TopTop
Begin typing your search above and press return to search.

ആ കടം എന്നു വീട്ടും കൊളംബിയ

ആ കടം എന്നു വീട്ടും കൊളംബിയ

ടീം അഴിമുഖം

രണ്ടാം പകുതിയുടെ പരിക്ക് സമയത്തിന്റെ അവസാന നിമിഷത്തില്‍ കരിം ബന്‍സെമയുടെ ഷോട്ട് ജര്‍മ്മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ ത്ട്ടിത്തെറിപ്പിച്ചപ്പോള്‍ മാരക്കാനയില്‍ ഫ്രഞ്ചുകാര്‍ കരഞ്ഞിട്ടുണ്ടാവില്ല. കാരണം യോഗ്യത മത്സരങ്ങളില്‍ തന്നെ പുറത്താവലിന്റെ വക്കിലായിരുന്ന അവര്‍ ഫൈനല്‍ റൗണ്ടിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയത് രാജകീയമായി തന്നെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ മൂന്ന് വിജയം. പ്രീ ക്വാര്‍ട്ടറില്‍ നൈജീരിയക്കെതിരെ വ്യക്തമായ വിജയം. പക്ഷെ അവരുടെ വിജയഗാഥ ആവര്‍ത്തിക്കാന്‍ ക്വാര്‍ട്ടറില്‍ ജര്‍മ്മനി സമ്മതിച്ചില്ല. ആദ്യ പകുതിയില്‍ ഡിഫന്റര്‍ മാറ്റ് ഹമ്മല്‍സ് നേടിയ ഏക ഗോളിന് ജയിച്ച ജര്‍മ്മനി 2014 ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി.

രണ്ടാം പകുതിയില്‍ ഉജ്ജ്വലമായി പൊരുതിയിട്ടും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ക്ക് മുന്നില്‍ ചിറകറ്റു വീണ കൊളംബിയയെയാണ് രണ്ടാം ക്വാര്‍ട്ടറില്‍ കണ്ടത്. ഈ ടൂര്‍ണമെന്റിലെ ഏറ്റവും ആധികാരിക വിജയങ്ങളുമായി ക്വാര്‍ട്ടറിലേക്ക് കുതിച്ചെത്തിയ കൊളംബിയയെ ഇവിടെ ഭാഗ്യം തുണച്ചില്ല. ഫിഫയുടെ വര്‍ണവിവേചന വിരുദ്ധ ദിവസം അങ്ങനെ കൊളംബിയന്‍ സ്വപ്‌നങ്ങളുടെ ചിതയായി മാറി. എസ്‌കോബാറിന്റെ കടം വീട്ടാന്‍ കൊളംമ്പിയയ്ക്കിനിയും കാത്തിരിക്കുക തന്നെ വേണം.കളിയുടെ ആദ്യ പകുതി ജര്‍മ്മനിക്ക് സ്വന്തമായിരുന്നു. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ജര്‍മ്മന്‍കാര്‍ ആദ്യത്തെ അഞ്ചു മിനിട്ട് എതിരാളികളെ പന്ത് തൊടാന്‍ അനുവദിച്ചതേയില്ല. എന്നാല്‍ പതുക്കെ പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഫ്രാന്‍സ് ചില മുന്നേറ്റങ്ങള്‍ നടത്തി നോക്കിയെങ്കിലും പഴുതടഞ്ഞ ജര്‍മ്മന്‍ പ്രതിരോധത്തിന് മുന്നില്‍ അവരുടെ നീക്കങ്ങള്‍ നിഷ്ഫലമായി. അള്‍ജീരിയയ്‌ക്കെതിരെ പയറ്റിയ തന്ത്രത്തില്‍ നിന്നും വ്യത്യസ്തമായി 4-2-4 ഫോര്‍മേഷനിലേക്ക് മാറ്റിയ ജര്‍മ്മന്‍ കോച്ച് ജോകിം ലോ പ്രീക്വാര്‍ട്ടറില്‍ തുറന്നിട്ടിരുന്ന പ്രതിരോധത്തിലെ ഇടങ്ങള്‍ അടച്ചുകൊണ്ടാണ് ഫ്രാന്‍സിനെ നേരിട്ടത്. അതുകൊണ്ട് തന്നെ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ഇന്ന് പെനാല്‍ട്ടി ബോക്‌സിന് വെളിയില്‍ ഇറങ്ങിയതേ ഇല്ല.

ഏഴാം മിനിട്ടില്‍ മധ്യനിരയില്‍ ജര്‍മ്മന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാമിന്റെ കാലുകളില്‍ നിന്നും പന്ത് തട്ടിയെടുത്ത പോള്‍ പോഗ്ബ ഇടതു വിംഗില്‍ മുന്നേറുകയായിരുന്ന എവ്‌റയ്ക്ക് പന്ത് കൈമാറി. എവ്‌റയില്‍ നിന്നും ഗ്രീസ്‌മെന്‍ വഴി പെനാല്‍ട്ടി ബോക്‌സില്‍ ഒഴിഞ്ഞു നിന്ന കരിം ബെന്‍സെമയ്ക്ക് പന്ത് കിട്ടിയെങ്കിലും ഫ്രഞ്ച് ഫോര്‍വേഡിന്റെ അടി പുറത്തേക്കാണ് പോയത്. ത്രൂപാസുകളിലൂടെ ജര്‍മന്‍ പ്രതിരോധത്തെ മറികടക്കുക എന്ന തന്ത്രമായിരുന്ന ഫ്രാന്‍സിന്റേത്. പത്ത്, പതിനൊന്ന് മിനിട്ടുകളില്‍ ഇങ്ങനെ ത്രൂപാസുകളിലൂടെ ജര്‍മന്‍ പ്രതിരാധത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഫ്രഞ്ച് പടയ്ക്കായെങ്കിലും ന്യൂയറെ പരീക്ഷിക്കുന്ന ഒരു ഷോട്ട് പോലും പായിക്കാന്‍ അവര്‍ക്കായില്ല.

കളിയുടെ ഗതിക്ക് വിപരീതമായി 13-ആം മിനിട്ടില്‍ ജര്‍മ്മനി നിര്‍ണായക ഗോള്‍ നേടി. ജര്‍മ്മനിയുടെ ഇടതുവിംഗില്‍ നിന്നുള്ള മുന്നേറ്റം തടയാന്‍ പോള്‍ പോഗ്ബ എതിര്‍ കളിക്കാരന്‍ ക്രൂസിനെ ഫൗള്‍ ചെയ്തതാണ് കളിയില്‍ നിര്‍ണായകമായത്. ക്രൂസ് തന്നെ എടുത്ത ഫ്രീകിക്ക് പെനാല്‍ട്ടി ബോക്‌സില്‍ പറന്നിറങ്ങിയപ്പോള്‍ ഫ്രഞ്ച് ഗോളി ലോറിസിന് ഒരവസരവും നല്‍കാതെ ജര്‍മ്മന്‍ ഡിഫന്‍ഡര്‍ മാറ്റ് ഹമ്മല്‍സ് പന്ത് ഹെഡ് ചെയ്ത് വലയിലാക്കി. ഈ ലോകകപ്പിലെ ഹമ്മിന്‍സിന്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടി ഹമ്മല്‍സ് തന്നെയാണ് കളിയിലെ കേമനും.ഒന്നാം പകുതിയുടെ 33-ആം മിനിട്ടില്‍ ലഭിച്ച അവസരമായിരുന്നു ഒരു പക്ഷെ ഫ്രാന്‍സ് മത്സരത്തില്‍ ലഭിച്ച തുറന്ന ഗോളവസരം. മധ്യനിരയില്‍ നിന്നും പോഗ്ബ ഉയര്‍ത്തിക്കൊടുത്ത പന്തുമായി മുന്നേറിയ വാല്‍ബ്യുന തൊടുത്ത കനത്ത ഷോട്ട് ന്യൂയര്‍ രക്ഷിച്ചു. റീബൗണ്ട് ലഭിച്ച ബന്‍സെമയ്ക്ക് അവസരം മുതലാക്കാന്‍ സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രാന്‍സ് കുറച്ചുകൂടി ആക്രമണോത്സുകത പ്രകടിപ്പിച്ചെങ്കിലും അവരുടെ മുന്നേറ്റ നിരയ്ക്ക് ലക്ഷ്യബോധവും ഒത്തിണക്കവും കുറവായിരുന്നു. ഉരുക്ക് പോലെ ഉറച്ച് നിന്ന ജര്‍മ്മന്‍ പ്രതിരോധത്തില്‍ തട്ടി അവരുടെ മുന്നേറ്റങ്ങളെല്ലാം തകര്‍ന്നു. 59-ആം മിനിട്ടില്‍ കോര്‍ണറില്‍ നിന്നു വന്ന പന്ത് സ്വീകരിച്ച് വലതു വിംഗില്‍ നിന്നും കബായെ അടിച്ച ക്രോസില്‍ വരാന്‍ തലവെച്ചെങ്കിലും ന്യൂയര്‍ വീണ്ടും ജര്‍മ്മനിയുടെ രക്ഷയ്‌ക്കെത്തി.

പരമ്പരാഗത 4-3-3 ശൈലിയില്‍ കളിച്ച ഫ്രാന്‍സിന് മധ്യനിരയില്‍ ആധിപത്യം സ്ഥാപിക്കാനാവാതെ പോയതോടെ കളി അവരുടെ കൈയില്‍ നിന്നും വഴുതി. ചില ഒറ്റപ്പെട്ട നീക്കങ്ങളല്ലാതെ സംഘടിതമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ഫ്രാന്‍സിന് സാധിച്ചില്ല. ഇതിനിടെ ഒരു ജര്‍മ്മന്‍ പ്രത്യാക്രമണത്തില്‍ നിന്നും ലീഡ് വര്‍ദ്ധിക്കാതിരുന്നത് ഫ്രാന്‍സിന്റെ ഭാഗ്യം കൊണ്ട് മാത്രമാണ്. ഇടതു വിംഗില്‍ നിന്നും വന്ന ക്രോസ് കണക്ട് ചെയ്യാന്‍ മുള്ളര്‍ക്ക് സാധിച്ചില്ല. ക്ലോസെയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഷ്രൂളറുടെ ശക്തമായ ഷോട്ട് കഷ്ടപ്പെട്ടാണ് ലോറിസ് തട്ടിയകറ്റിയത്. രണ്ടാം പകുതിയുടെ പരിക്ക് സമയം നാല് മിനിട്ടായിരുന്നു. ഇതില്‍ മൂന്നാം മിനിട്ടിലാണ് ഫ്രാന്‍സിന്റെ ഏറ്റവും നല്ല നീക്കം കണ്ടത്. നീക്കത്തിനൊടുവില്‍ എവ്‌റ മുന്നോട്ട് തള്ളിയ പന്ത് ബെന്‍സെമയ്ക്ക് കിട്ടി. പക്ഷെ ബന്‍സെമയുടെ ഷോട്ട് കുത്തിയകറ്റി ന്യൂയര്‍ ഫ്രാന്‍സിന് സമനില നിഷേധിച്ചു.

ലോകകപ്പില്‍ ഇതുവരെ നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണയും വിജയം ജര്‍മ്മിയോടൊപ്പം നിന്നു. 1958ലെ സ്വീഡന്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ഫ്രാന്‍സ് മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍, 1982 ലേയും 1986 ലേയും സെമിഫൈനലുകളില്‍ വിജയം ജര്‍മ്മനിയോടൊപ്പം നിന്നു. പശ്ചിമ ജര്‍മ്മനി ആദ്യമായി ലോകകപ്പ് നേടിയതിന്റെ അറുപതാം വാര്‍ഷികമാണ് 2014 ജൂലൈ നാല്. 1954 ജൂലൈ നാലിന് മഗ്യാര്‍മാര്‍ എന്നറിയപ്പെട്ടിരുന്ന ഹംഗറിയുടെ സ്വപ്‌ന ടീമിനെ കീഴടക്കിയാണ് പശ്ചിമ ജര്‍മനി ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടത്. ആ വിജയത്തിന്റെ അറുപതാം വാര്‍ഷിക ദിനത്തില്‍ കിട്ടിയ ഈ മധുരം അവര്‍ക്ക് വിലമതിക്കാനാവാത്തതാണ്.ചിലിക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ബ്രസീലിനെയാണ് കൊളംബിയയ്‌ക്കെതിരായ ക്വാര്‍ട്ടറില്‍ ഫോര്‍ട്ടാലെ കാസ്റ്റല്ലോയില്‍ കണ്ടത്. 60342 കണികളെ സാക്ഷി നിറുത്തി അവര്‍ മനോഹരമായി കളിച്ചു. മിഡ്ഫീല്‍ഡിന്റെ നിയന്ത്രണം സ്വന്തമാക്കിയ ബ്രസീല്‍ സാവധാനത്തിലുള്ള പാസുകള്‍ നടത്തി അവസരം കിട്ടുമ്പോള്‍ പെട്ടെന്ന് ആക്രമിക്കുന്നത് കാണാന്‍ ചന്തമുള്ള കളിയായിരുന്നു.

ആദ്യ പകുതിയുടെ ഏഴാം മിനിട്ടില്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയിലൂടെ മുന്നിലെത്തിയ ബ്രസീല്‍, കളിയുടെ 67-ആം മിനിട്ടില്‍ ഡേവിഡ് ലൂയിസിന്റെ മിന്നല്‍ ഫ്രീകിക്കിലൂടെ ലീഡ് വര്‍ദ്ധിപ്പിച്ചു. രണ്ട് ഗോളിന് പിന്നിട്ട് നിന്നശേഷം വര്‍ദ്ധിത വീര്യത്തോടെ ആക്രമിച്ച കൊളംബിയയ്ക്ക് വേണ്ടി 77-ആം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി മുതലാക്കി അമസ് റോഡ്രിഗസ് ഒരു ഗോള്‍ മടക്കിയെങ്കിലും സെലക്കാവോകളെ സെമിയില്‍ എത്തുന്നതില്‍ നിന്നും തടയാന്‍ അത് മതിയാവുമായിരുന്നില്ല. വരുന്ന ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ ബ്രസീല്‍ ജര്‍മ്മനിയുമായി ഏറ്റുമുട്ടും.

കളിയുടെ ഏഴാം മിനിട്ടില്‍ ലഭിച്ച കോര്‍ണറാണ് ആദ്യ പകുതിയില്‍ ഇരു ടീമുകളും തമ്മില്‍ അന്തരം ഉണ്ടാക്കിയത്. നെയ്മര്‍ എടുത്ത കോര്‍ണര്‍ ഇരു ടീമിലേയും കളിക്കാരെ കടന്ന് ബോക്‌സിന്റെ എതിര്‍ മൂലയില്‍ എത്തുമ്പോള്‍ ബ്രസീലിയന്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയെ തടയാന്‍ ഒറ്റ കൊളംബിയന്‍ കളിക്കാരനും ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുക എന്ന കടമ സില്‍വ കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു.

ഗോള്‍ വീണതിന്റെ തൊട്ടടുത്ത നിമിഷങ്ങളില്‍ ചില ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ കൊളംബിയ ശ്രമിച്ചെങ്കിലും സാവധാനത്തില്‍ കളി ബ്രസീല്‍ കൈപ്പിടിയില്‍ ഒതുക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. തുടരെ തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ആതിഥേയര്‍ക്ക് അല്‍പം ഭാഗ്യം കൂടി ഉണ്ടായിരുന്നെങ്കില്‍ ലീഡ് ഇനിയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമായിരുന്നു. കളിയുടെ 19, 27 മിനിട്ടുകളില്‍ ഹള്‍ക്കിന്റെ ഗോളെന്നുറച്ച രണ്ട് നല്ല ഷോട്ടുകള്‍ കൊളംബിയന്‍ ഗോളി ഡേവിഡ് ഓസ്പിന തട്ടിയകറ്റി. ഇതിനിടയില്‍ ചില ഒറ്റപ്പെട്ട നീക്കങ്ങളില്‍ മാത്രം കൊളംബിയ ഒതുങ്ങി നിന്നു.എന്നാല്‍ രണ്ടാം പകുതിയില്‍ തുടരെ തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന കൊളംബിയയെ ആണ് പോര്‍ട്ടോ അലഗ്രെയില്‍ കണ്ടത്. എന്നാല്‍ ബ്രസീല്‍ പ്രതിരോധം ഇതുവരെ കാണിക്കാത്ത ഊര്‍ജ്ജം പ്രദര്‍ശിപ്പിച്ചപ്പോള്‍ അവരുടെ ആക്രമണങ്ങള്‍ പ്രതിയോഗികളുടെ പെനല്‍ട്ടി ബോക്‌സിന് പുറത്ത് ഒതുങ്ങി. കളിയുടെ ഗതിക്കെതിരെയായിരുന്നു 67-ആം മിനിട്ടിലെ ബ്രസീല്‍ ഗോള്‍. ഹള്‍ക്കിനെ കൊളംബിയയുടെ പത്താം നമ്പര്‍ താരം അമസ് റോഡ്രിഗസ് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് മനോഹരമായ ഒരു ഷോട്ടിലൂടെ ഡേവിഡ് ലൂയിസ് ലക്ഷ്യം കണ്ടു. മികച്ച ഫോമിലായിരുന്ന കൊളംമ്പിയന്‍ ഗോളിക്ക് ഒരവസരവും നല്‍കാതെയാണ് ലൂയിസ് പന്ത് വലയില്‍ എത്തിച്ചത്.

രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷവും കൊളംബിയ കടുത്ത ആക്രമണം അഴിച്ചു വിട്ടപ്പോള്‍ ബ്രസീല്‍ പ്രതിരോധം ആടിയുലഞ്ഞു. അവരുടെ സമ്മര്‍ദങ്ങള്‍ക്ക് 77-ആം മിനിട്ടില്‍ ഫലം കണ്ടു. കൂട്ടായ ആക്രമണത്തിനൊടുവില്‍ റോഡ്രിഗസ് തള്ളിക്കൊടുത്ത പന്തുമായി പകരക്കാരനായി ഇറങ്ങിയ കാര്‍ലോസ് ബാക്ക മുന്നേറുമ്പോള്‍ മുന്നില്‍ ബ്രസീല്‍ ഗോളി സെസാര്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ സെസാര്‍ ബാക്കയെ ഫൗള്‍ ചെയ്തപ്പോള്‍ പെനാല്‍ട്ടി സ്‌പോട്ടിലേക്ക് കൈചൂണ്ടാന്‍ റഫറിക്ക് അശേഷം മടിക്കേണ്ടി വന്നില്ല. ജൂലിയസ് സെസാറിന് മഞ്ഞക്കാര്‍ഡും കാണേണ്ടി വന്നു. അമസ് റോഡ്രിഗസ് എടുത്ത പെനാല്‍ട്ടി സെസാറിനെ സര്‍വാംഗം കബളിപ്പിച്ച് വല കുലുക്കുമ്പോള്‍ കൊളംമ്പിയയ്ക്ക് പിന്നെയും പ്രതീക്ഷകള്‍ ബാക്കിയുണ്ടായിരുന്നു. ബ്രസീലിനെതിരെ ഗോള്‍ നേടിയതോടെ ആറ് ഗോളുകളുമായി റോഡ്രിഗസ് ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ വളരെ മുന്നിലെത്തി. നാലു ഗോള്‍ വീതം നേടിയ മുള്ളറും നെയ്മറുമാണ് തൊട്ടുപിന്നില്‍. പിന്നീടുള്ള പത്ത് മിനിട്ടും കൊളംബിയ ആക്രമിച്ചു കളിച്ചെങ്കിലും ബ്രസീല്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ അവര്‍ക്കായില്ല.

പരുക്കേറ്റ് പുറത്തു പോകേണ്ടി വന്ന നെയ്മറിന് സെമിഫൈനല്‍ നഷ്ടപ്പെടുമെന്നാണ് കേള്‍ക്കുന്നത്. രണ്ടാം പകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ട ബ്രസീല്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയ്ക്കും ജര്‍മനിക്കെതിരായ സെമിഫൈനല്‍ നഷ്ടപ്പെടും.


Next Story

Related Stories