TopTop
Begin typing your search above and press return to search.

യുവാന്‍റെ വിലയിടിവിനെ ആര്‍ക്കാണ് പേടി?

യുവാന്‍റെ വിലയിടിവിനെ ആര്‍ക്കാണ് പേടി?

ക്രിസ്റ്റഫര്‍ ബാള്‍ഡിംഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ചൈനീസ് കറന്‍സി (യുവാന്‍)കുറച്ചു കാലമായി സ്ഥിരത കണ്ടെത്താനാവാതെ വഴുതിക്കളിക്കുന്നത് നാമെല്ലാം കാണുന്നുണ്ട്. ചൈനയോടൊപ്പമോ, ഒരുപക്ഷേ അതിലേറെയോ ഹൃദയമിടിപ്പോടെയാണ് മറ്റു രാജ്യങ്ങള്‍ യുവാന്റെ വിലയിടിവിനെ നോക്കിക്കാണുന്നത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം ചൈനയുടെ പിന്‍ബലത്തില്‍ പിടിച്ചു നിന്ന ഏഷ്യന്‍ രാജ്യങ്ങളൊക്കെ പുതിയ സാഹചര്യത്തില്‍ പൊതുവേ അസ്വസ്ഥരാണ്.

പലതരം ആശങ്കകളാണ് അന്തരീക്ഷത്തില്‍ പ്രചരിക്കുന്നത്. ചൈനീസ് കമ്പനികള്‍ ഡോളറിലെടുത്തിരിക്കുന്ന അവരുടെ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ വല്ലാതെ വിഷമിക്കും, ചൈന വില കുറഞ്ഞ അവരുടെ കറന്‍സി എങ്ങനെയും പുറംനാടുകളിലേക്കെത്തിക്കാനായി ശ്രമിക്കും, ചൈനയെപ്പോലെ കയറ്റുമതി കൂടുതലുള്ള മറ്റു രാജ്യങ്ങളും അവരവരുടെ കറന്‍സിയുടെ വിനിമയ മൂല്യം കുറച്ച് മെച്ചമുണ്ടാക്കാന്‍ ശ്രമിക്കും, ഇത് ആത്യന്തികമായി ലോക സാമ്പത്തിക ഘടനയുടെ തന്നെ താളം തെറ്റിക്കും, ആര്‍ക്കും നിയന്ത്രിക്കാനാവാത്ത, ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചൈനീസ് സാമ്പത്തിക രംഗം പതിയെ നാശത്തിലേക്കും നീങ്ങും തുടങ്ങി ആശങ്കകളുടെ ലിസ്റ്റ് അങ്ങനെ നീളുകയാണ്.

ശക്തമായൊരു സാമ്പത്തിക മേഖലയില്‍ ഇടിവു തട്ടുമ്പോള്‍ പലതരം ആശങ്കകള്‍ പരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം പരിധി വിട്ട ആശങ്കകളില്‍ വല്ലാതെയങ്ങ് പരിഭ്രമിക്കേണ്ട കാര്യമില്ലെന്നു ഒന്നിരുത്തി ചിന്തിച്ചാല്‍ മനസ്സിലാവും. ഇപ്പോഴത്തെ ചൈനീസ് പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഒന്നു സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളു. തീര്‍ച്ചയായും ആ പ്രത്യാഘാതങ്ങള്‍ ഒരു പരിധിക്കുള്ളില്‍ നില്‍ക്കുന്നവയുമായിരിക്കും.

ഏതു രാജ്യത്തിന്റെ കറന്‍സി ആയിക്കോട്ടെ, ആ കറന്‍സിയുടെ മൂല്യം ഇടിയുമ്പോള്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെന്തൊക്കെയാണ്? ആ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ വില കൂടും. അതുപോലെ കയറ്റുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ വില കുറയും. ചിലവേറുന്നുവെന്നു കണ്ട് ഇറക്കുമതി പരമാവധി കുറയ്ക്കാന്‍ ശ്രമിക്കും. അതേസമയം കയറ്റുമതിയുടെ കാര്യത്തില്‍ ചെറിയ വര്‍ദ്ധന ഉണ്ടാകുകയും ചെയ്യും. പതിറ്റാണ്ടുകളായി കയറ്റുമതിയെ പ്രധാന വരുമാന സ്രോതസ്സായി കാണുന്ന, ലോകത്തെമ്പാടും വമ്പന്‍ കമ്പോളങ്ങള്‍ സ്വന്തമായുള്ള ചൈനയെ സംബന്ധിച്ച് യുവാന്റെ വില കുറച്ചങ്ങു താഴ്ന്നാല്‍ തന്നെ സാമ്പത്തിക നില വല്ലാതെയങ്ങു പരുങ്ങലിലാവുകയൊന്നുമില്ലെന്നു വ്യക്തമല്ലേ?

വലിയ രാജ്യങ്ങളുമായി മാത്രമല്ല, തീരെ ചെറിയ രാജ്യങ്ങളുമായും ചൈന പരസ്പര ധാരണയോടു കൂടിയ വ്യപാര ബന്ധങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറക്കുമതിച്ചെലവിന്റെ ഭാരം ഒരുപാടു കൂടാതിരിക്കാന്‍ ഇത്തരം ബന്ധങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതു വഴി ചൈനയ്ക്കു സാധിക്കും. അല്ലെങ്കില്‍ തന്നെ അറ്റ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നു മാത്രമേ ചൈനയ്ക്ക് ഇറക്കുമതി ചെയ്യേണ്ടതായി വരുന്നുള്ളു.യുവാന്റെ വിലത്തകര്‍ച്ച മൂലമുണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള കരുത്ത് ചൈനീസ് സാമ്പത്തിക രംഗത്തിന് ഇപ്പോഴുമുണ്ട്. പക്ഷേ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈന അമേരിക്കയെ വെല്ലുന്നൊരു സാമ്പത്തിക ശക്തിയായി മാറുമെന്നൊരു പ്രതീതി സൃഷ്ടിച്ചിരുന്നു. നിക്ഷേപങ്ങളുടെ വലിയൊരു കുത്തൊഴുക്കാണ് ഇക്കാലയളവില്‍ ചൈനയിലുണ്ടായത്. അത്തരം സംരഭങ്ങളില്‍ നിന്നെല്ലാമുണ്ടായ താങ്ങാവുന്നതിനപ്പുറത്തെ ഉത്പ്പാദനമാണ് ഇപ്പോള്‍ ചൈനയെ ഇത്തരത്തിലൊരു പ്രതിസന്ധിയില്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നതും. മാന്ദ്യത്തിലൂടെ കടന്നുപോകുന്ന അവര്‍ക്ക് ഇത്തരം സംരംഭങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ തന്നെയായിരിക്കും യത്ഥാര്‍ഥ വെല്ലുവിളി. അല്ലെങ്കില്‍ അതിനെ ആശ്രയിച്ചു തന്നെയാവും ലോക ശക്തിയായി വളരാനുള്ള അവരുടെ ഇനിയുള്ള സാധ്യത നിര്‍ണ്ണയിക്കപ്പെടുന്നത്.

വീഴാതെ സ്ഥിരതയോടെ നില്‍ക്കുന്ന ഒരു കറന്‍സിക്കു വേണ്ടി തന്നെയാണ് ചൈനയും യത്‌നിക്കുന്നത്. യുവാനെ താങ്ങി നിര്‍ത്താനായി അവര്‍ കോടികള്‍ മാറ്റിവയ്ക്കുന്നുമുണ്ട് ലോകശക്തിയാവാന്‍ കൊതിക്കുന്ന ചൈനയ്ക്കു സ്ഥിരതയുള്ളൊരു നാണ്യ സംവിധാനം അത്യന്താപേക്ഷിതവുമാണ്. മേല്‍ സൂചിപ്പിച്ച ആശങ്കകള്‍ക്കൊന്നും പരിധിയില്‍ കവിഞ്ഞ പ്രാധാന്യം കൊടുക്കേണ്ടതില്ലെങ്കിലും ചൈന സ്വയം ചെന്നു ചാടാന്‍ സാധ്യതയുള്ള അപകടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്നാമതായി ഇപ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളാണ് ചൈന രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലെത്തിക്കുന്നത്. അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തില്‍ ഉത്പ്പാദനവും വിലയും കുറയ്ക്കാനായുള്ള സമ്മര്‍ദ്ധം ഏപ്പോള്‍ വേണമെങ്കിലും ചൈനയ്ക്ക് വിപണികളില്‍ നിന്നും നേരിടേണ്ടി വരാം. അങ്ങനെ വരുമ്പോള്‍ വിപണികളെ പ്രീണിപ്പിക്കാനും കയറ്റുമതി കുറയാതിരിക്കാനുമായി കറന്‍സിയുടെ വിനിമയ മൂല്യം വീണ്ടും കുറയ്ക്കുകയെന്ന എളുപ്പവഴിയായിരിക്കും ചൈന തത്ക്കാലത്തേക്ക് പയറ്റുന്നത്. അങ്ങനെ ചെയ്താല്‍ അത് കാര്യങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കുകയേ ഉള്ളു.

എന്നാല്‍ ചൈനീസ് നാണ്യത്തിനുണ്ടായിരിക്കുന്ന ഇടിവ് വൈകാതെ ആഗോള തലത്തില്‍ പ്രതിഫലിക്കുമെന്നു പറയുന്ന വാദത്തിലൊന്നും കഴമ്പില്ല. മുമ്പ് 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഡോളറിന്റെ വില വല്ലാതെ ഇടിഞ്ഞപ്പോഴോ ഈയടുത്ത കാലത്ത് ജപ്പാന്റെ കറന്‍സിയായ യെന്നിന് ഇടിവു തട്ടിയപ്പോഴോ ആഗോളതലത്തില്‍ വലിയ പ്രതിഫലനമൊന്നുമുണ്ടായില്ല. അതുകൊണ്ടു തന്നെ ചൈനീസ് യുവാന്റെ കാര്യത്തില്‍ മറ്റു രാജ്യങ്ങള്‍ അത്രയ്ക്ക് ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല.

ചൈന അവരുടെ കറന്‍സി വച്ച് എന്തൊക്കെ ചെയ്യണമായിരുന്നു, എന്തെല്ലാം ചെയ്യരുതായിരുന്നു എന്നൊക്കെ തര്‍ക്കിക്കുന്നതിനു മുമ്പ് മറ്റു രാജ്യങ്ങള്‍ പുതിയ സാഹചര്യത്തില്‍ സ്വന്തം സാമ്പത്തിക നില ഭദ്രമാക്കി നിര്‍ത്താനുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാണ് നോക്കേണ്ടത്. 2008നു ശേഷം പല ഏഷ്യന്‍ രാജ്യങ്ങളിലും വന്‍ തോതില്‍ ചൈന നിക്ഷേപം നടന്നിട്ടുണ്ട്. അതിന്റേതായ വളര്‍ച്ചയവര്‍ക്ക് നേടാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചൈനയിലെ മാന്ദ്യം പ്രകടമാണല്ലോ? ഈയൊരു സാഹചര്യത്തില്‍ ആ നിക്ഷേപകരെല്ലാം പുതിയ നയ പരിപാടികള്‍ക്ക് രൂപം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് സാമ്പത്തിക വിദഗ്ദര്‍ പരിചയപ്പെടുത്തിയ ''ന്യൂ നോര്‍മല്‍'' പദ്ധതികളുമായി മുന്നോട്ടു പോകുന്നതാവും ഇപ്പോള്‍ ഉചിതം (അസാധാരമായ സാമ്പത്തിക മാന്ദ്യ കാലഘട്ടത്തെ സാധാരണ സാഹചര്യമായി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ സഹായിക്കുന്ന പദ്ധതികളാണ് ന്യൂ നോര്‍മല്‍ പോളിസിയില്‍ പറയുന്നത്)

വിപണിയെ വീക്ഷിക്കുന്നവര്‍ ചൈനീസ് നാണയത്തെ ഒഴിച്ചു കൂടാനാവാത്ത ഒന്നായി കരുതുന്നുവെങ്കില്‍ അതിന് സ്ഥിരത കൈവരിക്കാന്‍ കുറച്ച് സമയം അനുവദിച്ചാല്‍ മാത്രം മതിയാവും. ലോകം ഇതോടെ അവസാനിക്കുകയൊന്നുമില്ലെന്നേ.


Next Story

Related Stories