TopTop
Begin typing your search above and press return to search.

ശരിയാണ്. നരകം!

ശരിയാണ്. നരകം!

വില്ല്യം ബൂത്ത്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഗാസയില്‍ ഞാനിതു ആദ്യത്തെ തവണയല്ല, പക്ഷേ ഒരു സൈനികാക്രമണത്തിനിടയില്‍ ആദ്യമാണ്. അതെന്നെ വല്ലാതെ കുഴപ്പിക്കുന്നുണ്ട്.

വണ്ടിയോടിച്ച് പോകുംവഴിക്ക് ഗാസയിലെ തീവ്രവാദികള്‍ പനകള്‍ക്കിടയിലും, നാരങ്ങാപ്പാടത്തു നിന്നും റോക്കറ്റുകള്‍ തൊടുക്കുന്നു. “ഓ,നോക്കൂ,മറ്റൊരെണ്ണം,”എന്നു നിങ്ങള്‍ കരുതും. കാറില്‍ നിന്നും പുറത്തിറങ്ങി റോക്കറ്റിന്റെ പുകവാലിന്റെ ചിത്രമെടുക്കാന്‍ ഐ-ഫോണ്‍ കയ്യിലെടുക്കും. പിന്നെ ഇടിയും മിന്നലും വരുമ്പോള്‍ ദൂരമളക്കാന്‍ എണ്ണുന്നപോലെ എണ്ണും. പക്ഷേ ഒരു വ്യത്യാസം. ഇവിടെ നിങ്ങള്‍ എണ്ണുന്നത് റോക്കറ്റിനെ ഇസ്രയേലിന്റെ അയണ്‍ ഡോം ( വെള്ളപ്പുകയോടെയുള്ള ഒരു പതിഞ്ഞ ശബ്ദം) തകര്‍ത്തോ, അതോ ഗാസ അതിര്‍ത്തിയിലെ സ്ദെരോത്തില്‍ പതിച്ചോ അല്ലെങ്കില്‍ കേള്‍ക്കാനാവാത്ത അത്രയും ദൂരത്ത് ചെന്നുവീണോ എന്നതാണ്.

അപ്പോള്‍ ഞങ്ങളുടെ പോലീസ് സ്കാനറുകള്‍ ശബ്ദിച്ചു. എന്റെ പലസ്തീന്‍ സഹായി ഇസ്ലാം അബ്ദുള്‍ കരീം പറഞ്ഞു,“ജെറുസലേമിലെ സൈറണുകളാണ്.” ഞാന്‍ അവിടെ വീട്ടിലുള്ള എന്റെ ഭാര്യയെ ഫോണ്‍ ചെയ്തു. “അതേ, രണ്ടു വലിയ സ്ഫോടനം ഞങ്ങളും കേട്ടു,” അവള്‍ പറഞ്ഞു.മനസ്സില്‍ തട്ടുന്ന ദൃശ്യങ്ങളാണെല്ലാം. കുറച്ചുമണിക്കൂറുകള്‍ മുമ്പ് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്ന മഗാസിയിലെ ഒരു അഭയാര്‍ത്ഥി താവളത്തിലെ ഒരു വീട്ടില്‍ ഞങ്ങളെത്തി. ആക്രമണം അതിജീവിച്ച ഒരു നവാസ്രാ കുടുംബത്തോട് അഭിമുഖം നടത്തുന്നതിനിടയില്‍ വീട്ടിലെ ഒരാള്‍ ഒരു ചെറിയ പ്ലാസ്സ്റ്റിക് സഞ്ചി തുറന്നു. ഒരു കുഞ്ഞുവിരല്‍.

ഞാന്‍ പക്ഷേ ഞെട്ടിയില്ല. കാരണം അന്നേ ദിവസം രണ്ടാംതവണയാണ് ആരെങ്കിലും എന്നെ ഇതുപോലൊന്ന് കാണിക്കുന്നത്. വ്യോമാക്രമണങ്ങള്‍ക്കുശേഷം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടവരെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും തപ്പിയെടുക്കും. പലപ്പോഴും മരിച്ചവര്‍ ചിതറിപ്പോയിരിക്കും. അപ്പോ, ശവസംസ്കാരത്തിന് വേണ്ടി ബാക്കിവന്ന എന്തെങ്കിലും പെറുക്കിയെടുക്കും. ഈ ഒരു വിരല്‍ത്തുമ്പ് പോലെ.

നവാസ്രാ കുടുംബം ഭീകരവാദികളാണോ? സത്യമായും എനിക്കറിയില്ല. ഞങ്ങളെപ്പോഴും ചോദിക്കും,“നിങ്ങള്‍ ചെറുത്തുനില്‍പ്പിലാണോ? നിങ്ങള്‍ ഹമാസാണോ” മിക്കപ്പോഴും അവര്‍ അല്ലെന്ന് പറയും. പക്ഷേ ചിലപ്പോഴൊക്കെ ഒരയല്‍ക്കാരന്‍,അല്ലെങ്കില്‍ ആള്‍ക്കൂട്ടത്തിലൊരാള്‍ നമ്മളോട് പറയും, ആ വീട്ടില്‍ താമസിച്ചിരുന്ന ആരെങ്കിലും ഒരാള്‍ ഹമാസുകാരനായിരുന്നിരിക്കാം എന്ന്.ശബ്ദഘോഷങ്ങളുടെ ഒരു സേനാദൌത്യം കൂടിയാണിത്. ശീല്‍ക്കാരങ്ങള്‍, ഹുങ്കാരങ്ങള്‍ , വന്‍സ്ഫോടനങ്ങള്‍, ജനാലകളുടെ വിറയലുകള്‍, പിന്നെ നിങ്ങളുടെ പല്ലുകള്‍ക്കിടയില്‍ അനുഭവപ്പെടുന്ന പൊട്ടിത്തെറികള്‍. പക്ഷേഎല്ലായ്പ്പോഴുമുള്ളത് ഒരു മൂളലാണ്. ഒരു ചെറിയ മുറിയിലെ കൊതുകകളെപ്പോലെ. ഇസ്രയേലിന്റെ ആളില്ലാ വിമാനങ്ങളാണ്അവ.

ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികള്‍ മിടുക്കാരാണ്. ഞാനിത് ആദ്യം വിശ്വസിച്ചില്ല. പക്ഷേ അത് സത്യമാണ്. ബെയ്റ്റ് ഹാനോനില്‍ ഞങ്ങള്‍ ഒരുകൂട്ടം ആളുകള്‍ക്കൊപ്പമായിരുന്നു. ഇസ്രയേല്‍ സൈന്യം “വാതിലിലെ മുട്ടല്‍’ എന്നു വിളിക്കുന്ന, ഉള്ളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ സൂചന നല്‍കുന്ന, അത്ര വിനാശകാരിയല്ലാത്ത ഒരു മിസൈല്‍ പതിച്ച ആ തെരുവിലെ വീടിനെ നോക്കിനില്‍ക്കുകയായിരുന്നു ഞങ്ങളെല്ലാവരും. മറ്റൊരു കൂറ്റന്‍ മിസൈല്‍വന്നു ആ വീട് തകര്‍ക്കുന്നതിന്റെ ചിത്രമെടുക്കാന്‍ ഞങ്ങളെല്ലാം മൊബൈല്‍ഫോണുമായി തയ്യാറെടുത്തു.

പെട്ടെന്ന്, ഞങ്ങള്‍ക്ക് പിന്നില്‍, ഒരുപക്ഷേ ഒരു കിലോമീറ്റര്‍ അകലെ തിടുക്കം പിടിച്ച ഓട്ടത്തിന്റെ പോലൊരു ശബ്ദം ഞാന്‍ കേട്ടു: ഞാന്‍ ചെവി വട്ടംപിടിച്ചു.

റോക്കറ്റ്. വളരെയടുത്ത്. ഒരു കുട്ടി എന്നോട് പറഞ്ഞു: “ഗ്രാഡ്”. ഞാനെന്റെ നോട്ടുബുക്കില്‍ കുറിച്ചിട്ടു. അവന് ഏതാണ്ട് 8 വയസ്സു പ്രായം കാണും.

ഒരു വൈകുന്നേരം, സംഘര്‍ഷത്തിനും, ചൂടിനും അപ്പുറത്ത്, റമദാന്‍ നോമ്പു നോല്‍ക്കുന്ന ഒരുകൂട്ടം മധ്യവയസ്കരുമായി ഞങ്ങള്‍ സംസാരിക്കുകയായിരുന്നു. ഈ യുദ്ധം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പേരില്‍ വിളിക്കുന്ന ഈ സംഭവം നീണ്ടുനില്‍ക്കുമെന്ന് കരുതുന്നുണ്ടോ എന്നു ഞാന്‍ അവരോടു ചോദിച്ചു.

“ആരാണതിനെക്കുറിച്ച് വേവലാതിപ്പെടുന്നത്?”, ഇപ്പോള്‍ തൊഴില്‍രഹിതനായ അബു അഹമ്മദ്,46, പറഞ്ഞു. എന്താണുദ്ദേശിച്ചതെന്ന് ഞാന്‍ വീണ്ടും ചോദിച്ചു. “ഞങ്ങള്‍ നരകത്തിലാണ് കഴിഞ്ഞിരുന്നത്. ഇനിയും നരകത്തിലായിരിക്കും കഴിയാന്‍ പോകുന്നത്,” അയാള്‍ പറഞ്ഞു. ഉറക്കംതൂങ്ങിയ കണ്ണുകളുമായി ചൂട് പൊതിഞ്ഞുനിന്ന അകലങ്ങളിലേക്ക് നോക്കി മറ്റുള്ളവര്‍ അത് സമ്മതിച്ചു.

ശരിയാണ്. നരകം!ഗാസ ഒരു പുതിയ ഇടമാണ്. സാധാരണ ഓടിക്കളിക്കുന്ന കുട്ടികളാണ് ഇവിടെ നിറയെ. പക്ഷേ ഇപ്പോള്‍ അത്രയേറെയില്ല. പകല്‍സമയത്ത് കുറച്ചു പുരുഷന്മാരെ പള്ളികളിലും അങ്ങാടിയിലും കാണാം; എന്നാല്‍ സ്ത്രീകള്‍ വിരളം. അവരെല്ലാം കാറ്റുകടക്കാത്ത കെട്ടിടങ്ങളിലെ അവരവരുടെ വീടുകളില്‍ ചൂളിപ്പിടിച്ചിരിക്കുകയാണ്; പങ്കകള്‍ തിരിക്കാനായി പ്രതിദിനമുള്ള 6 മണിക്കൂര്‍ വൈദ്യുതിയും കാത്ത്.

വ്യോമാക്രമണത്തിന്റെ നേരത്ത് പലസ്തീന്‍കാര്‍ എന്തുചെയ്യുമെന്ന് വാഷിംഗ്ടണിലെ എന്റെയൊരു സഹപ്രവര്‍ത്തകന്‍ എന്നോടു ചോദിച്ചു. അവര്‍ ബോംബ് പ്രതിരോധ അറകളിലൊളിക്കുമോ? ഞാന്‍ ഇതിനെക്കുറിച്ച് ആലോചിച്ചു. അതൊരു മണ്ടന്‍ ചോദ്യമല്ല. ഇവിടെ സുരക്ഷിത കേന്ദ്രങ്ങളും,മുന്നറിപ്പിനായി കാഹളങ്ങളുമില്ല. പലസ്തീന്‍കാര്‍ വാസ്തവത്തില്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ നിശ്ശബ്ദമായ നിലവിളികളുമായി പായുന്നത് അതിനുശേഷമാണ്.


Next Story

Related Stories