TopTop
Begin typing your search above and press return to search.

'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...'; ദേവരാജ സംഗീതത്തിലൂടെ

വി കെ അജിത്‌ കുമാര്‍

‘തുഞ്ചന്‍ പറമ്പിലെ തത്തേ വരൂ..
പഞ്ചവര്‍ണ്ണക്കിളി തത്തേ...’

പാട്ടുകള്‍ ഞരമ്പിലോടുന്ന രക്തം പോലെയാണെന്ന തിരിച്ചറിവാണ് ദേവരാജ സംഗിതം കേട്ടു തുടങ്ങിയ നാളുകളില്‍ തോന്നിയത്....നാട് ചുവന്നു തുടങ്ങിയ ഒരു പ്രോലിട്ടേറിയന്‍ കാലത്തായിരുന്നു ദേവരാജന്‍ മാഷ് പാട്ട് പെട്ടിയുമായി ‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെയെന്ന്,,,’ ഉറക്കെപ്പാടാന്‍ പഠിപ്പിച്ചത്. കെ പി എ സി എന്ന നാടക സമിതിയില്‍ തോപ്പില്‍ ഭാസി, ഓ എന്‍ വി, കാമ്പിശ്ശേരി, ജനാര്‍ദ്ദനക്കുറുപ്പ് തുടങ്ങിയ മഹാരഥന്മാര്‍ നിറഞ്ഞാടിയ കാലമായിരുന്നുവതെന്നും കേട്ടിട്ടുണ്ട്. കലയും സമൂഹവും മാറ്റിനിര്‍ത്തപ്പെടേണ്ട ധ്രുവങ്ങളല്ലെന്നും ഒരുമിച്ചൊഴുകേണ്ട ധാരകളാണെന്നും ശക്തമായി വാദിച്ചവര്‍ക്കൊപ്പം നില്‍ക്കുമ്പോഴും ഉത്കൃഷ്ട സംഗിതത്തിന്‍റെ കൈയ്യൊപ്പ്‌ മായ്ക്കാതെ എങ്ങനെ ജനകീയമാക്കാം എന്ന മാഷിന്‍റെ കണ്ടെത്തലാണ് കെ പി എ സി ഗാനങ്ങളെ ഇന്നും ആസ്വാദനപക്ഷത്ത് നിര്‍ത്തുന്നത്.ക്ലാസിക്കല്‍ ശാഖയുടെ ശക്തനായ വക്താവാകുകയും കര്‍ക്കശക്കാരനായ കമ്പോസറായി നിലനില്‍ക്കുകയും ചെയ്ത ദേവരാജന്‍ മാഷിനെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്.

മാഷിന്‍റെ സംഗിതചരിത്രം തിരയുമ്പോള്‍ എത്തുന്നത് പിതാവായ എന്‍ കൊച്ചുഗോവിന്ദന്‍ ആശാനിലാണ്. പാട്ടുകാരനും മൃദംഗ വാദകനുമായിരുന്ന ആ ആദ്യഗുരുവില്‍ നിന്നും തുടങ്ങിയ അദ്ദേഹത്തിന്‍റെ സംഗീതയാത്ര പ്രശസ്തനായ ജി എന്‍ ബി എന്നറിയപ്പെടുന്ന ജി എന്‍ ബാലസുബ്രഹ്മണ്യം ശൈലിയായിരുന്നുവെന്നതും തിരിച്ചറിയപ്പെട്ട സത്യം.ചില പാട്ടനുഭവങ്ങളിലൂടെ മാത്രം കടന്നുപോകാം... അത് ബാബുരാജിന്‍റെയും പി ഭാസ്കരന്‍ മാഷിന്‍റെയും ലാളിത്യമില്ലാത്തതായിരുന്നു. എം എസ് വി യുടെ ആലാപന ഗരിമയില്‍ എത്തുന്നതുമല്ല. എന്നാല്‍ സിനിമാ ഗാനശാഖയില്‍ മലയാളത്തിന്‍റേത് മാത്രമായ, കുറെക്കൂടി വ്യക്തമാക്കിയാല്‍, ദേവരാജന്‍ മാഷിന്‍റേത് മാത്രമായ ഒരു രൂപമാതൃക സൃഷ്ടിച്ചെടുക്കുകയായിരുന്നു അദ്ദേഹം. വയലാര്‍ രാമവര്‍മ്മയെന്ന സമാനഹൃദയനായ കവിയും യേശുദാസ്‌ എന്ന ഇഷ്ടഗായകനും ദേവരാജന്‍ മാഷിന്‍റെ ഹൃദയ താളം ഏറ്റുവാങ്ങുകയായിരുന്നു.

‘ചക്രവര്‍ത്തിനി നിനക്ക് ഞാനെന്‍റെ ശില്‍പ്പഗോപുരം തുറന്നെന്ന്’ പാടിയപ്പോള്‍ മലയാളിക്ക് മുന്‍പില്‍ അത് താനേ തുറന്നു വരുന്നതായി തന്നെ തോന്നി. ദേവരാജ സംഗിതത്തിന്‍റെ മാസ്മരികതയില്‍ വിരിഞ്ഞ പാട്ടുകള്‍ ഇനിയുമുണ്ട് ‘സംഗമവും..’ .’.സാമ്യമകൊന്നോരുദ്യാനവും..’കടന്നു പോകുന്ന അര്‍ദ്ധ ശാസ്ത്രീയ ഗാനങ്ങള്‍ 'നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും ...’ ‘പദ്മതീര്‍ത്ഥമേ ഉണരൂ...’എന്ന ഗാനങ്ങളിലൂടെയൊക്കെ യേശുദാസ് എന്ന ഗായകനെ ശരിക്കും മലയാളത്തിന്‍റെ സിനിമാ ഗാനശാഖയില്‍ പ്രതിഷ്ഠിക്കുക കൂടിയായിരുന്നു. ആ ശ്രേണിയില്‍ വിരിഞ്ഞ ‘മന്ദാകിനി.. ഗാനമന്ദാകിനി...’ എത്ര കേട്ടാലും മതിവരാതെ നില്‍ക്കുകയും ചെയ്യുന്നു.

‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ..’യെന്ന മനോഹരഗാനം മാഷ് ജയചന്ദ്രന്‍ എന്ന ഗായകന് നല്‍കിയ സമ്മാനമായിരുന്നു. ഒരു പക്ഷെ മറ്റൊരു ശബ്ദത്തിനും ആ പാട്ടിന്‍റെ സൌന്ദര്യം ഇത്രമാത്രം പകര്‍ന്നു തരാന്‍ സാധിക്കുകയില്ല എന്ന് അദ്ദേഹം മനസിലാക്കിയിരിക്കാം. ഇതേ അപൂര്‍വ്വതയാണ് മാധുരിയെന്ന ഇഷ്ടഗായികയിലൂടെ ലഭിച്ച ഗുരുവായൂര്‍ കേശവനിലെ ‘ഇന്നെനിക്കു പൊട്ടുകുത്താന്‍' എന്ന ഗാനം.നാട്ടുപാട്ടുകാരനെ വിപ്ലവ സംഗിതത്തിന്‍റെ ആശയധാരയില്‍ കുരുക്കിയിടുമ്പോള്‍ തന്നെയാണ് പ്രശസ്തമായ ‘ഹരിവരാസനം’ എന്ന ഉറക്കുപാട്ടിനും ഇനിയൊരിക്കലും ആരാലും മായ്ക്കാന്‍ കഴിയാത്തൊരീണം പകര്‍ന്നു നല്‍കിയത്. ‘ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും’ എന്ന ഗാനം പാടി മതത്തിന്‍റെയും വിലക്കിന്‍റെയും ലോകം കടന്നു നടതേടി ചെല്ലണമെന്ന മോഹം പോലും യേശുദാസ് എന്ന ഗായകനില്‍ ഉണര്‍ത്താന്‍ തക്കതായിരുന്നു ആ സംഗിതത്തിന്‍റെ ശക്തി.

കാലം കടന്നു പോയപ്പോള്‍ കാമ്പസിന്‍റെ ഏകാന്തതയില്‍ കേട്ട ‘ഹിമശൈലസൈകത ഭുമിയില്‍ നിന്നൊരു..പ്രണയപ്രവാഹമായി’ ദേവരാജസംഗിതത്തിന്‍റെ കാതര ഭാവം നിറയുകയും ഒടുവില്‍ ഓരോ നിരാശനായ കാമുകനും ഒരിക്കലെങ്കിലും ചുണ്ടിലേറ്റു പാടിയ 'സന്യാസിനി'യും നിത്യതയിലേക്കുള്ള ദേവരാജന്‍ മാഷിന്‍റെ ഗാന ശില്പ്പങ്ങളായി നിലനില്‍ക്കുന്നു. അതി വിസ്മയത്തോടെ കേട്ട മറ്റൊരു ഗാനം വെള്ളം എന്ന സിനിമയില്‍ നിന്നുള്ള 'സൗരയൂഥ പഥ'ത്തിലെന്നോ വിരിഞ്ഞ സംഗമപ്പൂവിനെപ്പറ്റിയുള്ളതായിരുന്നു.....

പുതിയ കാലത്തേക്കുള്ള ചുവടു വയ്പ്പില്‍ കളം വിടും മുന്‍പ് ‘അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി...’ എന്ന് മന്ദ്ര മധുരമായി പാടി തന്നപ്പോള്‍ ഒരിക്കലും മറയാത്ത ഒരു യൌവനം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹത്തിലെ സംഗിതം. ഒരു മാത്ര വെറുതെ നിനച്ചുപോകുന്നു... സംഗിതത്തിന്‍റെ മാസ്മരിക ഭാവം സൃഷ്ടിച്ച മഹാനുഭാവന്മാര്‍ അരികില്‍ ഉണ്ടായിരുന്നുവെങ്കിലെന്ന്‍.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories