TopTop
Begin typing your search above and press return to search.

പൊതുപണം 'മരാമത്താ'ക്കുന്നവര്‍

പൊതുപണം മരാമത്താക്കുന്നവര്‍

അഴിമതിവിരുദ്ധ ദിനത്തില്‍ത്തന്നെയാണ് കേരളത്തിലെ യു.ഡി.എഫ് മന്ത്രിസഭയിലെ മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ബി.ഗണേഷ് കുമാര്‍ നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ ഓഫീസിലെ അഴിമതി തുറന്നുകാട്ടിയത്. സംസ്ഥാനത്ത് അഴിമതി നടത്തുന്ന ഒരുമന്ത്രിയുടെകൂടി രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് വെളിപ്പെടുത്താനും അദ്ദേഹം തയ്യാറായി. നിയമസഭാ സമിതി അന്വേഷിക്കാന്‍ തയ്യാറായാല്‍ മുഴുവന്‍ രേഖകള്‍ നല്‍കാമെന്നും അദ്ദേഹം നിയമസഭയില്‍ ഉറപ്പുനല്‍കി.

നിയമസഭാ സമിതിയുടെ ഘടന എപ്പോഴും ഭരണപക്ഷത്തിന് മുന്‍തൂക്കമുള്ളതായിരിക്കുമല്ലോ. അതുകൊണ്ടാണ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ മകന്‍ വി.എ അരുണ്‍കുമാറിനെ ഐ.സി.ടി അക്കാഡമി ഡയറക്ടറാക്കി എന്ന പി.സി.വിഷ്ണുനാഥ് എം.എല്‍.എയുടെ ആരോപണം അന്വേഷിച്ച വി.ഡി സതീശന്‍ അദ്ധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍ ആരെയും അതിശയിപ്പിക്കാത്തത്. അക്കാഡമി രൂപീകരിച്ച് ഉത്തരവിറക്കേണ്ടത് മുഖ്യമന്ത്രി വി.എസ് ആയിരുന്നു. എന്നാല്‍, വി.എസ് ചെയ്തത് അക്കാഡമി രൂപീകരണം അടുത്ത സര്‍ക്കാരിന് കൈമാറുകയായിരുന്നു. അതിന്റെ രേഖകളും ഫയലുകളും ഉണ്ടായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയും അങ്ങനെതന്നെ. പക്ഷെ, വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇക്കാര്യങ്ങള്‍ 'കാണാതെ' റിപ്പോര്‍ട്ട് തയ്യാറാക്കി. സ്വാഭാവികമായും സമിതിയിലെ പ്രതിപക്ഷ എം.എല്‍.എമാര്‍ റിപ്പോര്‍ട്ടിന് വിയോജനക്കുറിപ്പെഴുതി. സതീശന്‍ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം രണ്ടുവര്‍ഷത്തിലേറെയായി സുഖനിദ്രയിലായതിന് കാരണവും മറ്റൊന്നല്ല.

ഭരണമുന്നണിക്കനുകൂലമായി നിയമസഭാ സമിതിയെ വച്ച് ഗണേശന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന ഒരു റിപ്പോര്‍ട്ട് പടച്ചുണ്ടാക്കാന്‍ ഒരു പ്രയാസവുമില്ല. വി.ഡി.സതീശനെപ്പോലെ 'പരിചയസമ്പന്നനാ'യ നേതാവിനെത്തന്നെ ആ ചുമതല ഏല്‍പ്പിക്കുകയും ചെയ്യാം. പ്രതിപക്ഷ അംഗങ്ങള്‍ക്കുകൂടി ചില ഫയലുകള്‍ കൊടുക്കേണ്ടിവരും എന്നല്ലാതെ അതുകൊണ്ട് കാര്യമായ ദോഷമുണ്ടാകാനിടയില്ല. പ്രതിപക്ഷത്ത് അഡ്ജസ്റ്റുമെന്റ് സമരങ്ങള്‍ നടത്തുന്നവരും പേമെന്റ് സ്ഥാനാര്‍ത്ഥികളെ പാര്‍ലമെന്റിലേക്ക് കണ്ടെത്തി മത്സരിപ്പിക്കുകയും ഒക്കെ ചെയ്യുന്നവരുമുള്ളതിനാല്‍ ഒരു 'അഡ്ജസ്റ്റുമെന്റ് റിപ്പോര്‍ട്ടി'നുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അല്ലാതെ, ഗണേശ് ആവശ്യപ്പെട്ടതുപോലെ സി.ബി.ഐയെ ഏല്പിക്കണമെന്ന് ആ സമിതി ശിപാര്‍ശ ചെയ്യാനിടയില്ല. അക്കാര്യത്തില്‍ ഭരണ - പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ എന്തൊരു യോജിപ്പാണെന്നോ! ബാര്‍ കോഴക്കേസ് സി.ബി.ഐ അന്വേഷിക്കുമോ എന്ന പേടി കെ.എം.മാണിയെക്കാള്‍ സി.പി.എം നേതാക്കള്‍ക്കായിരുന്നല്ലോ!നിയമസഭയില്‍ ലിഫ്റ്റ് സെല്ലാറിലേക്ക് പതിച്ച് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്, വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ക്കുള്‍പ്പെടെ പരിക്കേറ്റ സംഭവം മാത്രം മതി പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുടെ വ്യാപ്തി അറിയാന്‍. 15 വര്‍ഷ കാലാവധിയുള്ള ലിഫ്റ്റ് മാറ്റാന്‍ മൂന്നുവര്‍ഷംമുമ്പാണ് നടപടി തുടങ്ങിയത്. രണ്ടുമാസംമുമ്പ് അതിന് ഭരണാനുമതി ലഭിച്ചു. ടെന്‍ഡര്‍ വിളിച്ചേ കരാര്‍ ലഭിക്കൂ. അതിനാല്‍ ലിഫ്റ്റ് രംഗത്തെ വന്‍കിട കമ്പനികള്‍ക്ക് ഈ കരാര്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് ഒരുറപ്പുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ അതിനുപിറകേ പോയില്ല. ഫലം, ഗവര്‍ണറും മുഖ്യമന്ത്രിയും പൊതുമരാമത്ത് ഉള്‍പ്പെടെയുള്ള മന്ത്രിമാരും മുഴുവന്‍ എം.എല്‍.എമാരും ചീഫ്‌ സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറും ഉള്‍പ്പെടെ കയറി ഇറങ്ങുന്ന ലിഫ്റ്റ് കാലാവധി കഴിഞ്ഞിട്ടും മാറ്റാനുള്ള ഫയലിന് 'വേഗത' കൈവന്നില്ല. 'തുട്ട്' തടഞ്ഞാലേ പൊതുമരാമത്തില്‍ കാര്യങ്ങള്‍ നടക്കൂ എന്നത് പുതിയ കാര്യമൊന്നുമല്ല. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഡോ.തോമസ് ഐസക്കും എം.വിജയകുമാറും മന്ത്രിമാരായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ കുറച്ചുമാസങ്ങള്‍ മാറ്റിവച്ചാല്‍ ഈ വകുപ്പില്‍ അഴിമതിയുടെ കുംഭമേളയാണ് നടന്നുവന്നത്. ഇത്തവണ അത് കുറേക്കൂടി 'കാര്യക്ഷമമായി' എന്നേയുള്ളൂ. അതെ, ഒരു പ്രൊഫഷണല്‍ സമീപനം! മന്ത്രിയോ മുന്‍മന്ത്രിയോ എം.എല്‍.എയോ എന്നൊന്നും നോട്ടമില്ല. കാശുണ്ടോ, 'മരാമത്താക്കാ'മെന്ന ഉറപ്പ് ഗണേശന് മനസ്സിലായില്ല. ശബരിമലയോ വേളാങ്കണ്ണിയോ ബീമാപള്ളിയോ ആവട്ടെ, റോഡു വേണോ, പാലം വേണോ 'കാണേണ്ടവരെ കാണേണ്ടതുപോലെ' കാണണം. അത് ഗണേശനായാലും കണ്ടേ പറ്റൂ. വീട്ടില്‍ ആനയുണ്ട്, കെ.എസ്. ആര്‍.ടി.സി ബസ്സുകള്‍ക്ക് അള്ളുവയ്ക്കുന്ന സ്വകാര്യബസ്സുകളുണ്ട് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം

ഗണേഷ് കുമാര്‍ ആരുടെ ചാവേര്‍?
കരിമണല്‍ കണ്ട് ഒരു മുതലാളിയും പനിക്കേണ്ട- സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു
അരയും തലയും മുറുക്കി പ്രതിപക്ഷം സഭയില്‍; വി ശിവന്‍കുട്ടിക്ക് സസ്പെന്‍ഷന്‍
സോളാര്‍ : ഉമ്മന്‍ ചാണ്ടി ജനങ്ങളോട് ചെയ്യുന്നത്
കേരള രാഷ്ട്രീയത്തില്‍ അങ്ങനെ രാശി-'ക്കല്ലും-'

നല്ല കാശ് കിട്ടുന്ന മേഖലയിലേക്ക് എന്‍ജിനീയര്‍മാരുടെ നിയമനത്തിനുള്ള ലേലംവിളി ദശലക്ഷങ്ങളില്‍നിന്ന് പല ദശലക്ഷങ്ങളായി ഉയര്‍ന്നു. അത്രയും പണം നല്‍കി വരുന്നവര്‍ മോക്ഷം കിട്ടുന്ന പണിയല്ലല്ലോ ചെയ്യുക. വല്ലപ്പോഴും വിജിലന്‍സ് ചില തരികിടകള്‍ കാട്ടിയാലും രാഷ്ട്രീയനേതൃത്വം സംരക്ഷിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. സംസ്ഥാനത്തെ ഏറ്റവും സത്യസന്ധരെന്ന് വിശ്വസിച്ചുപോന്ന രണ്ട് പൊലീസ് ഉന്നതര്‍ മന്ത്രിസഭയിലെ ഒന്നാമനെയും രണ്ടാമനേയും സംരക്ഷിച്ചവിധം ഈ അഴിമതിക്കാരും കണ്ടുതന്നെയാണല്ലോ ജീവിക്കുന്നത്. കസേരതന്നെ പരമപ്രധാനം എന്നു കരുതുന്നവരുടെ എണ്ണം പെരുകുന്ന ഇക്കാലത്ത് സത്യസന്ധമായി അന്വേഷണം നടത്തി അധികാരമുള്ളവരുടെ കണ്ണിലെ കരടായി പീഡനകാലം താണ്ടാനൊന്നും ഇന്നത്തെ 'മിശിഹ'മാര്‍ തയ്യാറല്ല. അതുകൊണ്ട് പുതിയതായി പണിത റോഡുകള്‍ പിറ്റേന്നു പെയ്യുന്ന മഴയില്‍ ഒലിച്ചുപോവുന്നത് ഇക്കാലത്ത് വാര്‍ത്തപോലുമല്ലാതെ മാറുന്നു.ഇത് വികസന കാലമാണ്. പൊതുമരാമത്തുവകുപ്പ് നാടുമുഴുവന്‍ റോഡ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കെ.എസ്.ടി.പി മാത്രമല്ല തിരുവനന്തപുരം റോഡ് വികസന പദ്ധതി ഉള്‍പ്പെടെയുള്ളവ വേറെയുമുണ്ട്. ഇവയ്‌ക്കൊക്കെ കോടിക്കണക്കിന് രൂപയാണ് ഒഴുക്കുന്നത്. പുതിയ വിശാല വികസന റോഡുകള്‍ക്കൊന്നിനും ഓടയില്ല. മഴപെയ്താല്‍ റോഡ് ആക്കുളം കായലിനെക്കാള്‍ വലിയ തടാകമാവും. എന്തുകൊണ്ട് ഇതൊക്കെ ഇങ്ങനെ തുടരുന്നു എന്നു ചോദിച്ചാല്‍ അപ്പോഴേ പണമൊഴുക്ക് നിര്‍ബാധം തുടരാനാവൂ എന്നാണുത്തരം. ഇതെന്തുകൊണ്ടാണെന്ന് അന്വേഷിച്ചാല്‍ മന്ത്രിക്കസേരകളിലേക്കാണ് ചൂണ്ടുവിരലുകള്‍ നീളുക. അതുകൊണ്ട് 'നിയമം നിയമത്തിന്റെ വഴിക്കുപോവും' എന്നുപറഞ്ഞ് അധികാരികള്‍ അഴിമതിക്കാരെ മുഴുവന്‍ വെള്ളപൂശും. ധാര്‍മ്മികരോഷം തീര്‍ക്കാന്‍ നമുക്ക് വീണ്ടും 'കിംഗും' 'കമ്മിഷണറും' കാണാം. അഴിമതി വിരുദ്ധ ആചരണങ്ങള്‍ ഇനിയും നടത്താം. പൊതുപണം മരാമത്താക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും ഇനിയും മേയട്ടെ. നമുക്ക് സ്‌കൂള്‍ കുട്ടികളെക്കൊണ്ട് അഴിമതിവിരുദ്ധ പ്രതിജ്ഞ എടുപ്പിക്കാം. അവരാണല്ലോ, മുഴുവന്‍ അഴിമതിയുടെയും ഉത്തരവാദികള്‍!


Next Story

Related Stories