TopTop
Begin typing your search above and press return to search.

ഏകീകരിപ്പിക്കുന്ന എന്തിനെയും കൊണ്ടാടുന്ന ജര്‍മനി

ഏകീകരിപ്പിക്കുന്ന എന്തിനെയും കൊണ്ടാടുന്ന ജര്‍മനി

എയ്ഞ്ചെലാ ക്യുള്ളന്‍, കോര്‍നീലിയസ് റാന്‍
(ബ്ലൂംബര്‍ഗ്)

ഏകീകരിക്കപ്പെട്ട ജർമനിക്കു വേണ്ടി ആദ്യത്തെ ലോകകപ്പ്‌ നേടിയ കാൽപ്പന്തുകളിക്കാരെ സ്വീകരിക്കാൻ പണ്ടൊരിക്കൽ ജർമനിയെ രണ്ടായി പകുത്ത ബർലിൻ മതിലിനു പിറകിൽ നഗരത്തിന്റെ കിഴക്കൻ ഭാഗത്ത് നിലകൊള്ളുന്ന ബ്രാഡെൻബർഗ് ഗേറ്റിനു മുന്നിൽ നാല് ലക്ഷത്തിലധികം വരുന്ന ആരാധകർ ഒത്തു കൂടി.

23 കളിക്കാരോടും കൊച്ച് ജൊക്കിം ലോയോടുമുള്ള ആദരവ് പതഞ്ഞു പൊങ്ങിയ ജർമൻ തലസ്ഥാനം ദേശീയ പതാകയുടെ നിറമായ കറുപ്പും, ചുവപ്പും, സുവർണ്ണ നിറത്തിലും മുങ്ങിക്കിടക്കുകയായിരുന്നു.

"നിങ്ങളില്ലായിരുന്നെങ്കിൽ ഞങ്ങളിവിടെ വിജയക്കൊടിയുമായ്‌ നിൽക്കില്ലായിരുന്നു. നമ്മെളെല്ലാവരും ലോക ജേതാക്കളാണ്" തന്റെ പേര് മന്ത്രിച്ച ആയിരക്കണക്കിന് ആരാധകരെ നോക്കി ലോ പറഞ്ഞു.

വടക്കൻ ജർമനിയിലെ ഹാംബർഗ്, പടിഞ്ഞാറൻ കലോഗ്, ദക്ഷിണ മ്യൂണിച്ച് എന്നിവിടങ്ങളിൽ നിന്നുള്ള പലരും രാത്രി മുഴുവൻ യാത്ര ചെയ്താണ് തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണാൻ ബർലിനിലെത്തിയത്. സ്കൂൾ അവധിയായത്‌ കൊണ്ട് പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് ഈ ആഘോഷത്തിൽ ഭംഗിയായ്‌ പങ്കെടുക്കാൻ സാധിച്ചു.കത്തിജ്ജ്വലിക്കുന്ന സൂര്യനെ ഗൌനിക്കാതെ ആരാധകർ മണിക്കൂറുകളോളം ബ്രസീലിൽ നിന്നും വരുന്ന ടീമിനെ കാത്തിരുന്നു. ടീമംഗങ്ങളെ വഹിച്ചു കൊണ്ടു വന്ന LH2014 Deutsche Lufthansa വിമാനം പത്തുമണിക്ക് ഗേറ്റിനു മുന്നിലുള്ള മരങ്ങൾ നിറഞ്ഞ വീഥിയുടെ മുകളിലൂടെ പറന്നു പോയപ്പോൾ ആരാധകർ ആർപ്പു വിളിച്ചു.

റ്റെഗെൽ വിമാനത്താവളത്തിൽ ഇറങ്ങിയ ടീം തുറന്ന ബസ്സിൽ ആയിരക്കണക്കിന് ആരാധകരെ മറികടന്ന് സാവധാനമാണ് നീങ്ങിയത്. ബാസ്റ്റിൻ ഷ്വീൻസ്റ്റീഗർ, തോമസ് മുള്ളര്‍, മാന്വല്‍ ന്യൂയർ എന്നിവരിൽ നിന്നും മറ്റുള്ള ടീം അംഗങ്ങളിൽ നിന്നും ഒപ്പിട്ടു കിട്ടുവാനായ് ഓരോ വളവിൽ വെച്ചും ആരാധകർ ബസ്സിലേക്ക് ജർസി വലിച്ചെറിയുന്നുണ്ടായിരുന്നു. ഒരു റെയിൽപ്പാലത്തിനടിയിലൂടെ ബസ് നീങ്ങിയപ്പോൾ യാത്രക്കാർക്ക് തങ്ങളുടെ ആരാധ്യ താരങ്ങളെ കാണാൻ വേണ്ടി ഒരു സബർബൻ ട്രെയിൻ നിർത്തിയിട്ടു.

ഗേറ്റിനരികിൽ സംഗീത നക്ഷത്രങ്ങളായ ഹെലീൻ ഫൈഷറും, ഡി ഹഹ്നെറും ജനക്കൂട്ടത്തിനു ചൂട് പകർന്നു. ഈജിപ്ഷ്യൻ വേരുകളുള്ള ആൻഡ്രിയാസ് ബൊറാനിയുടെ "To Us" എന്ന ഗാനമായിരുന്നു പിന്നീട്. ജർമനിയുടെ കറുത്ത ചരിത്രത്തിന്റെ ഭാരം പേറാത്ത പുതിയ തലമുറയുടെ കീര്‍ത്തനമായ് മാറുകയായിരുന്നു ഈ ഗാനത്തിന്റെ ഈണം.

"നമ്മെ ഏകീകരിപ്പിക്കുന്ന എന്തിനെയും നമ്മൾ കൊണ്ടാടുക തന്നെ ചെയ്യണം", തന്റെ രണ്ടു കൈയാലും ഉയർത്തിപ്പിടിച്ച ലോക കപ്പ്‌ ട്രോഫിയുമായ്‌ ക്യാപ്റ്റൻ ഫിലിപ്പ് ലാം ഗേറ്റിനരികിലെത്തുന്നതിനു മുന്പ് ബൊറാനി ജനക്കൂട്ടത്തോട് പറഞ്ഞു.

"ഐക്യത്തിന്റെ മുഖമുദ്രയാണ് ജർമൻ ടീം, വ്യത്യസ്തരാണെന്ന കാര്യം അവർ മറന്നു പോയിരിക്കുന്നു. ദൈനംദിന ജീവിതത്തിൽ എന്തുകൊണ്ടാണിത് പ്രാവർത്തികമാവാത്തത്?"ഹാനോവറിൽ തുർക്കിഷ്, നൈജീരിയൻ, അൽബേനിയൻ കുട്ടികളെ കാൽപന്തുകളി പരിശീലിപ്പിക്കുന്ന 55 കാരാൻ മൈക്കിൽ സാൻഡർ ചോദിച്ചു. അർജന്റീനയുടെ മെസ്സിയെപ്പോലെയോ പോർച്ചുഗലിന്റെ റൊണാൾഡോയെപ്പോലെയോ തിളങ്ങിനിൽക്കുന്ന താരങ്ങളില്ലെങ്കിലും മാതാപിതാക്കളിൽ ഒരാളെങ്കിലും ജർമൻകാരല്ലാത്ത 6 കളിക്കാരാണ് ജർമനിക്കുള്ളത്.

ബർലിൻ മതിൽ വീണതിന് ശേഷം 25 വർഷം കടന്നു പോയെങ്കിലും യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടനയിൽ ഇന്നും അവശേഷിക്കുന്ന കറുത്ത പാടുകൾ മറക്കാനുള്ള മുഖം മൂടി മാത്രമായാണ് ആഘോഷത്തെ പലരും കാണുന്നത്: DIW ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം മുൻ കിഴക്കൻ ജർമനിയിൽ താമസിക്കുന്നവർക്ക് തങ്ങളുടെ പടിഞ്ഞാറൻ അയൽവാസികളുടെ മൊത്തം ആസ്തിയുടെ പകുതിയിൽ കുറഞ്ഞ സമ്പത്ത് മാത്രമേയുള്ളൂ.

"ഇതു പോലെ വിശേഷപ്പെട്ടതെന്തെങ്കിലും സംഭവിക്കുമ്പോൾ നാളെ നേരം വെളുക്കുമെന്ന ചിന്തയില്ലാതെ ജനങ്ങൾ ഒത്തൊരുമിക്കും. പക്ഷെ നാളെ ഉറങ്ങിയെഴുന്നേറ്റു തെരുവിലേക്കിറങ്ങിയാൽ വീണ്ടു പഴയ ജീവിതത്തിലേക്കാണവർ തിരിച്ചു പോകുന്നത് ", ഫ്രിബർഗിൽ നിന്നുള്ള വിദ്യാർഥിയായ 15 വയസ്സുകാരൻ ബയാങ്ക മുള്ളർ പറഞ്ഞു.രാജ്യം ഏകീകരിക്കുന്നതിന് മൂന്നു മാസം മുന്പ് 1990 ലാണ് ജർമനി അവസാനമായ് കാൽപന്തുകളിയിലെ ഏറ്റവും വലിയ സമ്മാനം നേടിയത്.കഴിഞ്ഞ ഞായറാഴ്ച്ചയിലെ കലാശക്കൊട്ടിനു ഊർജ്ജം പകരാൻ ജർമൻ ചാൻസലറായ ആഞ്ചെല മെർക്കൽ റിയോ ഡി ജെനിറൊയിലെ മാരക്കാന സ്റ്റേഡിയത്തിലെത്തിയിരുന്നു.

ഫൈനലിലെ വിജയവും ദിവസങ്ങൾക് മുന്പ് ആതിഥേയരായ ബ്രസീലിനെ 7-1 ഗോളുകൾക്ക് തോൽപ്പിച്ചതും രാജ്യം മുഴുവൻ ജൊക്കിം ലോയെപ്പോലുള്ള ദേശീയ പരിശീലകരാണെന്ന് പറഞ്ഞു കളിയാക്കിയവർക്കുള്ള മറുപടിയാണ്.

"നല്ല കളിക്കാരുള്ള രാജ്യമാണെന്ന് പേരു കേട്ടവരാണ് ജർമനി, പക്ഷെ പല ക്ലബ്ബുകളിലും കളിക്കുന്ന ഈ കളിക്കാരെ ഒരു അന്താരാഷ്ട്ര മൽസരം വരുമ്പോൾ ഒരുമിച്ചു കൊണ്ടുവന്നു വേണം ഒരു ടീം ഉണ്ടാക്കിയെടുക്കാൻ, അധിക സമയം ചിലവഴിക്കാതെ ഇതു സാധിപ്പിച്ചാൽ ഫലം ഗുണകരമായിരിക്കും. ജൊക്കിം ലോവിന് ഇതു സാധിച്ചു എന്നത്തിനുള്ള തെളിവാണ് ഈ വിജയം", ബെർലിൻ നിന്നുള്ള മെർലിൻ മുവെൽ പറഞ്ഞു.


Next Story

Related Stories