ്രണയത്തിന്റെ മഞ്ഞപ്പൂക്കളും പേരക്കാമണത്തിന്റെ ഏകാന്തതയും

പ്രണയത്തിന്റെ മഞ്ഞപ്പൂക്കളും പേരക്കാമണത്തിന്റെ ഏകാന്തതയും

ഈ ആഴ്ചയിലെ പുസ്തകം
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ് (പഠനങ്ങള്‍)
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം
വില: 120 രൂപ

എഴുതിയെഴുതി സ്വയം ഒരു മാന്ത്രികരചനയായി മാറിയ എഴുത്തുകാരനാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്. സമൂഹവും സാഹിത്യവും തമ്മിലുള്ള അവിഭാജ്യബന്ധത്തിന്റെ ബന്ധനത്തില്‍ക്കിടന്ന് വട്ടംകറങ്ങി ജീവിതാനുഭവങ്ങളുടെ രത്‌നഖനികള്‍ ഖനനം ചെയ്‌തെടുത്തവയാണ് മാര്‍ക്വേസിന്റെ രചനകള്‍. സെര്‍വാന്റിസും കാഫ്കയും ഫോക്‌നറും വെര്‍ജീനിയ വൂള്‍ഫും തുറന്നിട്ട സാഹിത്യ ജാലകങ്ങളുടെ ഉള്ളിലേക്ക് കടന്ന് അവിടെ നിന്ന് ശേഖരിച്ച ഗന്ധവൈചിത്ര്യങ്ങളുടെയും ഗന്ധര്‍വ്വ സ്വപ്നങ്ങളുടെയും വ്യാഖ്യാനമാണ് മാര്‍ക്വേസ് തന്റെ സൃഷ്ടികളിലൂടെ നടത്തിയത്. മലയാളികള്‍ ഹൃദയംകൊണ്ട് ചുംബിച്ച എഴുത്തുകാരനാണ് മാര്‍ക്വേസ്. ബഷീറിനെപ്പോലെ എം.ടി.യെപ്പോലെ പത്മനാഭനെപ്പോലെ, വിജയനെപ്പോലെ, മാധവിക്കുട്ടിയെപ്പോലെ തികച്ചും ഒരു മലയാളി എഴുത്തുകാരന്‍. മലയാള വായനക്കാരുടെ ഹൃദയപക്ഷങ്ങളില്‍ അതിഥിയായും ആതിഥേയനായും വന്ന മാര്‍ക്വേസ്.

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്ക്(One Hundred Years of Solitude)1982ല്‍ നോബല്‍ സമ്മാനം കിട്ടും മുമ്പേ മാര്‍ക്വേസ് ലോക സാഹിത്യത്തിലെ നക്ഷത്രമായിരുന്നു. മാജിക്കല്‍ റിയലിസം എന്ന പ്രസ്ഥാനത്തിന് പടര്‍ന്ന് പന്തലിക്കാന്‍ ഇടവും തടവും ഒരുക്കിയത് 37 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ മാര്‍ക്വേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' തന്നെ. എന്നാലും മനുഷ്യന്‍ എന്ന പ്രഹേളികയുടെ അര്‍ത്ഥവും അനര്‍ത്ഥവും കുരുങ്ങിക്കിടക്കുന്ന ജീവിതസമസ്യകളെ പൂരിപ്പിക്കാന്‍ ശ്രമിക്കുന്ന 'കുലപതിയുടെ ശിശിരം' (An Autumn of the Patriarch ) ആയിരുന്നു മാര്‍ക്വേസിന്റെ ഇഷ്ടകൃതി.

ഡോ. മുഞ്ഞിനാട് പത്മകുമാര്‍ എഴുതിയ 'ഗബ്രിയേല്‍ മാര്‍ക്വേസ്' എന്ന പുസ്തകം ഗാബോയുടെ ജീവിതത്തെയും കൃതികളെയും അടുത്തുനിന്നറിയുകയും അതിലൂടെ പഠനാത്മകങ്ങളായ സഞ്ചാരം നടത്തുകയും ചെയ്യുന്നു. അഭിരുചിയുടെ ഇഷ്ടങ്ങളിലൂടെ ഒരു സംഗീതോപകരണം പ്ലേ ചെയ്യുന്നതുപോലെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും സംഗീതാത്മകമായി മാര്‍ക്വേസിനെ എഴുതിവയ്ക്കുകയാണ് പത്മകുമാര്‍. പലപ്പോഴും മാര്‍ക്വേസിന്റെ 'ഭ്രാന്തന്‍' മനസ്സിലേക്ക് അഭിരമിച്ചു കയറുന്ന പഠിതാവിനെയാണ് പത്മകുമാര്‍ അവതരിപ്പിക്കുന്നത്.'പേരയ്ക്കയുടെ മണം' എന്ന അദ്ധ്യായത്തോടെയാണ് ഈ ഗ്രന്ഥം തുടങ്ങുന്നത്. പാരീസിലെ ജീവിതം ആകെ മടുത്തു തുടങ്ങിയ നാളുകളിലാണ് മടുപ്പില്‍ നിന്ന് രക്ഷനേടാന്‍ സായാഹ്നങ്ങളില്‍ മാര്‍ക്വേസ് നടക്കാനിറങ്ങും. സായാഹ്ന യാത്രയ്ക്കിടയില്‍ വച്ചാണ് താനിയ ക്വിന്റാനയെ മാര്‍ക്വേസ് പരിചയപ്പെടുന്നത്. അവള്‍ക്ക് ഓറഞ്ചിന്റെ നിറവും പേരയ്ക്കയുടെ മണവുമുണ്ടായിരുന്നുവെന്ന് മാര്‍ക്വേസ് ഓര്‍മ്മിക്കുന്നു. താനിയയുമായുള്ള പ്രണയവും പ്രണയശൈഥില്യവും അതോടൊപ്പം തുടര്‍ന്നുവരുന്ന ജീവിതശൈലിയും പത്മകുമാര്‍ ഇവിടെ അനാവരണം ചെയ്യുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

ഭ്രമിപ്പിക്കുന്ന പ്രകാശ ഗോപുരങ്ങള്‍
സക്കറിയയുടെ ദൈവം
അവര്‍ രാക്ഷസന്‍മാരല്ല
ഗാന്ധി ബിഫോര്‍ ഇന്ത്യ - രാമചന്ദ്ര ഗുഹ
എല്ലാ മാനേജര്‍മാരും അറിയേണ്ട കാര്യങ്ങള്‍

''പ്രണയം മാര്‍ക്വേസിന് വന്യമായിരുന്നു. ഒരു കാട്ടുമൃഗത്തിന്റെ മുരള്‍ച്ച മാര്‍ക്വേസില്‍ നിന്ന് എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. ചുംബിക്കുമ്പോള്‍, തലോടുമ്പോള്‍ അയാള്‍ മറ്റൊരാളായി മാറും. പ്രണയത്തിനു വേണ്ടി അലഞ്ഞ ഒരവധൂതന്‍ തന്നെയായിരുന്നു അദ്ദേഹം.'' - താനിയയുടെ ഈ വാചകവും പത്മകുമാര്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്.

തുടര്‍ന്ന് 'കേണലിന് ആരും എഴുതുന്നില്ല' (No One Writes to the Colonel) എന്ന നോവലിനെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും പത്മകുമാര്‍ വിശദീകരിക്കുന്നു. 'അനുഭവങ്ങള്‍ക്കൊണ്ട് ഉഴുതുമറിച്ച ജീവിതപുസ്തക'മാണ് ഈ നോവല്‍ എന്ന് പത്മകുമാര്‍ നിരീക്ഷിക്കുന്നു. നോവലിലെ കേണല്‍ താങ്കള്‍ തന്നെയല്ലേ എന്ന് ഒരു പത്രപ്രവര്‍ത്തകന്‍ മാര്‍ക്വേസിനോട് തന്നെ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി: 'കൊളംബിയയില്‍ മരിച്ചു പോയവരുടെയും ജീവിച്ചിരിക്കുന്നവരുടെയും നാളെ പിറക്കാന്‍ പോകുന്നവരുടെയും പ്രതിനിധിയാണ് കേണല്‍.'എന്നാണ്.'ഏകാന്തത' എന്ന അദ്ധ്യായത്തില്‍ മാര്‍ക്വേസിനെ സ്വാധീനിച്ച സ്വന്തം മുത്തച്ഛനെക്കുറിച്ച് പറയുന്നുണ്ട്. പഴങ്കഥകളുടെ ഒരു സമുദ്രം എന്നാണ് മുത്തച്ഛനെ മാര്‍ക്വേസ് വിശേഷിപ്പിക്കുന്നത്. ഭയപ്പെടുത്തുന്ന കഥകള്‍ മാത്രം പറയുന്ന മുത്തശ്ശിക്കും പ്രേതകഥകള്‍ മാത്രം പറയുന്ന അമ്മായിമാര്‍ക്കുമിടയില്‍ നിന്നും തന്നെ അത്ഭുതകഥകളുടെ ലോകത്തേക്ക് ക്ഷണിച്ചത് മുത്തച്ഛനായിരുന്നു എന്ന് മാര്‍ക്വേസ് ഓര്‍ക്കുന്നു. കുട്ടിക്കാലത്തുതന്നെ മാര്‍ക്വേസിന് വരദാനം പോലെ ലഭിച്ച ഈ കഥകളുടെ ത്രിവേണി സംഗമമായിരിക്കണം, താനറിയാതെ അബോധത്തില്‍ കിടന്ന് എഴുത്തുകാരനായപ്പോള്‍ മാജിക്കല്‍ റിയലിസത്തിന്റെ മാസ്മരികതയില്‍ മുഗ്ദ്ധനായിപ്പോയതെന്ന് വേണമെങ്കില്‍ നമുക്ക് വായിച്ചെടുക്കാം. പ്രാക്തനമായ ഒരാഭിചാരക്രിയപോലെ ഈ കഥകളുടെ സംഗമവും സംഘട്ടനവും എഴുത്തുകാരന്‍ എന്ന നിലയില്‍ മാര്‍ക്വേസിന്റെ മനസ്സിനെ എന്നും മഥിച്ചുകൊണ്ടിരുന്നതായും കണ്ടെത്താം. കൂട്ടത്തില്‍ അമ്മയുടെ പ്രണയവിവാഹത്തെക്കുറിച്ചും മാര്‍ക്വേസ് പറയുന്നുണ്ട്.

1975 ലാണ് മാര്‍ക്വേസ് 'കുലപതിയുടെ ശരത്കാലം' എന്ന നോവല്‍ എഴുതുന്നത്. 'ഭയം' എന്ന അദ്ധ്യായത്തില്‍ ഈ നോവലിന്റെ അവസ്ഥാന്തരങ്ങളെ പത്മകുമാര്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. 'കുലപതിയുടെ ശരത്കാല'ത്തിന്റെ തുടര്‍ച്ചകളോ പില്‍ക്കാലത്ത് അസ്തുറിയിസിന്റെയും യോസയുടെയും നോവലുകളില്‍ കണ്ടെത്താന്‍ കഴിയുമെന്നും പത്മകുമാര്‍ സൂചിപ്പിക്കുന്നു.

കോളറക്കാലത്തെ പ്രണയം (Love in the Time of Cholera) എന്ന നോവല്‍ അനശ്വരവും ഉദാത്തവുമായ പ്രണയസാക്ഷാത്കരമാണ്. 'യൗവ്വനത്തിലുള്ള പ്രണയം രോഗാതുരമാണ്. എന്നാല്‍ പ്രണയം വാര്‍ദ്ധക്യത്തിലെത്തുന്നതോടെ ആരോഗ്യം വീണ്ടെടുക്കുന്നു.' എന്നാണ് മാര്‍ക്വേസ് പറയുന്നത്. നോവലിനെക്കുറിച്ചും അതിന്റെ ആന്തരിക ഘടനയെക്കുറിച്ചും ലേഖകന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മാര്‍ക്വേസിന്റെ മറ്റു നോവലുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. പ്രണയത്തിന്റെ ഉന്മാദത്തിലൂടെ വാര്‍ദ്ധക്യകാലം ആഘോഷിക്കാനുള്ളതാണ് എന്ന സ്വാതന്ത്ര്യപ്രഖ്യാപനമാണ് നോവലിന്റെ കാതല്‍.നിയമം പഠിക്കാന്‍ പോയ മാര്‍ക്വേസ് അവിചാരിതമായി കാഫ്കയുടെ 'മെറ്റമോര്‍ഫസിസി'ല്‍ ആകൃഷ്ടനാവുന്നതും ആ കൃതി കൊടുങ്കാറ്റുപോലെ മാര്‍ക്വേസിനെ ആഘാതമേല്‍പ്പിക്കുന്നതുമെല്ലാം പത്മകുമാര്‍ വരച്ചിടുന്നു. വാക്കിന്റെ പുതിയ വന്‍കരകളെ കണ്ടെത്താനും ജീവിതത്തിന്റെ മഹാസാഗരങ്ങളെ അടുത്തറിയാനും മാര്‍ക്വേസിന് ഊര്‍ജ്ജം പകര്‍ന്ന കാഫ്കയുടെ കൃതി ഗാബോയുടെ ചിന്തകളെ പോലും മാറ്റിമറിച്ചു എന്ന് പത്മകുമാര്‍ പറയുന്നു.

മക്കൊണ്ട ഭൂമിയിലെവിടെയാണ്? മാര്‍ക്വേസിന് മാത്രം നിര്‍മ്മിക്കാന്‍ കഴിഞ്ഞ മക്കൊണ്ടയുടെ പുരാവൃത്തത്തിലേക്ക് ലേഖകന്‍ യാത്ര നടത്തുന്നത് 'അതിര്‍ത്തികളില്ലാത്ത ഭൂമിയിലെ ഏകരാജ്യം' എന്നാണ് മക്കൊണ്ടയെ കാര്‍ലോസ് ഫ്യൂവന്തസ് വിശേഷിപ്പിച്ചത്. കരീബിയന്‍ കടലോരമായ കൊളംബിയയിലെ അരകാത്തക്കയില്‍ ജനിച്ച മാര്‍ക്വേസ്, ജന്മനാടിനെ ഭ്രമാത്കമായ മക്കൊണ്ടയിലേക്ക് ചേര്‍ത്തുവയ്ക്കുമ്പോള്‍ തീക്ഷ്ണമായ ആനന്ദം അനുഭവിക്കുന്നു. മറവിയുടെ മനസ്സുകൂടിയാണ് മക്കൊണ്ട. എല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരുടെ വഴിയമ്പലം.

'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍', 'നഷ്ടകാലത്തിന്റെ കടല്‍', 'വിഷാദ വേശ്യകള്‍' എന്നീ കൃതികളെക്കുറിച്ച് എഴുതുമ്പോള്‍ സമീപനത്തിന്റെ സമാലോചനയുടെയും വ്യത്യസ്തത സൃഷ്ടിക്കാന്‍ പത്മകുമാറിന് കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ആ കൃതികളുടെ പഠനം വായനക്കാരില്‍ നവ്യമായ അനുഭൂതി ഉണര്‍ത്തിവിടുന്നതും.

മാര്‍ക്വേസുമായി പീറ്റര്‍ എച്ച്. സ്റ്റോണ്‍ നടത്തിയ അഭിമുഖം, ആത്മകഥയിലെ ചില ഭാഗങ്ങള്‍, മഗ്ദലന എന്ന കഥ എന്നിവയും പുസ്തകത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. കാവ്യാത്മകഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം മാര്‍ക്വേസിനെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും വിലപ്പെട്ട ഒരുപഹാരമാണ്.

പ്രണയത്തിന്റെ മഞ്ഞപ്പൂക്കളില്‍ അമര്‍ത്തിച്ചവിട്ടി പേരയ്ക്കാമണത്തിന്റെ ഏകാന്തത ആവോളം ശ്വസിച്ച് മരണത്തിന്റെ വന്‍കരയിലേക്ക് നടന്നുപോയ മാര്‍ക്വേസ് വായനക്കാരുടെ വിഷാദകൃതികളില്‍ എന്നുമൊരു മക്കൊണ്ടയായി പണിതുയര്‍ത്തപ്പെട്ടു കൊണ്ടേയിരിക്കും.


Next Story

Related Stories