UPDATES

ഇങ്ങനെ പോയാല്‍ ലിംഗസമത്വം കൈവരിക്കാന്‍ വേണ്ടിവരിക 170 വര്‍ഷങ്ങള്‍!

സ്ത്രീയായിരിക്കുക എന്നത് കൂടുതല്‍ കൂടുതല്‍ കഠിനമായിക്കൊണ്ടിരിക്കുന്നു

അമാന്‍ഡ എറിക്ക്സണ്‍

സ്ത്രീയായിരിക്കുക എന്നത് കൂടുതല്‍ കൂടുതല്‍ കഠിനമായിക്കൊണ്ടിരിക്കുന്നു.

വേള്‍ഡ് എക്കണോമിക് ഫോറം ആഗോള തലത്തില്‍ ലിംഗ വിവേചനത്തെ പറ്റി നടത്തിയ പുതിയൊരു പഠനത്തിലൂടെ എത്തിച്ചേര്‍ന്ന നിഗമനമാണിത്. ഈ വാര്‍ഷിക അവലോകനത്തില്‍ 142 രാജ്യങ്ങളെ പരിഗണിച്ചിട്ടുണ്ട്. നാലു സൂചകങ്ങള്‍ ഉപയോഗിച്ചാണ് ലോകത്ത് സ്ത്രീക്കു കിട്ടിയിരിക്കുന്ന സ്ഥാനം കണക്കാക്കിയത്: വിദ്യാഭ്യാസ നേട്ടങ്ങള്‍, ആരോഗ്യം, രാഷ്ട്രീയമായ ശാക്തീകരണം, സാമ്പത്തിക പങ്കാളിത്തം എന്നിവയാണവ.

ഇതിലെ നല്ല വാര്‍ത്ത സ്ത്രീകളും പുരുഷന്മാരും സ്കൂള്‍ വിദ്യാഭ്യാസം നേടുന്നതിന്‍റെ നിരക്ക് ഒരുപോലെയാണ് എന്നതാണ്. സ്ത്രീകളുടെ ആരോഗ്യാവസ്ഥയും ഏതാണ്ട് പുരുഷനൊപ്പമാണ്. എന്നാല്‍ ഭരണരംഗത്തെ സ്ത്രീകളുടെ പ്രാതിനിധ്യം പുരുഷന്‍മാരുടേതിന് അടുത്തെങ്ങുമെത്തില്ല. സാമ്പത്തിക രംഗത്തെ വിടവാണെങ്കില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പഠനത്തില്‍ ഉള്‍പ്പെട്ട 74 രാജ്യങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. “ആഗോള തലത്തില്‍ ലിംഗ സമത്വം കൈവരിക്കാന്‍ ഈ നാലു കാര്യങ്ങളില്‍ ലോകവ്യാപകമായി നിലനില്‍ക്കുന്ന 31.7 ശതമാനത്തിന്‍റെ വിടവ് നികത്തണം,” എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

സാമ്പത്തിക രംഗത്തെ അന്തരം ഇല്ലാതാക്കുന്നത് പല കാരണങ്ങള്‍ കൊണ്ടും ഒരു വെല്ലുവിളിയാണ്. പണ്ടത്തേക്കാളുമധികം സ്ത്രീകള്‍ ഇക്കാലത്ത് ജോലിക്കു പോകുന്നുണ്ടെങ്കിലും വീട്ടുജോലികളുടെ ഭൂരിഭാഗവും ഒപ്പം കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും പരിചരണവും ഇന്നും അവരുടെ ചുമതലയാണ്. സ്ത്രീകള്‍ ശമ്പളമില്ലാതെ ചെയ്യുന്ന ജോലികളുടെ 34 ശതമാനമാണ് പുരുഷന്മാര്‍ ശരാശരി നിര്‍വ്വഹിക്കാറ്. ഈ വ്യത്യാസം വളരെ നേരത്തെ ആരംഭിക്കുന്നതാണ്. ആണ്‍കുട്ടികള്‍ക്കിടയിലെ കണക്കു വച്ച് നോക്കുമ്പോള്‍ പെണ്‍കുട്ടികളുടെ സമയത്തിന്‍റെ 30 ശതമാനം അധികം ഇങ്ങനെ വരുമാനമില്ലാത്ത ജോലിക്കായി ചെലവഴിക്കപ്പെടുന്നു. ആണുങ്ങളേക്കാള്‍ ദിവസവും ഏതാണ്ട് ഒരു മണിക്കൂറോളം സമയം കൂടുതല്‍ ജോലി ചെയ്തിട്ടും അവര്‍ക്കൊപ്പം സമ്പാദിക്കാനും ജോലിയില്‍ ഉയരങ്ങളിലെത്താനുമുള്ള സ്ത്രീകളുടെ കഴിവിനെ ഇതു പരിമിതപ്പെടുത്തുന്നു. പുരുഷന്‍മാര്‍ക്ക് മേല്‍ക്കൈ ഉള്ള തരം ജോലികളെ അപേക്ഷിച്ച് സ്ത്രീകളുടേതായ മേഖലകളില്‍ വേതനം കുറവാണ്. “ശമ്പളമുള്ളതും അല്ലാത്തതുമായ ജോലികള്‍ സ്ത്രീക്കും പുരുഷനുമിടയില്‍ വിഭജിക്കപ്പെടുന്ന കാര്യത്തില്‍ ജനസംഖ്യയും വരുമാനവും സാമൂഹ്യമായ പ്രതീക്ഷകളും വലിയൊരു പങ്കു വഹിക്കുന്നു,” എന്ന് ഈ റിപ്പോര്‍ട്ടിന്‍റെ ലേഖകര്‍ എഴുതുന്നു.

കാര്യങ്ങള്‍ ഈ രീതിയില്‍ തുടരുകയാണെങ്കില്‍ ലിംഗ സമത്വത്തിലെത്തിച്ചേരാന്‍ ഇനിയൊരു 170 വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് പഠനം നടത്തിയ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു പ്രതീക്ഷയുള്ളത് ഇപ്പോഴത്തെ പ്രവണതകളനുസരിച്ച് വിദ്യാഭ്യാസ രംഗത്തെ അസമത്വം അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ നീക്കാനാകും എന്നതാണ്. ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ ഈ വ്യത്യാസം ദ്രുതഗതിയില്‍ പരിഹരിക്കപ്പെടുന്നുമുണ്ട്. തെക്കു കിഴക്കന്‍ ഏഷ്യയില്‍ 46ഉം യൂറോപ്പില്‍ 61ഉം ലാറ്റിന്‍ അമേരിക്കയില്‍ 72ഉം വര്‍ഷങ്ങള്‍ കൊണ്ടും ലിംഗ സമത്വം കൈവരിക്കാനാകും. മദ്ധ്യ പൂര്‍വ്വേഷ്യ (middle east), വടക്കേ ആഫ്രിക്ക, മദ്ധ്യേഷ്യ, വടക്കേ അമേരിക്ക എന്നീ പ്രദേശങ്ങളിലാണ് ഇക്കാര്യത്തില്‍ ഏറ്റവും കുറവ് പുരോഗതി കാണുന്നത്.

സ്ത്രീ-പുരുഷ വിവേചനം എവിടേയും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല എങ്കിലും ഐസ്ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, നോര്‍വെ, സ്വീഡന്‍ എന്നീ നോര്‍ഡിക് രാജ്യങ്ങളാണ് ഏറ്റവും മുന്‍പില്‍. ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുള്ള മറ്റൊരു പ്രദേശം റുവാണ്ടയാണ്. ഭരണാധികാര സ്ഥാനങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ട് എത്തിച്ചേര്‍ന്നിട്ടുള്ള ലോകത്തെ ഒരേയൊരു രാജ്യമാണത്. യുണൈറ്റഡ് സ്റ്റേറ്റ്സിനു ലിംഗ സമത്വത്തിന്‍റെ കാര്യത്തില്‍ നാല്‍പ്പത്തഞ്ചാം സ്ഥാനമാണുള്ളത്. തൊഴില്‍രംഗങ്ങളിലെ സ്ത്രീകളുടെ എണ്ണത്തിന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ പറയത്തക്ക വര്‍ദ്ധനവുണ്ടായില്ല എന്നതാണ് ഇതിനൊരു പ്രധാന കാരണം. മറ്റൊന്ന്, അധികാരസ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടേതിലും കുറവാണ് എന്നതും. വിദ്യാഭ്യാസരംഗത്ത് അമേരിക്ക തുല്യത കൈവരിച്ചു കഴിഞ്ഞു.

“ഈ പ്രവചനങ്ങളൊന്നും തന്നെ പഴയ കണക്കുകളില്‍ ഊന്നിയല്ല. മറിച്ച്, നിലവിലുള്ള പ്രവണതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. നയരൂപീകരണത്തിലും മറ്റ് അനുബന്ധ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലിംഗ സമത്വം കൈവരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനായി നല്‍കുന്ന സൂചനകളാണ് ഇവ,” എന്നാണ് റിപ്പോര്‍ട്ട് എഴുതിയവര്‍ ചൂണ്ടിക്കാണിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍