UPDATES

കളിക്കേണ്ട ആണുങ്ങളും കാണേണ്ട പെണ്ണുങ്ങളുമല്ല; തുല്യതയുടെ കളിക്കളം തുറന്ന് മലപ്പുറം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി സംഘടിപ്പിക്കുന്ന Gender Neutral Football Tournament- GNLF ഫെബ്രുവരി പത്തിന്

പന്തുകളിക്കുന്ന പെണ്‍കുട്ടികളെ കുറിച്ച് ലോകസാഹിത്യത്തില്‍ ഏഴുതപ്പെട്ട വളരെ കുറച്ചു പുസ്തകങ്ങളിലൊന്നാണ് നരീന്ദര്‍ ദാമിയുടെ Beautiful Games എന്ന സമാഹാരം. ഫുട്ബാള്‍ കളിക്കുന്ന/കളിക്കാനിഷ്ടപ്പെടുന്ന ഒരു കൂട്ടം പെണ്‍കുട്ടികളെക്കുറിച്ചുള്ള കഥകളാണിവ. പുസ്തകത്തിലെ പ്രധാന കഥാപാത്രമായ ഹന്ന വായനക്കാര്‍ക്കുവേണ്ടി, തന്നെ പരിചയപ്പെടുത്തുന്നത് ഭാവിയില്‍ ഇംഗ്ലണ്ട് ഫുട്ബാള്‍ ടീമിന്‍റെ ക്യാപ്റ്റനാവാനുള്ളവള്‍ എന്നാണ്.

ഹന്നയുടെ ഈ പരിചയപ്പെടുത്തല്‍, ജെന്‍ഡറെന്ന അളവുകോല്‍ വച്ച്‌ കളിക്കളങ്ങള്‍ പൊതുവേയും ഫുട്ബാളില്‍ പ്രത്യേകിച്ചും, ഗാലറിയിലെ കാണികളായും ചിയര്‍ ഗ്രൂപ്പായും മാറ്റി നിര്‍ത്തുന്ന മനുഷ്യവിഭാഗങ്ങളെകുറിച്ച് പറയുന്നുണ്ട്. നമ്മുടെ കളിക്കളങ്ങളുടെ സ്വാഭാവികതയെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ‘ഗാലറിയിലെ കാണി’ എന്നതു പോലും പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം മറന്നുപോവരുത്. ഇറാനും ബഹറിനും തമ്മിലുള്ള വേള്‍ഡ് കപ്പ് ക്വാളിഫൈംഗ് ഫുട്ബാള്‍ മത്സരം കാണാന്‍ പോവുന്ന പെണ്ണുങ്ങളെ ചിത്രീകരിച്ച ഇറാനിയന്‍ സിനിമ, ജാഫര്‍ പനാഹിയുടെ ‘ഓഫ് സൈഡ്’ നമുക്കിടയിലൊക്കെ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പെണ്ണിനും ഇതര ലൈംഗിക വിഭാഗങ്ങള്‍ക്കും പ്രവേശനവും പങ്കാളിത്തവുമില്ലാത്ത   ഗ്രൌണ്ടുകള്‍ നമുക്കിടയിലും സുലഭമാണല്ലോ.

അപ്പോള്‍ ആരാണ് നമ്മുടെ കളിക്കളങ്ങളെ ലിംഗപരമായി പക്ഷം (Gender Biased) ചേരുന്നവയാക്കിയത്? ആരാണാരവങ്ങളെ ആണിന്‍റെതു മാത്രമാക്കിയത്?

2001-ല്‍ ഓസ്ട്രേലിയയും അമേരിക്കന്‍ സമോവയും തമ്മില്‍ നടന്ന ലോകക്കപ്പ് ഫുട്ബാള്‍ യോഗ്യതാമത്സരം ഓര്‍ക്കുന്നുണ്ടോ? അന്താരാഷ്‌ട്ര ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷിതമായ പരാജയപ്പെടുത്തല്‍ എന്നു വിളിക്കപ്പെട്ട ആ മത്സരത്തില്‍ ഓസ്ട്രേലിയ, എതിരാളികളായ സമോവ ദ്വീപസമൂഹത്തിനെ തോല്‍പ്പിച്ചത് മുപ്പത്തിയൊന്നു ഗോളുകള്‍ക്കായിരുന്നു. ഫിഫയുടെ കോണ്‍ഫെഡറേഷന്‍ ലിസ്റ്റനുസരിച്ച് ഏറ്റവും ചെറിയ ടീമുകളിലൊന്നാണ് അമരിക്കന്‍ സമോവ ദ്വീപസമൂഹം.അന്ന് തകര്‍ന്നു തരിപ്പണമായ ആ ടീം പക്ഷേ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇക്കഴിഞ്ഞ ലോകകപ്പിന്‍റെ പല യോഗ്യതാ മത്സരങ്ങളും ജയിച്ചുകയറിയിരുന്നു.

2014-ല്‍ പുറത്തിറങ്ങിയ ‘നെക്സ്റ്റ് ഗോള്‍ വിന്‍സ്’ എന്ന ഇംഗ്ലീഷ് ഡോക്യുഫിലിം സമോവ ടീമിന്‍റെ ഈ വിജയകഥ പറയുന്നുണ്ട്. അമേരിക്കന്‍ സമോവ ദേശീയ ഫുട്ബാള്‍ ടീം, ലോകശ്രദ്ധ നേടുന്നത് മറ്റൊരു കാരണം കൊണ്ടു കൂടിയാണ്. ഫിഫയുടെ അന്താരാഷ്ട്ര ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുത്ത ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ പ്ലെയര്‍, 2003 മുതല്‍ ടീമിന്‍റെ ഭാഗമായ ജിയാ സയിലുവ എന്ന ഡിഫന്‍ഡറാണ്. ലോകത്താകമാനമുള്ള ട്രാന്‍സ്ജെന്‍ഡര്‍ കായിക താരങ്ങളുടെ വക്താവായും സപ്പോര്‍ട്ടറായും പ്രവര്‍ത്തിക്കുന്നുണ്ട് ജിയാ. “We are all given an equal opportunity to play sport” എന്നാണ് സമോവ ദ്വീപസമൂഹങ്ങളുടെ കായികസംസ്കാരത്തെക്കുറിച്ച് അവര്‍ പറയുന്നത്. പക്ഷേ ജന്മനാട്ടിലൊഴിച്ച് മറ്റു പലയിടങ്ങളില്‍ നിന്നുമായി നേരിട്ട ദുരനുഭവങ്ങളുടെ പാഠങ്ങളുമുണ്ട് ഈ കായിക താരത്തിന്. ചരിത്രത്തില്‍ ഏറ്റവും ക്രൂരമായി തോല്‍പ്പിക്കപ്പെട്ട സമോവ എന്ന ചെറിയ ഭൂപ്രദേശം നമ്മളോടു തന്നെയും ചോദിക്കുന്ന പലതുണ്ട്

അത്രമേല്‍ കളിയിടങ്ങളെ നെഞ്ചേറ്റുന്ന, ഫുട്ബാള്‍ വികാരങ്ങള്‍ അലയടിക്കുന്ന നമ്മുടെ മൈതാനങ്ങളിലേക്കു നോക്കൂ. നമ്മുടെ തന്നെ ഉള്ളുകളിലേക്ക് നോക്കൂ.

തുല്യതയുടെ കളിക്കളങ്ങള്‍ സാധ്യമാക്കാതെ നമുക്കെങ്ങനെയാണ് ഇന്‍ക്ലൂസീവുകളെപ്പറ്റി പറയാനാവുക?

കളിക്കേണ്ട നമ്മളും കാണേണ്ട അവരുമെന്ന ബൈനറിയെ നമ്മളെന്നാണ് മറികടക്കുക?

ജിയാ സയിലുവ

ഇവിടെയാണ്‌ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി സംഘടിപ്പിക്കുന്ന Gender Neutral Football Tournament- GNLF പ്രസക്തമാവുന്നത്. SCRIBES ശാസ്ത്ര സംസ്കാരികോത്സവത്തിന്‍റെ ഭാഗമായാണ് ‘സമത്വത്തിന്‍റെയും ഒരുമയുടേയും വലിയ ആകാശമാണ്‌ ഫുട്ബാള്‍’ എന്ന സന്ദേശത്തോടെ ഫെബ്രുവരി പത്തിന് മലപ്പുറം കോട്ടപ്പടി മൈതാനത്ത് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. വനിതാ ഫുട്ബാള്‍ അക്കാദമി കോഴിക്കോട്, കടത്തനാട് രാജ അക്കാദമി, സ്റ്റുഡന്‍ന്‍റ്സ് എഫ് സി തൂത, വനിതാ അക്കാദമി വള്ളിക്കുന്ന് തുടങ്ങി നാല് ടീമുകള്‍ മാറ്റുരയ്ക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായി പെണ്ണും ആണും ട്രാന്‍സ്ജെന്‍ഡറുമെല്ലാം ഒരുമിച്ച് ഒരേ മൈതാനത്ത് കളിക്കാനിറങ്ങും. ലിംഗേതര മൈതാനങ്ങള്‍ തുറന്നുവിടുന്ന സ്വാതന്ത്ര്യത്തിന്‍റെ തെരുവ് വലുതാണ്‌. ഹന്നയ്ക്ക്, ഇംഗ്ലണ്ട് ഫുട്ബാള്‍ ടീമിന്‍റെ ക്യാപ്റ്റനാവുകയെന്ന  സ്വപ്നം പ്രാപ്യമാവുന്ന, ജിയമാരെ പുറന്തള്ളാത്ത ലോകമാണ് നിര്‍മ്മിക്കേണ്ടത്.

അതെ, മലപ്പുറത്തിന്‍റെ വികാരമായ ഫുട്ബാളില്‍ പുതിയൊരു വിസില്‍ മുഴങ്ങുകയാണ്.മൈതാനത്ത് തുല്യതയുടെ പന്തുരുളുകയാണ്. യൗവ്വനം  ഒരുമയുടെ, ഉള്‍ക്കൊള്ളലിന്‍റെ പുതിയൊരു ലോകം നെയ്യുകയാണ്.

(കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന്‍ എംഎ ഇംഗ്ലീഷ് ബിരുദധാരിയായ ലേഖകന്‍ ഇപ്പോള്‍ ഫാറൂഖ് ട്രെയിനിംഗ് കോളേജില്‍ ബിഎഡ് ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അജിത് രുഗ്മിണി

അജിത് രുഗ്മിണി

കവിയും കഥാകൃത്തുമായ അജിത്ത് രുഗ്മിണി ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയശേഷം ഇപ്പോള്‍ ഫറൂഖ് ട്രെയിനിംഗ് കോളേജില്‍ ബി എഡ് ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍