TopTop
Begin typing your search above and press return to search.

ഭീകരരോട് മാത്രമല്ല, എലികളോടും പാക്കിസ്ഥാന്‍ ഇങ്ങനെയാണ്

ഭീകരരോട് മാത്രമല്ല, എലികളോടും പാക്കിസ്ഥാന്‍ ഇങ്ങനെയാണ്

ടിം ക്രെയ്ഗ്, ഹഖ്നവാസ് ഖാന്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

ഇസ്ലാമിക ഭീകരതയ്ക്കെതിരായുള്ള പാക്കിസ്ഥാന്‍റെ പോരാട്ടത്തെ പെഷാവര്‍ നിര്‍വചിക്കുന്നു എന്നു പറയാം; ഭീകരാക്രമങ്ങളില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ള ആയിരക്കണക്കിനാളുകളുടെ നഗരം. എന്നാല്‍ ഇപ്പോള്‍ നഗരവാസികളുടെ ഏറ്റവും വലിയ പേടി എലികളാണ്.

പെഷാവാര്‍ മേയര്‍ പറയുന്നത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എട്ടു കുട്ടികളാണ് എലികള്‍ മൂലം മരിച്ചത് എന്നാണ്. രാത്രിയാകുമ്പോള്‍ നഗരത്തിലെ പ്രാകൃതമായ അഴുക്കുചാലുകളില്‍ നിന്ന്‍ എലികള്‍ പുറത്തിറങ്ങുകയായി. വാതിലുകളും ജനലുകളും കരണ്ട് അവര്‍ ആഹാരസാധനങ്ങള്‍ തിന്നുതീര്‍ക്കുന്നു. ആശുപത്രികളിലും സ്കൂളുകളിലും വരെ എലികളുടെ കളിയാണ്.

സാധാരണയുള്ളവയെ പോലെയല്ല അവ, ഭയങ്കര വലുപ്പമുള്ള ഈ എലികള്‍ അന്നാട്ടിലെയല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്വന്തം പ്രശ്നങ്ങള്‍ക്ക് പുറമേയുള്ളവരെ പഴിക്കുന്ന സ്വഭാവക്കാരായ ഈ രാജ്യത്ത് ഇത് ഗൂഡാലോചനകളെ പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

"അവ പൂച്ചകളെ പോലെ വലുപ്പമുള്ളവയാണ്, മുന്‍പില്‍ രണ്ടു നീണ്ടു കൂര്‍ത്ത പല്ലുകളും," കൈമുട്ട് മുതല്‍ വിരലഗ്രാം വരെ നീട്ടി എലികളുടെ വലുപ്പം കാണിച്ചു കൊണ്ട് മുഹമ്മദ് ഹുമയൂണ്‍ (38) പറയുന്നു.

പൂച്ചകളുടെ വലുപ്പമുള്ള എലികളെ പറ്റിയുള്ള കഥകള്‍ ചരിത്രത്തിലുടനീളം പൊങ്ങി വന്നിട്ടുള്ള ഒന്നാണ്; ശാസ്ത്രകാരന്‍മാര്‍ അപ്പോളെല്ലാം ഇതിനെ തള്ളിക്കളഞ്ഞിട്ടുമുണ്ട്.

പടിഞ്ഞാറ്, ഒരു നോര്‍വെ എലിയുടെ വലുപ്പം 6 മുതല്‍ 8 ഇഞ്ച് വരെയാണ്. എന്നാല്‍ ഏഷ്യയിലെ ചില വര്‍ഗങ്ങള്‍ അതിലും വലുതാകുമെന്നാണ് അറിവ്. അതുകൊണ്ടു തന്നെ എന്തു തരം ജീവികളാണ് പെഷവാറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന്‍ ഉറപ്പിച്ച് പറയാന്‍ വയ്യ.

എങ്കിലും അവിടത്തെ എലി പ്രശ്നത്തിന്‍റെ ഉറവിടം വ്യക്തമാണ്.

തെക്കേ ഏഷ്യയിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നായ ഇവിടെ പത്തു ലക്ഷത്തിലധികം ജനങ്ങളാണ് മോശമായി പണിതുയര്‍ത്തിയ കെട്ടിടങ്ങളില്‍ തിങ്ങി ഞെരുങ്ങി കഴിഞ്ഞു കൂടുന്നത്. മൂടാത്ത അഴുക്കു ചാലുകള്‍ തെരുവുകളിയ്ക്കോ ജലപ്രവാഹങ്ങളിലെയ്ക്കോ ആണ് നേരെ തുറക്കുന്നത്.

മാലിന്യങ്ങള്‍ റോഡരികിലോ ആളൊഴിഞ്ഞ ഇടങ്ങളില്‍ തള്ളുന്നു. കടകളുടെ മുന്നില്‍ അറവുകാര്‍ പശുക്കളെയും ആടുകളെയും അറക്കുന്നു. ജനസാന്ദ്രതയേറിയ ഇടങ്ങളുടെ നടുവില്‍ തന്നെ കോഴി ഫാമുകളും ഡയറി ഫാമുകളും കാണാം.

എലികള്‍ക്ക് വളരാന്‍ വേണ്ട എല്ലാ സൌകര്യങ്ങളും ഇങ്ങനെ ഒരുക്കി കൊടുത്തിട്ടാണ് മനുഷ്യകുലത്തിനാകെ ഭീഷണിയായ ഈ പ്രശ്നം തങ്ങള്‍ക്കെങ്ങനെ സംഭവിച്ചു എന്ന് ഇവിടത്തുകാര്‍ അമ്പരക്കുന്നത്.

2010ലും 2012ലും ഉണ്ടായ വെള്ളപ്പൊക്കങ്ങള്‍ പാക്ക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ മലകളിലെ മാളങ്ങളില്‍ നിന്ന് എലികളെ പുറത്തുചാടിച്ചു എന്നാണ് ചിലര്‍ പറയുന്നത്.

മറ്റുചിലര്‍ കരുതുന്നത് അഫ്ഗാനിസ്ഥാനിലെ യു‌എസ് പട്ടാള ബേസുകളില്‍ വളര്‍ന്ന ഇവ പാക്കിസ്ഥാനി ഹൈവേകളിലൂടെ പിന്‍വാങ്ങുന്ന അമേരിക്കന്‍ ട്രക്കുകളില്‍ നിന്ന് പെഷാവാറിലെത്തിയെന്നാണ്.

പാക്കിസ്ഥാനിലെ ഗോത്ര വര്‍ഗ പ്രദേശങ്ങളില്‍ നടന്ന പട്ടാള ആക്രമണത്തെത്തുടര്‍ന്നു അവിടെ നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ സാധനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവയാണിവ എന്നാണ് മറ്റൊരഭിപ്രായം. ആ ഭാഗങ്ങളില്‍ വളരെ വലുപ്പമുള്ള ഇത്തരം ജീവികള്‍ ഉണ്ടെന്ന കേട്ടുകേള്‍വികള്‍ നൂറ്റാണ്ടുകളായി നിലവിലുള്ളതാണ്.

ജനിതകമായി മാറ്റം വരുത്തിയ ഈ ജീവികളെ മുസ്ലീങ്ങളെ ഭയപ്പെടുത്താനായി അവിടെ കൊണ്ടുവന്നു വിട്ടതാണെന്ന ആരോപണങ്ങളുമുണ്ട്.

കാരണമെന്തു തന്നെ ആയാലും പെഷാവര്‍ ഇപ്പോള്‍ മറ്റൊരു യുദ്ധത്തിനൊരുങ്ങുകയാണ്.


എലിയുടെ കടിയേറ്റ സൂഫിയ ഖാദിര്‍

കഴിഞ്ഞയാഴ്ച നാട്ടുകാരില്‍ നിന്നും നിയമജ്ഞരില്‍ നിന്നുമുയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നു മേയര്‍ മുഹമ്മദ് അസീം 'ഭീകരരുടെ ഒളിത്താവളങ്ങളില്‍ നിന്ന് അവരെ തുരത്തുന്നത് പോലെ' എലികളെ തുരത്താനുള്ള പദ്ധതി പ്രഖ്യാപിച്ചു.

എല്ലാ രാത്രികളിലും നഗരം മുഴുവന്‍ എലിവിഷം വയ്ക്കാന്‍ 30 മുന്‍സിപ്പല്‍ ജോലിക്കാരുടെ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് മേയര്‍. നാട്ടുകാര്‍ക്കും സൌജന്യമായി എലിവിഷം ലഭ്യമാക്കുന്നുണ്ട്.

ചത്ത ഓരോ എലിക്കും 25 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

"ആളുകള്‍ ഭയന്നിരിക്കുകയാണ്. ഇവ സാധാരണ എലികളല്ലെന്നാണ് അവര്‍ പറയുന്നത്. നിങ്ങളുടെ ഭക്ഷണവും, വസ്ത്രങ്ങളും, കടലാസുകളും ഇവ തിന്നു തീര്‍ക്കും," അസീം പറയുന്നു.

വാഷിങ്ടണിലെയും മറ്റ്അമേരിക്കന്‍ നഗരങ്ങളിലെയും നിവാസികള്‍ ഇത് എലിയുടെ സാധാരണ സ്വഭാവം പോലെ തന്നെ എന്ന് പറയും. എന്നാല്‍ എട്ട് കുട്ടികളെ എലികള്‍ കൊല്ലുകയും പെഷാവറിലെ അനേകം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമായിരിക്കുകയാണ്.

എലികള്‍ മുഖത്ത് കടിച്ചു പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നു ഒരു ശിശു രക്തം വാര്‍ന്ന് മരിച്ചതായി അസീം പറയുന്നു. 3 മാസം പ്രായമായ മറ്റൊരു കുട്ടിയുടെ ഒരു ചെവി എലികള്‍ കടിച്ചെടുത്തതിനെ തുടര്‍ന്നു കുഞ്ഞ് മരിച്ചതായി പ്രാദേശിക പ്രവിശ്യാ അസംബ്ലി അംഗമായ അസ്കര്‍ പര്‍വേയ്സ് പറഞ്ഞു.

ഡോക്ടറോ ശവസംസ്കാരം നടത്തുന്നവരോ സാക്ഷ്യപ്പെടുത്തിയ മരണങ്ങള്‍ അല്ലാത്തതിനാല്‍ ചില ഉദ്യോഗസ്ഥര്‍ സംശയാലുക്കളാണ്. "ഒരു എലി കുഞ്ഞിനെ കടിച്ചാല്‍ അത് എലി തന്നെയാണോ അതോ ചെള്ളോ പാമ്പോ കൊതുകോ ആണോ എന്ന് തിരിച്ചറിയാനുള്ള തെളിവുകള്‍ സാധാരണ ഉണ്ടാകാറില്ല," പെഷാവര്‍ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ സര്‍വീസസിന്‍റെ വക്താവായ തമിനൂര്‍ അഹ്മെദ് ഷാ പറഞ്ഞു. പ്രശ്നത്തെ പെരുപ്പിച്ചു കാണിക്കുന്ന പാകിസ്ഥാന്‍ മാധ്യമങ്ങളെ ഷാ കുറ്റപ്പെടുത്തി.

എന്നാല്‍ ഈ എലികള്‍ കൊലയാളികളാണെന്ന കാര്യത്തില്‍ 33കാരനായ നൂര്‍ കാദിറിന് സംശയമില്ല.

മാര്‍ച്ച് 22നു, ഉപ്പുവെള്ളമൊഴുകുന്ന അരുവിക്കും ധാന്യമില്ലിനും അടുത്തുള്ള തന്‍റെ വീട്ടില്‍ കിടന്നു ഉറങ്ങുകയായിരുന്നു കാദിര്‍. അപ്പോളാണ് 8 മാസം പ്രായമുള്ള കുഞ്ഞ് കരയാന്‍ തുടങ്ങിയത്.

"കരച്ചില്‍ കേട്ട് എഴുന്നേറ്റ ഞാന്‍ കിടക്കയില്‍ അവന്‍റെയടുത്ത് എലിയെ കണ്ടു. കിടക്കയില്‍ നിന്നു ചാടിയ എലിയെ ഞാന്‍ കൊന്നു. അവന്‍റെ മുഖത്ത് ചോരയും പല്ലിന്‍റെ പാടുകളും ഉണ്ടായിരുന്നു."

കാദിറിന്‍റെ കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും കത്തി കൊണ്ട് മുറിഞ്ഞ പോലെയുള്ള ഒന്‍പത് പാടുകള്‍ അവന്‍റെ കണ്ണിനു താഴെ കാണാം. ഇപ്പോള്‍ തന്‍റെ അയല്‍ക്കാരെ പോലെ കാദിറും രാത്രി എലിയെ പേടിച്ച് ഉണര്‍ന്നിരിപ്പാണ്.

"വാതിലിന് താഴെയുള്ള വിടവില്‍ ഞാന്‍ എന്‍റെ ചെരുപ്പ് തിരുകി വച്ചു. പക്ഷേ എലി ചെരുപ്പിന്‍റെ പകുതിയും തിന്നു," കാദിര്‍ പറഞ്ഞു.

തീവ്രവാദികളുമായുള്ള യുദ്ധത്തിലെന്ന പോലെ മോശം ആസൂത്രണവും ഉത്തരവാദിത്വമില്ലായ്മയും എലികളുമായുള്ള പെഷാവറിന്‍റെ പോരാട്ടത്തിലും നിഴലിക്കുന്നു.

വെള്ളിയാഴ്ച രാത്രി, മൂന്ന്‍ പ്രദേശങ്ങളില്‍ വിഷം കലര്‍ത്തിയ റൊട്ടി വച്ച് 500 എലികളെ പുതിയ സംഘം കൊന്ന് ശവങ്ങള്‍ ശേഖരിച്ചു.

എന്നാല്‍ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു ശനിയാഴ്ച രാത്രി അവര്‍ അവധിയെടുക്കാന്‍ തീരുമാനിച്ചു.

എലികളെ കൊല്ലുന്നവര്‍ക്കുള്ള പ്രതിഫലം പെഷാവര്‍ അധികൃതര്‍ ആഴ്ചാവസാനം നിര്‍ത്തി വച്ചു. കാരണം വളരെ പേര്‍ എലികളുടെ ശവവുമായി വന്ന് പണം ആവശ്യപ്പെടാന്‍ തുടങ്ങി.

പക്ഷേ വളരെ അത്യാവശ്യം വേണ്ട ഒരു സമ്പാദ്യം പെഷാവറിനുണ്ട്- 'എലികളുടെ അന്തകന്‍' എന്ന് വിളിപ്പേരുള്ള നസീര്‍ അഹ്മെദ് ആണ് ഈ ദൌത്യം നയിക്കുന്നത്.

ഒരു സുഹൃത്തിന്‍റെ ഭാര്യയെ ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എലി കടിച്ചതോടെ ഇവയെ കൊല്ലുന്നത് അഹ്മെദ് ഒരു വിനോദമാക്കി.

തന്‍റെ സ്പെഷ്യല്‍ വിഷക്കൂട്ട് ഉപയോഗിച്ച് 103,050 എലികളെ കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ കൊന്നിട്ടുണ്ടെന്ന് അഹ്മെദ് പറയുന്നു. ഇപ്പോള്‍ നഗരത്തിലുടനീളം ഇതേ വിഷക്കൂട്ടാണ് എലികളെ നശിപ്പിക്കുന്ന ദൌത്യത്തിന് ഉപയോഗിക്കുന്നത്.

അദ്ദേഹവും പറയുന്നത് പെഷാവറിലെ എലികളുടെ വലിപ്പവും ക്രൌര്യവും ദുരൂഹമായ കാരണങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചു വരുന്നു എന്നാണ്.

"എന്‍റെ അനുഭവത്തില്‍, ഇവ ഇവിടെ കാണുന്ന തരം എലികളല്ല. എന്തോ വ്യത്യാസമുണ്ട്," അഹ്മെദ് പറഞ്ഞു. നാണയങ്ങളുടെ വലുപ്പമുള്ള വൃഷണങ്ങളുള്ള എലികളെ താന്‍ ഈയിടെ കാണാന്‍ തുടങ്ങിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "കുട്ടികളെ അവയ്ക്കിപ്പോള്‍ ഭയമില്ല. കുട്ടികള്‍ക്ക് അവയോട് എതിരിടാനുമാവില്ല."

എന്നാല്‍ പെഷാവറിലെ എലികളെ തുരത്തുന്ന ദൌത്യം കുട്ടികള്‍ എലികളെ പ്രതിഫലത്തിനായി കൊല്ലുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആ പരിപാടി വീണ്ടും തുടങ്ങാന്‍ പോകുകയാണ്. "ബാക്കിയെല്ലാം പരാജയപ്പെട്ടാലും 25 രൂപ പ്രതിഫലമെന്നത് പരാജയപ്പെടില്ല. ഒരുപാട് കുട്ടികള്‍ ഇപ്പോള്‍ തന്നെ കടലാസും പ്ലാസ്റ്റിക്കും പെറുക്കി പണത്തിന് വേണ്ടി വില്‍ക്കുന്ന തൊഴിലിലാണ്. ഇനിയവര്‍ക്ക് പണത്തിനായി എലികളെ കൊല്ലാം," മേയര്‍ അസീം പറഞ്ഞു.

പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്രമായ നഗരങ്ങളിലൊന്നാണ് പെഷാവര്‍. എന്നാല്‍ നഗരത്തില്‍ ആകെ എത്ര എലികളുണ്ടെന്ന് ആര്‍ക്കും അറിയില്ലെന്ന് അസീം സമ്മതിച്ചു. എല്ലാ 20 ദിവസം തോറും 20 കുട്ടികളെ പെറ്റു കൂട്ടുന്ന ജീവികളോടാണ് എലി വേട്ടക്കാര്‍ മല്‍സരിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.


Next Story

Related Stories