TopTop
Begin typing your search above and press return to search.

ഗീത ഗോപിനാഥ്: പാതി വെന്ത വിവരങ്ങള്‍ വെച്ചുള്ള ഈ വാചകമടി പരിഹാസ്യം

ഗീത ഗോപിനാഥ്: പാതി വെന്ത വിവരങ്ങള്‍ വെച്ചുള്ള ഈ വാചകമടി പരിഹാസ്യം

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് തന്റെ നിയമനത്തിന് ശേഷം ഇതാദ്യമായി കേരളത്തിലെത്തി. ധനമന്ത്രി ടി എം തോമസ് ഐസകിനെ കണ്ട ഗീത ഉടന്‍ മുഖ്യമന്ത്രിയെ കാണുമെന്നാണ് അറിയുന്നത്. അതേസമയം ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി തന്റെ പ്രവര്‍ത്തന മണ്ഡലം കേരളത്തിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല എന്നു ഗീത ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഹാര്‍വാര്‍ഡ് എക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെ നിയമിക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനം വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ആഗോള വത്ക്കരണ സാമ്പത്തിക നയങ്ങളുടെ പ്രായോക്താവാണ് ഇവര്‍ എന്നതായിരുന്നു പ്രധാന വിമര്‍ശനം. ഗീത ഗോപിനാഥിന്റെ ആദ്യ കേരള സന്ദര്‍ശനവും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ അവര്‍ എന്തു ചെയ്യാന്‍ പോകുന്നു എന്ന മുന്‍ധാരണയോടെയാണ് ഈ വിമര്‍ശനങ്ങള്‍ എല്ലാം. ഈ സാഹചര്യത്തില്‍ ഗീത ഗോപിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് അഴിമുഖം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

ടീം അഴിമുഖം


ഒരു കാര്യം നേരെ പറയട്ടെ. അക്കാദമിക് മേഖലയില്‍ ഗീത ഗോപിനാഥിന്റെ മികവിനെ ഒരുവിധത്തിലും കുറച്ചു കാണാന്‍ കഴിയില്ല. അങ്ങനെയുള്ള ഒരാളെ വിലയിരുത്തുന്നത് പാതി വെന്ത വിവരങ്ങള്‍ വച്ചുകൊണ്ടാകരുത് താനും. അതോടൊപ്പം, നിയോ ലിബറല്‍ ഇകണോമിസ്റ്റ് എന്നും പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ ഏജന്റെന്നുമൊക്കെ മുദ്ര കുത്തുന്നത് അതിലേറെ മോശമായ കാര്യവുമാണ്.

ലോകത്ത് ഏറ്റവുമധികം വേഗത്തില്‍ വളരുന്ന ഒരു അക്കാദമിക് സബ്ജക്ട് കൂടിയാണ് സാമ്പത്തിക ശാസ്ത്രം. സമഗ്രമായ വിധത്തില്‍ ഫീല്‍ഡ് സ്റ്റഡീസ് നടത്തിയും വസ്തുതകളുടേയും കണക്കുകളുടേയും അടിസ്ഥാനത്തില്‍ കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തിയും അതുവഴി നിലവിലുള്ള ധാരണകളില്‍ പൊളിച്ചെഴുത്തുകള്‍ കൊണ്ടുവരികയുമാണ് ഈ മേഖലയില്‍ ചെയ്യുന്നത്. ഈ കാര്യത്തില്‍ മികച്ച അക്കാദമിക് റിക്കോര്‍ഡുള്ള ആളാണ് ഗീത ഗോപിനാഥ്. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജിലായിരുന്നു അവരുടെ ബിരുദ പഠനം. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ John Zwaanstra Professor of International Studies and of Economics ആണ് അവര്‍ ഇപ്പോള്‍. ഇന്റര്‍നാഷണല്‍ ഫിനാന്‍സും മാക്രോഇകോണമിക്‌സുമാണ് അവര്‍ പഠിപ്പിക്കുന്നത്.

എന്താണ് കേരളത്തിലെ പ്രശ്‌നം?
കേരളത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നോക്കിയാല്‍ അത്ര നല്ല സമയത്തല്ല അവരുടെ നിയമനം എന്നു കാണാം. കാരണം, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഏറ്റവും കൂടുതല്‍ താങ്ങി നിര്‍ത്തുന്ന ഗള്‍ഫ് സാമ്പത്തിക മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തകര്‍ച്ച സംസ്ഥാനത്തെ ബാധിക്കും എന്നതുറപ്പാണ്. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് ഗീത ഗോപിനാഥ് സംസ്ഥാന മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി വരുന്നത് എന്നതു കൂടി പരിഗണിക്കണം.

എന്നാല്‍ ചിലരെങ്കിലും കരുതുന്നത് ഗീത ഗോപിനാഥിന് ഇക്കാര്യത്തില്‍ കേരളത്തെ കുറച്ചെങ്കിലും സഹായിക്കാന്‍ കഴിയും എന്നാണ്. ആഗോളവത്ക്കരണത്തെക്കുറിച്ചും അന്താരാഷ്ട്ര മൂലധനത്തെക്കുറിച്ചും സാമ്പത്തിക മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ചും അടുത്തറിയാവുന്ന ഒരാളെന്ന നിലയില്‍ അവര്‍ക്ക് അതിന് കഴിയേണ്ടതാണ്. അതായത്, കേരളത്തെ 21-ാം നൂറ്റാണ്ടിലെ മെച്ചപ്പെട്ട ഒരു സമ്പദ്ഘടനയാക്കി മാറ്റണമെങ്കില്‍ പെട്രോ ഡോളര്‍ സമ്പദ്‌വ്യവസ്ഥയില്‍ നിന്നു മാത്രം വരുന്ന വരുമാനത്തെ ആശ്രയിച്ചാല്‍ സാധിക്കില്ല. കാരണം 2014 പകുതിക്കു ശേഷം എണ്ണവില കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം, പുതിയ എണ്ണ, വാതക പാടങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുന്നതാകട്ടെ 1952-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍.

എണ്ണവില്‍പ്പനയില്‍ നിന്നുണ്ടാകുന്ന വരുമാനത്തെ മാത്രം ആശ്രയിക്കുന്നതിന് പകരം പുതിയ സ്രോതസുകള്‍ തേടുന്ന തിരക്കിലാണ് പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും. അതുകൊണ്ടു തന്നെ ഈ സമ്പദ്‌വ്യവസ്ഥകളൊക്കെ തന്നെ വന്‍ തോതിലുള്ള തൊഴില്‍ നഷ്ടത്തിനും തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിനും നിര്‍ബന്ധിതരാകും. അത് കുറെയേറെ വര്‍ഷങ്ങളിലേക്ക് നീണ്ടു നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

സൗദി അറേബ്യ കഴിഞ്ഞ ഏപ്രിലിലാണ് എണ്ണയെ ആശ്രയിച്ചുള്ള തങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് മാറ്റം ലക്ഷ്യമിട്ടുകൊണ്ട് പൊതുമേഖലയിലുള്ള എണ്ണക്കമ്പനിയുടെ ഒരു ഭാഗം ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചത്. ഇങ്ങനെ എണ്ണയെ ആശ്രയിച്ചുള്ള സമ്പദ് ഘടനയില്‍ നിന്നുള്ള മാറ്റം സുഗമമാക്കാനായി അവര്‍ പ്രത്യേക ഫണ്ടും രൂപീകരിച്ചു കഴിഞ്ഞു. സല്‍മാന്‍ രാജാവിന്റെ 30-കാരനായ മകന്‍ ഡപ്യൂട്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞത് '2020-ഓടെ എണ്ണയില്ലാതെ നമുക്ക് ജീവിക്കാന്‍ സാധിക്കും' എന്നാണ്. സൗദി ആ രീതിയില്‍ വന്‍തോതില്‍ സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അവര്‍ മാത്രമല്ല ഈ പാത സ്വീകരിച്ചിട്ടുള്ളത്. ഖത്തറും യു.എ.ഇയും കുവൈറ്റുമൊക്കെ ഈ വിധത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്.ഈ ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇതിനകം തന്നെ പ്രത്യക്ഷമായി കഴിഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഒപ്പം വളരെ കുറച്ചു മാത്രം ചര്‍ച്ച ചെയ്യപ്പെട്ടതും, ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന മികച്ച പ്രൊഫഷണലുകള്‍ അവരുടെ താവളം അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍, ഹോങ്കോങ്ക് തുടങ്ങിയ മേഖലകളിലേക്ക് പതിയെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഗള്‍ഫ് മേഖല അഭിമുഖീകരിക്കാന്‍ പോകുന്ന പ്രതിസന്ധിയുടെ ഭാഗമായി കൂടിയാണ് ഈ മാറ്റത്തെ പലരും കാണുന്നത്.

പല ഗള്‍ഫ് രാജ്യങ്ങളും തങ്ങള്‍ മുതല്‍ മുടക്കിയിരുന്ന പല മേഖലകളില്‍ നിന്നും പിന്‍വാങ്ങുകയോ അതില്‍ കുറവു വരുത്തുകയോ ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. അല്‍ ജസീറ നെറ്റ്‌വര്‍ക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ ഖത്തര്‍ തീരുമാനിച്ചത് ഇതിന്റെ ഒരുദാഹരണമാണ്.

ആഗോള എണ്ണ ഉത്പാദനത്തില്‍ കുറവുണ്ടാവുകയും ഉപഭോഗം കൂടുകയും ചെയ്യുന്നതിന് അനുസരിച്ച് അടുത്ത ഏതാനും വര്‍ഷങ്ങളില്‍ എണ്ണവില ഇടിയുന്നതിന് താത്കാലിക ശമനമുണ്ടായേക്കാം. എന്നാല്‍ കാര്യങ്ങള്‍ മാറുകയാണ്. എണ്ണയേയും വാതകത്തേയും ആശ്രയിച്ചുള്ള ഒരു സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ലോകം മാറിവരികയാണ്. ഇതിന്റെ തിരിച്ചടി കേരളത്തിലുണ്ടാക്കുന്നത് പല വിധത്തിലായിരിക്കും. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക അവസ്ഥകളില്‍ ഇരുട്ടുകയറാതിരിക്കണമെങ്കില്‍ ദീര്‍ഘകാല പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചേ കഴിയൂ. ഒരു പക്ഷേ ഗീത ഗോപിനാഥ് തന്നെയായിരിക്കും അതിനു പറ്റിയ ആള്‍.

തിരിച്ചടികള്‍
2014-15 വര്‍ഷത്തില്‍ ഗള്‍ഫ് മേഖലയിലുള്ള 20 ലക്ഷത്തോളം മലയാളികള്‍ കേരളത്തിലേക്ക് അയച്ചത് 12 ബില്യണ്‍ ഡോളറാണ്- ഏകദേശം 70,000 കോടി രൂപ. കേരളത്തിന്റെ ജി.ഡി.പിയുടെ 35 ശതമാനവും വിദേശത്തു നിന്നുള്ള ഈ പണമാണ്. അതായത്, സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനത്തിന്റെ ഇരട്ടിയാണ് പ്രവാസികള്‍ അയയ്ക്കുന്ന പണം. അത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ഖജനാവിലേക്ക് നല്‍കുന്ന പണത്തിന്റെ ആറിരട്ടി വരും, സംസ്ഥാനത്തെ വാര്‍ഷിക നോണ്‍-പ്ലാന്‍ ബജറ്റ് എക്‌സപെന്‍ഡിച്ചറിന്റെ രണ്ടു മടങ്ങ്, കശുവണ്ടി മേഖലയില്‍ നിന്നുള്ള വിദേശ വരുമാനത്തിന്റെ 36 ഇരട്ടി, മറൈന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തിന്റെ 30 ഇരട്ടി- ഇങ്ങനെ പോകും കണക്കുകള്‍.

അതായത്, ഈ പണമൊക്കെ വരുന്ന ഗള്‍ഫ് മേഖലയില്‍ വന്‍ തോതിലുള്ള തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ അടുത്തോ വൈകാതെ തന്നെയോ സംഭവിക്കാന്‍ പോവുകയാണ്. നമ്മുടെ ഭാവനയ്ക്കും അപ്പുറത്തായിരിക്കും അപ്പോള്‍ കാര്യങ്ങള്‍: കാരണം ആയിരങ്ങളായിരിക്കും ഇവിടം വിട്ട് കേരളത്തിലേക്ക് മടങ്ങേണ്ടി വരുന്നത്. അതായത്, തൊഴില്‍രഹിതരായ ഈ 'അന്യ'സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് കൂട്ടത്തോടെ വരുന്നത് ഗുരുതരമായ സാമൂഹിക, മാനസിക, സാമ്പത്തിക, പുനരവധിവാസ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇങ്ങനെ തിരിച്ചുവരുന്ന ഈ ഗള്‍ഫുകാരെ പുതിയ തൊഴില്‍ പഠിപ്പിക്കാനും അവര്‍ക്ക് പുതിയ വരുമാന മാര്‍ഗങ്ങള്‍ ഉണ്ടാക്കാനുമൊക്കെയുള്ള സാമ്പത്തിക സ്രോതസുകളും അടിസ്ഥാന സൗകര്യങ്ങളുമൊക്കെ നാം ഉണ്ടാക്കേണ്ടതുണ്ട്. ഈ ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് നിലയ്ക്കുകയും സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ഈ പണം ഇല്ലാതാകുകയും ചെയ്യുന്നത് വലിയ സാമൂഹിക പ്രശ്‌നങ്ങളിലേക്കും സംസ്ഥാനത്തെ കൊണ്ടെത്തിച്ചേക്കാം. യുദ്ധക്കെടുതികള്‍ മൂലം മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്ന്‍ തിരിച്ചെത്തിയ നഴ്സുമാരുടെ ദുരിതം നമ്മള്‍ കണ്ടതാണ്; കാര്യമായ പുനരാധിവാസമൊന്നും ഇന്നും നടന്നിട്ടില്ല. അതിന്റെ വലിയ തോതിലുള്ള പ്രതിസന്ധിയായിരിക്കും നമ്മള്‍ ഇനി നേരിടാന്‍ പോകുന്നത്.

തയാറെടുപ്പുകള്‍ തുടങ്ങേണ്ടതുണ്ട്
സംഭവിക്കാന്‍ ഏറെക്കുറെ സാധത്യയുളള ഈ ദുരന്തത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ദീര്‍ഘകാല വീക്ഷണത്തോടെയും ആത്മാര്‍ഥമായുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഈ വിധത്തില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മറ്റൊരു ദിശയിലേക്ക് പറിച്ചു നടുന്നതിന് വിദഗ്ധരായ ഒരു ടീമിന്റെ സഹായം അത്യാവശ്യവുമാണ്. അങ്ങനെയൊരു മാറ്റത്തിനു വേണ്ടി നായക സ്ഥാനം വഹിക്കാന്‍ കഴിയുന്നയാളാണ് ഗീത ഗോപിനാഥ്.

ഗള്‍ഫില്‍ നിന്നടക്കം തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ ഇവിടേക്ക് ആകര്‍ഷിക്കാനും അവരെ പുനരധിവസിപ്പിക്കാനുള്ള പുതിയ വ്യാവസായിക, വാണീജ്യ മേഖലകള്‍ തുറക്കേണ്ട നയപരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അവ പരിസ്ഥിതിക്ക് ഹാനികരമല്ല എന്നും വന്‍ തോതിലുള്ള റിയല്‍ എസ്‌റ്റേറ്റ് കച്ചവടങ്ങള്‍ ഉള്‍പ്പെടുന്നില്ല എന്നതുമൊക്കെ ഉറപ്പാക്കേണ്ടതുണ്ട്. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയല്ല ഐ.ടി മേഖല. അപ്പോള്‍, ഡയമണ്ട് പോളിഷിംഗ്, സൂപ്പര്‍ കണ്ടക്‌ടേഴ്‌സ്, ഹാര്‍ഡ്‌വേര്‍ അസംബ്ലി ലൈന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓര്‍ഗാനിക് ഫാമിംഗ് തുടങ്ങി പുതുനിര വ്യവസായ സംരംഭങ്ങള്‍ക്കുള്ള ആലോചനകളാണ് വേണ്ടത്. അതിന് തായ്‌വാന്‍, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ പഠിക്കുകയും ഏതൊക്കെ മേഖലകളാണ് വികസിപ്പിച്ചെടുക്കാന്‍ കഴിയുക എന്ന് തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ അഭിപ്രായത്തില്‍ ഇക്കാര്യത്തില്‍ ഗീത ഗോപിനാഥ് മികച്ചൊരു തെരഞ്ഞെടുപ്പ് തന്നെയാണ്.തൊഴുത്തില്‍ക്കുത്തിന്റെ ഭാഗമോ?
എന്നാല്‍, അവരുടെ നിയമനം സംബന്ധിച്ച് പല കോണുകളില്‍ നിന്നും സംശയങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ട്. കേരളത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള മികച്ച ധനകാര്യ മന്ത്രിമാരില്‍ ഒരാളും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. തോമസ് ഐസക്കിനെ ഒതുക്കുന്നതിന്റെ ഭാഗമാണോ പിണറായി വിജയന്റെ ഇപ്പോഴത്തെ നടപടി എന്നതാണ് അതിലൊന്ന്. ധാരണകളും അക്കാദമിക് മികവും ഭരണപാടവുമുള്ള ഒരു ധനകാര്യ മന്ത്രിയുടെ മുകളില്‍ ഒരു സൂപ്പര്‍ ചീഫ് മിനിസ്‌റ്റേഴ്‌സ് ഓഫീസ് (സി.എം.ഒ) സൃഷ്ടിക്കാനും അതുവഴി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ക്ക് കണക്കു തീര്‍ക്കാനും മന്ത്രിമാരുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ഗീത ഗോപിനാഥിന്റെ നിയമനമെങ്കില്‍ അത് സ്വയം കുഴി തോണ്ടുന്നതിനു തുല്യമായിരിക്കും എന്ന് മുഖ്യമന്ത്രി മനസിലാക്കേണ്ടതുണ്ട്. അത് തിരിച്ചടിക്കുക അദ്ദേഹത്തെ മാത്രമായിരിക്കില്ല, ജനക്ഷേമകരമായ പദ്ധതികള്‍ മുന്നോട്ടു വയ്ക്കുകയും രാജ്യത്തെ മതേതര സ്വഭാവം നിലനിര്‍ത്തുന്നതിലും ജനങ്ങള്‍ക്ക് ശാസ്ത്രീയ വിദ്യാഭ്യാസം നല്‍കുന്നതിലുമൊക്കെ തത്പരരായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കൂടി അപചയമായിരിക്കും.

കേരളം ഭാവിയില്‍ നേരിടാനിരിക്കുന്ന വെല്ലുവിളികളെ ഗീത ഗോപിനാഥ് കൈകാര്യം ചെയ്യട്ടെ. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് നല്ല ധാരണയുള്ള ധനകാര്യ മന്ത്രി ഉള്ളപ്പോള്‍ അവര്‍ക്ക് ചെയ്യാനുള്ളത് കേരളത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുക എന്നതാണ്. സാമ്പത്തിക മേഖലയിലും മറ്റും പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും നയങ്ങള്‍ തീരുമാനിക്കുന്നത് ഏതെങ്കിലും വ്യക്തി അല്ലെന്നിരിക്കെ, അത്തരത്തിലുണ്ടാകുന്ന നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നുവെങ്കില്‍ അത് നടപ്പാക്കേണ്ടത് എല്ലാവരേയും വിശ്വാസത്തിലെടുത്തു കൊണ്ടുമാവണം. ജനാധിപത്യ ബോധമുള്ള ഒരു സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ അക്കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഫിനാന്‍സ് കാപ്പിറ്റലിനേയും നരേന്ദ്ര മോദിയുടെ നയങ്ങളെയും ഒരുപോലെ ഇഷ്ടപ്പെടുന്നു എന്ന ആക്ഷേപം ഗീത ഗോപിനാഥിനു നേര്‍ക്ക് ഉയരുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ അവര്‍ ഉപദേശങ്ങള്‍ നല്‍കിയാല്‍ പോലും അതിന്റെ മാത്രം അടിസ്ഥാനത്തില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഹാനികരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇപ്പോഴത്തെ ഇടത് സര്‍ക്കാര്‍ തുനിയില്ല എന്നു തന്നെ പ്രതീക്ഷിക്കാം.


Next Story

Related Stories