TopTop
Begin typing your search above and press return to search.

ഗാന്ധിയെ വീണ്ടെടുക്കേണ്ടതുണ്ട്

ഗാന്ധിയെ വീണ്ടെടുക്കേണ്ടതുണ്ട്

ബിന്‍സ് സെബാസ്റ്റ്യന്‍

ദര്‍ശനാധിഷ്ഠിതവും കര്‍മ്മസുതാര്യവുമായിരുന്നു ഗാന്ധിയുടെ ആദര്‍ശങ്ങള്‍. ആര്‍ക്കും നിരാകരിക്കാനാവാത്ത സനാതനമായ സത്യമാണ് ബ്രഹ്മം എന്നും, വിശ്വാസവും വാക്കും ജീവിതവും ഒന്നാവുമ്പോള്‍ സംഭവിക്കുന്നത്‌ എന്താണോ അതാണ്‌ ബ്രഹ്മസാക്ഷാത്കാരം എന്നും അദ്ദേഹം വിശ്വസിച്ചു. ഈ സത്യദര്‍ശനത്തില്‍ നിന്നാണ് ഗാന്ധി എന്ന ഋഷിയുടെ ആദര്‍ശങ്ങള്‍ വളര്‍ന്നത്. വൈവിദ്ധ്യങ്ങള്‍ക്കപ്പുറം പ്രപഞ്ചത്തിന്‍റെ ഏകത്വം ദര്‍ശിച്ച ഒരു വ്യക്തിയ്ക്ക് അഹിംസാവാദിയല്ലാതെ മറ്റെന്താണാവാനാവുക?

അഹിംസയ്ക്ക് ഹിംസിക്കാതിരിക്കുക എന്നതിനപ്പുറം സര്‍വതിനോടും സ്നേഹത്തോടെ സഹവര്‍ത്തിക്കുക എന്ന വിശാലമായ ഒരര്‍ത്ഥം കൂടിയുണ്ട്. ഒരു രാഷ്ട്രീയ ആയുധം എന്നതിലുപരി അത് ഗാന്ധിയുടെ മനോധര്‍മ്മമായിരുന്നു. ഹിംസ നടത്താനുള്ള ശക്തിയോ മനോധൈര്യമോ ഇല്ലാത്തയാള്‍ക്ക് അഹിംസാവാദിയാകാനേ കഴിയൂ എന്ന വിമര്‍ശനം എത്ര ബാലിശമാണ്? അഹിംസയുടെ ഇന്നത്തെ പ്രസക്തിയെപ്പറ്റി ചിന്തിക്കുന്നത് സൂര്യനുദിക്കേണ്ടതിന്‍റെ ആവശ്യകതയെ വിശകലനം ചെയ്യുന്നതിന് തുല്യമാണ്. വറ്റാത്ത രക്തപ്രവാഹങ്ങളാലാണ് ഭൂമി ഇന്ന്‍ നനയുന്നത്. ‘ഏകം സത്’ എന്ന വേദസത്യത്തെ ലോകത്തിനു കാണിച്ചു കൊടുക്കേണ്ട ഭാരതഭൂവില്‍ത്തന്നെ എന്താണ് സംഭവിക്കുന്നത്‌? വൈവിദ്ധ്യങ്ങളെ വൈരുദ്ധ്യങ്ങളാക്കി മാറ്റി വോട്ട് മുളപ്പിക്കുന്നു. “ജാതി ഭേദം, മത ദ്വേഷം” എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി സഹോദരങ്ങളുടെ നെഞ്ചിന് നേരെ കഠാരകള്‍ വീശപ്പെടുന്നു. ഭേദചിന്തയില്‍ക്കുരുത്ത അക്രമവാസന ഭൂമീമുഖത്തെ വാസയോഗ്യമല്ലാത്ത വിധം മാറ്റിയിരിക്കുന്നു. അഹിംസാവിചാരമല്ലാതെ മറ്റേത് മാര്‍ഗമാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്?

മനുഷ്യര്‍ തമ്മില്‍പ്പോലും ഏകത്വവും സാഹോദര്യത്വവും നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയില്‍ അത് സര്‍വചരാചരങ്ങളോടും പ്രകൃതിയോടുമുണ്ടാവണം എന്നാവശ്യപ്പെടുന്നത് വലിയ ഭോഷത്തമാണ്. ആര്‍ഷദര്‍ശനങ്ങള്‍ ഇല്ലാതാകുന്നതിന്‍റെ ആഘാതം പരിസ്ഥിതിയില്‍ എന്നത്തേക്കാളും സ്പഷ്ടമാവുന്നു. മനുഷ്യരുടെ ഇടയില്‍ ഋഷിമാരില്ലാതാവുന്നതിന്‍റെ വേദന അനുഭവിക്കുന്നത് പ്രകൃതിയുമാണ്. സകലരുടേയും ആവശ്യത്തിനുള്ള, എന്നാല്‍ ആരുടേയും ദുരാഗ്രഹത്തിനുതകാത്ത പ്രകൃതി എന്ന വലിയ സത്യം ഇന്നലെങ്കില്‍ എന്നാണ് ലോകമാകെ അലയടിക്കേണ്ടത്? സര്‍വ്വം താനെന്ന വേദാന്തചിന്ത പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹമായി മാറുന്ന പ്രതിഭാസമാണ് ഗാന്ധിയുടെ അഹിംസ.

ഗാന്ധിയുടെ മതസഹിഷ്ണുതയും ഇതേ ഏകത്വത്തിന്‍റെ വെളിച്ചത്തിലാണ് മനസിലാക്കാന്‍ കഴിയുന്നത്. ചതുര്‍വേദങ്ങളില്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന ഏകത്വദര്‍ശനം ബ്രാഹ്മണങ്ങളിലെത്തുമ്പോള്‍ ജാതിയും യാഗവുമായി മാറുന്നുണ്ട്. വേദം ‘ഭേദ’മായിത്തീരുമ്പോള്‍ ഋഷികളുടെ സ്ഥാനം എറ്റെടുക്കുന്നത് പുരോഹിതരാണ്. മോക്ഷവും നിര്‍വാണവും ദൈവകൃപയും താലബും തൌഹീദും എന്താണെന്ന് മനസിലാവാത്തവര്‍ മതനേതാക്കന്മാരാകുമ്പോള്‍ മതം എന്നത് ന്യൂനപക്ഷം, ഭൂരിപക്ഷം, അധികാരം, പ്രാതിനിധ്യം തുടങ്ങിയ രാഷ്ട്രീയ വാക്കുകളില്‍ ഒതുങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഒരു പ്രവാചകശബ്ദം ഉയര്‍ന്നിരുന്നു. “മതനേതൃത്വം ദുര്‍ജ്ജനസമക്ഷമെത്തിയാല്‍ ഇന്ത്യയും മതവും നശിക്കും’ എന്ന്. നമ്മളേതാണ്ട് ആ വഴിയിലാണ്.

വൈവിധ്യങ്ങളില്‍ കാലൂന്നി നിന്നു മാത്രമേ അതിനപ്പുറമുള്ള ഏകത്വത്തെ കാണാനാവു. മതങ്ങളുടെ വൈവിധ്യമായാലും സത്യത്തിന്‍റെ എകത്വമായാലും. അതുകൊണ്ടാവാം കലികാലത്തില്‍ ഭാരതദേശത്ത് ജനിക്കുന്നത് തന്നെ ഉത്തമമെന്ന് പൂന്താനം പാടിയത്. വൈവിധ്യങ്ങളുടെ ആ ഭാരതദേശത്ത് ഉദിച്ചുയര്‍ന്നു നിന്ന ഏകത്വത്തിന്‍റെ താമരകളായിരുന്നു ബുദ്ധനും നാരായണ ഗുരുവും കബീറും ഗാന്ധിയുമൊക്കെ. വിശ്വാസങ്ങളുടെ പേരില്‍ നടക്കേണ്ടത് വിനാശകരമായ യുദ്ധങ്ങളല്ല, ആരോഗ്യപരമായ സംവാദങ്ങളാണ് എന്ന് വിശ്വസിച്ചു ഗാന്ധി. മതവിശ്വാസത്തിന്‍റെ പേരില്‍ യുദ്ധങ്ങളുണ്ടാകാറില്ല, അവ രാഷ്ട്രീയപ്രേരിതമാണ്. അര്‍ത്ഥം നഷ്ടപ്പെട്ട ഏകത്വം ഇന്ന്‍ നാനാത്വത്തില്‍ ഭേദത്വമായി മാറുന്നുണ്ടെങ്കില്‍ വാക്കുകളുടെ പെരുംമഴയില്‍ നമ്മളെ രോമാഞ്ചം കൊള്ളിക്കുന്ന ആര്‍ഷഭാരതസംസ്കാരത്തെ നാം തെറ്റായാണ് മനസിലാക്കുന്നത്. ഋഷി വേഷങ്ങള്‍ എത്ര അണിഞ്ഞാലും അവ പുരോഹിതവര്‍ഗത്തിന്‍റെ സ്വാര്‍ത്ഥാഭീഷ്ടങ്ങള്‍ക്ക് മറയാവില്ല. ഇന്ന് വാഴ്ത്തപ്പെടുന്നത് വേദമല്ല, ഭേദമാണ്. അത് മനസിലാവണമെങ്കില്‍ ആര്‍ഷഭാരതസംസ്കാരം ഇന്നുകളില്‍ എങ്ങനെ ജീവിക്കാം എന്നതിന് മഹത്തരമായ ഉദാഹരണങ്ങള്‍ വേണം. ഗാന്ധിയിലേയ്ക്ക് ഒന്ന്‍ തിരിഞ്ഞ് നടക്കണം. നമുക്കെവിടെയോ ഋഷിദര്‍ശനങ്ങളെ നഷ്ടമാവുന്നു.

മനുഷ്യരെല്ലാം സമന്മാരാണ്, ഒന്നാണ് എന്ന ദര്‍ശനം ഇന്ന് എത്രമാത്രം പ്രാവര്‍ത്തികമാക്കപ്പെടുന്നുണ്ട്? സ്വാതന്ത്ര്യത്തിന് വേണ്ടി ധര്‍മ്മയുദ്ധം നടത്തുന്നതോടൊപ്പം ജനങ്ങളുടെ രാജ്യം എന്നൊരു സ്വപ്നവുമുണ്ടായിരുന്നു ഗാന്ധിയ്ക്ക്. മന്ദിരനിര്‍മ്മാണങ്ങളുടെ രാഷ്ട്രീയമില്ലാത്ത ധര്‍മ്മാധിഷ്ടിതമായ രാമരാജ്യം എന്ന ഒരാശയം. സമന്മാരായ ജനങ്ങള്‍ പരമാധികാരം കയ്യാളുന്ന ഒരു ജനാധിപത്യത്തിന്‍റെ ആശയം. സോഷ്യലിസം പ്രസംഗിക്കാന്‍ ദാരിദ്ര്യത്തെ നിലനിര്‍ത്തുന്ന കപടരാഷ്ട്രീയമായിരുന്നില്ല അത്. കീഴാളവല്‍ക്കരിക്കപ്പെട്ടവനെ ഉയര്‍ത്തിക്കൊണ്ട് വരേണ്ട ദൌത്യമുള്ള ഒരു രാജ്യത്തെക്കുറിച്ചുള്ള സ്വപ്നം. പക്ഷേ, സംഭവിച്ചത് സര്‍വ്വസമന്മാരായ ജനങ്ങളുടെ ആധിപത്യമല്ല. ഗാന്ധി പേടിച്ചത് പോലെ വൈസ്രോയിമാരുടേയും നെഹ്‌റുമാരുടേയും മാളികകളില്‍ പൂഴ്ത്തി വച്ചിരിക്കുന്ന, ജനങ്ങളുടെ മേലുള്ള ആധിപത്യമായി മാറിയിരിക്കുന്നു ജനാധിപത്യം. ദാരിദ്ര്യം കണ്ട് സ്വയം ദരിദ്രനായി മാറിയ സത്യമുള്ള, ആദര്‍ശമുള്ള നേതാക്കളെവിടെ? താരതമ്യപ്പെടുത്താന്‍ നമ്മുക്ക് ആരെങ്കിലും വേണ്ടേ? അധികാരമോഹമില്ലാതേയും നേതാവാകാം എന്ന സത്യം നമുക്ക് മനസിലാവേണ്ടേ?

ഇന്ന് ഗാന്ധി എവിടെയാണ്? ജനാധിപത്യം പോലെ, രാഷ്‌ട്രീയ ദുര്‍ചര്യകളെ മറച്ച് വയ്ക്കാന്‍ ഉപയോഗിക്കപ്പെടുന്ന മറ്റൊരു നാമമായി ഗാന്ധിയുടെ പേരും മാറിയിരിക്കുന്നു. ആ പേരിന്‍റെ പൊരുള്‍ നഷ്ടമായിരിക്കുന്നു. ഗാന്ധിജയന്തി ആഘോഷം പോലും പ്രഹസനമായിത്തീര്‍ന്നിട്ടില്ലേ? ഒരാഴ്ചക്കാലം കടമ പോലെ നടത്തുന്ന ശുചീകരണം അഭ്യാസമല്ല, ആഭാസമാണ്. ശുചിത്വം നടപ്പിലാക്കുന്ന മന്ത്രിയുടെ ഫോട്ടോ എടുക്കാനായി ജോലിക്കാര്‍ ആദ്യമേ ചപ്പുചവറുകള്‍ വിതറുന്നത് കാണേണ്ടയത്ര അധ:പതിച്ചിരിക്കുന്നോ ഈ രാജ്യം? നമ്മളെവിടെയാണ്? ശുചിത്വം ഒരു ജീവിത ശൈലിയല്ലേ? മിന്നുന്ന ക്യാമറകള്‍ക്ക് മുന്നില്‍ കാട്ടിക്കൂട്ടുന്ന പരിസരശുചീകരണത്തിലല്ല, ദര്‍ശങ്ങളില്‍ വന്ന കളങ്കങ്ങളാണ് സ്വശ്ചഭാരതം അതിവേഗം തുടച്ചു നീക്കേണ്ടത്. - ആന്തരീകമായി സംഭവിക്കേണ്ട ഒരു മാറ്റം. ആര്‍ഷഭാരതദര്‍ശനങ്ങള്‍ ധനാധികാരമോഹങ്ങളുടെ അനാര്‍ഷാഗ്നിയില്‍ ഹോമിക്കപ്പെടുമ്പോള്‍ ഋഷിമനസുകള്‍ ഉയര്‍ന്നു കത്താനാവാത്ത വിധം ചാരം മൂടിക്കിടക്കാറുണ്ട്. പക്ഷേ, എന്നേയ്ക്കുമല്ല. ഇടയ്ക്കിടെ ചാരക്കൂമ്പാരത്തില്‍ നിന്നും മിന്നലുകള്‍ ഉണ്ടാവും. ചിലപ്പോള്‍ അവ അഗ്നിയായി ആളിപ്പടരുകയും ചെയ്യും. അത്തരത്തില്‍ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു തീക്കനലാണ് ഗാന്ധി എന്ന ഋഷി സങ്കല്‍പം. ഇതേ ഋഷിജീവിതങ്ങളാണ് ഓരോ ഭാരതീയനും സ്വായത്തമാക്കേണ്ടത്. അല്ലാത്തപക്ഷം ധര്‍മ്മം എന്ന പേരില്‍ അധര്‍മ്മത്തെ പുല്‍കേണ്ടി വരുന്ന പരമദയനീയ സാഹചര്യമാണുണ്ടാവുക.

മനുഷ്യസമുദായത്തിന് മുന്നില്‍ ആദര്‍ശങ്ങളുടെ വെല്ലുവിളികളുയര്‍ത്തിയ ശ്രേഷ്ടാത്മാക്കളെ ആരാധിച്ച് അമാനുഷികരാക്കാം, വിമര്‍ശിച്ച് അധര്‍മ്മികളാക്കാം. രണ്ടായാലും അവയുടെ തിരിച്ചറിയാതെ പോകുന്ന ആന്തരികലക്‌ഷ്യം അവരുയര്‍ത്തിയ വെല്ലുവിളികളില്‍ നിന്നുള്ള രക്ഷപെടലാണ്. മനുഷ്യന്‍റെ നൈസര്‍ഗികചിന്താശക്തിയെ നശിപ്പിക്കുന്ന അന്ധമായ ആരാധനയ്ക്ക് വഴി വയ്ക്കും എന്നതിനാല്‍ ഗാന്ധിയെന്നല്ല ഒരു വ്യക്തിയും വിമര്‍ശനാതീതരാവരുത്. ചരിത്രത്തില്‍ നിന്നും വേര്‍പെടുത്തി ഗാന്ധി എന്ന ആദര്‍ശത്തെ കാണാന്‍ കഴിയില്ല എന്നതു കൊണ്ടും ഗാന്ധി വിമര്‍ശനാതീതനല്ല. മാത്രമല്ല, വിമര്‍ശനാതീതമായ യാതൊന്നും അനുകരണയോഗ്യവുമല്ല. ഓരോരുത്തരും അവനവനുടെ വഴികള്‍ കണ്ടെത്തണം എന്നുത്ബോധിപ്പിച്ച ബുദ്ധന്‍റെ നാട്ടില്‍ പ്രത്യേകിച്ചും. വിമര്‍ശനാത്മകമായി കാര്യങ്ങളെ സമീപിക്കാനുള്ള കഴിവ് സമൂഹത്തിന് നഷ്ടമാവുന്നതനുസരിച്ച് ആള്‍ദൈവങ്ങളുടെ അന്ധകാരപ്രഭാവത്തില്‍ ഇല്ലാതായിപ്പോകുന്ന ദര്‍ശനവെളിച്ചത്തിനല്ലേ നമ്മളിന്നു സാക്ഷ്യം വഹിക്കുന്നത്? മതരാഷ്‌ട്രീയ നേതാക്കള്‍ വിമര്‍ശനാതീതരാകുമ്പോഴും മെനു അനുസരിച്ച് ചരിത്രവും സംസ്കാരവും വിളമ്പിക്കിട്ടിയ മരുവികളില്‍ നിന്നും മൃഗസമന്മാരായി മാറ്റപ്പെട്ട ജനത തലയുയര്‍ത്തി നോക്കാന്‍ മടിക്കുമ്പോഴുമാണ് ഇന്ത്യ പാജയപ്പെടുന്നത്. യവന-ഇസ്ലാമിക-പാശ്ചാത്യ രാജാക്കന്മാരല്ല, നാം സ്വയമാണ് ഭാരതത്തെ തോല്‍പ്പിച്ചത്. ആന്തരീകമായ അതേ തോല്‍വിയുടെ ഇന്നുകളിലാണ് നാം ജീവിക്കുന്നതും. ധര്‍മ്മത്തിന്‍റെ പേരില്‍ അധര്‍മ്മം ചെയ്യുക എന്നുള്ളതായിത്തീര്‍ന്നിട്ടില്ലേ ഇന്നിന്‍റെ ധര്‍മ്മം? നേടിയെടുത്ത സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം ഇന്നെവിടെ? പക്ഷേ, ഗാന്ധിയെ വിമര്‍ശിക്കുമ്പോള്‍ ഗാന്ധിത്വം എന്ന കനകലഭ്യതയാവണം ആ ഉരുക്കലിന്‍റെ ലക്‌ഷ്യം എന്നതും പ്രധാനമാണ്. എത്രത്തോളം പരിശുദ്ധിയുള്ള തങ്കം ലഭിക്കുന്നു എന്നത് ഓരോരുത്തരുടേയും കര്‍മ്മഫലം.

അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് നയിച്ചാലും എന്ന് ഇന്ത്യ ഇനിയും പ്രാര്‍ഥിക്കും. ആര് കാട്ടിത്തന്ന പാതയിലൂടെ? ഗാന്ധി എന്നത് ഒരു വ്യക്തി എന്നതിനേക്കാള്‍ ഒരു ദാര്‍ശനിക ആദര്‍ശമാണ്. അദ്ദേഹത്തെ വിമര്‍ശിക്കുമ്പോള്‍ അത് ഗാന്ധി നമ്മുക്ക് മുന്നില്‍ ഉപേക്ഷിച്ചിട്ട് പോയ വെല്ലുവിളികളെ ഇല്ലായ്മ ചെയ്യാനുള്ള കുറുക്കു വഴി ആവരുത്. ക്രിസ്തുവിന്‍റെയോ കൃഷ്ണന്‍റെയോ ചരിത്രാസ്ത്വിത്വം ബൈബിള്‍ - ഗീതോപദേശങ്ങളെ നിരസിക്കാനും സ്വീകരിക്കാനുമുള്ള ന്യായാന്യായങ്ങളാകരുത് എന്നത് പോലെ ഗാന്ധി എന്ന രാഷ്ട്രീയമനുഷ്യന്‍റെ വീഴ്ചകള്‍ ആ മഹാത്മാവിന്‍റെ ആദര്‍ശങ്ങളെ നിരാകരിക്കാനുള്ള കാരണമാകരുത്.

വളരുന്ന തലമുറയ്ക്ക് മുന്നില്‍ എടുത്ത് കാണിക്കാന്‍ ഹിമാലയസാനുക്കളിലെന്നോ ജീവിച്ചുമരിച്ച സത്യാന്വേഷികളായ ഋഷികളല്ല, മൂല്യച്യുതി സംഭവിച്ച നമ്മുടെ ഇന്നുകളില്‍ ജീവിച്ച ഋഷികളുണ്ടാവണം. ഉച്ചരിക്കുന്ന വാക്കുകള്‍ ജീവിക്കുന്ന സത്യമായ മനുഷ്യമാതൃകകള്‍ ഉണ്ടാവണം. ഗാന്ധി ഇന്നിന്‍റെ നഷ്ടപ്പെടാന്‍ പാടില്ലാത്ത ആവശ്യമാണ്. വൈവിധ്യങ്ങള്‍ക്കപ്പുറമുള്ള അസ്ത്വിത്വത്തിന്‍റെ ഏകത്വം കണ്ട വ്യക്തി എന്ന നിലയിലാണ് ഗാന്ധിയെ ഋഷി എന്ന് വിശേഷിപ്പിക്കുക.മഹാത്മാവായി തന്നെ കരുതുന്ന ഒരു ജനതയ്ക്ക് ആദര്‍ശമായി കാട്ടിക്കൊടുക്കാന്‍ സ്വജീവിതം യോഗ്യമാണ് എന്ന ആത്മവിശ്വാസം സത്യപാലനത്തിന്‍റെ ആ ഉറപ്പില്‍ നിന്ന് മാത്രമുണ്ടാകുന്ന ഒന്നാണ്. ഗാന്ധിയും, നാരായണനും ശങ്കരനും കത്തിജ്വലിച്ച് നില്‍ക്കുന്ന താരകങ്ങള്‍ തന്നെ. ബാലഹനുമാനെപ്പോലെ അവയ്ക്ക് നേരെ ചാടിയുയരാന്‍ കഴിയുന്ന എത്ര പേരിന്നുണ്ട് എന്നതാണ് ചോദ്യം. ചരിത്രവും സംസ്കാരവും ഇതാണ് എന്ന് പറഞ്ഞു മുന്നില്‍ വിളമ്പിത്തരുമ്പോള്‍ തലയുയര്‍ത്തി നോക്കുന്നത് തന്നെ എന്തിന്? കേള്‍ക്കുന്നതിനെ വിശ്വസിക്കുക. വോട്ടിട്ട് പോരുക.

നീണ്ട കാലത്തെ ധര്‍മ്മയുദ്ധത്തിനൊടുവില്‍ അധികാരക്കൈമാറ്റത്തിന്‍റെ രാത്രിയില്‍ വടിയും കുത്തി അധികാരത്തിന്‍റെ വെളിമ്പ്രദേശത്തു കൂടി നടന്നകന്ന അര്‍ദ്ധനഗ്നനായ ആ ഋഷിയെ ഭാരതത്തിന്‌ മറക്കാന്‍ കഴിയുമോ? കേള്‍ക്കുന്നില്ലേ ഗുരു നാനാക്ക് ഉത്ബോധിപ്പിക്കുന്നത് - “അന്ജന്‍ മഹേ നിരഞ്ജന്‍ രഹിയേ!”? അശുദ്ധി മദ്ധ്യേ ശുദ്ധരായിരുന്നാലും.

(ജെ.എന്‍.യുവില്‍ സെന്‍റര്‍ ഫോര്‍ ഫിലോസഫിയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)

*views are personal


Next Story

Related Stories