TopTop
Begin typing your search above and press return to search.

കാണാതാക്കപ്പെടുന്ന കറുത്തവരുടെ കല; ഒരു അമേരിക്കന്‍ അനുഭവം

കാണാതാക്കപ്പെടുന്ന കറുത്തവരുടെ കല; ഒരു അമേരിക്കന്‍ അനുഭവം

പീറ്റര്‍ മാര്‍ക്ക്സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അധികം പഴയ സംഭവമല്ല. ജോര്‍ജ് സി വുള്‍ഫ് ഓദ്ര മക്ഡോണല്‍ഡിന് മെസേജ് അയച്ച് അവരെ ലഞ്ചിന് ക്ഷണിച്ചു. “ഞങ്ങള്‍ ഇരുന്ന് കുറച്ച് നേരം കാറ്റ് കൊണ്ടു”, മക്ഡോണല്‍ഡ് ഓര്‍ക്കുന്നു. “പിന്നെ അയാള്‍ എന്നോട് പറഞ്ഞു, “എനിക്ക് ഇങ്ങനെ ഒരു പദ്ധതിയുണ്ട്...”

ആറുതവണ ടോണി അവാര്‍ഡ് നേടിയ ഓദ്രയോട് ഒരു കുസൃതിച്ചിരിയോടെ വുള്‍ഫ് തന്റെ പദ്ധതി വിവരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ എളുപ്പമാണ്: “ഷഫിള്‍ എലോംഗ്” എന്ന അത്രയധികം ശ്രദ്ധിക്കപ്പെടാതെ ഒരു നൂറ്റാണ്ടുമുന്‍പ് പുറത്തിറങ്ങിയ ഒരു കറുത്തവര്‍ഗ സംഗീതനാടകം. ഓദ്രയ്ക്ക് പ്രധാനവേഷമാണ് ഓഫര്‍ ചെയ്തത് എന്നതില്‍ അത്ഭുതമില്ല.

“എനിക്ക് ഈ ഷോയെപ്പറ്റി ഒന്നുമറിയില്ല”, അമ്പരന്ന നടി പറഞ്ഞു. “എന്തുകൊണ്ടാണ് എനിക്ക് ഇതിനെപ്പറ്റി ഒന്നും അറിയാത്തത്?”

അവരുടെ പ്രതികരണം ഈ നാടകത്തിന്റെ പ്രാധാന്യം ഉറപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായിരുന്നു. 1921ലെ ആഫ്രിക്കന്‍ അമേരിക്കന്‍ ഹിറ്റ്‌, അതും യൂബി ബ്ലേക്കിന്റെയും നോബിള്‍ സിസിലിന്റെയും സംഗീതമുള്ളതിനെപ്പറ്റി ബ്രോഡ് വേയിലെ പ്രമുഖര്‍ക്ക് അറിയില്ലെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.

ഓഫ് ബ്രോഡ് വേയുടെ പബ്ലിക്ക് തിയേറ്ററിന്റെ സംവിധായകനും മുന്‍ ടോണി അവാര്‍ഡ് ജേതാവുമായ വുള്‍ഫ് കറുത്തവര്‍ഗ ഷോബിസിനസിന്റെ ചരിത്രം താല്‍പ്പര്യത്തോടെ അന്വേഷിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ “ദി കളേര്‍ഡ് മ്യൂസിയം”, “ബ്രിംഗ് ഇന്‍ ദി നോയിസ്, ബ്രിംഗ് ഇന്‍ ദി ഫങ്ക്” എന്നീ നാടകങ്ങള്‍ ഉദാഹരണങ്ങളാണ്. ബ്രോഡ് വേയ്ക്ക് ജാസ് സംഗീതം പരിചയപ്പെടുത്തിയ, ജോസഫീന്‍ ബാര്‍ക്കര്‍, പോള്‍ റോബ്സന്‍ എന്നീ എക്കാലത്തെയും മികച്ച കറുത്തവര്‍ഗ നടീനടന്മാരെ പരിചയപ്പെടുത്തുകയും ചെയ്ത ഒരു നാടകത്തെപ്പറ്റി ആര്‍ക്കും പരിചയമില്ല എന്നത് അദ്ദേഹത്തെ കുപിതനാക്കി.അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ “ഷഫിള്‍ എലോംഗ്” അറുപത്തൊന്നുകാരനായ വുള്‍ഫിനു ഒരു സ്വകാര്യപദ്ധതിയാകുന്നത്. അദ്ദേഹം പുതിയ നാടകത്തിനു പേരില്‍ ഒരു വാലും ചേര്‍ക്കുന്നുണ്ട്. “അഥവാ, 1921ലെ സംഗീതസെന്‍സേഷന്റെ നിര്‍മ്മാണവും അതിനുശേഷമുണ്ടായതും”. അദ്ദേഹം യഥാര്‍ത്ഥനാടകത്തെ ആശയപരമായി വികസിപ്പിച്ചു. തെരഞ്ഞെടുത്ത പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ ഇരുപത്തിയെട്ടിനു മ്യൂസിക്ക് ബോക്സ് തിയേറ്ററിലാണ് നടക്കുക. മക്ഡോണല്‍ഡിനെ കൂടാതെ പ്രമുഖതാരങ്ങളായ ബ്രയന്‍ സ്റൊക്ക്സ് മിച്ചല്‍, ബില്ലി പോര്‍ട്ടര്‍, ഇരുപതു വര്‍ഷം മുന്‍പ് നോയിസ്/ ഫങ്കില്‍ അദ്ദേഹത്തോടൊപ്പം ജോലിചെയ്ത ടാപ്പ്‌ ഡാന്‍സ് രാജാവ് കൊറിയോഗ്രാഫര്‍ സാവിയോന്‍ ഗ്ലോവര്‍ എന്നിവരുണ്ട്.

“ഞാന്‍ അവരെ ബ്ലാക്ക് അവഞ്ചെര്‍സ്” എന്നാണു വിളിക്കുന്നത്, റിഹേഴ്സല്‍ മുറിയുടെ അടുത്തുള്ള ചെറിയ ഓഫീസ് മുറിയിലിരുന്നു വുള്‍ഫ് പറഞ്ഞു. വുള്‍ഫിന്റെ മുന്‍നാടകങ്ങള്‍ പോലെ ഇതും അദ്ദേഹത്തിന്റെ നാടകത്തോടും ജാസ് സംഗീതത്തോടുമുള്ള സ്നേഹവും അഗാധമായ അറിവും വെളിപ്പെടുത്തുന്നതാണ്. നോയിസ് ഫങ്ക്, ജെല്ലിസ് ലാസ്റ്റ് ജാം എന്നിവ ഉദാഹരണങ്ങള്‍. ജെല്ലിസ് ലാസ്റ്റ് ജാം ജാസ് പിയാനിസ്റ്റ്‌ ജെല്ലി റോള്‍ മോര്‍ട്ടനെ പറ്റിയുള്ളതാണ്.

"തിരിച്ചുപോയി പണ്ടത്തെപ്പോലെയുള്ള വിടര്‍ന്ന കണ്ണുമായുള്ള നാടകപ്രേമം അനുഭവിക്കണം എനിക്ക്.” അതിന്റെ കാലത്ത് വിപ്ലവകരം എന്ന് അദ്ദേഹം വിളിക്കുന്ന ആ മ്യൂസിക്കലിനെപ്പറ്റി വുള്‍ഫ് പറയുന്നു. അന്ന് ഷഫിള്‍ എലോംഗ് പ്രദര്‍ശിപ്പിച്ചപ്പോള്‍ ജനത്തിരക്ക് കാരണം വാഹനങ്ങള്‍ വെസ്റ്റ് 63 സ്ട്രീറ്റിലേയ്ക്ക് വഴിതിരിച്ചുവിടേണ്ടിവന്നിരുന്നു. ബ്ലെക്കിന്റെ ജാസ് സംഗീതവും ചടുലതാളവും ആദ്യകാല അമേരിക്കന്‍മ്യൂസിക്കലിന്റെ ഘടനതന്നെ മാറ്റിമറിച്ചിരുന്നുവെന്ന് വൂള്‍ഫ് വിശദീകരിക്കുന്നു. അതിനും പുറമേയാണ് ബ്രോഡ് വേ നാടകശൈലിയിലേയ്ക്ക് ആഫ്രിക്കന്‍ അമേരിക്കന്‍ രീതികള്‍ കൊണ്ടുവന്നത്.വെളുത്തവര്‍ഗ നടന്മാരായ അല്‍ ജോള്‍സനെ പോലെയുള്ളവര്‍ വന്നു ഈ സംഗീതത്തെയും അഭിനേതാക്കളെയും പ്രശംസിച്ചിരുന്നു. ഫ്ലോറന്‍സ് മില്‍സിന്റെ ഗാനവൈഭവത്തെപ്പറ്റി അന്ന് ഇര്‍വിംഗ് ബെര്‍ലിന്‍ അന്ന് എഴുതിയത് വുള്‍ഫ് ഓര്‍ത്തുപറയുന്നു. “ഫ്ലോറന്‍സ് മില്‍സ് ഒരു വെളുത്തവര്‍ഗക്കാരിയായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി ഓരോ ആഴ്ചയും എഴുതേണ്ടിവന്നേനെ” എന്നാണു അദ്ദേഹം പറഞ്ഞത്.

കുറേ കാലങ്ങളായി ഷഫിള്‍ എലോംഗ് വുള്‍ഫിന്റെ മനസിലുണ്ട്. നോയിസ് ഫങ്കിന് ശേഷം ദശാബ്ദങ്ങള്‍ ചെലവിട്ട് അദ്ദേഹം സൃഷ്ടിക്കുന്ന ഒരു കൃതിയാണിത്‌.

“ഗ്രീക്ക് പുരാണങ്ങള്‍ അനുസരിച്ച് സീയൂസിന്റെ മകള്‍ അയാളുടെ തലയില്‍ നിന്ന് ജനിച്ചതിനെപ്പറ്റി കേട്ടിട്ടില്ലേ- പൂര്‍ണ്ണവളര്‍ച്ചയുള്ള മകള്‍ തലയില്‍ നിന്ന് ഇറങ്ങിവരുന്നത്?” മക്ഡോണല്‍ഡ് പറയുന്നു. “ഇതും അതുപോലെയാണ്. ജോര്‍ജ് സീയൂസാണ്, ഷഫിള്‍ അദ്ദേഹത്തിന്റെ തലയില്‍ നിന്നാണ് ഇറങ്ങിവരുന്നത്.”

വുള്‍ഫിന്റെ തലയില്‍ നിന്ന് വര്‍ഷങ്ങള്‍ കൊണ്ട് പല പ്രധാന പദ്ധതികളും പുറത്തുവന്നിട്ടുണ്ട്. ടോണി കുഷ്ണരുടെ എപിക്ക് എയിഡ്സ് നാടകമായ എയ്ഞ്ചല്‍സ് ഇന്‍ അമേരിക്ക പുറത്തിറക്കാനും തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഈ നാടകത്തിന്റെ രണ്ടുഭാഗങ്ങള്‍ സംവിധാനം ചെയ്യാനും സഹായിച്ചത് വുള്‍ഫാണ്. അന്ന ഡീവേര്‍ സ്മിത്തിന്റെ “ട്വയിലൈറ്റ്: ലോസ് ആഞ്ചലസ്, 1992”, “കാരൊലിന്‍ ഓര്‍ ചേഞ്ച്” എന്നീ നാടകങ്ങളും സംവിധാനം ചെയ്തത് അദ്ദേഹമാണ്. കാരൊലിന്‍ ഒരു കറുത്തവര്‍ഗക്കാരി വീട്ടുജോലിക്കാരിയുടെയും ജൂത ചെറുപ്പക്കാരന്റെയും പ്രേമകഥയാണ്.

എന്നാല്‍ കരോളിന്‍ ഇറങ്ങിയിട്ട് പത്തു വര്‍ഷം കഴിഞ്ഞു, വുള്‍ഫ് ഇതിനിടെ ഒന്നും സംവിധാനം ചെയ്തിട്ടില്ല. അദ്ദേഹം പ്രദര്‍ശിപ്പിച്ച രണ്ടു പുതിയ നാടകങ്ങള്‍- ജോണ് ഗാരെയുടെ “എ ഫ്രീ മാന്‍ ഓഫ് കളര്‍”, നോര എഫ്രന്‍ന്റെ “ലക്കി ഗൈ” എന്ന ടോം ഹാങ്ക്സ് നാടകം എന്നിവ അധികം ശ്രദ്ധിക്കപ്പെട്ടില്ല. അദ്ദേഹത്തിന്‍റെ ഏകവിജയം ലാറി ക്രാമരുടെ “ദി നോര്‍മല്‍ ഹാര്‍ട്ട്” എന്നതാണ്. അതിനു റയാന്‍ മര്‍ഫി സംവിധാനം ചെയ്ത എമ്മി അവാര്‍ഡ് നേടിയ ഒരു എച്ച് ബി ഒ സിനിമാരൂപവും ഉണ്ടായി.

അപ്പോള്‍ ഈ നാടകം വൈകാരികമായും പ്രോഫഷണലായും വുള്‍ഫിനു പ്രധാനമാണ്. ഇത്തരം സൃഷ്ടികളെപ്പറ്റി മറന്നുപോകുന്നത് കറുത്തവര്‍ഗ കലാകാരന്മാരുടെ പ്രധാന സൃഷ്ടികള്‍ വിലകുറച്ച് കാണാനുള്ള ഒരു സാംസ്കാരികപ്രവണത മൂലമാണ് എന്ന് വുള്‍ഫ് സംശയിക്കുന്നു. ഷഫിള്‍ എലോംഗ് ഇറങ്ങി കുറച്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ജെറോം കേനും ഓസ്കാര്‍ ഹാമര്‍സ്ടീനും ഉള്ള “ഷോ ബോട്ട്” പുറത്തുവന്നു. ഇതില്‍ വംശീയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ആധുനിക മ്യൂസിക്കല്‍ നാടകങ്ങളില്‍ ഇതിനു മുന്‍പുണ്ടായ മുന്നേറ്റങ്ങളെ തമസ്കരിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ വരവ്.

“ഇതൊരു ചര്‍ച്ചയായി മാറണം”, വുള്‍ഫ് ഷഫിള്‍ എലോംഗിനെപ്പറ്റി പറഞ്ഞു. “കാരണം ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഒരു പ്രധാന നിമിഷമാണിത്. ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രത്തിലെയും. എന്തുകൊണ്ടാണ് നമ്മള്‍ നേരത്തെ ഇതെപ്പറ്റി സംസാരിക്കാതിരുന്നത്?”പ്രശ്നത്തിന്റെ ഒരു കാരണം ഇതിന്റെ പേരാണ് എന്ന് അദ്ദേഹം സമ്മതിക്കുന്നു. ഉദാഹരണത്തിന് അദ്ദേഹം ഗ്ലോവര്‍ എന്ന നര്‍ത്തകനെ ഇതിലേയ്ക്ക് വിളിച്ചപ്പോള്‍ ഷഫിളിംഗ് എന്ന വാക്കിനു കറുത്തവര്‍ഗക്കാരുടെ ഇടയില്‍, പ്രത്യേകിച്ച് കലാകാരന്മാരുടെ ഇടയില്‍ ഉള്ള മോശം അഭിപ്രായം മനസിലായത്.

എന്തായാലും വുള്‍ഫ് ഈ നെഗറ്റീവ് സ്പേസ് കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്- നമ്മുടെ കലാപാരമ്പര്യത്തില്‍ നിന്ന് മാറ്റിനിറുത്തിയിരുന്ന കാര്യങ്ങളെ തിരികെകൊണ്ടുവരേണ്ടത് തന്നെയാണ്. “ഇതാണ് ചരിത്രത്തിന്റെ അമ്പരപ്പിക്കുന്ന കാണാതാക്കല്‍: ഇതും പഠിക്കേണ്ടതുണ്ട്”, അദ്ദേഹം പറയുന്നു.

എങ്ങനെയാണ് പുതിയ നാടകം പഴയതില്‍ നിന്ന് വ്യത്യസ്തമാകുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. രണ്ടാം അങ്കത്തിന്റെ റിഹേഴ്സല്‍ നടക്കുന്നതില്‍ നിന്നാണ് തുടങ്ങുക എന്നൊരു സൂചന മാത്രം തന്നു. മക്ഡോണാല്‍ഡിന്റെ കഥാപാത്രമായ ലോട്ടി ഗീയുടെ “ഡാന്‍സ് എറൌണ്ട് ദി വന്‍” എന്ന പാട്ട് ഇവിടെയാവും വരിക.

“ന്യൂയോര്‍ക്കില്‍ വരണമെങ്കില്‍ നിങ്ങള്‍ക്ക് ലോകത്തെപ്പറ്റി ഒരു അത്ഭുതവും നിങ്ങളുടെ കഴിവിനെപ്പറ്റി ഒരു മണ്ടന്‍ ധാരണയും വേണം”, വുള്‍ഫ് പറയുന്നു. “എനിക്കും ഇത് രണ്ടുമുണ്ട്”


Next Story

Related Stories