UPDATES

സിനിമ

അങ്കമാലി ഡയറീസ്; ഗിരിജ തിയേറ്ററിനെതിരേയുള്ള പ്രചാരണം ദിലീപിനെ ലക്ഷ്യം വച്ചോ?

ദിലീപും സംഘവും ഫ്രൈഡെ ഫിലിംസിന്റെ സിനിമകളെ തിയേറ്ററില്‍ നിന്നും ഒഴിവാക്കാന്‍ കളിനടത്തുകയാണെന്നാണു മറിച്ചുള്ള ആരോപണം

വിജയബാബുവിന്റെ ഫ്രൈഡെ ഫിലിംസ് നിര്‍മ്മിച്ച അങ്കമാലി ഡയറീസും തൃശ്ശൂര്‍ ഗിരിജ തിയേറ്ററും തമ്മിലുള്ള വിഷയം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. അങ്കമാലി ഡയറീസ് തിയേറ്ററില്‍ കളിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മറ്റും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും തിയേറ്റര്‍ ഉടമ ഡോ. കെപി ഗിരിജക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഗിരിജ താനും നിര്‍മ്മാതക്കളും തമ്മിലുള്ള കരാര്‍ അനുസരിച്ചുള്ള കാര്യങ്ങളാണ് നടത്തുന്നതെന്നും തന്നെ വിജയബാബു ചതിച്ചെന്നുമാണ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരിക്കുന്നത്. അസോസിയേഷനില്‍ ഇതു സംബന്ധിച്ച രേഖയുണ്ടെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ തിയേറ്ററിനും തനിക്കും ഭീഷണിയുണ്ടെന്ന് കാട്ടി പരാതി നല്‍കിയിരിക്കുകയാണ്.

Read: അങ്കമാലി ഡയറീസ് പ്രദര്‍ശിപ്പിക്കുന്നില്ല; ഹോള്‍ഡ് ഓവറാക്കാനുള്ള ശ്രമമോ, ഫെഡറേഷന്‍ മാഫിയയുടെ കളിയോ?

അതേസമയം ദിലീപിന്റെ പുതിയ ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തെ തളര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം എന്ന് ആരോപണമുണ്ട്. പഴയ ഫിലിം എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷനും ദിലീപിന്റെ നേതൃത്വത്തിലുള്ള അസോസിയേഷനും തമ്മിലുള്ള വിഷയങ്ങളാണ് ഗിരിജ തിയേറ്ററുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന വിവാദങ്ങള്‍. കൂടാതെ മലയാള സിനിമ ലോകത്തില്‍ ചില മേഖലകള്‍ പരമ്പരാഗതമായി ചിലരുടെ കൈയിലാണ്. ഇത് പുത്തന്‍ കൂറ്റുകാര്‍ കൈയ്യടക്കിയതിന്റെ പ്രശ്നങ്ങളാണ് ഇവിടെ തുടങ്ങിയിരിക്കുന്നത്. നാളെയാണ് ‘ജോര്‍ജേട്ടന്‍സ് പൂരം’ റിലീസാവുന്നത്. ഗിരിജ തിയേറ്റര്‍ പ്രശ്‌നം കാണിച്ച് ദിലീപ്‌ ചിത്രത്തിനെ ഒതുക്കാനാണ് വിജയബാബു, ലിജോ ജോസ് പെല്ലിശ്ശേരി ഉള്‍പ്പടെയുള്ള സംഘങ്ങളുടെ ശ്രമമെന്നും അതല്ല തിരിച്ച് ദിലീപ് സംഘം ഫ്രൈഡെ ഫിലിംസിന്റെ ചിത്രങ്ങളെ തിയേറ്ററില്‍ നിന്ന് മാറ്റാനുള്ള കളിയാണിതെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

തിയേറ്ററില്‍ അങ്കമാലി ഡയറീസ് പ്രദര്‍ശിപ്പിക്കാന്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്നും ആളില്ലെന്ന് കാണിച്ച് ചിത്രത്തിനെ ഒതുക്കാനും ഷോ മുടക്കാനും ഇവരുടെ ഇവരുടെ ശ്രമം എന്നും പരാതി ഉയരുന്നു. സിനിമ കാണാന്‍ വരുന്നവര്‍ക്കു മുന്നില്‍ തിയേറ്ററിന്റെ അടഞ്ഞ ഗേറ്റാണു കാണുന്നതെന്നും സിനിമ ഹോള്‍ഡ് ഓവറാക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നുമാണ് അങ്കമാലി അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ ഗിരിജ ഇക്കാര്യത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നല്‍കുന്നത് ഇങ്ങനെയാണ്-

‘തിയേറ്റര്‍ ഉടമകളുടെ പുതിയ അസോസിയേഷന്‍ തീരുമാനപ്രകാരം തൃശൂര്‍ ഗിരിജയിലാണ് അങ്കമാലി ഡയറീസ് പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാംദാസ് എന്ന തിയേറ്ററിലും ഇതേ സിനിമ പ്രദര്‍ശിപ്പിച്ചു. അസോസിയേഷന്‍ തീരുമാനത്തിനെതിരായ നടപടിയാണിത്. അവരുടെ തന്നെ രവികൃഷ്ണ എന്ന തിയേറ്ററില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മാത്രമായിരുന്നു അനുവാദം. എന്നാല്‍ അതെല്ലാം അവര്‍ തെറ്റിച്ചു. മാന്യതയുടെ ഭാഷയില്‍ ഈ വിഷയം ഞങ്ങള്‍ അവരുമായി സംസാരിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായില്ല. തൃശൂര്‍ ഗിരിജയെ തകര്‍ക്കുകയെന്നതാണോ അവരുടെ ലക്ഷ്യം? ഈ സംഭവം കാണിക്കുന്നത് ഫെഡറേഷന്‍ മാഫിയയുടെ തനിനിറമാണ്. പുതിയ അസോസിയേഷന്റെ (ദിലീപിന്റെ നേതൃത്വത്തിലുള്ള ) തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഞങ്ങളെ പോലുള്ള തിയേറ്ററുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. മാധ്യമങ്ങളെയും ഇതിനായി കൂട്ടുപിടിക്കുകയാണ്. ഒരു സ്ത്രീയോട് ഇത്തരത്തില്‍ മത്സരത്തിനു വരാന്‍ അവര്‍ക്കു ലജ്ജ തോന്നുന്നില്ലേ? ഈ മാഫിയക്കാരെ കൊണ്ട് വളരെയേറെ ബുദ്ധിമുട്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. പക്ഷേ എനിക്കൊപ്പം നില്‍ക്കുന്ന തൃശൂരിലെ ജനങ്ങളെ കൈവിടാന്‍ ഞാന്‍ തയ്യാറാവുകയുമില്ല.’

ഇത് സംബന്ധിച്ച് ഫെയ്‌സബുക്കില്‍ വന്ന ഗിരിജയുടെ പോസ്റ്റുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍