TopTop
Begin typing your search above and press return to search.

സിനിമയിലെ നായകനും നായികയുടെ ശരീരവും; മലയാള സിനിമയുടെ ആൺവഴികൾ

സിനിമയിലെ നായകനും നായികയുടെ ശരീരവും; മലയാള സിനിമയുടെ ആൺവഴികൾ

മലയാള സിനിമയില്‍, എണ്ണിപ്പറയാന്‍ അധികമൊന്നും ഇല്ല കരുത്തുള്ള സ്ത്രീകഥാപാത്രങ്ങള്‍. അവിടെയുമിവിടെയുമെന്നപോലെ ചിലര്‍. അവരാകട്ടെ 'പുരുഷത്വ'ത്തിന്റെ പൂര്‍ണത നിറഞ്ഞ നായകനോളം കനമുള്ളവരുമായിരുന്നില്ല. ആ ഏറ്റക്കുറച്ചിലിനു കൃത്യമായ ശ്രദ്ധ കൊടുക്കാന്‍ സാഹിത്യകാരന്മാരായ തിരയെഴുത്തുകാര്‍ തൊട്ട് അഭിനവബുദ്ധിജീവി സംവിധായകര്‍ വരെ ശ്രദ്ധിച്ചിരുന്നു. പെണ്ണ് വെറും പെണ്ണും, ആണ് എല്ലാം തികഞ്ഞ ആണും തന്നെയായിരുന്നു നീലക്കുയില്‍ തൊട്ട് ഇങ്ങോട്ടുണ്ടായിരിക്കുന്ന മലയാള സിനിമയെല്ലാം.

ചങ്കുറപ്പുള്ളവളായിരുന്നു രാജമ്മ (മഹായാനത്തില്‍ സീമ അവതരിപ്പിച്ച കഥാപാത്രം). ഒരു വാക്കത്തിയുടെയും അതിനേക്കാള്‍ മൂര്‍ച്ചയുള്ള ജീവിതാനുഭവങ്ങളുടെയും ബലത്തില്‍ കയ്യൂക്കും നെഞ്ചുവിരിവുമുള്ള ആണുങ്ങളോടെല്ലാം പടവെട്ടി നിന്നവള്‍. പക്ഷേ, ചന്ദ്രന്‍ എന്ന ആണിന്റെ കൈബലത്തില്‍ നിന്നും കുതറിമാറാനാവാന്‍ കഴിയാതെ പോകുന്നു ഒടുവില്‍ രാജമ്മയ്ക്ക്. ഇത്രേയുള്ളൂ ഒരു പെണ്ണിന്റെ ചങ്കൂറ്റം എന്ന് അവള്‍ക്കു വ്യക്തമാകാന്‍, ചന്ദ്രന്‍ പറയുന്ന വാചകമുണ്ട്-

ആണൊന്നു വാരിപ്പിടിച്ചാല്‍ തളര്‍ന്നു പോകുന്ന പെണ്ണാടീ നീ...

രാജമ്മയെപ്പോലെ തന്നെ തോന്നിച്ചവളാണ് ഭാനു (കന്മദത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രം). വാക്കുകള്‍ കൊണ്ട് ആണിനെ വെല്ലുവിളിച്ചവള്‍, ഒരു കുടുംബത്തെ ഒറ്റയ്ക്കു പോറ്റിയിരുന്നവള്‍. ഒടുവില്‍ അവളിലെയും 'പെണ്ണത്ത'ത്തെ, അതിന്റെ തരളതയെ (പെണ്ണത്തത്തിനു കരുത്ത് ചേരില്ലല്ലോ) മനസിലാക്കി കൊടുക്കാന്‍ വിശ്വത്തിന് ബലമായി താന്‍ നല്‍കിയ ഒരു ചുംബനം മതിയായിരുന്നു. ആ ഒരൊറ്റ ചുംബനത്തില്‍ ഭാനുവെന്ന പെണ്‍കരുത്ത് അലിഞ്ഞു പോകുന്നു.

ഈ രണ്ടു സിനിമകളും എഴുതിയത് ഏറെ പ്രിയപ്പെട്ട രചയിതാവ് ലോഹിതദാസ് ആയിരുന്നു. തന്റെ സിനിമകളിലെല്ലാം തന്നെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് അര്‍ഹമായ പ്രധാന്യം കൊടുത്ത ലോഹിയും ഉള്ളുകൊണ്ട് ആണ്‍ബോധത്തിന്റെ തടവുകാരനായിരുന്നു.

ചന്ദ്രദാസിനെയും അനിതയേയും ഓര്‍മിയില്ലേ. കൂട്ടുകാരന്റെ ഭാര്യയാകാന്‍ പോകുന്നവളായിരുന്നു അനിത. പക്ഷേ ഒരു 'ദുര്‍ബലനിമിഷത്തില്‍' ചന്ദ്രദാസ് അവളെ പ്രാപിക്കുന്നു. ചന്ദ്രദാസ് എന്ന ആണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കളങ്കം അയാളവിടെ ചെയ്തിട്ടും പാഥേയം എന്ന സിനിമയുടെ ഒടുക്കം എല്ലാ നന്മകളുടെയും ത്യാഗത്തിന്റെയും പ്രതിരൂപമായി ചന്ദ്രദാസിനെ മാറ്റിയെടുത്തു ലോഹി. അനിതയാകട്ടെ അഹങ്കാരിയും സ്വാര്‍ത്ഥയുമായി ബാക്കി നില്‍ക്കുന്നു.

ലോഹിതദാസ് എന്ന എഴുത്തുകാരനെ കച്ചവടക്കൂട്ടുകളോട് അത്രയൊന്നും കൂട്ടുകൂടാതെ ജീവിതാനുബന്ധികളായ കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കുന്നൊരാളായി കണക്കാക്കുന്നതുകൊണ്ടാണ് മേല്‍പ്പറഞ്ഞ രണ്ടു സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തെപോലൊരാള്‍ക്കു പോലും സ്ത്രീയുടെ നിസ്സഹായത അവളുടെ ശരീരം തന്നെയാണെന്നു പറയേണ്ടി വരികയാണ്. ഒരു പെണ്ണിനെ കീഴ്‌പ്പെടുത്താന്‍, പെണ്ണിന്റെ മുന്നില്‍ ആണിനു ജയിക്കാന്‍ അവളുടെ ശരീരം കീഴ്‌പ്പെടുത്തുക തന്നെയാണ് ഉപായമെന്നു കാണിക്കുകയാണ്. അനുര മുഖര്‍ജിയെന്ന, തന്റേടിയായ ഐഎഎസുകാരിയെ, മറ്റുള്ളവരേക്കാള്‍ ഒരെല്ലുകൂടുതലുള്ളതും അലക്‌സാണ്ടര്‍ എന്ന ഒറ്റ തന്തയ്ക്കു പിറന്നവനുമായ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിനു തന്റെ ഓഡര്‍ലിയും ആരാധികയുമാക്കാന്‍ ഉപായമായതും അവളുടെ പെണ്ണെന്ന സത്വത്തിനുനേര്‍ക്കുതിര്‍ത്ത ഭീഷണി തന്നെയായിരുന്നു.

അടിസ്ഥാനപരമായി ദുര്‍ബലമായതും മലീമസമാക്കപ്പെടുന്നതുമായ ഒരു ശരീരം മാത്രമാണ് പെണ്ണെന്ന പേടിപ്പെടുത്തലിന്റെ പ്രകമ്പനങ്ങളാണ് ഈ സിനിമകളിലെ നായകന്മാരില്‍ കൂടിയെല്ലാം പുറത്തുവരുന്നത്.

നീ വെറുമൊരു പെണ്ണാ... എത്ര മുറുക്കി കുത്തിയാലും ഏതെങ്കിലും ഒരാണിന്റെ കൈകൊണ്ട് ഈ മടക്കിക്കുത്തഴിയും. കച്ചോടത്തിനു ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷനിലും തെണ്ടുന്ന കാഴ്ച ഞാന്‍ തന്നെ കാണേണ്ടി വരുമെന്നു ഇന്ദുലേഖയുടെ മുഖത്തു നോക്കി പുച്ഛത്തോടെ പറയുന്ന പവിത്രന്റെ മനസിലും പെണ്ണ് വെറും ശരീരം മാത്രമാണെന്ന ബോധമുണ്ട്. ആ പവിത്രനെ സൃഷ്ടിച്ച രഞ്ജിത്ത് സ്ത്രീവിരുദ്ധ ഡയലോഗുകളുടെ 'തമ്പുരാന്‍' തന്നെയാണ്. ഇന്നലെ വൈകുന്നേരം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടത്തിയ ചലച്ചിത്ര കൂട്ടായ്മയുടെ മുഖ്യസംഘാടകനായി നിന്നു മനുഷ്യന്‍ നന്നാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതും മറ്റാരുമല്ല.

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങള്‍ക്കും സിനിമയും സിനിമാക്കാരുമാണു കാരണം എന്നോ കൊച്ചിയില്‍ നടിക്കുനേരെയുണ്ടായ അതിക്രമത്തില്‍ അനുതാപം രേഖപ്പെടുത്താനോ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ സിനിമാക്കാര്‍ക്ക് അവകാശമില്ലെന്നോ പറയുന്നില്ല. പക്ഷേ സിനിമ എന്ന മാധ്യമത്തിനു മറ്റേതു കലാരൂപത്തക്കാളും ജനമനസില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട്. ഒരു പെണ്ണ് എന്നാല്‍ ഒരു ശരീരം മാത്രമാണെന്നും ആ ശരീരം കളങ്കപ്പെടുത്തിയാല്‍ പിന്നെ അവള്‍ തോറ്റെന്നും പറഞ്ഞു വയ്ക്കുന്നത് ഏറെ ആരാധകരുള്ള താരങ്ങള്‍ തന്നെയാകുമ്പോള്‍ പ്രതിലോമകരമായി ആ വക സന്ദേശങ്ങള്‍ സമൂഹത്തെ ബാധിക്കുന്നുണ്ടെന്നത് വാസ്തവമാണ്.

കൊച്ചിയിലെ സംഭവത്തില്‍ കേട്ടറിവു ശരിയാണെങ്കില്‍, പോപ്പുലറായ ഒരു നടിയെ ആക്രമിക്കാനും, തങ്ങള്‍ എന്തു ചെയ്താലും ആ കാര്യം നടി പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകില്ലെന്നുമുള്ള ക്രിമിനലുകളുടെ വിശ്വാസത്തിനു കാരണം, നടിയുടെ ശരീരത്തിന്‍മേലുള്ള അബദ്ധധാരണയായിരുന്നു. സ്ത്രീ ശരീരത്തിന്റെ നഗ്നത ഏറെ വില്‍പ്പന മൂല്യമുള്ളതു മാത്രമല്ല, വിലപേശലിനുകൂടി സാധ്യതയുള്ളതാണല്ലോ! ഇത്തരം വികലധാരണകളോട് ആണ് വശംവദനാകുന്നതും പെണ്ണ് ഭയപ്പെടുന്നതിനും ഒരു കാരണമായി സിനിമ മാറിയിട്ടുണ്ട്; സ്ത്രീ ശരീരത്തെ സിനിമ അത്രമേല്‍ കച്ചവടവത്കരിച്ചു കളഞ്ഞു. ഒരു സ്ത്രീ കഥാപാത്രവും അവളുടെ ശരീരത്തിന്റെ ബന്ധനത്തില്‍ നിന്നും മുക്തയായി മാറിനില്‍ക്കുന്നത് സിനിമയില്‍ കാണാന്‍ കഴിയില്ല. ഇതിന്റെ മറ്റൊരു ദോഷവശമെന്താണെന്നു കൂടി ചിന്തിക്കണം. പുലിയെ പിടിക്കുന്നവനും ഇരുപത്തിയഞ്ചുപേരെ മലര്‍ത്തിയടിക്കുന്നവനും വള്ളിപുള്ളി തെറ്റാതെ പത്തുമിനിട്ടോളം ഒറ്റശ്വാസത്തില്‍ ഡയലോഗ് പറയാനുമൊക്കെ കഴിയുന്ന നായകന്മാരെ റിയല്‍ ലൈഫിലും അതേ ആശ്ചര്യത്തോടെയും ബഹുമാനത്തോടെയും കാണുന്ന പ്രേക്ഷകന് ഒരു നായികയെ അടുത്തു കണ്ടാല്‍ അവളെ തൊടാനും ശരീരഭാഗങ്ങളുടെ ഫോട്ടോയെടുക്കാനും തോന്നുന്നത് സിനിമ രണ്ടുതരത്തില്‍ ആണിനെയും പെണ്ണിനെയും ചമച്ചു വച്ചിരിക്കുന്നതുകൊണ്ടാണ്. നടിയെന്നാല്‍ വെടിയാണെന്നാണല്ലോ നമ്മുടെ തമാശ.

ഇത്രയൊക്കെ പറയുമ്പോഴും കൊച്ചിയില്‍ നടന്ന സംഭവത്തിനു പ്രധാന ഉത്തരവാദികള്‍ സിനിമാക്കാരാണെന്ന വിമര്‍ശനം പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്നു വീണ്ടും പറയുന്നു. ബസില്‍ യാത്ര ചെയ്യുമ്പോള്‍ പുറകില്‍പ്പോയി ഉരസി നില്‍ക്കാനും വാട്‌സ്ആപ്പില്‍ ക്ലിപ്പുകാണാനും സിനിമയാണു പഠിപ്പിച്ചതെന്നു പറയാന്‍ നമുക്കാവില്ലല്ലോ. ക്രിമിനല്‍ സ്വഭാവമുള്ളവരെല്ലാം അങ്ങനെയായത് സിനിമ കണ്ടാണെന്നും പറയാന്‍ കഴിയില്ല. ഒരുത്തനെ വെട്ടിക്കൊല്ലുന്നതും ആളുകൂടുന്നിടത്തു ബോംബെറിയുന്നതും സിനിമ നല്‍കിയ പ്രചോദനമാണെന്നും പറയാമോ? ഇല്ല, സിനിമാക്കാരെന്നത് ഈ സമൂഹത്തില്‍ നിന്നുള്ളവരാണെന്നതും സിനിമയെന്നത് സമൂഹത്തിന്റെ താത്പര്യത്തിനുസരിച്ച് സൃഷ്ടിക്കപ്പെടുന്നതാണെന്നും മനസിലാക്കിയാല്‍ എറിയാന്‍ എടുത്തുപിടിച്ചിരിക്കുന്ന കല്ലുകള്‍ നമ്മളില്‍ പലര്‍ക്കും താഴെയിടേണ്ടി വരും.

അജിനോമോട്ടോ ആരോഗ്യത്തിനു ഹാനികരമാണെന്നറിയാം എങ്കിലും അതേ ചേരുവ ചേര്‍ത്ത ഭക്ഷണത്തിനോടാണ് ഇഷ്ടം. ഇതറിയുന്ന കച്ചവടക്കാരന്‍ എന്തായിരിക്കും ചെയ്യുക? അതു തന്നെയാണു സിനിമക്കാരും ചെയ്യുന്നത്. ആഷിഖ് അബു പറഞ്ഞതുപോലെ, ചീപ്പ് ത്രില്‍സിനും കയ്യടിക്കും വേണ്ടി സ്ത്രീവിരുദ്ധ ഡയലോഗുകളും നായകവഷളത്തങ്ങളും വേണ്ടെന്ന് എഴുത്തുകാരും സംവിധായകരും തീരുമാനിച്ചാല്‍ സിനിമ എന്ന മാധ്യമം സമൂഹത്തോട് നീതി പുലര്‍ത്തുക തന്നെ ചെയ്യും. പെണ്ണ് ഭീഷണിപ്പെടുത്താനും കീഴ്‌പ്പെടുത്താനും കഴിയുന്ന ഒരു ശരീരം മാത്രമല്ലെന്ന സന്ദേശം സൃഷ്ടിക്കുന്ന സിനിമകള്‍ ഇറങ്ങട്ടെ, സിനിമ മാറട്ടെ, പക്ഷേ പ്രേക്ഷകന്‍ എന്നു പറയുന്ന ജനം ഉണ്ടല്ലോ, അവരും മാറണം. അതിനുള്ള 'ആണത്തം' കാണിക്കണം.


Next Story

Related Stories