TopTop
Begin typing your search above and press return to search.

ഭീകരവാദ ഭീഷണി: ബുര്‍ഖ നിരോധിക്കാന്‍ ജര്‍മനി

ഭീകരവാദ ഭീഷണി: ബുര്‍ഖ നിരോധിക്കാന്‍ ജര്‍മനി

സ്‌റ്റെഫാനി കിര്‍ഷ്‌നര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

രാജ്യത്ത് ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുസ്ലിം സ്ത്രീകള്‍ ധരിക്കാറുള്ള മുഖം മറയ്ക്കുന്ന ബുര്‍ഖകള്‍ ഭാഗികമായി നിരോധിക്കണമെന്ന് ജര്‍മനി ആഭ്യന്തര മന്ത്രി തോമസ് ദെ മെയ്‌സിയര്‍ നിര്‍ദേശിച്ചു. പുതിയ സുരക്ഷാനടപടികള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലായിരുന്നു നിര്‍ദേശം.

കോടതിയിലും അഡ്മിനിസ്‌ട്രേറ്റിവ് ബില്‍ഡിങ്ങുകളിലും സ്‌കൂളുകളിലും വാഹനം ഓടിക്കുമ്പോഴും പ്രകടനങ്ങളില്‍ പങ്കെടുക്കുമ്പോഴും സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് കുറ്റകരമാക്കണമെന്ന് മെയ്‌സിയറുടെ മധ്യ, വലതുപക്ഷ പാര്‍ട്ടിയില്‍പ്പെട്ട സ്റ്റേറ്റ് ആഭ്യന്തര മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

'കണ്ണുകള്‍ മാത്രം കാണാവുന്ന മുഴുനീള വസ്ത്രത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു,' വാര്‍ത്താ സമ്മേളനത്തില്‍ ദെ മെയ്‌സിയര്‍ പറഞ്ഞു. 'നമ്മുടെ തുറന്ന സമൂഹവുമായി ചേരുന്നതല്ല അത്. പരസ്പരം ആശയവിനിമയം നടത്തുന്നതിനും ഒരുമയോടെ ജീവിക്കുന്നതിനും നമ്മുടെ സമൂഹത്തെ ഒരുമിച്ചുകൊണ്ടുപോകുന്നതിനും മുഖം കാണുക എന്നത് നിര്‍ണായകമാണ്.'

'മുഖം കാണിക്കേണ്ട സ്ഥലങ്ങളില്‍ അതൊരു നിയമമാക്കണം. നിയമം ലംഘിക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കാനും തയാറാകണമെന്നാണ് ഇതിനര്‍ത്ഥം'.

മുസ്ലിം സ്ത്രീകളുടെ ശരീരം മുഴുവന്‍ മറയ്ക്കുകയും കണ്ണുകള്‍ക്കായി ചെറിയ വല പോലൊരു ഭാഗം നീക്കിവയ്ക്കുകയും ചെയ്യുന്ന ബുര്‍ഖ യൂറോപ്പിലെങ്ങും ചര്‍ച്ചാവിഷയമായിരിക്കുന്ന സമയത്താണ് പുതിയ നിര്‍ദേശം.

ശരീരവും തലയും മൂടുന്ന ബുര്‍ഖിനി എന്ന നീന്തല്‍വേഷം ഫ്രഞ്ച് ബീച്ച് റിസോര്‍ട്ട് കാന്‍സ് നിരോധിച്ചത് ഈയിടെയാണ്. നിരവധി തീരദേശപട്ടണങ്ങള്‍ ഇതേ പാത പിന്തുടരുകയാണ്. ഏഴു മുനിസിപ്പാലിറ്റികള്‍ നിരോധനം ഏര്‍പ്പെടുത്തുകയോ നിരോധനം നിര്‍ദേശിക്കുകയോ ചെയ്തുകഴിഞ്ഞു.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ടിക്കിനോ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതു നിരോധിച്ചത് കഴിഞ്ഞ മാസമാണ്. ബെല്‍ജിയം, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ് എന്നിവ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ നിരോധനം നടപ്പില്‍ വരുത്തിയ രാജ്യങ്ങളാണ്.

സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെയുള്ള ശക്തമായ പ്രതികരണമാണ് ബുര്‍ഖ നിരോധനമെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുമ്പോള്‍ ഇത് മുസ്ലിങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നുവെന്നും അവരെ കൂടുതല്‍ അകറ്റുന്നുവെന്നും സമൂഹത്തില്‍ കൂടുതല്‍ വിഭജനമുണ്ടാക്കുന്നുവെന്നുമാണ് എതിരാളികളുടെ വാദം.ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ മന്ത്രിയുടെ നിര്‍ദേശത്തെ പിന്താങ്ങി. ജര്‍മന്‍ സമൂഹവുമായി ഇഴുകിച്ചേരുന്നതില്‍നിന്ന് ബുര്‍ഖ മുസ്ലിം സ്ത്രീകളെ തടയുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

'എന്റെ കാഴ്ചപ്പാടില്‍ ബുര്‍ഖ ധരിച്ച സ്ത്രീക്ക് ജര്‍മനിയില്‍ സ്വാംശീകരണ സാധ്യത തീരെയില്ല'. മെര്‍ക്കല്‍ പറഞ്ഞു.

ഭാഗികമായ നിരോധനം കൊണ്ട് ആഭ്യന്തര മന്ത്രി ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ ഭിന്നത കുറയ്ക്കാനാണു ശ്രമിക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. അടുത്ത മാസം രണ്ട് ജര്‍മന്‍ പ്രവിശ്യകളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്‍തോതില്‍ അവരുടെ ദേശത്തെത്തുന്ന മുസ്ലിം കുടിയേറ്റക്കാരാല്‍ അസ്വസ്ഥരായ ജര്‍മന്‍കാരെ സമാധാനിപ്പിക്കാനുള്ള നടപടിയാണിതെന്നും ഇവര്‍ പറയുന്നു.

'തിരിച്ചറിയലിനു വിധേയരാകേണ്ട അവസരങ്ങളിലും കാറിലും ബുര്‍ഖ മാറ്റുക എന്നത് ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. നിരോധനത്തെ എതിര്‍ക്കേണ്ടിവരിക എന്ന നിലയിലെത്താതിരിക്കാനുള്ള ശ്രമം മാത്രമാണ് മെയ്‌സിയറുടെ ഇപ്പോഴത്തെ നടപടി,' ബെര്‍ലിനിലെ ഫ്രീ യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രതന്ത്ര വിദഗ്ധനായ നില്‍ ഡയഡെറിക് പറയുന്നു.

ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖ നിരോധിക്കണമെന്ന പാര്‍ട്ടിയിലെ കടുംപിടുത്തക്കാരുടെ ആവശ്യം ഈ മാസം ആദ്യം മെയ്‌സിയര്‍ തള്ളിക്കളഞ്ഞിരുന്നു. 'ഇഷ്ടമില്ലാത്തതെന്തും നിങ്ങള്‍ക്കു നിരോധിക്കാനാകില്ല. ബുര്‍ഖ ധരിക്കുന്നതിന് എതിരാണ് ഞാന്‍,' എന്നാണ് മെയ്‌സിയര്‍ പറഞ്ഞത്.


Next Story

Related Stories