TopTop
Begin typing your search above and press return to search.

സി.കെ ജാനു, ദളിത് രാഷ്ട്രീയം, ഉന, ഭൂപരിഷ്കരണം... ഗീതാനന്ദന്‍ സംസാരിക്കുന്നു

സി.കെ ജാനു, ദളിത് രാഷ്ട്രീയം, ഉന, ഭൂപരിഷ്കരണം... ഗീതാനന്ദന്‍ സംസാരിക്കുന്നു

ഗീതാനന്ദന്‍ / ഡി. ധനസുമോദ്

കേരളത്തിലെ പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പേരുകളിലൊന്നാണ് ആദിവാസി ഗോത്രമഹാ സഭ നേതാവായ എം. ഗീതാനന്ദന്‍. മുത്തങ്ങ പ്രക്ഷോഭം മുതല്‍ ആദിവാസി മുന്നേറ്റത്തിന്റെ അലകും പിടിയും രൂപീകരിക്കുന്നതിലും ഈ മുന്നേറ്റങ്ങള്‍ക്ക് പ്രത്യയശാസ്ത്ര അടിത്തറ ഒരുക്കുന്നതിലും സി.കെ ജാനുവിനൊപ്പം ചേര്‍ന്ന് ഗീതാനന്ദന്‍ വഹിച്ച പങ്ക് വലുതാണ്. കേരളത്തിലെ ദളിത്, ആദിവാസി പോരാട്ടങ്ങള്‍ ഏത് ദിശയിലാണ്, ദേശീയ തലത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദളിത് മുന്നേറ്റത്തെ ഏത് രീതിയില്‍ കാണുന്നു, എന്‍.ഡി.എയുടെ ഭാഗമായി മാറിയ സി.കെ ജാനുവിനെ എങ്ങനെ കാണുന്നു? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. ധനസുമോദുമായി ഗീതാനന്ദന്‍ സംസാരിക്കുന്നു.

ധനസുമോദ്: വലിയ തരത്തിലുള്ള ഒരു പ്രക്ഷോഭമാണ് ഗുജറാത്തിലെ ഉനയില്‍ ഉണ്ടായിരിക്കുന്നത്. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഗീതാനന്ദന്‍: ഉന സംഭവത്തിന് ശേഷമുണ്ടായിരിക്കുന്ന വലിയൊരു പൊട്ടിപ്പുറപ്പെടല്‍ ഒരുപക്ഷേ ഡോ. അംബേദ്കറുടെ കാലത്തിന് ശേഷമുണ്ടായിട്ടുള്ള ഏറ്റവും വലിയൊരു മൂവ്‌മെന്റായി വ്യാഖ്യാനിക്കാവുന്നതാണ്. ഉന സംഭവം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. വളരെ ആവര്‍ത്തിച്ച് സമാനമായ നിലയില്‍ ദളിത് അതിക്രമങ്ങള്‍... ഗുജറാത്ത് അതിന്റെ ഒരു കേന്ദ്രമായിരിക്കാം... ജാതി മേധാവിത്വം, ജാതിവ്യവസ്ഥ അതിശക്തമായി നിലനില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും, അത് ബീഹാര്‍ ആണെങ്കിലും ഹരിയാനയാണെങ്കിലും രാജസ്ഥാന്‍ ആണെങ്കിലും മധ്യപ്രദേശ് ആണെങ്കിലും തമിഴ്‌നാട്ടിലുമെല്ലാം, വളരെ ശക്തമായി ജാതിയുടെ പേരിലുള്ള അതിക്രമങ്ങള്‍ രൂപപ്പെട്ടുവരികയും അതിന് ഒരു പരിധിവരെ ഭരണകൂട പിന്തുണ കിട്ടുകയും ചെയ്തുവെന്നതാണ് മോദിരാജിന് ശേഷമുണ്ടായ ഒരു പ്രവണത. ആ പ്രവണതയില്‍ നിന്നുണ്ടായിട്ടുള്ള പ്രതികരണമാണ് ഉന സംഭവത്തിനു ശേഷം ജിഗ്നേഷിന്റെയൊക്കെ നേതൃത്വത്തിലുണ്ടായിട്ടുള്ള ദളിത് പൊട്ടിപ്പുറപ്പെടലെന്നുവേണം മനസ്സിലാക്കാന്‍. രണ്ടാമത്തേത്, ഇത് ഡോക്ടര്‍ അംബേദ്കറിന് ശേഷമുണ്ടായിട്ടുള്ള ഏറ്റവും വലിയ മൂവ്‌മെന്റാണെന്ന് പറയാന്‍ കാരണമുണ്ട്. കഴിഞ്ഞ കുറേ ദശകങ്ങളായി ഇന്ത്യയുടെ പല ഭാഗത്തും രാഷ്ട്രീയ അധികാരത്തിനുവേണ്ടി, അധികാരത്തിനുള്ള പങ്കാളിത്തത്തിനുവേണ്ടി ബി.എസ്.പി ഉള്‍പ്പെടെയുള്ള പൊട്ടിപ്പുറപ്പെടല്‍ പ്രസ്ഥാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ജാതി അടിച്ചേല്‍പ്പിച്ച കുലത്തൊഴിലുകള്‍ കയ്യൊഴിയുകയെന്നു പറയുന്ന സ്വാഭിമാന പ്രക്ഷോഭത്തിന്റെ രൂപമാണിത്. ഇനിമേല്‍ ഞങ്ങള്‍ ഈ തൊഴിലുകള്‍ - ചത്തപശുവിനെ കുഴിച്ചിടുന്ന തൊഴില്‍ - ചെയ്യാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നുള്ള വലിയൊരു പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

ധന : പശുവിന്‍റെ തോല്‍ ഉരിയുന്ന ജാതി തൊഴില്‍ അവര്‍ ഉപേക്ഷിച്ചത് വിപ്ലവകരമായ തീരുമാനം അല്ലേ ?

ഗീത : ജാതിത്തൊഴിലുകള്‍ എങ്ങനെയുണ്ടായിയെന്നുള്ള ചരിത്രപശ്ചാത്തലം നമുക്ക് എല്ലാവര്‍ക്കും അറിയാം. ഇന്ത്യയില്‍ രൂപപ്പെട്ട അതികര്‍ക്കശമായ ജാതിവ്യവസ്ഥ... അത് ഇന്ന ഇന്ന വിഭാഗം ഇന്നയിന്ന കുലത്തൊഴില്‍ ചെയ്യണം എന്ന് നിര്‍ബന്ധിതമാക്കുക... അത് ഇവിടുത്തെ ഒരു സാംസ്‌കാരിക, രാഷ്ട്രീയ രൂപമായി സ്ഥാപിതമായി. അത് സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു ദുരാചാരമാണ്. ഈ ദുരാചാരത്തിന്റെ ഭാഗമായാണ് പല സംസ്ഥാനങ്ങളിലും ദളിതുകള്‍ ഏറ്റവും മ്ലേച്ഛമായ തൊഴിലുകളില്‍ - തോട്ടി സംവിധാനം അല്ലെങ്കില്‍ ചത്ത പശുവിനെ കുഴിച്ചിടുക, ചത്ത പശുവിന്റെ തൊലിയുരിക്കുന്നത് വിശുദ്ധമാണെന്ന വ്യാഖ്യാനങ്ങള്‍ വരിക - എത്തപ്പെട്ടത്. അത് മാറേണ്ടതുണ്ട്. അതായത് തോട്ടിസമ്പ്രദായം നിരോധിതമായ ഇന്ത്യയിലുള്ള ഒരുലക്ഷത്തി എണ്‍പതിനായിരം ആളുകള്‍ തോട്ടിപ്പണി ചെയ്യുന്നുവെന്ന വല്ലാത്തൊരവസ്ഥയുണ്ട്. അത് തോട്ടി ജോലിയുടെ അവസ്ഥയിലല്ലെങ്കിലും പ്രാദേശിക ഭരണകൂടങ്ങളെല്ലാം തന്നെ ദളിത് വിഭാഗങ്ങളെ പോലുള്ള പാര്‍ശ്വവത്കൃത വിഭാഗങ്ങളെ ഇതില്‍ വീണ്ടും വീണ്ടും എത്തിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അപ്പോള്‍ ജാതിയുടെ ഒരു നിലനില്‍പ്പ് തന്നെ, വളരെ പ്രാചീനമായി തുടരുന്ന ഈ കുലത്തൊഴിലുകള്‍ ഇന്ത്യന്‍ ജാതിവ്യവസ്ഥയില്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുവെന്ന ഒരു വസ്തുതയുണ്ട്. പിന്നെ ഈ പുതിയ കൊളോണിയല്‍ കാലഘട്ടത്തില്‍... അതായത് ഗ്ലോബലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നു പറയപ്പെടുന്ന ഈ കാലഘട്ടത്തിലും ഇത് തുടരുന്നു. അതിനെതിരെ ഒരു കലാപം പൊട്ടിപ്പുറപ്പെടേണ്ടതുണ്ട്.

ധന : പട്ടേല്‍ , ഗുജ്ജര്‍ തുടങ്ങിയ താരതമ്യേന ശേഷിയുള്ള വിഭാഗങ്ങള്‍ സംവരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ആണല്ലോ , ദളിത്‌ വിഭാഗത്തില്‍ നിന്നും നിലവിലെ സംവരണം സംരക്ഷിക്കാന്‍ പോലും കൂട്ടായ സമരം ഉനയ്ക്ക് മുന്‍പ് കണ്ടില്ല.

ഗീത : 90-കള്‍ക്കുശേഷം ഇന്ത്യയില്‍ ജാതി രൂപങ്ങള്‍ അതായത് ബഹുജന്‍ സമാജിന്റെ പേരിലായാലും വി.പി.സിംഗിന്റെ ഭരണത്തിന് ശേഷമുണ്ടായ ബഹുജന്‍ മൂവ്‌മെന്റിന് രാഷ്ട്രീയാധികാരത്തില്‍ പങ്കുവേണമെന്നു പറയുന്ന മൂവ്‌മെന്റുകളൊക്കെ ഉണ്ടായപ്പോഴും മറ്റൊരര്‍ത്ഥത്തില്‍ ഇതിനൊരു കോണ്‍ട്രാക്ഷന്‍ ഉണ്ടായിട്ടുണ്ടെന്നുള്ളത് നമ്മള്‍ മനസ്സിലാക്കണം. നിയോ-ഗ്ലോബല്‍ കാലഘട്ടത്തില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് സമ്പന്ന, സവര്‍ണ്ണ സമൂഹങ്ങള്‍ അധികാരത്തിലേക്ക് വീണ്ടും വീണ്ടും എത്തിക്കൊണ്ടിരിക്കുന്നത്. സിംഗിന്റെ കാലത്തിനുശേഷം നരേന്ദ്ര മോദിയുടെ കാലത്തിലേക്ക് എത്തുമ്പോഴേക്കും ഈ പറയുന്ന സാമുദായിക രാഷ്ട്രീയത്തെ ഫലപ്രദമായി സ്ഥാപിതതാല്‍പ്പര്യക്കാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുവെന്നുള്ളതാണ്. പട്ടേല്‍ പ്രക്ഷോഭങ്ങള്‍ മാത്രമല്ല; പട്ടേല്‍ വിഭാഗത്തിന്റെ ഒരു ശേഷിയെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. വ്യാപാരത്തിന്റെ മേഖലയിലായാലും ഭൂമിയുടെ മേഖലയിലായാലും വലിയ സ്വാധീനമുള്ള ഒരു സമുദായമാണ്. വിദ്യാഭ്യാസത്തെക്കുറിച്ച് അവര്‍ കാര്യമായി ആലോചിച്ചിരുന്നവരല്ല. എങ്കിലും മോദിയുടെ ഭരണപരിഷ്‌ക്കാരമുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് രാജ് വന്നതിനുശേഷം ആ കമ്മ്യൂണിറ്റിക്കുണ്ടാക്കിയിരിക്കുന്ന ഒരു ആഘാതമാണ് അവര്‍ ഉണരുന്നതിന് കാരണമാക്കിയത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇവിടെ പട്ടേലാണെങ്കില്‍ ചില സ്ഥലങ്ങളില്‍ ഗുജ്ജാറാണ്. ചിലയിടത്ത് ജാട്ടുകളാണ്. ആന്ധ്രയിലാണെങ്കില്‍ കാപ്പുകളാണ്. അങ്ങനെയങ്ങനെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സമ്പന്നരും ജാതീയമായി ഉച്ചനീചത്വങ്ങള്‍ വച്ചുപുലര്‍ത്തുന്ന വിഭാഗങ്ങള്‍ കൂടുതല്‍ രാഷ്ട്രീയമായി പിടിമുറുക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ്. അത് ഒരു പക്ഷേ മോദിയുടെ ഭരണത്തിനുപോലും വെല്ലുവിളിയായേക്കാവുന്ന ഒരു സാഹചര്യമുണ്ട്. ഇതിന്റെയെല്ലാം തന്നെ ഭാരം പേറേണ്ടിവരുന്നവര്‍ ദളിത് വിഭാഗങ്ങളാണ്. അവര്‍ രാഷ്ട്രീയമായി സംഘടിതരല്ല. മായാവതിയെപ്പോലുള്ള പ്രസ്ഥാനങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ആ പരീക്ഷണങ്ങള്‍ ദളിത് വിഭാഗങ്ങളെ രാഷ്ട്രീയ സാമൂഹിക ശക്തികളാക്കി മാറ്റുന്നതില്‍ എത്രത്തോളം ഫലപ്രദമായിരുന്നുവെന്നത് സംശയാസ്പദമാണ്. അതാണ്, ഡോക്ടര്‍ അംബേദ്ക്കര്‍ക്ക് ശേഷം ഒരിക്കലും ബി.എസ്.പി പോലും, ഉന്നയിക്കാത്ത വിഷയമാണ് ജാതീയമായി അടിച്ചേല്‍പ്പിക്കപ്പെട്ട കുലത്തൊഴിലുകള്‍ വലിച്ചെറിയുകയെന്നത്. അത് ജാതീയമായ സ്വാഭീമാനത്തിന്റെ ഭാഗമായി വരുന്നുവെന്നത് മാത്രമല്ല, അന്തസ്സായി ജീവിക്കാനുള്ള ഉപജീവനോപാധി തരണമെന്നാണവര്‍ ആവശ്യപ്പെടുന്നത്. അതാണ് ഇപ്പോള്‍ അഞ്ചേക്കര്‍ ഭൂമി ചോദിച്ചത്.

ധന: ദളിത് മുന്നേറ്റങ്ങള്‍ പലപ്പോഴും വലിയൊരു മുന്നേറ്റമുണ്ടാക്കുന്നു. പിന്നെ അതില്ലാതാകുന്നു. ഇവരില്‍ പലരും തന്നെ ബിജെപിയുടെ ഭാഗമാകുന്നു. ഇപ്പോള്‍ ബിഎസ്പിക്ക് ഒരു സീറ്റുപോലും ലോകസഭയിലേക്ക് വിജയിക്കാനായില്ല. വിരുദ്ധ ശക്തികളോട് ദളിതര്‍ സമരസപ്പെടുന്നതുകൊണ്ടാണോ ഇത് സംഭവിക്കുന്നത്?

ഗീതാ: ഒരര്‍ത്ഥത്തില്‍ അങ്ങനെ വേണമെങ്കില്‍ പറയാം. ജാതി സമവാക്യങ്ങളെ ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ എഞ്ചിനീയറിംഗ് മെത്തഡോളജിയാണ് കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്നത്. കാന്‍ഷിറാമൊക്കെ ഇത് ആഗ്രഹിച്ചിരുന്നുവെങ്കിലും അവര്‍ തൊടുത്തുവിട്ട ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഐക്യത്തിലൂടെയുണ്ടാക്കാവുന്ന ഒരു രാഷ്ട്രീയ സാധ്യതയെ... ഈ പറഞ്ഞ സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന രാഷ്ട്രീയതന്ത്രത്തെ എല്ലാവരും ഉപയോഗിച്ചുതുടങ്ങി. അതുകൊണ്ട് തന്നെ പാര്‍ലമെന്ററി രാഷ്ട്രീയ അവസ്ഥയില്‍ ദളിത്, അതുപോലെ പിന്നോക്ക വിഭാഗങ്ങളെക്കാള്‍ ലാഭമുണ്ടാക്കിയിരിക്കുന്നത് മറ്റ് കമ്മ്യൂണിറ്റികളാണെന്ന് നാം മനസ്സിലാക്കണം. ഇന്ത്യയില്‍ തന്നെ ബി.എസ്.പിയുടെ ഉദയത്തിന് ശേഷം അധികാരത്തില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ നേടിയെടുത്തത് ബ്രാഹ്മിണ്‍ പോലുള്ള ജാതികളാണ്. ഞാന്‍ അതിലേക്ക് പോകുന്നില്ല.

അധികാര പ്രയോക്താക്കളായ ഇത്തരം രാഷ്ട്രീയ മുന്നണികളിലൂടെ മാത്രം നമുക്കൊരു സാമൂഹിക വിമോചനം കഴിയണമെന്നില്ല. അടിത്തട്ടിലെ മാറ്റം വലിയ പ്രധാനമാണ്. അത് ഭൂമിയുടെ അല്ലെങ്കില്‍ വിഭവങ്ങളിലൂന്നിയ അധികാരത്തിന്റെ തുല്യനീതിയെന്ന സംഭവം തന്നെയാണ്. ഇന്ത്യന്‍ ജാതിവ്യവസ്ഥ ജന്മിവ്യവസ്ഥയുമായിട്ട് ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. ആ നിലയ്ക്ക് ഭൂപരിഷ്‌ക്കരണം അതിനെ എത്രമാത്രം റീസ്ട്രക്ച്ചറിന് വിധേയമാക്കുന്ന പദ്ധതികള്‍ മുന്നോട്ടുവച്ചു? ദളിത് വിഭാഗങ്ങളെ ആത്മാഭിമാനമുള്ള ഒരു ജനതയാക്കി മാറ്റാന്‍ അവരുടെ കുലത്തൊഴിലുകളില്‍ നിന്ന് മോചിപ്പിച്ചെടുക്കാന്‍ എന്തൊക്കെ ചെയ്തുവെന്നത് പരിശോധിക്കുമ്പോള്‍ 20 വര്‍ഷത്തെ ഈ ബഹുജന്‍ സമാജ് പ്രയോഗത്തിന് അത്രത്തോളം കഴിഞ്ഞിരുന്നില്ല എന്നെനിക്ക് തോന്നുന്നു. അതുകൊണ്ട് തന്നെയായിരിക്കണം ജാതിസംഘടനകള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പദ്ധതിയെ ഹിന്ദുത്വവാദികള്‍ക്ക് ഇവിടെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞത്.

മൊത്തത്തില്‍ പറഞ്ഞാല്‍ ലാഭം ആര്‍ക്കാണ്? ഇപ്പോള്‍ കേരളത്തിന്റെ സ്ഥിതി... ഉത്തരേന്ത്യന്‍ ജാതിവ്യവസ്ഥയുടെ ഒരു ഘടനാപരമായ രീതിയിലല്ല നില്‍ക്കുന്നതെന്ന് നമുക്കറിയാം. കേരളത്തില്‍ ദളിത് - പിന്നോക്ക - മതന്യൂനപക്ഷ ഐക്യമെന്നു പറയുന്നത്, ദളിതരുണ്ട്, പിന്നോക്കക്കാരുണ്ട്, ആദിവാസികളുണ്ട്... പരമ്പരാഗതമായി പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന തൊഴിലുകള്‍ നഷ്ടപ്പെട്ടവരുണ്ട്. ഇവരൊക്കെയാണ് ഇവിടെ വന്‍തോതില്‍ പാര്‍ശ്വവല്‍കൃതരായി കോളനികളിലേക്ക് തള്ളപ്പെടുന്നത്. കേരളത്തിലൊരുപക്ഷേ അരലക്ഷത്തോളം കോളനികളും പുറമ്പോക്കുകളുമുണ്ട്. ഈ പുറമ്പോക്കുകളിലേക്ക് തള്ളപ്പെട്ട ഒരു വിഭാഗം ഉണ്ടെന്നറിയുമ്പോഴേ കേരളത്തിന്റെ ഒരു ജാതി ഹൈരാര്‍ക്കല്‍ ഫോര്‍മാറ്റിന്റെ ഒരു ഗതി നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ. ചുരുക്കിപ്പറഞ്ഞാല്‍ ഒരു കൊളോണിയല്‍ വിരുദ്ധ നിലപാട്, അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ദേശീയ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും അവരോടുള്ള ഒരു ബാര്‍ഗെയിന്‍ ചെയ്യലിലൂടെ ഒരു പ്രത്യേക വിഭാഗത്തിന്റെ വിഭവാധികാരത്തിനു വേണ്ടി മാത്രമേ അത് നിലനിന്നിട്ടുള്ളു. അതിനപ്പുറത്തേക്ക് പോയിട്ടില്ല.

പാട്ടക്കുടിയായ്മ അവകാശം വഴി- ജന്മിത്തം ഒരു ഘട്ടത്തില്‍ നശിച്ചിട്ടുണ്ടെങ്കിലും - ഈ പറയുന്ന ദളിത് പോലുള്ള വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല. ഈ പറയുന്ന കൊളോണിയല്‍ വിഭാഗങ്ങളോട് ഏറ്റുമുട്ടിയത് ദളിതരുടെയും പാട്ടക്കുടിയാന്‍മാരുടെയും അവസ്ഥ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. അതുകൊണ്ട് കൊളോണിയല്‍ ലിബറല്‍ പോളിസി തന്നെയാണ് പിന്നീടും തുടര്‍ന്നുവന്നത്. തോട്ടം മേഖലയിലെ കോളനികള്‍ക്ക് മാറ്റമില്ല. ലയങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ഇപ്പോഴും പുഴുക്കളെ പോലെ മരിച്ചുകൊണ്ടിരിക്കുന്നു. പെണ്ണൊരുമ സമരമൊക്കെ നാം കണ്ടതാണ്. തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ദളിത് വിഭാഗങ്ങള്‍, ചേരി പ്രദേശത്ത് താമസിക്കുന്നവര്‍... ഈ വിഭാഗങ്ങള്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ടതും ചേരിയിലേക്ക് മാറ്റപ്പെട്ടതുമാണ്. ദളിത് കോര്‍ഡിനേഷന്‍ ചേരികളുടെ എണ്ണം 26,000 എന്നാണ് പറയുന്നത്. പക്ഷേ അതിനിരട്ടിവരും മറ്റു വിഭാഗത്തിലെ ചേരികളില്‍ താമസിക്കുന്നത്. ജിഷയെയൊക്കെ പോലെ ബണ്ടിലും പുറമ്പോക്കിലുമൊക്കെ താമസിക്കുന്നവര്‍.

കേരളത്തില്‍ ഈ വിഭാഗത്തെ മോചിപ്പിക്കുന്നതിന് ഒരു രാഷ്ട്രീയപദ്ധതി മുന്നോട്ട് വയ്‌ക്കേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ഉത്തരേന്ത്യയില്‍ കുലത്തൊഴില്‍ കയ്യൊഴിയുക എന്ന് പറയുമ്പോലെ പുറമ്പോക്ക് വീട്ടില്‍ നിന്ന് പൊതുസമൂഹത്തിലേക്കെത്താനുള്ള ഒരു രാഷ്ട്രീയ പദ്ധതിയാണ് പ്രസക്തമാകുന്നത്. അത് ദേശീയതലത്തിലുള്ളത് ഞങ്ങളെയൊക്കെ ആകര്‍ഷിക്കുന്നു. പുറമ്പോക്ക് വിട്ട് പൊതുഇടത്തിലേക്ക് എന്ന ഒരു സ്ലോഗന്‍ ഉന്നയിച്ചുകൊണ്ട് ബണ്ട്, തോട്, പുറമ്പോക്കിലുള്ള ആളുകള്‍ക്ക് അന്തസ്സുള്ള പാര്‍പ്പിടവും തൊഴിലും എന്നൊരു സ്ലോഗനുണ്ടാവേണ്ടതുണ്ട്. അതില്‍ ഭൂമി വേണം, ചിലര്‍ക്ക് ഉപജീവനോപാധി കൃഷിഭൂമിയായിരിക്കും.

ധന: ഭൂമിയുടെ ദൗര്‍ലഭ്യം നേരിടുന്ന കേരളത്തില്‍ വലിയ തോതില്‍ ഭൂമി ചോദിക്കുമ്പോള്‍ ലഭിക്കുക എന്നത് നടപ്പുള്ള കാര്യമാണോ? ഏ പ്രശ്ന ത്തിനു എന്താണ് പോംവഴി?

ഗീതാ: അതായത് ഭൂമിയുടെ ന്യായയുക്തമായ ഒരു പുനര്‍വിതരണം ഇവിടെ നടക്കേണ്ടതുണ്ട്. ഗവണ്‍മെന്റിന്റെ കൈയ്യില്‍, വന്‍കിട കുത്തകകളുടെ കയ്യില്‍, ഹാരിസന്റെ കൈയ്യില്‍ ഒക്കെ നിയമവിരുദ്ധമായ ഒരുപാട് ഭൂമി കൈവശമുണ്ട്. ഏറ്റവും കുറഞ്ഞത് ഒരു അഞ്ചരലക്ഷം ചതുരശ്ര ഏക്കര്‍ ഭൂമി ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടിവിടെ. ജിഷ പുറമ്പോക്കുവാസത്തിന്റെ ഒരു ഇരയാണ്. ഇവര്‍ക്ക് നല്‍കാന്‍ ഗവണ്‍മെന്റിന് ഭൂമിയില്ലായെന്നാണ് പറയുന്നത്. ഭൂമി വെറുമൊരു രാഷ്ട്രീയ സാംസ്‌കാരികാധികാരത്തിന്റെ ചിഹ്നം മാത്രമല്ല. ചില സമൂഹങ്ങള്‍ക്ക് എല്ലാവര്‍ക്കും ഡോക്ടറും എഞ്ചിനീയറുമൊന്നുമാവാന്‍ പറ്റില്ല. അതുകൊണ്ടാണ് ആദിവാസികള്‍ക്കെല്ലാം തന്നെ ജീവിക്കാനുള്ള സ്ഥിരമായ ഒരുപാധി എന്ന നിലയില്‍ ഭൂമി നല്‍കണം എന്ന് പറയുന്നത്. അതേപോലെ പരമ്പരാഗത സമൂഹങ്ങളില്‍പ്പെട്ടത് തന്നയാണ് ദളിത് വിഭാഗം. എല്ലാ ദളിതര്‍ക്കും കൃഷിഭൂമി കൊടുക്കണമെന്ന് നമ്മള്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ ഉപജീവനത്തിനായി ഭൂമി ആവശ്യമുള്ള വിഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി അത് ജാതി നോക്കാതെ തന്നെ നല്‍കേണ്ടതുണ്ട്.

തോട്ടം തൊഴിലാളികള്‍ അതില്‍ പ്രമുഖമായ ഒരു വിഭാഗമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ എസ്‌റ്റേറ്റ് സമ്പദ്ഘടന എത്രകാലം താങ്ങാന്‍ പറ്റുമെന്നത് പ്രസക്തമാണ്; കൊളോണിയല്‍ കണ്‍സപ്റ്റ് മാറണം അക്കാര്യത്തില്‍. അവര്‍ക്ക് അന്തസ്സുള്ള താമസം, അന്തസ്സുള്ള തൊഴില്‍ ഉണ്ടാവണം. തോട്ടം മേഖല വേണ്ടെന്നല്ല. പക്ഷേ അത് നവീകരിക്കേണ്ടതുണ്ട്. കൊളോണിയല്‍ രീതികളും തന്ത്രങ്ങളും തന്നെയാണ് കേരളത്തിലെ എല്ലാ തോട്ടങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നത്. അസാമിലെപ്പോലെ, ബംഗാളിലെപ്പോലെ. ആ കണ്‍സെപ്റ്റ് മാറേണ്ടതുണ്ട്.

ദളിത് വിഭാഗങ്ങളില്‍ വലിയൊരു വിഭാഗങ്ങള്‍ക്കും കൃഷിഭൂമി നല്‍കി പുനരധിവസിപ്പിക്കണം. അതുപോലെ തന്നെ കൊളോണിയലൈസ് ചെയ്തിരിക്കുന്ന വിഭാഗങ്ങള്‍ക്ക് മറ്റ് അന്തസ്സുള്ള ആധുനിക തൊഴിലുകളിലേക്ക് പോകാനുള്ള ഒരു സാമൂഹിക സാഹചര്യം കൂടി സൃഷ്ടിക്കേണ്ടതുണ്ട്.

ധന : നിങ്ങളെ ആരും തടയുന്നില്ലല്ലോ... നിങ്ങള്‍ക്കെന്തുകൊണ്ട് പോയി പണിയെടുത്തു കൂടെ എന്ന ചോദ്യത്തിനോട്...

ഗീതാ : പോകുന്നതിനുള്ള ഒരു ജനാധിപത്യ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളപ്പോള്‍ തന്നെ കോണ്‍ഷ്യസായ ഒരു സ്റ്റേറ്റ് പോളിസിയുടെ ഭാഗമായിട്ട് നിന്നുകൊണ്ടു മാത്രമേ ഈയൊരു പുനരധിവാസം റീസ്ട്രക്ചര്‍ ചെയ്യാന്‍ കഴിയൂ. കാരണം നമ്മള്‍ ഈ പറയുന്ന കോളണൈസ് ചെയ്തിരിക്കുന്ന കേരളത്തിന്റെ ഒരു സാഹചര്യവും പ്രധാനമാണ്. ജാതി ആരെങ്കിലും ഉണ്ടാക്കിയതല്ല, വ്യക്തമായ കേരള മോഡല്‍ എന്ന ഒരു രീതിയുടെ ഭാഗമായി ക്രിയേറ്റ് ചെയ്യപ്പെട്ട ഒന്നാണ്. അതുപോലെ ഏത് മേഖലയിലും കൂടുതല്‍ പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരും ചെയ്യുന്നത് റിസോഴ്‌സിന്റെ കൊള്ള തന്നെയാണ്. അത് ക്വാറിമടയായിരിക്കാം, മണലെടുപ്പായിരിക്കാം, വനം മേഖലയിലെ കടന്നുകയറ്റമായിരിക്കാം, അല്ലെങ്കില്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ കച്ചവടവത്ക്കരിക്കുന്നതാവാം. ഇതാണല്ലോ കേരള മോഡല്‍ വികസന തന്ത്രമെന്ന് പറയുന്നത്.

ഗ്ലോബലൈസേഷന്റെ ഈ കാലഘട്ടത്തില്‍ കേരളത്തിലെ ജനങ്ങളെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഉത്പാദന ശക്തിയാക്കി മാറ്റാനുള്ള ഒരു കാര്‍ഷിക, വ്യാവസായിക തന്ത്രം നമ്മുടെ കൈയ്യില്‍ യഥാര്‍ത്ഥത്തില്‍ ഇല്ല. ആ നിലയ്ക്ക് ഈ വിഭാഗത്തിന്റെ ശേഷി - പൊട്ടന്‍ഷ്യല്‍ - കെട്ടഴിച്ച് വിടാവുന്നതാണ്. അധ്വാനശക്തി മാത്രമല്ല. അവരുടെ ഒരു ടാലന്റ് - പരമ്പരാഗത കഴിവുകള്‍ - ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയണം. അമ്പത് വര്‍ഷത്തെ കേരള മോഡലിന്റെ ഒരു പരാജയമാണ് ഈ കോളോണൈസേഷന്‍ എന്ന് കണ്ട് ഒരു രാഷ്ട്രീയ പുനഃപരിശോധന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം. അപ്പോള്‍ മാത്രമേ ഈ വിഭാഗങ്ങള്‍ക്ക് ഇത് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റൂ.

ധന: ചെങ്ങറ സമരത്തില്‍ വര്‍ഷങ്ങളോളം പോരാടി നിന്നിട്ടും കൃത്യമായ റിസള്‍ട്ടിലെത്തുന്നില്ല. ഇത് ആരാണ് തടയുന്നത്? കേരളം കണ്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും ശക്തമായ സമരവും ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പൂര്‍ത്തിയാകാതെ ഒടുങ്ങുന്നതിനെ കുറിച്ച്.

ഗീതാ: ചെങ്ങറ, മുത്തങ്ങ, പത്തനംതിട്ടയിലെ പുതിയ സമരം തുടങ്ങി നിരവധി സമരങ്ങള്‍ കേരളത്തിലുണ്ട്. ഭൂമിക്ക് വേണ്ടി വലിയ അഭിവാജ്ഞയുള്ളവരാണ് ആദിവാസികളും ദളിതരുമെന്ന നിലയില്‍ കേരളത്തില്‍ അതുന്നയിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പൊതുജനാതിപത്യ സമൂഹം അതിനെ അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. ഭരണപരമായ ഒരു വികസനതന്ത്രത്തിന്റെ ഭാഗമായി ഇവരുടെ അഭിവാജ്ഞയ്‌ക്കൊക്കെ സ്‌പേസ് കൊടുക്കുന്ന ഒരു സംവിധാനമുണ്ട്. ആ നിലയ്ക്കാണ് അത് പ്രതിരോധിക്കേണ്ടത്. ജിഷ സംഭവത്തിന് ശേഷമെങ്കിലും കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരു പുനഃപരിശോധനയ്ക്ക് തയ്യാറാകേണ്ടതായിരുന്നു. കോളണൈസ്ഡ് ആയിട്ടുള്ള ജീവിതത്തില്‍ പെട്ടിരിക്കുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ടെന്ന് മനസ്സിലാക്കേണ്ടതാണ്. കേരള മോഡല്‍ എന്നതിനെ നമ്മള്‍ ഒരു പുനഃപരിശോധനയ്ക്ക് വിധേയമാക്കണം.

ധന: കേരളത്തിലെ ദളിതരുടെ ഒരു സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെയാണ്.

ഗീതാ: ഭൂരിപക്ഷം ആളുകളും ഈ കോളണൈസ്ഡ് ജീവിതത്തിലാണ്. ധാരാളം ഫണ്ട് ഭരണഘടനാപരമായിട്ട് മാറ്റുന്നുണ്ടെങ്കിലും വിദ്യാഭ്യാസം, സാമൂഹ്യം, ആരോഗ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ വ്യക്തികളെന്ന നിലയില്‍ ഇതിന്റെ സ്വീകര്‍ത്താക്കളായി മാറാന്‍ കഴിയുമ്പോള്‍ മാത്രമേ ഈ സമൂഹം വളരുകയുള്ളു. അപ്പോഴാണ് നമ്മള്‍ പറയുന്ന സാധാരണ മുഖ്യധാരയിലേക്ക് ഇവര്‍ എത്തുന്നത്. കുറേ ഫണ്ട് മാറ്റിവയ്ക്കുന്നത് ഈ കുടം കമഴ്ത്തി വെള്ളമൊഴിക്കുന്നതു പോലെയിരിക്കും. എത്തേണ്ടിടത്ത് എത്തില്ല. സംവരണം കൊണ്ട് മാത്രമിത് കഴിയില്ല. സാമൂഹ്യനീതിയെന്ന തത്വം നമ്മള്‍ പൊതുവില്‍ അംഗീകരിക്കുന്നുണ്ടെങ്കിലും. ഈ തത്വത്തിന് പൂരകമായ ചില രാഷ്ട്രീയ പദ്ധതികള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം. അതാണ് ഈ സമരങ്ങള്‍ പരാജയപ്പെടുന്നതിന്റെ കാരണം. അത് സമരം ചെയ്യുന്നവരുടെ വിഷയമല്ല. മുത്തങ്ങ സമരം ന്യായമായിരുന്നു എന്ന് പറയാത്ത ആരുണ്ടീ നാട്ടില്‍. പാര്‍ട്ടികളുടെ മുന്‍ഗണന കേരളത്തിലെ ഇത്തരം പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെ ഈ സിസ്റ്റത്തിന്റെ നടത്തിപ്പുകാരായി, സോഷ്യോ എക്കണോമിക് ട്രാന്‍സാക്ഷന്റെ ഒരു ഭാഗമാക്കുകയെന്ന ഒരു വിഷനായി മാറിപ്പോയി; അതാണ് ഇതിന്റെ പ്രശ്‌നമെന്ന് എനിക്കു തോന്നുന്നു. അതുകൊണ്ടാണ് സമരങ്ങളെ കേള്‍ക്കാതെ പോകുന്നത്. ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ കേള്‍ക്കാതിരിക്കുകയും ചില ഒത്തുതീര്‍പ്പുണ്ടാക്കി അവിടെ ഒതുങ്ങിപ്പോവുകയും ചെയ്യുന്നത്. ഒരു കരാര്‍ ഉണ്ടാക്കിയാലും കരാര്‍ പിന്നെ നടപ്പാക്കപ്പെടുന്നില്ല. പിന്നീട് ഇതുപോലൈാരു വലിയ സമരം സംഘടിപ്പിക്കാന്‍ പറ്റുന്നില്ല. സാമ്പത്തികമായും നടക്കില്ല. കുടില്‍കെട്ടി സമരം നടത്തിയ ആദിവാസി ഭൂമിക്കുവേണ്ടി പത്തുവര്‍ഷം കഴിഞ്ഞ് വീണ്ടും നില്‍പ്പ് സമരം നടത്തേണ്ടിവന്നു.എക്‌സിക്യൂട്ടീവ് നിലയിലേക്ക് വരുമ്പോള്‍ ഗവണ്‍മെന്റിന്റെ ഒരു മുന്‍ഗണനാ പദ്ധതിയല്ലയിത്.

ധന: നില്‍പ്പ് സമരത്തിന് ശേഷം എന്താണ് സംഭവിച്ചത്. , ചലച്ചിത്ര ലോകത്ത് നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ സഹകരണം ഉണ്ടായിട്ട് പോലും .

ഗീതാ: അതില്‍ പങ്കെടുത്തവരെയൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആദിവാസികളൊക്കെ വളരെ അഡ്വാന്‍സ്ഡ് ആണ് ആ കാര്യത്തില്‍. എന്നാല്‍ സിസ്റ്റം ഇങ്ങനെയാണെങ്കില്‍ എന്ത് ചെയ്യുമെന്ന ഒരു പ്രതിസന്ധിയിലാണവര്‍. ഈ ഫ്രസ്‌ട്രേഷനൊക്കെയാണ് ജാനുവിനെ ഇന്ന്‍ ഇവിടെ എത്തിച്ചത്. ജാനു എവിടെ എത്തിയതെന്നതിന് പുറമെ ചോദ്യം ഇവിടെ അവശേഷിക്കുന്നു. സാമ്പത്തികമായി കേരളത്തിന്റെ രാഷ്ട്രീയ ഘടന നേരിടുന്ന ഒരു പ്രതിസന്ധിയുണ്ടെന്നുള്ള നിലയില്‍ ഇത് അന്വേഷിക്കണം. കോളനി വിട്ട് കൃഷി ഭൂമിയിലേക്കെന്ന നിലയില്‍ അല്ലെങ്കില്‍ കോളനി വ്യവസ്ഥ മാറ്റണമെന്ന് പറയുമ്പോള്‍ എല്ലാ ആള്‍ക്കാര്‍ക്കും ഒരു മൂന്നു സെന്റ് ഭൂമി കൊടുക്കുകയെന്നതല്ല നമ്മുടെ ആവശ്യം. കേരള മോഡല്‍ എന്നതിന്റെ ഭാഗമായി ഭൂമി ഒരു റിയല്‍ എസ്‌റ്റേറ്റ് ഘടകമായി അധഃപതിപ്പിച്ചത് പഴയകാല ഒരു കൊളോണിയല്‍ പോളിസിയുടെ ഭാഗമായിപ്പോയോ എന്ന് നമ്മള്‍ ആലോചിക്കണം. കൃഷി ചെയ്യുന്നവര്‍ക്ക് മാത്രം കൃഷി ഭൂമി കൊടുത്താല്‍ മതി. അല്ലാതെ കുറേപേര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുകയെന്നതാവരുത്.

ഇവിടെ ഐഡന്റിറ്റിയുടെ ഒരു പ്രശ്‌നം വരുന്നുണ്ട്. അത് സാമൂഹികമായ ഒരു വ്യതിരിക്തതയുടെ പേരില്‍ ഇവര്‍ അടിച്ചമര്‍ത്തപ്പെടുമ്പേഴാണത്. ഐഡന്റിറ്റിക്ക് വേണ്ട ഒരു പ്രസ്ഥാനം എന്ന്‍ പറയുന്നത് അങ്ങേയറ്റം അപകടകരമായിരിക്കും. ജാതിക്കതീതമായി ജാതിപീഡിതരെ നമ്മള്‍ ഐക്യപ്പെടുമ്പോള്‍ മാത്രമാണ് അതൊരു ജനാധിപത്യരീതിയാവുന്നത്. ആദിവാസിയും ദളിതനും മത്സ്യത്തൊഴിലാളിയും തോട്ടംതൊഴിലാളിയും മറ്റും ഐക്യപ്പെടുന്ന ഒരു ലെവലിലാണ് സാമൂഹികമാറ്റം ഉണ്ടാവുക. ഉനയ്ക്ക് ശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന ട്രെന്റതാണ്. നിയോ കൊളോണിയലിസത്തിന്റെ കാലത്തില്‍ ഇങ്ങനെയൊരു പുതിയ മൂവ്‌മെന്റുണ്ടാവണം.

ധന: സി.കെ ജാനുവിനെപ്പറ്റി...

ഗീതാ: ജാനുവിനെ ആക്രമിക്കാന്‍ വേണ്ടി പറയുന്നതല്ല. ജാനുവിപ്പോള്‍ പറയുന്നത്, ഗീതാനന്ദന്‍ ആദിവാസിയല്ല, ആദിവാസികള്‍ ആദിവാസികളുടെ കാര്യം നോക്കിക്കോളാം എന്നാണ്. എന്നാല്‍ ആ രീതിയില്‍ ജാനുവിന് മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ല. ജാനു, എന്റെ ജാതിയുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം എന്നു പറയുന്നിടത്താണ് കാരണം. ജാനുവിന്റെ സമരം വിജയിച്ചത് ജാനു ആദിവാസികളുടെ എതെങ്കിലും ഒരു വിഭാഗത്തിന്റെ വക്താവല്ലാതായി നിന്നുവെന്നതുകൊണ്ടാണ്. ഗോത്രത്തിനതീതമായി, ജാതിക്കതീതമായി ട്രൈബല്‍സ് എന്ന ഒരു ഐഡന്റിറ്റി ഹൈലൈറ്റ് ചെയ്തു. എന്റെ ജാതി എന്താണെന്ന് പലര്‍ക്കും അറിയില്ല. ഞാന്‍ അത് വെളിപ്പെടുത്തുന്നുമില്ല. അത് പ്രസക്തമല്ല. ജനാധിപത്യപരമായ ആവശ്യത്തിനുവേണ്ടി ആര്‍ക്കൊക്കെ അതില്‍ യുണൈറ്റ് ചെയ്ത് പ്രവര്‍ത്തിക്കാം, അവര്‍ക്കൊക്കെ കഴിയും. അത്രയേ അതില്‍ കാണേണ്ടതുള്ളു. ജാതി പറഞ്ഞ് കാര്യം സംഘടിപ്പിക്കാന്‍ പോകുന്നുവെന്നത് പ്രസക്തമല്ല. അവരുടെ ലിബറേഷനുവേണ്ടി നമ്മള്‍ എത്രത്തോളം സത്യസന്ധമായ നിലപാടെടുക്കുന്നു, എത്രത്തോളം വിശ്വാസമര്‍പ്പിക്കുന്നു. അത് എന്റെയോ ഈ വരുന്ന ആളുകളുടെയോ കാസ്റ്റ് ഐഡന്റിറ്റി നോക്കിയല്ല. ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പറയുന്നത് അന്തസ്സിന്റെ പേരില്‍ ശരിയാണെങ്കില്‍ തന്നെ അതിന്റെ റസല്യൂഷന്‍ ജനാധിപത്യപരമായ പ്രതലത്തിലേ കഴിയുള്ളു.

ധന: ആ ഒരു സമുദായത്തില്‍പ്പെട്ട ആളുകള്‍ക്ക് കൂടുതല്‍ കണക്ടഡ് ആവാന്‍ ഈ ഒരു ജാതിവാദം സഹായിക്കുന്നുണ്ടോ?

ഗീതാ: അതിനെ ഏത് രീതിയില്‍ ഓറിയന്റ് ചെയ്യുന്നുവെന്നതിനെ അനുസരിച്ചിരിക്കും. അല്ലെങ്കില്‍ ജാതിതന്നെ ആളുകളെ ശിഥിലീകരിക്കാന്‍ ഇടയാക്കും. ജാതിയെന്ന് പറയുന്നത് അതിന്റെ വിഭജനമാണ് മൗലികമായ തലത്തില്‍. ജാതി ഒരിക്കലും മനുഷ്യന്റെ സാമൂഹികമായ ഏകീകരണത്തിനുവേണ്ടി ഉണ്ടാക്കിയ ഒരു സംഭവമല്ല. ശിഥിലീകരിക്കാന്‍ മാത്രമുള്ളതാണ്. ഐഡന്റിറ്റിയ്ക്കു വേണ്ടി മാത്രം ഐഡന്റിറ്റി പോളിടിക്സ് വേണ്ട .ഇരവാദം കൂടുതല്‍ അപകടം പിടിച്ചതാണ്.

ധന: ഡി.എച്ച്.ആര്‍.എം മൂവ്‌മെന്റിനെപ്പറ്റി...

ഗീതാ: സെലീനാ പ്രക്കാനമൊക്കെ ഒരു സ്ത്രീയെന്ന നിലയില്‍, സമരാനുഭവമുള്ള ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ കുറേയധികം മുന്നോട്ട് പോകുന്നുവെന്ന ഒരു തോന്നലാണ് എന്നെ സംബന്ധിച്ചുള്ളത്. ഉദാഹരണത്തിന് ഈയിടെ തിരുവനന്തപുരത്ത് നടത്തിയ സ്വാതന്ത്ര്യറാലി. അത്തരത്തില്‍ വിപുലമായ ഒരു ഐക്യത്തിലേക്ക് വരികയെന്നാണ് പറയുന്നത്. ദേശീയതലത്തില്‍ നടക്കുന്ന സംഭവങ്ങളെ സ്വാംശീകരിച്ചാല്‍ മാത്രമേ ഡി.എച്ച്.ആര്‍.എം പോലുള്ള സംഘടനകള്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ മുന്നോട്ടുള്ള, ജാതിക്കതീതമായ വളര്‍ച്ചയ്ക്ക് സഹായിക്കൂ. അല്ലാതെ ഒതുങ്ങിപ്പോവുകയാണെങ്കില്‍ ജാതിയിലേക്ക് പോകും. നമുക്കറിയാം കേരളത്തില്‍ വളരെ സ്പിരിറ്റോടെ ഉണ്ടാക്കിയ സംഘടനകളൊക്കെ വളരെ ശിഥിലീകരിച്ച് പോയിട്ടുണ്ട്. കൊലപാതകത്തിന്റെ പേരില്‍ ഒരു പ്രസ്ഥാനത്തെ ആക്ഷേപിക്കുകയും ഇല്ലാതാക്കുകയും മറ്റൊരു വശത്ത്കൊ കൊന്നൊടുക്കുന്നവര്‍ വളരെ ജനാധിപത്യ വാദികളും അവരില്‍ നിന്നും മുഖ്യമന്ത്രിയും ഉണ്ടാകുന്നു.

സഭാരാജ് തിരുമേനി ഒരു സഭയുണ്ടാക്കി. ദളിതരെയെല്ലാം ഒപ്പോസ്ഡ് ആക്കിക്കൊണ്ട്, മറ്റുള്ള മതങ്ങളിലെല്ലാം അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട്, അതിന്റെയൊരു ഗുരുവില്‍ മാത്രം വിശ്വാസമര്‍പ്പിച്ച്, അതിന്റേതായിട്ടുള്ള ഒരു പ്രത്യേക ലാവണം മാത്രം ക്രിയേറ്റ് ചെയ്ത് തുടങ്ങിയൊരു പ്രസ്ഥാനമാണ്. ആത്മാര്‍ത്ഥതയുള്ളവരായിരുന്നു. പക്ഷേ, ജാതി നശീകരണം സാദ്ധ്യമാവണമെങ്കില്‍ ജനാധിപത്യത്തിന്റെ പാതയില്‍ എല്ലാവരേയും ഐക്യപ്പെടുത്തിയാലേ പറ്റൂ. അല്ലാത്തതിനൊക്കെ കുറച്ചുകാലമേ നില്‍ക്കാന്‍ പറ്റൂ. എന്താണ് അവരുടെ രാഷ്ട്രീയം, എന്താണ് അവര്‍ ചെയ്യുന്നത് എന്നതെല്ലാം നിഗൂഡമാണ്.

ഡിച്ച്ആര്‍എം പോലുള്ള പ്രസ്ഥാനങ്ങള്‍ അതിന്റെയൊരു ഗ്ലാമര്‍ സൃഷ്ടിച്ച് അതിന്റെയുള്ളില്‍ അവര്‍ ആത്മാര്‍ത്ഥമായി നില്‍ക്കുന്നവരായിരിക്കുമെങ്കിലും എല്ലാവിഭാഗത്തെയും ഏറ്റെടുത്തുകൊണ്ട് വലിയൊരു ബഹുജനപ്രസ്ഥാനമായി മാറാത്തിടത്തോളം അതൊടുങ്ങിപ്പോകും. സെലീനാ പ്രാക്കാനമൊക്കെ അതിനെ അതിജീവിക്കാനുള്ള തീവ്രമായ ഒരു ശ്രമമാണ് നടത്തുന്നത്. കുറേക്കാലത്തേക്ക് തെറ്റുകുറ്റങ്ങളൊക്കെയുണ്ടാവാം. എത്രയോ രാഷ്ട്രീയക്കാര്‍ കൊലപാതകങ്ങള്‍ നടത്തുന്നു. അവരൊക്കെ മുഖ്യരാഷ്ട്രീയക്കാരും ദളിതര്‍ ഒരു കൊലപാതകം നടത്തിയെന്നാക്ഷേപിച്ചിട്ട് അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല. ഒരു മുന്നേറ്റം ഉണ്ടാകുമ്പോള്‍ നേതാക്കളെ അടുപ്പിച്ചുനിര്‍ത്തുകയും പിന്നെ മുന്നേറ്റം ശിഥിലീകരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഉത്തരേന്ത്യയില്‍ കാണുന്നത്.

ധന: ജാനുവിന്റെ അവസ്ഥയും അതുതന്നെയാവുമോ?

ഗീതാ: ജാതിവാദത്തിലേക്ക് ഏത് നേതാവ് പോയാലും മുന്നോട്ട് ഗതിയുണ്ടാവില്ല. ജാതിവാദം... ജാനുവിന് ആ ലക്ഷണം കണ്ടുതുടങ്ങിയോയെന്ന് എനിക്ക് സംശയം ഇല്ലാതില്ല. വനവാസിയെന്ന പദമൊക്കെ ഉപയോഗിക്കുന്നതു കണ്ടു. അതു വളരെ അപകടകരമായ പദമാണ്. ആദിവാസിയെന്ന് പറയുമ്പോള്‍ ഞങ്ങള്‍ ഈ മണ്ണിന്റെ ഉടമയാണ് എന്ന ഒരര്‍ത്ഥമാണ്. അത് ഒരു ദേശീയ വികാരമാണ്. അതാണ് അവരുടെ ഐഡന്റിറ്റി. എനിക്കിവിടെ വേരുകളുണ്ടെന്നാണ്. അതില്‍ ജാതിതിരിച്ചുള്ള അറകളെക്കുറിച്ചല്ല പറയുന്നത്. വനവാസിയും ആദിവാസിയും രണ്ടും രണ്ടാണ്. അത് തദ്ദേശീയ ജനവിഭാഗത്തിന്റെ ദേശീയ സ്വത്വബോധമാണ്. അങ്ങനെയാണ് ആദിവാസിയെന്ന പേരിനെ ഐഡന്റിഫൈ ചെയ്യുന്നത്. അത് വിട്ടുകഴിഞ്ഞാല്‍ പിന്നെ ഇതെല്ലാം പോയി. നിരവധി ആദിവാസി സംഘടനകളുണ്ട്. ആര്‍ക്കും തന്നെ ജാനു ഈ പറയുന്ന ഒരു മുന്നേറ്റം നടത്താന്‍ കഴിയാത്തതെന്തുകൊണ്ടാണ്? അവര്‍ക്കൊരിക്കലും കഴിയില്ല. ആ ചട്ടക്കൂടില്‍ നിന്നുകൊണ്ട്. അവരുടെ സ്വന്തം ജാതിയുടെ പ്രശ്‌നം പോലും പരിഹരിക്കാന്‍ പറ്റില്ല. നമുക്ക് വ്യക്തിപരമായിട്ടോ ജാനുവിന്റെ ജാതിക്കോ മാത്രമായിട്ടോ നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലായിരിക്കാം. എന്നാല്‍ എല്ലാവരുടേയും ജീവിതത്തെ മെച്ചപ്പെടുത്താന്‍, ഒത്തിരികാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ കേവലജാതിവാദം വിട്ട് വലിയൊരു ജനാധിപത്യ പ്രസ്ഥാനത്തിനുവേണ്ടി എല്ലാ ദളിത്, ആദിവാസി, പാര്‍ശ്വവല്‍കൃത പ്രസ്ഥാനങ്ങളെയും യുണൈറ്റ് ചെയ്യാനുള്ളതാണ്, യുണൈറ്റ് ചെയ്യുന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കാര്യം.

രാഷ്ട്രീയാധികാരപരമായി നോക്കുമ്പോള്‍, ഒരൊറ്റ ഇലക്‌ട്രേറ്റിന്റെ ഭാഗമായി എല്ലാവരും വരുമ്പോള്‍ അത് യാഥാര്‍ത്ഥ്യവുമായി നിരക്കുന്നതല്ല എന്ന്‍ കാണാം. ജനാധിപത്യത്തിന്റെ സാമ്പ്രദായികരീതിയില്‍ എല്ലാവര്‍ക്കും തുല്യമായ വോട്ടവകാശം എന്നത് ഇന്‍ പ്രിന്‍സിപ്പിള്‍ ശരിയാണ്. രാഷ്ട്രീയാര്‍ത്ഥത്തിലും ശരിയാണ്. എന്നാല്‍ എല്ലാരും തുല്യരല്ലായെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ആ തുല്യരല്ലായെന്നു പറയുന്നവര്‍ ജാതി, മത, ലിംഗ വിഭജനത്തന്റെ അടിസ്ഥാനത്തില്‍ സാമൂഹികമായി വിഭജിക്കപ്പെട്ടവരാണ്. അങ്ങനെ സാമൂഹികമായി വേര്‍തിരിക്കപ്പെട്ടതുകൊണ്ടാണ് ഇവര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വരാതിരിക്കുന്നത്. സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍ക്ക് രാഷ്ട്രീയാധികാരത്തില്‍ കൃത്യമായി പങ്കുപറ്റാന്‍ കഴിയണമെങ്കില്‍ അവര്‍ക്ക് സവിശേഷമായ പ്രാതിനിധ്യം കിട്ടണം. ഇന്ത്യയില്‍ ആദിവാസികള്‍ക്ക് സവിശേഷമായ പ്രാതിനിധ്യം കിട്ടണമെങ്കില്‍ സ്വയംഭരണം കിട്ടണം. അതിനു പറ്റിയ പഞ്ചായത്തുകള്‍ സൃഷ്ടിക്കപ്പെണം. ഇത് അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ അവര്‍ക്ക് മറ്റുള്ളവരോടൊപ്പം ഈ പറയുന്ന ജനാധിപത്യ രാഷ്ട്രീയത്തില്‍ മത്സരിക്കാന്‍ കഴിയൂ. ദളിത് വിഭാഗങ്ങള്‍ക്കും അംബേദ്കര്‍ പറഞ്ഞ പ്രത്യേക നിയോജകമണ്ഡലം ആവശ്യമുണ്ട്.

ധന : അംബേദ്കര്‍ ആവശ്യപ്പെട്ടതും ഗാന്ധി എതിര്‍ത്തതുമായ മണ്ഡലം ആണോ

ഗീത : അതു തന്നെ ആ മണ്ഡലങ്ങളുടെ ആവശ്യകതയിലേക്കാണ് ഇന്ത്യ പോകേണ്ടത്. ദളിതരുടെയും ആദിവാസികളുടെയും കാര്യത്തില്‍ മാത്രമല്ല പ്രശ്‌നം. ഇന്ന് എല്ലാ വിഭാഗം സ്ത്രീകള്‍ക്ക് കൂടി ഈ പ്രശ്‌നം ബാധകമാണ്. പ്രത്യേക നിയോജകമണ്ഡലം വന്നാല്‍ മാത്രമേ ഇത് പരിഹരിക്കാനാവൂ. ജാതിമര്‍ദ്ദനവും സ്ത്രീമര്‍ദ്ദനവും ഒരു നാണയത്തിന്റെ രണ്ടുവശം പോലെ കൊണ്ടുപോകുന്ന ഒരു സമൂഹമാണ് നമ്മുടേത്. സ്വയം ഭരണ പഞ്ചായത്തുകള്‍ ദളിത്‌ വിഭാഗത്തിന് വേണം. രാഷ്ട്രീയ പ്രാതിനിധ്യം വേണം .ദൌര്‍ഭാഗ്യ വശാല്‍ വനിതാ സംവരണം പോലും എതിര്‍ക്കപ്പെടുകയാണ്.

ധന: പുതിയ ദളിത്‌ -ആദിവാസി മുന്നേറ്റത്തില്‍ എന്തൊക്കെ ആണ് ലക്ഷ്യമിടുന്നത്?

ഗീതാ: എത്ര കോളനിവാസികളുണ്ട്, എത്ര ഭൂരഹിതരുണ്ടെന്ന കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുക, പിന്നീട് ഇതുപോലുള്ള ജാഥകളും പ്രക്ഷോഭങ്ങളും കേരളത്തിന്റെ പല ഭാഗത്തും ഒരുവര്‍ഷക്കാലം തുടരുക. അതിനുശേഷം കുറച്ചുകൂടി കണ്‍സോള്‍ ചെയ്യാന്‍ കഴിയുമെന്നാണ് വിചാരിക്കുന്നത്. രണ്ടാമത് രാഷ്ട്രീയമായ ഒരു പ്രതലത്തിലേക്ക് ഇതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റും. ദേശീയ തലത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളുമായി സഹകരിക്കുകയും അത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ ഒരു ദളിത് - ആദിവാസി മുന്നേറ്റമുണ്ടാക്കുക. എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും വരാം. ഇപ്പോള്‍ നമ്മള്‍ ഉന്നയിക്കുന്നത് ദളിത്, ആദിവാസി പൗരാവകാശ സംരക്ഷണവേദിയാണ്. ആദിവാസികള്‍ക്കും ദളിതര്‍ക്കും എല്ലാവര്‍ക്കും ഇതിലേക്ക് വരാം. ജാതിയുടെ അടിസ്ഥാനത്തിലല്ല. ദളിത്, പന്നോക്ക, മതന്യൂനപക്ഷമെന്ന ഒരു കോമ്പിനേഷനാണ്. വ്യക്തികള്‍ക്ക് വരാം, സമുദായഗ്രൂപ്പുകള്‍ക്ക് വരാം, ആര്‍ക്കും വരാം.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ധനസുമോദ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories