TopTop
Begin typing your search above and press return to search.

ഇടുക്കി വീണ്ടും പുകയുന്നു

ഇടുക്കി വീണ്ടും പുകയുന്നു

സന്ദീപ് വെള്ളാരംകുന്ന്

ഒരു ഇടവേളയ്ക്കു ശേഷം മലയോര മേഖല വീണ്ടും സമരത്തീച്ചൂളയായി മാറാനൊരുങ്ങുകയാണ്. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ പുകമറ ഇനിയും നീങ്ങാത്ത സാഹചര്യത്തില്‍ മലയോര ജനത വീണ്ടും ഭീതിയുടെ നിഴലില്‍ ആകുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിച്ചു വനംവകുപ്പിനെക്കൊണ്ടു തയാറാക്കിച്ച ഭൂപടത്തില്‍ ഇടുക്കിയിലെ 600 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം വനമായി കാണിച്ചതിനെതിരേയാണ് മലയോര മേഖലയില്‍ ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. ഗാഗ്ഡില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ സമരരംഗത്തുണ്ടായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരരംഗത്തിറങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ കൂടി പ്രഖ്യാപിച്ചതോടെ കുറച്ചുകാലം ശാന്തമായിരുന്ന മലയോര മേഖലകള്‍ വീണ്ടും സമരകോലാഹലങ്ങളില്‍ മുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ സംസ്ഥാന സര്‍ക്കാരിനു കത്തുകള്‍ എഴുതിയെങ്കിലും സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കിയില്ലെന്നും ഇടുക്കി ജില്ല മുഴുവന്‍ ഭാവിയില്‍ വനമാക്കി മാറ്റാനുള്ള നീക്കങ്ങളുമായാണ് സര്‍ക്കാര്‍ പോകുന്നതെന്നുമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കി എംപി ജോയ്‌സ് ജോര്‍ജും ആരോപിക്കുന്നത്. കരട് വിജ്ഞാപന പ്രകാരം 9107 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇഎസ്എയായി കണക്കാക്കിയിരുന്നത് ഇപ്പോള്‍ ഇടുക്കി ജില്ലയിലെ ഏലമലക്കാടുകള്‍ ഉള്‍പ്പടെ 9746 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇഎസ്എയായി കാണിച്ചാണ് ഭൂപടം തയാറാക്കിയിട്ടുള്ളതെന്ന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പറയുന്നു. ഇതാണ് ഇടുക്കി ജില്ലയില്‍ പുതിയ സമര പരമ്പരകള്‍ക്കു വഴിമരുന്നിട്ടിരിക്കുന്നത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കുറ്റകരകമായ അനാസ്ഥയാണു കാട്ടിയിട്ടുള്ളതെന്ന് ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ് പറയുന്നു. കസ്തൂരി രംഗന്‍ റിപ്പോട്ടുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് റൂഫിങ് നടത്തി വിശദമായ റിപ്പോര്‍ട്ടു തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിരുന്നു. കേരള സര്‍ക്കാര്‍ ഇതിനായി പരിഗണിച്ചത് ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അട്ടിമറിച്ച ശേഷം വനംവകുപ്പിനെ മാപ്പ് തയാറാക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. അവര്‍ തയാറാക്കിയ മാപ്പു പ്രകാരം ഇടുക്കിയിലെ ഭൂരിഭാഗം പ്രദേശങ്ങളും വനമായാണ് കാണിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടാകട്ടെ കാബിനറ്റിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചിരിക്കുകയാണ്. ശുപാര്‍ശകള്‍ നല്‍കണമെന്നാവശ്യപ്പെട്ട്് 2014 ഓഗസ്റ്റ് മുതല്‍ 2015 മേയ് വരെ ആറു തവണ കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിട്ടും മറുപടി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെന്നതു വിരോധാഭാസമാണ്. ജനവാസ മേഖലകളും കൃഷിയിടങ്ങും ഇഎസ്എയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ തെറ്റു തിരുത്തി പുതിയ ശുപാര്‍ശകള്‍ നല്‍കുന്നതു വരെ ഞങ്ങള്‍ പ്രക്ഷോഭം തുടരും ജോയ്‌സ് ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു.കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മലയോര മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന രണ്ടു പേരുകളിലൊന്നാണ് ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍. പുറമേ നിന്നു നോക്കിയാല്‍ ഈ റിപ്പോര്‍ട്ടു കാര്യമായി ജനങ്ങളെ ബാധിച്ചിട്ടില്ലെന്നു പറയുന്നുണ്ടെങ്കിലും ഏതാണ്ട് ബന്ദികളാക്കിയ മട്ടിലാണ് ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെന്നതാണു യാഥാര്‍ഥ്യം. കസ്തൂരി രംഗന്‍ വിവാദത്തിന്റെ കനലുകള്‍ അണയാത്തതിനാലാവാം ഇടുക്കി ജില്ലയില്‍ ഭൂമി വില്‍പ്പന ഉള്‍പ്പടെയുള്ളവ പൂര്‍ണമായി നിലച്ചിരിക്കുകയാണ്. വിവാഹാവശ്യത്തിനും കടം വീട്ടാനും ചികില്‍സയ്ക്കുമായും മറ്റും ഭൂമി വില്‍ക്കാനിരുന്ന നൂറുകണക്കിനാളുകളാണ് ഇതുമൂലം ദുരിതം പേറുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം പുറത്തു വരുന്നതു വരെ ഈ നിശ്ചലാവസ്ഥ തുടരുകയും ചെയ്യും. അതേ സമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ വനം വകുപ്പിന്റെ ശുപാര്‍ശകളെ സംബന്ധിച്ചുള്ള ഇപ്പോഴത്തെ വിവാദങ്ങള്‍ രാഷ്ട്രീയ നേട്ടം മാത്രം മുന്നില്‍ കണ്ടുള്ളതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറയുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായ നടപടികള്‍ സ്വീകരിച്ചത് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരാണ് എന്നതാണു യാഥാര്‍ഥ്യം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടു തയാറാക്കിയത് ഈ സര്‍ക്കാരാണ് അക്കാലങ്ങളില്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറ്റം പറഞ്ഞുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയിലെ ശുപാര്‍ശള്‍ നടപ്പിലാക്കണമെന്നാണ് കെഡസ്ട്രല്‍ മാപ്പു തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്നേയുള്ളൂ. വനംവകുപ്പ് തയാറാക്കിയ ഭൂപടത്തില്‍ ചില അപാകതകള്‍ ഉണ്ടായിട്ടുണ്ട് എന്നതു യാഥാര്‍ഥ്യം തന്നെയാണ്.എന്നാല്‍ ഈ ശുപാര്‍ഡശകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്തിടത്തോളം കാലം ഇതുകൊണ്ടു ജനങ്ങള്‍ക്കു യാതൊരു പ്രശ്‌നവും ഉണ്ടാകില്ല. കൃഷിയിടങ്ങളും തോട്ടങ്ങളും ജനവാസ മേഖലകളും ഒഴിവാക്കി മാത്രമേ കേന്ദ്രത്തിനു റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയുള്ളുവെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും രാഷ്ട്രീയ ലക്ഷ്യങ്ങളുമായി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തുന്നതു വരാന്‍ പോകുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു മാത്രമാണ് എന്നതാണു യാഥാര്‍ഥ്യം ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ക്കുന്നു.

ഇടുക്കി ജില്ലയില്‍ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളുടെ വിളനിലമൊരുക്കാനും മുന്‍ എംപി പി ടി തോമസിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു മാറ്റി നിര്‍ത്താന്‍ കസ്തൂരി രംഗന്‍- ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങള്‍ കാരണമായെന്നതു ചരിത്രം. തുടക്കം മുതല്‍ സമരം രംഗത്തുണ്ടായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ഇടതു മുന്നണി കൂട്ടു ചേര്‍ന്നതോടെ കോണ്‍ഗ്രസിന്റെ യുവ നേതാവ് ഡീന്‍ കുര്യാക്കോസിനെ അട്ടിമറിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗല്‍ അഡൈ്വസര്‍ അഡ്വക്കേറ്റ് ജോയ്‌സ് ജോര്‍ജ് പാര്‍ലമെന്റിലെത്തി. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ കര്‍ഷക വിരുദ്ധമായ ശുപര്‍ശകളൊന്നുമില്ലെന്നു പറഞ്ഞ മുന്‍ ഇടുക്കി എം പി പി ടി തോമസിനോട് ഇടുക്കി രൂപത കുരിശു യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയുടെ കേന്ദ്ര തീരുമാനത്തെ പിന്‍തുണച്ച പി ടി തോമസിന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പോലും തുണയായില്ലെന്നതു മറ്റൊരു വിരോധാഭാസം. ഇടുക്കി ജില്ല പൂര്‍ണമായും വനമായി മാറും, രാജവെമ്പാലയും പുലിയും കട്ടപ്പനയിലും കുമളിയിലും ചെറുതോണിയിലും വിഹരിക്കും വീടുവയ്ക്കാനോ ആശുപത്രി പണിയാനോ കഴിയില്ല തുടങ്ങിയ പ്രചാരണങ്ങള്‍ കാട്ടു തീ പോലെ പടര്‍ന്നപ്പോള്‍ ജനം തെരുവിലിറങ്ങി. തെരുവുവാസ സമരവും കോലം കത്തിക്കലും ഒപ്പം ഹര്‍ത്താലുകളും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മാറി ബിജെപി അധികാരത്തിലെത്തുകയും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടു നടപ്പാക്കുന്നതു സംബന്ധിച്ച ശുപാര്‍ശകള്‍ ചോദിച്ചു സംസ്ഥാനത്തിനു നിരവധി തവണ കത്തയക്കുകയും ചെയ്‌തെങ്കിലും തെരഞ്ഞടുപ്പു കഴിയുകയും സമര പരമ്പരകള്‍ നിലയ്ക്കുകയും ചെയ്തതോടെ സംസ്ഥാന സര്‍ക്കാര്‍ ഇതിനു വേണ്ട പരിഗണന നല്‍കിയുമില്ല. ഒടുവില്‍ വനംവകുപ്പിനെ ഭൂപടം തയാറാക്കാന്‍ നിര്‍ദേശിക്കുകയും അവര്‍ ഇടുക്കിയിലെ 600 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം വനമായി കാട്ടി സംസ്ഥാന സര്‍ക്കാരിനു ഭൂപടം തയാറാക്കി നല്‍കുകയും ചെയ്തു. ഇൗ വിവരം പുറത്തായതോടെയാണ് മലയോര മേഖലകളില്‍ വീണ്ടും സമര പരമ്പരകള്‍ക്കു കളമൊരുങ്ങുന്നത്.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടു നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അതിര്‍ത്തികള്‍ നിര്‍ണയിച്ചു നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണു കാട്ടിയിട്ടുള്ളതെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറയുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അതിരുകള്‍ നിര്‍ണയിച്ചു നല്‍കണമെന്ന് കഴിഞ്ഞ 11 മാസമായി കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതിനു തയാറായിട്ടില്ല. ഒടുവില്‍ ഇതിനു നിയോഗിച്ചതു വനം വകുപ്പിനെയും ഇവര്‍ ഇടുക്കി ജില്ല മുഴുവന്‍ വനമായി കാണിച്ചു റിപ്പോര്‍ട്ടു നല്‍കിയതിനു പിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ടാകാം. ഇതിനു മാറ്റം വരുത്തുന്നതു വരെ ഞങ്ങള്‍ വീണ്ടും സമര രംഗത്തേയ്ക്കിറങ്ങുകയാണ്. ജനങ്ങളെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതുവരെ ഞങ്ങള്‍ അതിശക്തമായി സമര രംഗത്തുണ്ടാകും ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേ സമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കു മുന്‍കാലങ്ങളിലേതു പോലുള്ള ആവേശം ലഭിക്കുമോയെന്നു നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇടുക്കി് ജില്ലയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായാണു കഴിഞ്ഞ തവണ സമര രംഗത്തിറങ്ങിയിരുന്നതെങ്കില്‍ ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ എസ്എന്‍ഡിപി വിരുദ്ധ പ്രസ്താവനയോടെ മാനസികമായി അകല്‍ച്ചയിലായ ജനങ്ങള്‍ ഒരേ മനസ്സോടെ ഇനി ഇടുക്കി രൂപതയും ഹൈറേഞ്ച് സംരക്ഷണ സമിതിയും നയിക്കുന്ന സമരങ്ങള്‍ക്കു കീഴില്‍ അണിനിരക്കുമോയെന്നതും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്ന ഡെമോക്ലീസിന്റെ വാളായി മാറുകയാണ് ഇപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. ഇതിന് പരിഹാരമുണ്ടാകണമെങ്കില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനത്തില്‍ ഇഎസ്എ പട്ടികയില്‍ നിന്ന് ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളും തോട്ടങ്ങളും പൂര്‍ണമായും ഒഴിവാക്കണം. അതുവരെ ചാരം മൂടിയ തീക്കനലായി മലയോര മേഖലകള്‍ തുടരുമെന്ന് ഉറപ്പാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories