TopTop
Begin typing your search above and press return to search.

സ്വവര്‍ഗ ചുംബനവാര്‍ത്ത ഒഴിവാക്കി പാക്കിസ്ഥാനില്‍ ന്യൂയോര്‍ക്ക് ടൈംസ്

സ്വവര്‍ഗ ചുംബനവാര്‍ത്ത ഒഴിവാക്കി പാക്കിസ്ഥാനില്‍ ന്യൂയോര്‍ക്ക് ടൈംസ്

ടിം ക്രെയ്ഗ്
(വാഷിങ്ടണ്‍ പോസ്റ്റ്)

മിക്ക ഇസ്ലാമിക് രാജ്യങ്ങളിലുമെന്ന പോലെ പാക്കിസ്ഥാനിലും തെരുവുകളില്‍ യുവാക്കള്‍ കൈപിടിച്ച് ചുറ്റിനടക്കുകയും പരസ്പരം ആശ്ലേഷിച്ച് അഭിവാദ്യം ചെയ്യുകയും പതിവാണ്. പക്ഷേ, വെള്ളിയാഴ്ച ചൈനയില്‍ ഒരു യുവാവ് തന്റെ സ്വവര്‍ഗസുഹൃത്തിന്റെ കവിളില്‍ ചുംബിക്കുന്ന ചിത്രം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പാക്കിസ്ഥാനിലെ പ്രസാധകര്‍ തീരുമാനിച്ചു.

പാക്കിസ്ഥാന്‍ എക്‌സ്പ്രസ് ട്രിബ്യൂണാണ് പാക്കിസ്ഥാനില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ രാജ്യാന്തര എഡീഷന്‍ പ്രസിദ്ധീകരിക്കുന്നത്. ഒന്നാംപേജില്‍ ചുംബനചിത്രം വന്ന ദിവസം പാക്കിസ്ഥാനിലെ വായനക്കാര്‍ക്കു ലഭിച്ച പത്രത്തില്‍ അതേ സ്ഥാനത്ത് ശുദ്ധശൂന്യതയായിരുന്നു. ഈ മാസം രണ്ടാം തവണയാണ് ഒന്നാം പേജില്‍ സെന്‍സറിങ് നടത്തുന്നത്.


8'x12'' ശൂന്യസ്ഥലത്തിനു താഴെ പ്രത്യക്ഷപ്പെട്ട അടിക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: 'ഈ ചിത്രം നീക്കം ചെയ്തത് ഞങ്ങളുടെ പാക്കിസ്ഥാനിലെ പ്രസാധകരാണ്. ഇന്റര്‍നാഷനല്‍ ന്യൂയോര്‍ക്ക് ടൈംസിനോ പത്രാധിപസമിതിക്കോ ഇതില്‍ പങ്കില്ല'.

ചൈനയില്‍ സ്വവര്‍ഗവിവാഹങ്ങള്‍ക്കുള്ള വിലക്കിനെതിരെ ആദ്യമായി കോടതിയെ സമീപിച്ചവരെപ്പറ്റിയുള്ള വാര്‍ത്തയ്‌ക്കൊപ്പമായിരുന്നു ചിത്രം. എഡ്വാര്‍ഡ് വോങും വനേസ പിയാവോയും ചേര്‍ന്ന് എഴുതിയ വാര്‍ത്ത പാക്കിസ്ഥാനില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ വാദികള്‍ പരസ്പരം തോളില്‍ കൈവച്ച് ചുംബിക്കുന്ന ചിത്രം നീക്കം ചെയ്തു.

പ്രാദേശികമായി പ്രശ്‌നങ്ങളുണ്ടാക്കാവുന്ന വാര്‍ത്തകളും ചിത്രങ്ങളും നീക്കം ചെയ്യാന്‍ അനുവദിക്കുന്ന തരത്തിലുള്ള കരാറാണ് എക്‌സ്പ്രസ് ട്രിബ്യൂണും ന്യൂയോര്‍ക്ക് ടൈംസുമായുള്ളതെന്ന് ട്രിബ്യൂണ്‍ എഡിറ്റര്‍ കമാല്‍ സിദ്ദിഖി അറിയിച്ചു.

'പാക്കിസ്ഥാനില്‍ പുരുഷന്മാര്‍ ചുംബിക്കുന്ന ഒരു ചിത്രം നിങ്ങള്‍ക്കു കാണാനാവില്ല. ആരുടെയും ചുംബനചിത്രങ്ങള്‍ ഇവിടെ കാണാനാവില്ല.'

ബംഗ്ലാദേശില്‍ പുരോഗമന ബ്ലോഗര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളെപ്പറ്റിയുള്ള വാര്‍ത്ത ഈ മാസം ആദ്യം ട്രിബ്യൂണില്‍ സെന്‍സറിങ്ങിനു വിധേയമായിരുന്നു. വാര്‍ത്തയിലെ ചില പരാമര്‍ശങ്ങള്‍ വായനക്കാര്‍ക്ക് ദൈവനിന്ദയായി തോന്നുമെന്നായിരുന്നു ട്രിബ്യൂണിന്റെ അഭിപ്രായമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പബ്ലിക് എഡിറ്റര്‍ മാര്‍ഗരറ്റ് സള്ളിവന്‍ പറയുന്നു.
2011ല്‍ യുഎസ് സേന ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തുന്നതിനു മുന്‍പുതന്നെ പാക്കിസ്ഥാന്‍ അധികൃതര്‍ക്ക് ഒസാമ എവിടെയാണെന്ന് അറിയാമായിരുന്നു എന്നതു സംബന്ധിച്ച ഒരു വാര്‍ത്ത 2014ല്‍ ട്രിബ്യൂണ്‍ ന്യൂയോര്‍ക്ക് ടൈംസില്‍നിന്നു നീക്കിയിരുന്നു.

'ഡിജിറ്റല്‍ യുഗത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും അഭിപ്രായസ്വാതന്ത്ര്യത്തിനുമേല്‍ നിലനില്‍ക്കുന്ന വിലക്കിന്റെ സൂചനയാണ് ശൂന്യമായ പത്രത്താളുകള്‍,' സള്ളിവന്‍ പറയുന്നു.

ന്യൂയോര്‍ക്ക് ടൈംസ് പ്രതിനിധിക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ തന്റെ പ്രവൃത്തിയെ സിദ്ദിഖി ന്യായീകരിച്ചു. പടിഞ്ഞാറന്‍ അജണ്ട നടപ്പാക്കുന്നുവെന്ന് സംശയിച്ച് ഇസ്ലാമിക തീവ്രവാദികള്‍ പാക്കിസ്ഥാനി പത്രപ്രവര്‍ത്തകരെ സ്ഥിരമായി ലക്ഷ്യംവയ്ക്കാറുള്ളത് സിദ്ദിഖി ചൂണ്ടിക്കാട്ടി. 2014ല്‍ കറാച്ചിയില്‍ എക്‌സ്പ്രസ്- ന്യൂസ് ജേണലിസ്റ്റുകള്‍ ഇങ്ങനെ കൊല്ലപ്പെട്ടിരുന്നു.

'നിങ്ങളെപ്പോലെ തന്നെ ഞാനും സെന്‍സര്‍ഷിപ്പിന് എതിരാണ്. പക്ഷേ 200 ജീവനക്കാരും കറാച്ചി, ലാഹോര്‍, ഇസ്ലാമബാദ്, പെഷവാര്‍ എഡിഷനുകളുമുള്ള എക്‌സ്പ്രസ് ട്രിബ്യൂണിന്റെ പത്രാധിപരെന്ന നിലയില്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതുമൂലം വരാവുന്ന അപകടങ്ങളെപ്പറ്റി ഞാന്‍ ബോധവാനാണ്'.

പാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഭീഷണികള്‍ ഏറെയാണ്. 2001 മുതല്‍ ഇതുവരെ കുറഞ്ഞത് 71 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്‍ പ്രസ് ഫൗണ്ടേഷന്റെ കണക്ക്. ഇസ്ലാമിനെതിരെ എന്ന് ആരോപിക്കപ്പെടുന്ന വാര്‍ത്തകളുടെയും കാര്‍ട്ടൂണുകളുടെയും ചിത്രങ്ങളുടെയും പേരില്‍ അക്രമാസക്തമായ ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങിയ സംഭവങ്ങളുമുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവെ സര്‍ക്കാരിന്റെ സംരക്ഷണം പത്രപ്രവര്‍ത്തകര്‍ക്കു ലഭിക്കാറില്ല. അതിനാല്‍ മിക്ക മാധ്യമസ്ഥാപനങ്ങളും സ്വയം സെന്‍സര്‍ഷിപ്പ് നടത്തുകയാണെന്ന് സിദ്ദിഖി പറയുന്നു. കാരണം ദൈവനിന്ദ ആരോപിക്കപ്പെട്ടാല്‍ മരണശിക്ഷയാണു വിധിക്കുക.

'ന്യൂയോര്‍ക്ക് ടൈംസ് ചെയ്യുന്നതിന്റെ ചെറിയൊരു ശതമാനം ജോലി ചെയ്യാനായെങ്കില്‍ എന്നു ഞങ്ങള്‍ ആശിക്കുന്നു. അതേ നിലവാരത്തിലെത്താനാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ ഇവിടത്തെ യഥാര്‍ത്ഥ അവസ്ഥ വളരെ വ്യത്യസ്തമാണെന്ന് ദയവായി മനസിലാക്കുക', സിദ്ദിഖി പറയുന്നു.ഇസ്ലാമിക് നിയമം അടിസ്ഥാനമായ ഭരണഘടനയുളള രാജ്യമാണെങ്കിലും സ്വവര്‍ഗാനുരാഗം സംബന്ധിച്ച കാര്യങ്ങളില്‍ ഇറാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് പാക്കിസ്ഥാന്‍ നിലപാട് കുറച്ചുകൂടി സ്വതന്ത്രമാണ്.


2011ല്‍ പാക്കിസ്ഥാന്‍ സുപ്രിംകോടതി രാജ്യത്തെ മൂന്നാംലിംഗക്കാരെ അംഗീകരിച്ചു. നിയമസാധുതയുള്ള ഇവര്‍ക്ക് ഇപ്പോള്‍ വോട്ടവകാശവുമുണ്ട്. സ്വവര്‍ഗാനുരാഗം ഇപ്പോഴും കുറ്റമായി കണക്കാക്കുന്നുവെങ്കിലും ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

കറാച്ചി, ലഹോര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വവര്‍ഗ സമൂഹങ്ങളെപ്പറ്റി ബിബിസിയും മറ്റ് മാധ്യമങ്ങളും ഈയിടെ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. ചില സ്വവര്‍ഗദമ്പതികള്‍ ഒരുമിച്ചുകഴിയുന്നുണ്ടെന്നും ബിബിസി പറയുന്നു. വിവാഹിതരല്ലാത്ത ചെറുപ്പക്കാര്‍ സ്ത്രീകളുമായി ഇടപഴകാത്തതിനാലും ഇവര്‍ ഒരുമിച്ചു താമസിക്കുന്നതിനാലും ഇവരുടെ ലൈംഗികത പുറംലോകം അറിയാറില്ല.

സ്വവര്‍ഗാനുരാഗം സംബന്ധിച്ച ചില വാര്‍ത്തകള്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് ചിത്രം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച പാക്കിസ്ഥാന്‍ എക്‌സ്പ്രസ് ട്രിബ്യൂണ്‍ പ്രാദേശിക എഡിഷനുകളില്‍ മൂന്ന് പ്രമുഖ ബോളിവുഡ് നടന്മാര്‍ സ്വവര്‍ഗാനുരാഗികളുടെ റോളില്‍ അഭിനയിക്കാമെന്നു സമ്മതിച്ചതിന്റെ വാര്‍ത്തയുണ്ട്.

ഇങ്ങനെയാണെങ്കിലും സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെപ്പറ്റിയോ സ്വവര്‍ഗ വിവാഹങ്ങളെപ്പറ്റിയോ ഒരു തുറന്ന ചര്‍ച്ച അടുത്തകാലത്തെങ്ങും പാക്കിസ്ഥാനില്‍ നടക്കാന്‍ സാധ്യതയില്ല.

യുണൈറ്റഡ് നേഷന്‍സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്വവര്‍ഗ ദമ്പതികള്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം അവകാശങ്ങള്‍ നല്‍കുന്നതിനെതിരെ വോട്ട് ചെയ്ത 42 രാജ്യങ്ങളില്‍ ഒന്ന് പാക്കിസ്ഥാനായിരുന്നു. 2014ല്‍ ലോകമെമ്പാടുമുള്ള സ്വവര്‍ഗ, ലെസ്ബിയന്‍, ഭിന്നലിംഗ ആളുകളുടെ അവകാശങ്ങളെപ്പറ്റി കടുത്ത ആശങ്ക പ്രകടിപ്പിച്ച യുഎന്‍ പ്രമേയത്തെ എതിര്‍ത്ത 14 രാജ്യങ്ങളിലും പാക്കിസ്ഥാനുണ്ടായിരുന്നു.

ജൂണില്‍ കിഴക്കന്‍ നഗരമായ ക്വേറ്റയില്‍ വിവാഹിതരായെന്ന് ആരോപിക്കപ്പെട്ട രണ്ടു പുരുഷന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ വിവാഹച്ചടങ്ങ് തമാശയായിരുന്നുവെന്നു വാദിച്ച ഇവര്‍ക്കുമേല്‍ ചുമത്തിയ കുറ്റങ്ങള്‍ പിന്നീട് പിന്‍വലിച്ചു.


Next Story

Related Stories