TopTop
Begin typing your search above and press return to search.

നിങ്ങളോ നിഷ്പക്ഷര്‍? ഇസ്രായേലിനെതിരെ ജനം യൂറോപ്പിനോട് ചോദിക്കുന്നു

നിങ്ങളോ നിഷ്പക്ഷര്‍? ഇസ്രായേലിനെതിരെ ജനം യൂറോപ്പിനോട്  ചോദിക്കുന്നു

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പലസ്തീന്‍ സിവിലിയന്മാരെ താമസിപ്പിച്ചിരുന്ന യുഎന്‍ കെട്ടിടത്തില്‍ ഇസ്രായേല്‍ നടത്തിയ മറ്റൊരു വ്യോമാക്രണത്തിലൂടെ ഗാസയിലെ മരണസംഖ്യ ഉയര്‍ന്നത് യൂറോപ്പിലെ മുതിര്‍ന്ന നേതാക്കളെ പ്രതിസന്ധിയിലാക്കി. ഉപരോധം മൂലം ഇടുങ്ങിയ ഗാസ മുനമ്പില്‍ 1800ലധികം പലസ്തീനികളുടെ മരണത്തിനിടയാക്കിയ ഇസ്രായേലി ആക്രമണത്തെ എതിര്‍ക്കുന്ന പൊതുജനാഭിപ്രായം യുഎസിലേതിനേക്കാള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ശക്തമായതാണ് നേതാക്കളെ വെട്ടിലാക്കിയത്. എന്നാല്‍, പ്രത്യേകിച്ച് ഫലമൊന്നും കാണാത്ത ദശാബ്ദങ്ങള്‍ നീണ്ട സമാധാന ശ്രമത്തില്‍, അമേരിക്കയോടൊപ്പം കൈകോര്‍ക്കുന്ന യൂറോപ്പിന്റെ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിലെ നിലപാടും യുഎസിന്റേതിന് സമാനമാണ്.

ഇസ്രായേല്‍ അവസാനം നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച യുഎന്നിന്റെയും അമേരിക്കയുടേയും സ്വരം അത്‌ലാന്റിക്കിലെമ്പാടും പ്രതിഫലിച്ചു. ഇസ്രായേലിന്റെ സ്‌കൂള്‍ ആക്രമണത്തെ 'ദൗര്‍ഭാഗ്യകരം' എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് ജെന്‍ പ്‌സാക്കി വിശേഷിപ്പിച്ചത്.

യൂറോപ്യന്‍ സര്‍ക്കാരുകള്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ ഒരു നൂറ്റാണ്ടിന്റെ ഓര്‍മകള്‍ക്ക് തുടക്കം കുറിച്ച തിങ്കളാഴ്ച, ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന 'കൂട്ടക്കൊല'യെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫേബിയസ് അപലപിച്ചു: 'കൂട്ടക്കുരുതിയെന്ന് വിശേഷിപ്പിക്കേണ്ട ഗാസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് എത്ര മരണങ്ങള്‍ കൂടി വേണ്ടി വരും? ഫ്രാന്‍സും ഇസ്രായേലും തമ്മിലുള്ള ബന്ധം ഏറെ പഴക്കമുള്ളതും സുരക്ഷയിലുള്ള ഇസ്രായേലിന്റെ അവകാശം പൂര്‍ണവുമാണ്. പക്ഷെ കുട്ടികളെ കൊല്ലുകയും സിവിലയന്മാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നത് ഈ അവകാശത്തിനുള്ള ന്യായീകരണമാകുന്നില്ല.'എന്നാല്‍ ഈ വാദം വിശ്വാസത്തിലെടുക്കുന്നവരുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ് വരികയാണ്. യുഎന്‍ സ്‌കൂള്‍ അഭയാര്‍ത്ഥി കേന്ദ്രമാക്കി മാറ്റിയ കാര്യം ഇസ്രായേലിനെ ആവര്‍ത്തിച്ച് അറിയിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന് തന്റെ പ്രസ്താവനയില്‍ പ്‌സാക്കി ചൂണ്ടിക്കാണിക്കുന്നു. അതിന് നേരെയുണ്ടായ ആക്രമണം 'സദാചാര വിരുദ്ധവും കുറ്റകരവുമായ പ്രവൃത്തിയും' ആണെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ വിശേഷിപ്പിച്ചത്. ഒരു പുതിയ അഭിപ്രായ സര്‍വെ പ്രകാരം ഇസ്രായേല്‍ യുദ്ധ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ബ്രിട്ടണിലെ മൂന്നില്‍ രണ്ട് വോട്ടര്‍മാരും കരുതുന്നു. യൂറോപ്പില്‍ ഇസ്രായേലിനുള്ള പിന്തുണ, പ്രത്യേകിച്ചും യുവജനങ്ങളുടെ ഇടയില്‍, ഇടിയുകയാണെന്ന് മറ്റ് ചില അഭിപ്രായ സര്‍വെകളും സാക്ഷ്യപ്പെടുത്തുന്നു.

ലോക മഹാ യുദ്ധത്തിന്റെ ഓര്‍മ പുതുക്കലിനിടയില്‍ തന്റെ വിദേശകാര്യ മന്ത്രിയുടെ അഭിപ്രായങ്ങളോട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയ്‌സ് ഹോളണ്ടും യോജിച്ചു. 'ഒരു മാസമായി മാരകമായ ഒരു സംഘര്‍ഷം ഗാസയില്‍ അരങ്ങേറുമ്പോള്‍ നമുക്കെങ്ങിനെയാണ് നിഷ്പക്ഷരായി ഇരിക്കാന്‍ സാധിക്കുക?' ഹോളണ്ട് ചോദിക്കുന്നു. 'നടപടി സ്വീകരിക്കാനുള്ള കടമ നമുക്കുണ്ട്.'

പക്ഷെ എങ്ങനെ? യുഎസിന്റെയും വിവിധ പ്രാദേശിക മധ്യസ്ഥരുടേയും ശ്രമങ്ങള്‍ക്ക് ഉപരിയായി ശാശ്വത സമാധാനം ഇപ്പോഴും അകലെയാണ്. ഹമാസിനോട് ആയുധങ്ങള്‍ താഴെ വയ്ക്കാനും ഇസ്രായേലിനോട് സൈനിക നടപടികള്‍ അവസാനിപ്പിക്കാനും ബ്രസല്‍സിലെ ഔദ്യോഗിക വൃത്തങ്ങള്‍ ആഹ്വാനം ചെയ്യുകയുണ്ടായി. പക്ഷെ അത് പ്രതീക്ഷ നിര്‍ഭരമായ ഒരു ആഗ്രഹത്തിനപ്പുറം പ്രായോഗികമായ ഒരു ആവശ്യമായി മാറുന്നില്ല. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ശ്രമങ്ങള്‍ക്ക് ശേഷം വെറും കൈയോടെ യൂറോപ്യന്‍ യൂണിയന്റെ മദ്ധേഷ്യന്‍ സമാധാന പ്രതിനിധി, ടോണി ബ്ലയര്‍, മടങ്ങുന്നത് നൈരാശ്യം വര്‍ദ്ധിപ്പിക്കാനെ ഉതകുന്നുള്ളു.ദ്വിരാഷ്ട്ര പരിഹാരത്തില്‍ വരുത്തുന്ന പുരോഗമനത്തിനെ ആശ്രയിച്ചാവും ഇസ്രായേലുമായുള്ള യൂറോപ്യന്‍ യൂണിയന്റെ വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന് ഇസ്രായേലിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാനപതി ഈ വര്‍ഷം ആദ്യം വ്യക്തമാക്കിയിരുന്നു. പക്ഷെ പ്രത്യേക പലസ്തീന്‍ രാജ്യം രൂപീകരിക്കുന്നത് അനുവദിക്കാന്‍ താല്‍പര്യമില്ലാത്ത ഇസ്രായേലി രാഷ്ട്രീയ സംവിധാനത്തെ ആ വാഗ്ദാനം ആകര്‍ഷിച്ചില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി അധിനിവേശ പ്രദേശങ്ങളിലെ ഇസ്രായേല്‍ ആവാസങ്ങളില്‍ നിലനില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും തങ്ങളുടെ പൗരന്മാരെ വിലക്കുന്ന മുന്നറിയിപ്പുകള്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം അധിനിവേശ പ്രദേശങ്ങളിലെ ഇസ്രായേലി ബാങ്കുകളിലെ തങ്ങളുടെ ഓഹരികള്‍ യൂറോപ്യന്‍ കമ്പനികള്‍ വിറ്റഴിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല വെസ്റ്റ് ബാങ്കില്‍ നിന്നും ജലം ശേഖരിക്കുകയും അവിടെ താമസിക്കുന്ന പലസ്തീനികള്‍ക്ക് തന്നെ അത് വില്‍ക്കുകയും ചെയ്യുന്ന ഇസ്രായേലി ജല കമ്പനിയുമായുള്ള കരാര്‍ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഡച്ച് വാട്ടര്‍ യൂട്ടിലിറ്റി ഉപേക്ഷിക്കുകയും ചെയ്തു.

ബെസ്റ്റ് ഓഫ് അഴിമുഖം

ഗാസയില്‍ ഒരിടവും സുരക്ഷിതമല്ല
ഈ യുദ്ധം ഏതെങ്കിലും വിശുദ്ധ സ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ മാത്രമല്ല
വംശഹത്യക്ക് ഇസ്രയേലിന് കൂട്ടുകിട്ടുമ്പോള്‍
രണ്ട് രാജ്യങ്ങള്‍ എന്ന സാധ്യമായ പരിഹാരം
എന്താണ് ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടം? എന്താണ് സയണിസം?


പലസ്തീന്‍ പ്രദേശങ്ങളില്‍ തുടരുന്ന അധിനിവേശത്തിനും ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ക്കുമെതിരായി കഴിഞ്ഞ കുറെ ആഴ്ചകളായി നടക്കുന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയാവുകയാണ് യൂറോപ്യന്‍ നഗരങ്ങളിലെ തെരുവുകള്‍. യൂറോപ്പിലെ അറബ്, മുസ്ലീം പ്രവാസികളുടെ സെമിറ്റിക് വിരുദ്ധ ആക്രമണങ്ങളെയും വാഗ്വാദങ്ങളെയും ചൂണ്ടിക്കാട്ടി ഇത്തരം പ്രതിഷേധ പ്രകടനങ്ങളെ ചിലര്‍ തള്ളിക്കളയുന്നുണ്ട്. എന്നാല്‍ വംശീയതയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഇസ്രായേലി ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ തുലോം ചെറുതാണ്. '95 ശതമാനം പ്രതിഷേധക്കാരും ജൂതര്‍ക്കെതിരല്ല,' ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് ഇക്കണോമിസ്റ്റിനോട് പറഞ്ഞു.

മിക്ക യൂറോപ്യന്‍ സര്‍ക്കാരുകള്‍ക്കും ഇസ്രായേലിനോട് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ജൂതന്മാരോട് നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന യൂറോപ്യന്‍ അപമാനങ്ങള്‍ക്ക് പ്രാന്തവല്‍ക്കരണങ്ങള്‍ക്കും ശേഷമാണ് സയണിസവും ജൂത രാജ്യത്തിന് വേണ്ടിയുള്ള ദാഹവും ഉയിര്‍കൊണ്ടത്. ഇക്കാര്യത്തില്‍ ജര്‍മ്മനി ഒരു പ്രത്യേക ധാര്‍മിക ഭാരം ചുമക്കുന്നുണ്ട്: ഇസ്രായേലിനുള്ള പിന്തുണയില്‍ ആഞ്ചല മോര്‍ക്കലിന് കടുംപിടുത്തം ഉണ്ട്. 'ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ആഞ്ചല മോര്‍ക്കല്‍ ചെയ്യുന്നത്,' ബര്‍ലിനില്‍ ഒരു പലസ്തീന്‍ അനുകൂല പ്രക്ഷോഭകാരി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടര്‍ ആന്തോണി ഫയോളയോട് പറഞ്ഞു. 'ജര്‍മ്മനിയുടെ ഭൂതകാലം അവരെ തുറന്ന മനസോടെ കാര്യങ്ങള്‍ കാണാന്‍ അനുവദിക്കുന്നില്ല.'

എന്നാല്‍ വ്യാപാര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനോ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്താനോ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ലെങ്കിലും ഭൂഖണ്ഡത്തിന്റെ മാനസികാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നിലവിലുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ജൂതരാജ്യമായി നിലനില്‍ക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ കുറിച്ചുള്ള ബോധ്യം യൂറോപ്പിന് നഷ്ടപ്പെട്ടിരിക്കുന്നു. 'കിബൂട്ടിസത്തിന്റെ ആകര്‍ഷണിയത ഉള്‍പ്പെടെ യൂറോപ്യന്‍ യുവതയുടെ പ്രണയമായിരുന്ന ഇസ്രായേല്‍ എങ്ങോ പോയ് മറഞ്ഞിരിക്കുന്നു.' ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ' ആള്‍ക്കൂട്ട സേനകളാല്‍ ചുറ്റപ്പെട്ട ദരിദ്ര രാജ്യമാണ് ഇസ്രായേല്‍ എന്ന സങ്കല്‍പ്പം നിറം മങ്ങിയിരിക്കുന്നു.'ഈ വൈരുദ്ധ്യത്തിന്റെ അനുരണങ്ങള്‍ ഇസ്രായേലിലും പ്രതിഫലിക്കുന്നുണ്ട്. വാഗ്ദത്ത ഭൂമിയിലുള്ള തങ്ങളുടെ പ്രധാന്യത്തിനപ്പുറം അന്താരാഷ്ട്ര സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കാത്ത വോട്ടര്‍മാരില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയാണ് ഇപ്പോള്‍ അധികാരത്തിലുള്ള വലതുപക്ഷ സര്‍ക്കാര്‍. തറയ്ക്കുന്ന ആശങ്ക, എങ്കിലും പ്രാധാന്യമേറിയത് ഇക്കണോമിസ്റ്റ് മുന്നോട്ട് വയ്ക്കുന്നു:

'പ്രാരംഭ ദശകങ്ങളിലെ ഇസ്രായേലിന്റെ മതേതര, സാമൂഹിക-നരവംശ ധാരണങ്ങള്‍ പടിഞ്ഞാറന്‍ യൂറോപ്പിന്റേതുമായി യോജിച്ച് പോകുന്നതായിരുന്നു. എന്നാല്‍ 1990 കളില്‍ സോവിയറ്റ് യൂണിയനില്‍ നിന്നുമെത്തിയ ഒരു മില്യണ്‍ പ്രവാസികളുടെ ജനാധിപത്യ പാരമ്പര്യം പരിമിതമായിരുന്നു: ഇസ്രായേലിനെ അതിന്റെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാന്‍ വരുന്ന ഒരു ശക്തനായ മനുഷ്യനില്‍, ഒരു ജൂത പുടിനില്‍, അവര്‍ മോചനം കാംക്ഷിച്ചു.

സര്‍ക്കാരില്‍ പ്രബല വിഭാഗമായ ഏതാണ്ട് തതുല്യമായ സംഖ്യാ ബലമുള്ള ദേശീയ-മത ജൂതന്മാരും മിശിഹ അവതരിക്കുന്നതിനുള്ള ദൈവിക പരിപാടിയായി ഇസ്രായേലിനെ നോക്കിക്കണ്ടു. ജനാധിപത്യം ഇതിന് ഇടങ്കോലിടുമെന്ന ഭയം അവരെ വേട്ടയാടുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍, രാഷ്ട്രീയം വ്യാപാരത്തില്‍ ഇടപെടാന്‍ മടിക്കുന്ന പ്രദേശത്തെയും ഏഷ്യാ-പസഫിക്കിലെയും ജനാധിപത്യപരമല്ലാത്ത ഭരണകൂടങ്ങളെ നേരിടാനാണ് ഇസ്രായേലിന് എളുപ്പം. യൂറോപ്പിലും അതുപോലെ തന്നെ അമേരിക്കയിലുമുള്ള രാജ്യത്തിന്റെ വിമര്‍ശകരുമായി സഹകരണം സ്ഥാപിക്കുന്നതിന് ഇതെല്ലാം ദുര്‍നിമിത്തമായി വര്‍ത്തിക്കുന്നു.’


Next Story

Related Stories