TopTop
Begin typing your search above and press return to search.

റേഷനരി ഘര്‍ വാപസിയും കാര്യമാണിക്കം ഗ്രാമത്തിലെ ജാതി മതിലും

റേഷനരി ഘര്‍ വാപസിയും കാര്യമാണിക്കം ഗ്രാമത്തിലെ ജാതി മതിലും

ശ്രുതീഷ് കണ്ണാടി

ഇന്ത്യാ മഹാരാജ്യം എന്ന ജനാധിപത്യ മതേതര പരമാധികാര റിപ്പബ്ലിക്കിന്‍റെ കടയ്ക്കല്‍ കത്തി വച്ചുകൊണ്ട് ഇവിടത്തെ ഫാസിസ്റ്റ് ഭരണകൂടം ഹിന്ദു മതത്തിന്‍റെ മൊത്തക്കച്ചവടക്കാരെയും ഘര്‍ വാപസിക്കാരെയും കയറൂരി വിടുമ്പോള്‍ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ചില കൂട്ടരുണ്ട് നമുക്കിടയില്‍. ഇന്ത്യ എന്ന കീഴാള രാഷ്ട്രത്തിലെ ദളിത്‌ ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങള്‍.

ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ നിലവില്‍ ഉണ്ടായിരിക്കുന്ന മാറ്റം പ്രതീക്ഷിച്ചതിലും വേഗത്തില്‍ തന്നെ അതിന്‍റെ ദു:സൂചനകള്‍ കാണിച്ച് തുടങ്ങിയിരിക്കുന്നു. വലതുപക്ഷ രാഷ്ട്രീയം അതിന്‍റെ പുകമറകള്‍ നീക്കി പുറത്തു വരുമ്പോള്‍ ലോക ചരിത്രം ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടരുത് എന്നുണ്ടെങ്കില്‍ ഇവിടത്തെ മതേതര വാദികളും പുരോഗമന പ്രസ്ഥാനങ്ങളും റാഡിക്കലിസ്റ്റുകളും സര്‍വ്വോപരി മനുഷ്യ സ്നേഹികളും അതീവ ജാഗരൂകരാവുക തന്നെ വേണം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി നടന്ന വര്‍ഗ്ഗീയ കലാപങ്ങളും ശേഷം വീട്ടിലേക്കുള്ള തിരിച്ചു വരവ് എന്ന പേരില്‍ നടന്നു കൊണ്ടിരിക്കുന്ന ‘ഘര്‍ വാപസിയും’ അത്ര നിസ്സാരമായി തള്ളിക്കളയേണ്ട കാര്യങ്ങളല്ല.

ഇന്ത്യ എന്ന മൂന്നാം ലോക ദരിദ്ര രാഷ്ട്രത്തില്‍ ദാരിദ്ര്യരേഖക്കും താഴെയുള്ള പട്ടിണി പാവങ്ങളെ റേഷനരിയുടെ പേര് പറഞ്ഞ് വീട്ടിലേക്ക് അഥവാ സ്വധര്‍മ്മം എന്ന് ചിലര്‍ അവകാശപ്പെടുന്ന ധര്‍മ്മത്തിലേക്ക് തിരികെ കൂട്ടുമ്പോള്‍ ‘തിളങ്ങുന്ന’ ഇന്ത്യയില്‍ നിന്നും മൂടിവെക്കപ്പെട്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ ജനാധിപത്യ രാജ്യത്തെ വെല്ലുവിളിച്ച് കൊണ്ട് തകര്‍ക്കപ്പെടാതെ സംരക്ഷിച്ചു പോരുന്ന ചില മതിലുകളുണ്ട്. ജാതി മതിലുകള്‍.

തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജാതിവെറിയുടെ ബിംബങ്ങളായി ഈ മതിലുകള്‍ തല ഉയര്‍ത്തി തന്നെ നില്‍ക്കുന്നു. മതിലിന്‍റെ വേലിക്കെട്ടിനകത്തു നിന്ന് സവര്‍ണ്ണന്‍റെ മലം കോരി മടുത്ത് ശ്വാസം മുട്ടി താല്‍കാലികമായെങ്കിലും അതിജീവനത്തിനു വേണ്ടി ഓടി രക്ഷപ്പെട്ട ദളിതരെ വീണ്ടും മതം എന്ന തീട്ടക്കുഴിയിലേക്ക് വലിച്ചിടുന്ന പ്രക്രിയയുടെ പേരാണ് ഘര്‍ വാപസി. മനുസ്മൃതി എന്ന ‘വിശ്വ’ ഗ്രന്ഥത്തിന്‍റെ പേര് പറഞ്ഞ് മനുഷ്യനെ തട്ടുകളായി തിരിക്കുകയും ആ തട്ടുകളിലൊന്നും പെടാതിരുന്ന ഭൂരിപക്ഷ ജനതയെ മതിലിനപ്പുറത്ത് നിര്‍ത്തിക്കൊണ്ട് ഹിന്ദുക്കളായി അവരോധിക്കുകയും ചെയ്ത സവര്‍ണ്ണ രാഷ്ട്രീയം ഇന്നും ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് ഫാസിസ്റ്റുകള്‍ ഇവിടെ എത്രമേല്‍ വളര്‍ന്നിരിക്കുന്നു എന്നതിന്‍റെ തെളിവാണ്.പോണ്ടിച്ചേരിയിലെ കര്യമാണിക്കം ഗ്രാമത്തില്‍ 20അടി ഉയരത്തിലും ഒന്നര കിലോമീറ്റര്‍ നീളത്തിലുമായി ഒരു ഗ്രാമത്തെയാകെ കീറി മുറിച്ചു കൊണ്ട് ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്ന ജാതി മതില്‍ ജനാധിപത്യ ഇന്ത്യയില്‍ നില നില്‍ക്കുന്ന ജാതി വെറിയുടെ ഏറ്റവും ചെറിയ ഒരു ഉദാഹരണം മാത്രം. മുഖ്യധാരയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട്‌ പൊതു ഇടങ്ങളും വിദ്യാഭ്യാസവും തൊഴിലും ആരാധനാലയങ്ങളും എല്ലാറ്റിനുമുപരി ആത്മാഭിമാനവും നഷ്ടപ്പെട്ട് ഇങ്ങനെയൊരു ജനത ഇവിടെ വസിക്കുന്നത് ഒരുകാലത്തും നമ്മുടെ മുഖ്യധാര മാധ്യമങ്ങളുടെയോ രാഷ്ട്രീയ പാര്‍ടികളുടെയോ ശ്രദ്ധയില്‍പ്പെടാന്‍ പോകുന്നില്ല. അത് തന്നെയാണ് രാജ്യം മുഴുവന്‍ സ്വൈര്യ വിഹാരം നടത്തുവാനും വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുവാനും ജാതി മതിലുകള്‍ കെട്ടിപ്പടുക്കുവാനും ഹിന്ദുത്വവാദികള്‍ക്ക് ഇത്രയധികം ധൈര്യം നല്‍കുന്നതും. ഇന്ത്യയില്‍ ജനിച്ചു വീണ ഓരോ പൗരനും ഹിന്ദുക്കളാണെന്നും ഹിന്ദു ധര്‍മ്മത്തിന്‍റെ ഭാഗമാണെന്നും പ്രഖ്യാപിച്ച ഹിന്ദു മതത്തിന്‍റെ മൊത്തക്കച്ചവടക്കാരോട് ഒരു ചോദ്യം. എല്ലാ മത വിശ്വാസികളെയും ഹിന്ദുക്കളായി കാണാന്‍ ശ്രമിച്ച ആ ‘വിശാല’ മനസ്കതയെ ആദരിച്ചു കൊണ്ട് പറയട്ടെ, നിങ്ങള്‍ പറയുന്ന ഹിന്ദു മതത്തിന്‍റെ ഭാഗമായ എല്ലാ സവര്‍ണ്ണ-അവര്‍ണ്ണ വിഭാഗങ്ങളെയും മുമ്പൊരിക്കല്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ മിശിഹായായ അംബേദ്‌കര്‍ മുന്നോട്ട് വച്ച് നടപ്പിലാക്കാന്‍ കഴിയാതെ പോയ ഹിന്ദു കോഡ് ബില്ലിന്‍റെ ഭാഗമാക്കുവാന്‍ തയാറാണോ എന്ന് മാത്രം വ്യക്തമാക്കിയാല്‍ കൊള്ളാം. അത് എങ്ങനെ കഴിയും? രാമരാജ്യത്ത് രാമനും ചണ്ഡാലനും ഒരേ നിയമമോ? എന്ത് വിഡ്ഢിത്തമല്ലെ? അത് കൊണ്ട് തന്നെ മനുവിനെ പുല്‍കിക്കൊണ്ട് റേഷനരിയുടെ പേര് പറഞ്ഞ് നിങ്ങള്‍ നടത്തുന്ന ഘര്‍ വാപസി എന്ന വര്‍ഗ്ഗീയ ഭ്രാന്തിന് എല്ലാക്കാലത്തും കുട പിടിക്കാന്‍ ആളുണ്ടാകില്ലായെന്ന്‍ ഓര്‍ത്താല്‍ നന്ന്.

ഒരു സമുദായത്തിന് ഒരു നിയമം; ഹിന്ദുക്കളെല്ലാം ഹിന്ദു കോഡ് ബില്ലിന് വിധേയമാകണം എന്ന നിര്‍ദേശം മുന്നോട്ട് വച്ചു കൊണ്ടാണ് അംബേദ്‌കര്‍ ഹിന്ദു കോഡ് ബില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ജനം അടിസ്ഥാനപരമായി വിഭജിക്കപ്പെടുന്നത് ജാതി അടിസ്ഥാനത്തിലാണ്. മതം ഏതായാലും ജാതി ഒന്നാണെങ്കില്‍ അവര്‍ ഒന്ന് തന്നെ ആയിരുന്നു. ആ ചിന്താഗതിക്ക് ഏറ്റ കനത്ത ആഘാതമാണ് ഇംഗ്ലീഷ്കാരിലൂടെ ഇവിടെ എത്തിയ പാര്‍ലമെന്‍ററി ജനാധിപത്യം. തലയെണ്ണി അധികാരം നിശ്ചയിക്കുന്ന ഘട്ടം വന്നപ്പോള്‍ അവര്‍ണ്ണ ജാതിയുടെ ഭൂരിപക്ഷം സവര്‍ണ്ണര്‍ക്കൊരു തലവേദനയായി. അതു കൊണ്ട് തന്നെ അവര്‍ണ്ണരെ ഹിന്ദു സമുദായത്തില്‍ തന്നെ നില നിര്‍ത്തുകയും അത് വഴി ഹിന്ദുക്കള്‍ക്ക് മുസ്ലിമിനെതിരായ ഭൂരിപക്ഷം നേടിയെടുക്കുകയും ചെയ്യുകയെന്നത് സവര്‍ണ്ണ ഫാസിസ്റ്റുകളുടെ അജണ്ടയായി മാറി. അതെ രാഷ്ട്രീയം തന്നെയാണ് ഘര്‍ വാപസി എന്ന പേരില്‍ ഹൈന്ദവ സംഘടനകള്‍ ഇന്നിവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും.ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ രാഷ്ട്രീയ വിപ്ലവങ്ങള്‍ക്കല്ല മറിച്ച് സാംസ്കാരിക വിപ്ലവങ്ങള്‍ക്കാണ് പ്രസക്തിയുള്ളതെന്ന്‍ കഴിഞ്ഞ 80 വര്‍ഷത്തില്‍ അധിക കാലത്തെ പ്രവര്‍ത്തന പരിചയം കൊണ്ട് ഇനിയും തിരിച്ചറിയാത്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികളും ഫാസിസത്തിന്‍റെ വളര്‍ച്ചക്ക് ഒരു തരത്തില്‍ വഴിയൊരുക്കിയിട്ടുണ്ടെന്ന്‍ പറയാതിരിക്കാന്‍ ആവില്ല. അവിടെയാണ് ആര്‍.എസ്.എസ് ഉള്‍പ്പെടുന്ന ഹൈന്ദവ ഫാസിസ്റ്റ് സംഘടനകള്‍ വര്‍ഗ്ഗീയ ധ്രുവീകരണം സാധ്യമാക്കുന്നതിലൂടെ തങ്ങളുടെ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതും. ഇന്ത്യാ ചരിത്രത്തില്‍ ഇന്ന് വരെ നടന്നിട്ടുള്ള ദളിത്‌ പീഡനങ്ങളും കൂട്ടക്കൊലകളും കമ്മ്യൂണിസ്റ്റ് പാര്‍ടികളെ സംബന്ധിച്ചിടത്തോളം തൊഴിലാളി വിരുദ്ധ കലാപങ്ങള്‍ മാത്രമാണ്. അല്ലെങ്കില്‍ അങ്ങനെ വായിക്കുവാനായിരുന്നു അവര്‍ക്ക് താല്പര്യം. അപ്പോഴും ആ തൊഴിലാളി വിഭാഗത്തിന്‍റെ മഹാ ഭൂരിപക്ഷവും ദളിതരായിരുന്നുവെന്ന കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറന്നു കളയുന്നു. അസമത്വത്തിന്‍റെ അടിത്തറയില്‍ നില കൊള്ളുന്ന ഹിന്ദു മതത്തെ ഒന്ന് സ്പര്‍ശിക്കുക പോലും ചെയ്യാതെ സമത്വത്തെ കുറിച്ചും രാഷ്ട്രീയ സ്വാതന്ത്ര്യത്തെ കുറിച്ചും ചര്‍ച്ച ചെയ്യുകയും മനുഷ്യാവകാശങ്ങളെ കുറിച്ചും സിവില്‍ സ്വാതന്ത്ര്യത്തെ കുറിച്ചും സംസാരിക്കതെയിരിക്കുകയും ചെയ്യുന്നതാണ് അന്നും ഇന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ രാഷ്ട്രീയം.“I will sink or swim with the Hindu Code bill. My cabinet will stand or fall with the Hindu Code bill” എന്ന് പ്രസ്താവിക്കുകയും പക്ഷെ ബില്‍ ഒരു തരത്തിലും പാസ്സാക്കാതിരിക്കുകയും ചെയ്ത നെഹ്‌റു ഉള്‍പ്പെടുന്ന പഴയകാല കോണ്‍ഗ്രസ്സിന്‍റെ ബ്രാഹ്മണിക്കല്‍ മൂല്യബോധവും ഫാസിസത്തെ നട്ടു നനച്ചു വളര്‍ത്തുകയാണ് ഉണ്ടായത്.

ജനാധിപത്യ ഇന്ത്യയുടെ മതേതര ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ട് ഫാസിസം പടിവാതില്‍ക്കല്‍ വന്ന് അട്ടഹസിക്കുന്നു. ഒരു നേരത്തെ അന്നത്തിന്‍റെ പേരില്‍ ദളിത്‌-മുസ്ലിങ്ങളെയും ദളിത്‌-ക്രിസ്ത്യാനികളെയും തുടങ്ങി എല്ലാ പരിവര്‍ത്തിത ദളിതരെയും പുനര്‍ പരിവര്‍ത്തനം നടത്തിക്കൊണ്ട് ഹൈന്ദവ സംഘടനകള്‍ തങ്ങളുടെ അജണ്ട നടപ്പില്‍ വരുത്തുമ്പോള്‍ വര്‍ഗ്ഗീയതയെ ചവിട്ടി ഞെരിച്ച് ഇന്നാട്ടിലെ ജാതി മതിലുകളെ തച്ചുടച്ചു കൊണ്ട് എല്ലാ മതേതര വിശ്വാസികളും പുരോഗമന പ്രസ്ഥാനങ്ങളും ഒന്നു ചേരേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു.

(പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ശ്രുതീഷ്)

*Views are Personal

-


Next Story

Related Stories