TopTop
Begin typing your search above and press return to search.

ഈദ് ദിനത്തില്‍ ഗാസയിലെ ബീച്ച് ക്യാമ്പില്‍ സംഭവിച്ചത്

ഈദ് ദിനത്തില്‍ ഗാസയിലെ ബീച്ച് ക്യാമ്പില്‍ സംഭവിച്ചത്

സുദര്‍ശന്‍ രാഘവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഗാസ ചീന്തിലെ ഷിഫാ ആശുപത്രിക്കുള്ളില്‍ ജീവനുകള്‍ രക്ഷിക്കാനുള്ള ഭ്രാന്തമായ ഓട്ടത്തിനിടയില്‍, ആളുകള്‍ പായയില്‍ പൊതിഞ്ഞ ഒരു കുഞ്ഞിന്റെ ശവശരീരം ഉന്തുപലകയില്‍ തള്ളിക്കൊണ്ടുപോകുന്നു. മുഖം മുഴുവന്‍ രക്തത്തില്‍ മുങ്ങിയ ഒരു പെണ്‍കുട്ടി, പാതി മരിച്ചവര്‍ക്കും, മരിച്ചവര്‍ക്കും ഇടയിലൂടെ അന്തമില്ലാതെ നടക്കുന്നു.

“എന്റെ ദൈവമേ, ഞങ്ങള്‍ക്കെന്താണ് സംഭവിക്കുന്നത്?” ഒരാള്‍ അലറിക്കരഞ്ഞു. ആശുപത്രിയുടെ വരാന്തകളില്‍ തിങ്ങിക്കൂടിയ നൂറുകണക്കിന് ആളുകളുടെ ബഹളങ്ങള്‍ക്കിടയിലും അയാളുടെ ശബ്ദം എങ്ങനെയൊക്കെയോ ഉയര്‍ന്നുകേട്ടു. അവരെല്ലാവരും ഒരുപക്ഷേ അതേ ചോദ്യംതന്നെയായിരിക്കും ചോദിക്കുന്നത്.

ബീച്ച് ക്യാമ്പ് പാര്‍പ്പിടപ്രദേശത്തെ തണല്‍ മരങ്ങള്‍ നിരന്നുനില്‍ക്കുന്ന ഇടുങ്ങിയ തെരുവില്‍ വൈകീട്ട് 4.30-ഓടെ സ്ഫോടനമുണ്ടായതോടെയാണ് ദുരന്തം തുടങ്ങിയത്. എല്ലാവരും ഈദ് ഉല്‍-ഫിതര്‍ ആഘോഷിക്കുകയായിരുന്നു. കുട്ടികള്‍ പുറത്തു കളിക്കുന്നു. ചിലര്‍ ഊഞ്ഞാലില്‍, ചിലര്‍ കടകളുടെ മുറ്റത്ത്, ചിലര്‍ നിര്‍ത്തിയിട്ട കാറുകളില്‍. ഇസ്രയേല്‍ വ്യോമാക്രമണമാണ് കാരണമെന്ന് ഹമാസ് കുറ്റപ്പെടുത്തുന്നു. എന്നാല്‍,ഹമാസിന്റെ മോര്‍ട്ടാര്‍ ഷെല്‍ ദിശ തെറ്റിയതാണെന്ന് ഇസ്രായേലും പറയുന്നു. പത്തു പേര്‍ കൊല്ലപ്പെട്ടു. അതില്‍ ഏഴു പേര്‍ കുട്ടികളാണ്.വൈകീട്ട് 5 മണിക്ക് അഹമദ് അല്‍-ഹേലു കുറ്റപ്പെടുത്തലിനെക്കുറിച്ചല്ല ചിന്തിക്കുന്നത്. ചുരുങ്ങിയത് ഇപ്പോഴത്തേക്കെങ്കിലും. ആശുപത്രിയില്‍ അസ്ഥികളും മാംസവും തൂങ്ങിക്കിടക്കുന്ന, തലയില്ലാത്ത ഒരു ഒരു ശവശരീരത്തിന് മുമ്പില്‍ വാവിട്ടു നിലവിളിക്കുകയാണയാള്‍. ആ കിടക്കുന്നതു അയാളുടെ അച്ഛനാണ്. പായയില്‍ പൊതിഞ്ഞു കിടത്തിയ ആ മരിച്ച കുഞ്ഞിനെയോ, അടുത്തുകൂടെ സംഭ്രാന്തയായി ഉഴറിനടന്ന, രക്തത്തില്‍ കുളിച്ച ആ പെണ്‍കുട്ടിയെയോ അയാള്‍ കണ്ടതേയില്ല.

ഒരാഴ്ച്ച മുമ്പ് നഗരത്തില്‍, ഇസ്രയേല്‍ സേനയും ഹമാസ് പോരാളികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന ഷിജെയ്യാ പ്രദേശത്തെ കുടുംബവീട് ആക്രമണത്തിനിരയായി. ഹേലുവിന്റെ അച്ഛമ്മ ഏറ്റുമുട്ടലിനിടയില്‍പ്പെട്ടു കൊല്ലപ്പെട്ടു. ആ കുടുംബം ബീച്ച് കാംപിലേക്ക്മാറിപ്പോന്നു. മൂന്നാഴ്ച്ച നീണ്ട യുദ്ധം അവരെ അവിടെയും പിന്തുടര്‍ന്നെത്തി.

“എന്റെ പ്രിയപ്പെട്ട അച്ഛാ,” ഹേലുവിന്റെ സഹോദരന്‍, ചോരവാര്‍ന്ന് വിളറിയ ആ കാല്‍ക്കല്‍ നിന്നുകൊണ്ടു കരഞ്ഞു. “അങ്ങ്, അങ്ങയുടെ അമ്മയുടെ ഒപ്പം പോവുകയാണ്.”

നിമിഷങ്ങള്‍ക്ക് മുമ്പാണ് അവര്‍ രണ്ടുപേരും അച്ചന്റെ മൃതദേഹം ഒരു വെള്ളസഞ്ചിയിലാക്കാന്‍ നഴ്സുമാരെ സഹായിച്ചത്. മൃതദേഹത്തില്‍ നിന്നും ഒരു മാംസക്കഷ്ണം തറയില്‍ വീണു. അഹമദ് അത് പെറുക്കിയെടുത്ത്, സഞ്ചിതുറന്ന്, ശ്രദ്ധയോടെ ആ ശരീരത്തില്‍ ചേര്‍ത്തുവെച്ചു.

ആശുപത്രിയുടെ ശവമുറിയുടെ മുന്നില്‍, സലീഹ് എലെയാന്‍ ഒരു പടിയില്‍, തല കൈകളില്‍ താങ്ങി ഇരിക്കുന്നു. അയാളുടെ രണ്ടു മക്കളുടെ ചലനമറ്റ ശരീരങ്ങള്‍ അകത്തുണ്ട്. ഒരു ആശുപത്രി ജീവനക്കാരന്‍ പുറത്തുവന്നു. വെള്ളക്കടലാസില്‍ എഴുതിയ അവരുടെ പേരുകള്‍ അതുതന്നെ എന്നു ഉറപ്പാക്കാന്‍ അയാളോട് പറഞ്ഞു. നിശ്ശബ്ദമായ തേങ്ങലിനിടയില്‍ തന്റെ മോനെപ്പോലെ തോന്നിച്ച ഒരു കുട്ടിയെ എലെയാന്‍ ചേര്‍ത്തുപിടിച്ചു.ഒരു ആംബുലന്‍സ് പതുക്കെ ഉരുണ്ടുവന്നു. ബന്ധുക്കള്‍ ആരെങ്കിലുമുണ്ടോ എന്നറിയാന്‍ ചിലര്‍ എത്തിനോക്കി. ശവമുറിയില്‍നിന്നും ഒരു ആശുപത്രിജീവനക്കാരന്‍ കാലിയായ, രക്തം തളംകെട്ടിനില്‍ക്കുന്ന ഒരു ഉന്തുപലകയുമായി വന്നു.

“രക്തസാക്ഷികളുടെ ഈദ്,” ഒരാള്‍ ആക്രോശിച്ചു.

“ഇസ്രയേലികളെ ഞങ്ങള്‍ക്കിനി പേടിയില്ല,” മറ്റൊരാള്‍.

“അള്ളാ ഇതിന് പ്രതികാരം ചെയ്യട്ടെ,”കുറച്ചു നിമിഷങ്ങള്‍ക്കുശേഷം അവരെല്ലാവരും ചേര്‍ന്ന് പറഞ്ഞു.

വൈകീട്ട് 6:15-നു ബീച്ച് കാംപില്‍ സ്ഫോടനം നടന്ന തെരുവില്‍ നൂറുകണക്കിനാളുകള്‍ ഒത്തുകൂടി. ടാറിട്ട വഴിയില്‍ ചെറിയ ഗര്‍ത്തം. കെട്ടിടങ്ങളിലും വഴിയരികിലെ ഒരു മിത്സുബിഷി വണ്ടിയിലും ബെയ്സ്ബോള്‍ പന്തിന്റെ വലിപ്പത്തില്‍ വെടിച്ചില്ല് തുളകള്‍. രക്തക്കളത്തില്‍ കുട്ടികളുടെ രണ്ടു പൊട്ടിയ ചെരുപ്പുകള്‍.

പത്തു വയസ്സുകാരന്‍ യാഹ്യ അല്‍-ഡെര്‍ബി ആ സമയത്ത് കൂട്ടുകാരുമൊത്ത് ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. കുറെ കളിച്ചു തളര്‍ന്നപ്പോള്‍ അവന്‍ വീട്ടിലേക്ക് പോയി. ഷെല്‍ അല്ലെങ്കില്‍ റോക്കറ്റ് പതിച്ചപ്പോള്‍ മറ്റ് കുട്ടികള്‍ ഊഞ്ഞാലിലോ തെരുവിലോ ആയിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു.

“അവര്‍ മിക്കവരും എന്റെ സുഹൃത്തുക്കളായിരുന്നു,” ഡെര്‍ബി പറഞ്ഞു. അവന്റെ കൈകള്‍ അപ്പോഴും വിറക്കുന്നുണ്ടായിരുന്നു.

അവനത് പറഞ്ഞുകൊണ്ടിരിക്കവേ ഒരു സ്ത്രീ വന്നു. അവരുടെ നാത്തൂന്‍റെ മകന്‍, ഒസാമയെ തേടി വന്നതാണവര്‍. അവനും ഊഞ്ഞാലില്‍ കളിക്കുന്നുണ്ടായിരുന്നു എന്നവര്‍ പറഞ്ഞു. അവരുടെ കുടുബപ്പേര്‍ ചോദിച്ചപ്പോള്‍ അല്‍-ഹേലു ആണെന്നും പറഞ്ഞു. ഒസാമയുടെ മുത്തച്ഛന്‍-അഹമദിന്റെ അച്ഛന്‍-കൊല്ലപ്പെട്ടെന്ന് അവര്‍ക്കറിയില്ല. അതവരോടു പറയാനുള്ള ധൈര്യം ആര്‍ക്കുമില്ലായിരുന്നു.

വൈകീട്ട് 6:48-നു ബീച്ച് ക്യാമ്പിലെ ആളുകള്‍ 9 വയസ്സുകാരനായ മന്‍സൂര്‍ ഹജാജിന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക് നീങ്ങി. മൂന്നു ദിവസം മുമ്പ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായ ഒരു വീടിന്റെ മുന്നിലാണ് ശ്മശാനം. ശ്മശാനത്തിന്റെ ഒരു ഭാഗവും തകര്‍ന്നു.മതാചാരപ്രകാരം മന്‍സൂറിന്റെ ശരീരത്തെ കുളിപ്പിച്ചു വൃത്തിയാക്കി വെള്ളത്തുണിയില്‍ പൊതിഞ്ഞു. അവന്റെ അമ്മാവന്‍, ഒരു ഡോക്ടറാണ്, മൃതദേഹങ്ങള്‍ കണ്ടു ശീലിച്ചതാണ്. പക്ഷേ തന്റെ മരുമകന്റെ മൃതദേഹവും ചുമലിലേറ്റി നടന്നപ്പോള്‍ അയാള്‍ നിയന്ത്രണംവിട്ട് തേങ്ങിക്കൊണ്ടിരുന്നു.

ആ കുട്ടിയുടെ അച്ഛന്‍, റാമിയുടെ കാര്യം അതിലും കഷ്ടമാണ്. അടക്കിന് സഹായിക്കാന്‍ വരെ അയാള്‍ക്കാവുന്നില്ല. പക്ഷേ, അമ്മാവന്‍ അവന്റെ മൃതദേഹം അന്ത്യവിശ്രമത്തിനായി വെച്ചപ്പോള്‍ അയാള്‍ പൊട്ടിക്കരഞ്ഞു പറഞ്ഞു,”എനിക്കവനെ കാണണം.”

അമ്മാവന്‍ മന്‍സൂറിനെ പൊക്കിയെടുത്തു. ശവക്കച്ച അല്‍പ്പമൊന്നു നീക്കി. അവന്റെ കറുത്ത മുടിച്ചുരുളുകള്‍ പുറത്തേക്ക് തെളിഞ്ഞു. തന്റെ മകന്റെ നെറ്റിയില്‍ അയാള്‍ അവസാനമായി ഉമ്മവെച്ചു.

മന്‍സൂറിന് മേല്‍ മണ്ണുവീഴാന്‍ തുടങ്ങി. “അള്ളാ ഇതിന് പ്രതികാരം ചെയ്യട്ടെ,” കൂടിനിന്നവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

ഇരുട്ടായി. 7;30ആയി. ആളുകള്‍ ശ്മശാനത്തില്‍നിന്നും പതുക്കെ പിരിയുകയാണ്.

“ഈദിന് സന്തോഷം ഓടിപ്പിടിക്കാന്‍ പിറകെ പോയതാണവന്‍,” സ്വര്‍ഗത്തോടെന്നപോലെ ആകാശത്തേക്ക് കണ്ണുനട്ട് റാമി ഹജാജ് പറഞ്ഞു.

“അവനൊരു കൊച്ചുകുട്ടിയായിരുന്നു.”


Next Story

Related Stories