TopTop
Begin typing your search above and press return to search.

ഇസ്രായേലിന്‍റെ ഗാസാ ആക്രമണത്തിന് പിന്നില്‍ അമേരിക്ക

ഇസ്രായേലിന്‍റെ ഗാസാ ആക്രമണത്തിന് പിന്നില്‍ അമേരിക്ക

സുദര്‍ശന്‍ രാഘവന്‍, റൂത്ത് എഗ്ളാഷ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ മാസം ആദ്യം ഗാസയിലെ യുഎന്‍ സ്‌കൂളില്‍ അഭയം തേടിയവര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 10 സിവിലിയന്മാര്‍ മരിക്കാനിടയായത്, അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രതിഷേധം വിളിച്ചുവരുത്തുകയുണ്ടായി. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനെ 'അപമാനകരമായ' നടപടി എന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ യുഎന്‍ തരുന്ന വിവരങ്ങള്‍ പ്രകാരം ആഗസ്റ്റ് മൂന്നിന് നടത്തിയ ആ ആക്രമണത്തില്‍ ഇസ്രായേല്‍ ഉപയോഗിച്ചത് ഹെല്‍ഫയര്‍ മിസൈല്‍ എന്ന യുഎസ് നിര്‍മ്മിത ആയുധമായിരുന്നു. ഗാസ മുനമ്പില്‍ കഴിഞ്ഞ ആറാഴ്ചയായി നടക്കുന്ന യുദ്ധത്തില്‍ യുഎസും ചില യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രായേലിന് വിറ്റ ആയുധങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ച നിരവധി സംഭവങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ഈ ആക്രമണം.

ഇസ്രായേലും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ ഇതുവരെ മരിച്ച പലസ്തീനികളുടെ എണ്ണം ഏകദേശം 1,900 വരുമെന്ന് യുഎന്‍ പറയുന്നു. ഇതില്‍ നാലില്‍ മൂന്നും സിവിലിയന്മാരാണ്.

ഈ സിവിലിയന്‍ മരണങ്ങളില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്തുന്ന ആയുധ വിതരണക്കാരില്‍, സ്‌പെയിനും ബ്രിട്ടണും ഇസ്രായേലിനുള്ള ആയുധങ്ങളുടെയും സൈനിക സംബന്ധിയായ ഉപകരണങ്ങളുടേയും വിതരണം നിറുത്തി വയ്ക്കാനോ പുനഃപരിശോധിക്കാനോ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് ബാരക്ക് ഒബാമയും സമാനമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഹെല്‍ഫയര്‍ മിസൈലുകളുടെ അടുത്ത കൈമാറ്റം താമസിപ്പിയ്ക്കില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ സമീപ ദിവസങ്ങളില്‍ നല്‍കുന്ന സൂചന. പകരം, ഭരണകൂടം 'ഈ ചരക്കുകളുടെ കാര്യത്തില്‍ ചില അധിക മുന്‍കരുതലുകള്‍ എടുക്കുകയാണെന്നും' ഒപ്പം 'ചില അധിക നടപടികള്‍ സ്വീകരിക്കുകയാണെന്നും' സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മേരി ഹാര്‍ഫ് പറയുന്നു.തങ്ങള്‍ യുക്തമായ ആയുധങ്ങള്‍ ഉപയോഗിക്കുമെന്ന് ഇസ്രായേലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. സംഘടനയുടെ തുടര്‍ച്ചയായ റോക്കറ്റ് ആക്രമണത്തിനും ഇസ്രായേലിലേക്ക് പോരാളികള്‍ക്ക് നുഴഞ്ഞുകയറുന്നതിനായി രൂപകല്‍പന ചെയ്ത തുരങ്ക ശൃംഖലയോടുമുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ഇസ്രായേലിന്റെ ആക്രമണം എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഗാസയില്‍ നടക്കുന്ന മരണങ്ങള്‍ക്കും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഹമാസിനെ കുറ്റപ്പെടുത്താനാണ് ഈ മാസം ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തുനിഞ്ഞത്. 'അതൊക്കെ ന്യായീകരിക്കപ്പെട്ടിരിക്കുന്നു. അത് ആനുപാതികമായിരുന്നു.' അദ്ദേഹം പറഞ്ഞു.

എന്നാല്‍ 2009ലും 2012ലും ഹമാസുമായി ഇസ്രായേല്‍ നടത്തിയ സംഘര്‍ഷങ്ങളെ കടത്തിവെട്ടുന്നതായിരുന്നു ഇത്തവണത്തെ പാലസ്തീന്‍ ഭാഗത്തെ മരണസംഖ്യ. ഗാസയില്‍ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിന് ഇസ്രായേലിനെ യുഎന്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ജൂത രാജ്യത്തിനെതിരെ സമഗ്രമായ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ യുഎസിനോട് ആവശ്യപ്പെടുന്നു.

സിവിലിയന്‍ പ്രദേശങ്ങളില്‍ യുഎസ് നിര്‍മിത മാരകായുധങ്ങള്‍ ഇസ്രായേല്‍ പ്രയോഗിക്കുക വഴി അന്താരാഷ്ട്ര നിയമങ്ങള്‍ അവര്‍ ലംഘിച്ചതായി ഇപ്പോള്‍ നടക്കുന്ന യുഎന്‍ പരിശോധനയില്‍ വ്യക്തമായാല്‍ യുഎസും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

'ഞങ്ങള്‍ ചോദിക്കുന്ന ചോദ്യം ഇതാണ്: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഉപയോഗിക്കേണ്ട ശരിയായ ആയുധം ഇതാണോ?' മധ്യേഷ്യയില്‍ എമ്പാടുമുള്ള പാലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സിയുടെ ഗാസയിലെ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായ റോബര്‍ട്ട് ടര്‍ണര്‍ ചോദിക്കുന്നു. 'അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം അവര്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അവരുടെ ആയുധങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ സിവിയന്മാരുടെ മരണവും അപകടവും ഒഴിവാക്കുന്ന തരത്തിലുള്ളതാണോ?'

എന്നാല്‍, കടുത്ത വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത തന്ത്രപരവും വ്യക്തിഗതവുമായ ബന്ധങ്ങള്‍ കണക്കിലെടുത്ത് ഇസ്രായേലിനുള്ള ആയുധ വിതരണം വെട്ടിക്കുറയ്ക്കാനോ നിറുത്തിവയ്ക്കാനോ ഒരു കാരണവശാലും യുഎസ് തയ്യാറാവില്ലെന്നാണ് മുമ്പുള്ളതും ഇപ്പോഴത്തേതുമായ നിരീക്ഷകരും ഉദ്യോഗസ്ഥരും പറയുന്നത്.

'അതൊരിക്കലും സംഭവിക്കില്ല, അത് സംഭവിക്കാന്‍ പാടില്ല,' യുഎസിലെ മുന്‍ ഇസ്രായേലി അംബാസിഡര്‍ മൈക്കിള്‍ ഓറാന്‍ പറയുന്നു. 'ബന്ധങ്ങളില്‍ മാറ്റം വരുത്താന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ല, മാറ്റങ്ങള്‍ വരുത്തുന്നത് യുഎസിന്റെ താല്‍പര്യങ്ങള്‍ക്കുനുസൃതവും അല്ല.'ഹെല്‍ഫയര്‍ മിസൈലുകളുടെ വിതരണം ഒബാമ ഭരണകൂടം വൈകിച്ചാല്‍, യുദ്ധസമയത്ത് ഇസ്രായേലിനുള്ള ആയുധകൈമാറ്റം യുഎസ് വൈകിപ്പിക്കുന്ന ആദ്യ സംഭവമായി അത് മാറുമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. 1975ല്‍ ഒരു ഈജിപ്ത്-ഇസ്രായേല്‍ സമാധാനക്കരാറിനുള്ള യുഎസ് നിര്‍ദ്ദേശം ഇസ്രായേല്‍ നിരാകരിച്ചപ്പോഴും, 1981ല്‍ ഇറാഖിലെ ആണവ റിയാക്ടറില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയപ്പോഴുമാണ് അമേരിക്ക ഇതിന് മുമ്പ് ഇസ്രായേലിനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തിയത്.

എഫ്-16 യുദ്ധ വിമാനങ്ങള്‍, അപ്പാഷെ ഹെലിക്കോപ്ടറുകള്‍, മിസൈലുകള്‍, ടാങ്കുകള്‍ എന്നിവയുള്‍പ്പെടെ പ്രതിവര്‍ഷം 3.1 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക പ്രതിവര്‍ഷം ഇസ്രായേലിന് നല്‍കുന്നത്. ഗാസയില്‍ നിന്നും ഹമാസ് തൊടുക്കുന്ന റോക്കറ്റുകളില്‍ നിന്നും ഇസ്രായേലി ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കുന്ന ഇരുമ്പ് മേല്‍ക്കൂര മിസൈല്‍ പ്രതിരോധ സംവിധാനത്തിന് വേണ്ടിയും വാഷിംഗ്ടണ്‍ വലിയ രീതിയില്‍ സഹായം നല്‍കുന്നുണ്ട്.

യുഎസും ഇസ്രായേലും ഹമാസിനെ ഒരു ഭീകര സംഘടന ആയാണ് കാണുന്നത്. ഇപ്പോഴത്തെ സംഘര്‍ഷ കാലത്ത് ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്ക നിറുത്തി വച്ചിട്ടില്ലെന്ന് മാത്രമല്ല അടുത്ത മാസം ഇരുമ്പ് മേല്‍ക്കൂര സംവിധാനത്തിനായി 225 മില്യണ്‍ ഡോളര്‍ അധികമായി നല്‍കാന്‍ ഒബാമ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹാര്‍ഫ് സൂചിപ്പിച്ചു.

ഇത് കൂടാതെ ഗ്രെനേഡുകള്‍, മോര്‍ട്ടാറുകള്‍, റോക്കറ്റ് മോര്‍ട്ടാറുകള്‍ തുടങ്ങിയവയും അമേരിക്ക ഇസ്രായേലിന് നല്‍കുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

'ഇത്രയും വലിയ അളവില്‍ ആയുധങ്ങള്‍ നല്‍കുകയും അതിന് സാമ്പത്തിക സഹായം ചെയ്യുകയും ചെയ്യുന്നത് വഴി, ഗാസയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സിവിലിയന്മാര്‍ക്കെതിരെ നടത്തിയ ക്രൂരമായ അതിക്രമങ്ങളെ മൂര്‍ച്ഛിപ്പിക്കുകയും ആക്രമകാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്യുകയാണ് ചെയ്യുന്നതെന്ന് യുഎസ് സര്‍ക്കാര്‍ അംഗീകരിക്കണം,' ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ആയുധ നിയന്ത്രണത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള സംഘത്തിന്റെ തലവന്‍ ബ്രയന്‍ വൂഡ് ചൂണ്ടിക്കാട്ടുന്നു.ഗാസയില്‍ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ ഉപയോഗിച്ച അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളുടെ പ്രത്യക്ഷ തെളിവുകള്‍ ധാരാളം കാണാനാവും.

കഴിഞ്ഞ ദിവസം ഡെയര്‍ അല്‍ ബലാഹ് നഗരത്തില്‍ യുഎന്‍ആര്‍ഡബ്ലിയുഎ ഫീല്‍ഡ് ഓഫീസിന് വാരകള്‍ക്കപ്പുറം റോഡരുകില്‍ കിടന്ന പൊട്ടാത്ത ബോംബ് ഗാസ നിവാസികള്‍ കണ്ടെടുത്തിരിന്നു. 2000 പൗണ്ടുള്ള അമേരിക്കന്‍ നിര്‍മ്മിത മാര്‍ക്ക് 84 എന്ന ആയുധമാണതെന്ന് ബോംബിന്റെ ചിത്രം കണ്ട വിദഗ്ധര്‍ വിലയിരുത്തുന്നു. യുഎസ് ആയുധപ്പുരയിലുള്ള ഏറ്റവും വലിയ ബോംബുകളില്‍ ഒന്നാണിത്.

യുദ്ധ ടാങ്കുകളും ബുള്‍ഡോസറുകളും തകര്‍ത്ത റാഫയിലെ ഒരു റോഡില്‍, ഒരു വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 120 എംഎം ആര്‍ട്ടിലറി ഷെല്ലുകളുടെ ചേസുകള്‍ കണ്ടെടുത്തു. ഇതില്‍ ചിലതില്‍ 'യുഎസ്എയില്‍ നിര്‍മ്മിച്ചത്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 'യുഎസ്' എന്ന് രേഖപ്പെടുത്തിയിരികുകന്ന ആയുധഭാഗത്തില്‍ ഒരു സീരിയല്‍ നമ്പറിനോടൊപ്പം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'ദിശാസൂചിയായ മിസൈല്‍, കര ആക്രമണം.' ടാങ്കുകള്‍ പ്രദേശത്തെ മുഴുവന്‍ തകര്‍ത്തെറിഞ്ഞെന്നും നിരവധി ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്‌തെന്നും പ്രദേശവാസികള്‍ പറയുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

വംശഹത്യക്ക് ഇസ്രയേലിന് കൂട്ടുകിട്ടുമ്പോള്‍
രണ്ട് രാജ്യങ്ങള്‍ എന്ന സാധ്യമായ പരിഹാരം
ഗാസയിലെ വംശഹത്യയിൽ നമ്മളും പങ്കാളി- സീതാറാം യെച്ചൂരി
ചരിത്രം പഠിച്ചാല്‍ മോദി പലസ്തീനെ മാറ്റിനിര്‍ത്തില്ല
മോദി സര്‍ക്കാരിന്റെ ഇസ്രയേല്‍ പ്രേമത്തിന് പിന്നില്‍

'അമേരിക്കയ്‌ക്കെതിരെ ഞാന്‍ എന്താണാവോ ചെയ്തത്?' സമീപ പട്ടണമായ അല്‍ ബെറെജില്‍ തന്റെ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന 155എംഎം ആര്‍ട്ടിലറി ഷെല്ലുകളുടെ ഭാഗങ്ങളില്‍ ഉറ്റുനോക്കിക്കൊണ്ട് 48 കാരനായ സാദി അല്‍-അമെസ്സി ചോദിക്കുന്നു.

ഇസ്രായേല്‍ സ്വന്തമായി ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും 155 എംഎം ആര്‍ട്ടിലറി ഷെല്ലുകള്‍ അമേരിക്ക ഇപ്പോഴും ഇസ്രായേലിന് വിതരണം ചെയ്യുന്നുണ്ട്.അമേരിക്കന്‍ ആയുധങ്ങളും സൈനിക അറിവുകളും ഇസ്രായേല്‍ സേനയുടെ നട്ടെല്ലാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് നിര്‍ണായകമാണെന്നും ഇസ്രായേല്‍ സൈനിക നിരീക്ഷകര്‍ പറയുന്നു.

'ഒരു അമേരിക്കന്‍ നിര്‍മ്മിത എഫ്-16 വിമാനം ഇസ്രായേല്‍ പറത്തുമ്പോള്‍, ഇസ്രായേലിനെ സ്വയം പ്രതിരോധിക്കാന്‍ അത് അനുവദിക്കുകയാണ്,' യുഎസ് സൈന്യവുമായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന വായുസേന പൈലറ്റായ റിട്ടയേഡ് ലഫ്റ്റനെന്റ് കേണല്‍ റ്യൂവന്‍ ബെന്‍ ഷാലോം പറയുന്നു.

'ഗാസയില്‍ ചെയ്തത് ആവര്‍ത്തിക്കാന്‍ യുഎസ് ഇസ്രായേലിനെ സഹായിക്കുകയാണെന്ന് പലസ്തീന്‍ അനുകൂല സംഘടനകള്‍ പറയുകയാണെങ്കില്‍, യുഎസ് ആയുധങ്ങള്‍ ഇസ്രായേലിനെ സഹായിക്കുന്നോ എന്നതല്ല പ്രശ്‌നം-തീര്‍ച്ചയായും അമേരിക്ക സഹായിക്കുന്നു എന്നു തന്നെയാണ്,' അദ്ദേഹം പറഞ്ഞു.


Next Story

Related Stories