TopTop
Begin typing your search above and press return to search.

അതേ, ഫാസിസ്റ്റ് ഗീര്‍വാണക്കാര്‍ പനപോലെ വളരുകയാണ്

അതേ, ഫാസിസ്റ്റ് ഗീര്‍വാണക്കാര്‍ പനപോലെ വളരുകയാണ്

ആസ്ട്രിയയില്‍ കഴിഞ്ഞ മാസം പകുതിയിലേറെ ജനങ്ങളും വോട്ട് ചെയ്തത് മുന്‍ നാസികളുടെ കക്ഷിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിക്കാണ്. ഇന്ത്യയില്‍ അസമിലും ബി ജെ പി ആദ്യമായി അധികാരത്തിലെത്തിയത് കുടിയേറ്റവിരുദ്ധ പ്രചാരണത്തിന്റെ തട്ടില്‍ നിന്നാണ്. ഭയത്തിന്റെ രാഷ്ട്രീയമാണവിടെ വിജയിച്ചത്.

കഴിഞ്ഞയാഴ്ച്ച ഡല്‍ഹിയിലെ ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ 2002-ലെ ഗുജറാത്ത് കലാപത്തില്‍ മുസ്ലീങ്ങളുടെ കൂട്ടക്കൊലയില്‍ ബി ജെ പിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്ന തെളിവുകളുമായി വന്നു. പക്ഷേ അത്തരം ധാര്‍മ്മികച്യുതികള്‍ തെരഞ്ഞെടുപ്പ് ബാധ്യതയാകുന്ന കാലത്തിലല്ല നാം ജീവിക്കുന്നത്. കഴിഞ്ഞ മാസം ഫിലിപ്പൈന്‍സ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട റോദ്രീഗോ ദുത്രേറ്റിനെ കൊലപാത സംഘങ്ങള്‍ക്കുള്ള പരസ്യമായ പിന്തുണ സഹായിച്ചിരിക്കാം. എന്തിന്, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യത്തില്‍ പോലും ഒരു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി പരസ്യമായി പീഡനത്തെ ന്യായീകരിക്കുന്നു.

ഒരുകാലത്ത് വിദേശത്തു സ്വാതന്ത്ര്യവും ജനാധിപത്യവും ബലപ്രയോഗത്തിലൂടെ വ്യാപിപ്പിക്കണമെന്ന പക്ഷക്കാരനായിരുന്ന നവ-യാഥാസ്ഥിതിക എഴുത്തുകാരനായ റോബര്‍ കാഗന്‍, ഇപ്പോള്‍ നാട്ടില്‍ ഫാസിസം വരുന്നു എന്ന് മുന്നറിയിപ്പ് നല്കുന്നു. ഇരുപതാം നൂറ്റാണ്ടില്‍ പൊട്ടിത്തെറിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഇനി ഒരിക്കലുമില്ല എന്ന നമ്മുടെ എല്ലാ നിര്‍ണയങ്ങളെയും ദശലക്ഷക്കണക്കിന് സമ്മതിദായകര്‍ കോപത്തോടെ വെല്ലുവിളിക്കുന്നു.

അവരെയും അവരുടെ നായകന്മാരെയും തളിപ്പറയാനുള്ള ചോദന തീവ്രമാണ്. ഈ കാപട്യക്കാര്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഉന്മാദരാഷ്ട്രീയത്തില്‍ നിന്നും ഒന്നും പഠിച്ചില്ലെ? എല്ലാത്തിനും പുറമെ, റോമിലെ മുസോളിനിയുടെ പ്രകടനവും, ന്യൂറംബര്‍ഗിലെ ഹിറ്റ്ലറുടെ ഭീതിദമായ ജാഥകളും, മാവോയുടെ സാംസ്കാരിക വിപ്ലവവും പോലുള്ളവയുടെ ദുരന്തസമാനമായ ചരിത്രത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന പുസ്തകമോ ചലച്ചിത്രമോ പുറത്തിറങ്ങാത്ത ഒരു മാസം പോലുമില്ല.പക്ഷേ ഫാസിസത്തിന്റെ ആഗോള മുന്നേറ്റം മറ്റ് ചില കടുത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്: ഫാസിസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? മറ്റ് രാജ്യങ്ങളില്‍, മറ്റ് ജനതകള്‍ക്ക് സംഭവിച്ചതാണ് ഫാസിസം എന്ന് കരുതിയ പടിഞ്ഞാറന്‍ ജനാധിപത്യവാദികള്‍, ചരിത്രത്തില്‍ നിന്നും എന്തെങ്കിലും ആഴത്തിലുള്ള പാഠം പഠിച്ചിട്ടുണ്ടോ?

മാവോ ഒരു ക്രൂരനായ ഏകാധിപതിയായിരുന്നു എന്ന് അവര്‍ പെട്ടന്ന് തീര്‍പ്പാക്കും. പക്ഷേ പഴയ അധികാര രൂപങ്ങള്‍ക്കെതിരെ ഹിംസാത്മകമായ വിദ്വേഷത്തിന്റെ ആഘോഷമായ സാംസ്കാരിക വിപ്ലവത്തെ ആദ്യഘട്ടത്തിലെങ്കിലും ചൈനീസ് യുവാക്കള്‍ ആവേശത്തോടെ സ്വാഗതം ചെയ്തത് എന്തുകൊണ്ടാണെന്ന് അവര്‍ക്ക് വിശദീകരിക്കാമോ?

ശീതയുദ്ധക്കാലത്ത് പല ഉദാരവാദികളും നവ-യാഥാസ്ഥിതികരും തങ്ങളുടെ തീവ്രനിലപാടുകാരായ എതിരാളികളെക്കുറിച്ചുള്ള ലളിതമായ ധാരണകളാണ് സ്വയം നല്കിയിരുന്നത്. ആ സാമ്രാജ്യത്തകര്‍ച്ചയോടെ ഈ സ്വയം-പ്രതിച്ഛായക്ക് വലിയ ഉത്തേജനം കിട്ടി. ചരിത്രം അവസാനിച്ചില്ല എന്നുമാത്രമല്ല ചില ഭീഷണമായ അത്ഭുതങ്ങള്‍ തൊട്ടുപിറകെ നിവര്‍ത്തിയിടുകയും ചെയ്തു. പക്ഷേ ജനകീയന്‍ എന്നുതന്നെ പറയാമായിരുന്ന സെര്‍ബ് നേതാവ് സ്ലോബോദന്‍ മിലോസേവിക് യോറോപ്പിന്റെ ഹൃദയഭാഗത്ത് നടത്തിയ വംശഹത്യക്ക് പോലും ഈ വിദ്വേഷ രാഷ്ട്രീയം മറ്റെവിടെയോ നടക്കുന്നതാണെന്ന തോന്നലിനെ മാറ്റാനായില്ല.

9/11 ആക്രമണത്തിന് ശേഷം പ്രചരിച്ച ഇസ്ലാമോ-ഫാസിസം എന്ന വാക്കാകട്ടെ, ഫാസിസം എന്നാല്‍ ഒരു ആധുനിക ആള്‍ക്കൂട്ട പ്രതിഭാസം എന്നതിലേറെ അഫ്ഗാനിസ്ഥാനിലെ ഗുഹകളില്‍ കഴിയുന്ന കുറെ മതഭ്രാന്തരുടെ മാത്രം പ്രത്യയശാസ്ത്രമാക്കി വ്യാഖ്യാനിക്കാന്‍ ഇടയാക്കി. ഫാസിസത്തെ ചില ദുഷ്ടശക്തികളുമായി കൂട്ടിക്കെട്ടി, അതിന്റെ അനുയായികളെ വഴിതെറ്റിയ ഇരകളാക്കി കണക്കാക്കിയതിലൂടെ പല രാജ്യങ്ങളിലും ജനാധിപത്യ സ്ഥാപനങ്ങളെ ഒരുകാലത്ത് കീഴടക്കിയ ആള്‍ക്കൂട്ട രാഷ്ട്രീയത്തിന് ഇനിയും അങ്ങനെ ചെയ്യാനാകും എന്നത് തിരിച്ചറിയുന്നതില്‍ നിന്നും നാം പിന്നേയും അകലുകയായിരുന്നു.

ഈ ഗീര്‍വാണം മുഴക്കികള്‍ അധികാരത്തിലേറുന്നത് ഭരിക്കുന്നവരും ഭരണീയരും തമ്മിലുള്ള ഒരു തരം പുതിയ സമഗ്രാധിപത്യ ബന്ധം വാഗ്ദാനം ചെയ്തിട്ടല്ല എന്ന് നാം മനസിലാക്കാതെ പോയി. സത്യസന്ധമായ, സമര്‍പ്പണബോധമുള്ള നേതൃത്വത്തിനായുള്ള, ജനങ്ങളെ രാഷ്ട്രീയത്തില്‍ ഉള്‍പ്പെടുത്താനുള്ള ഊര്‍ജിതമായ മാര്‍ഗങ്ങള്‍ക്ക് വേണ്ടിയുള്ള വ്യാപകമായ ആഗ്രഹത്തെ കൌശലപൂര്‍വം ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് നാസി, ഇറ്റലി, സോവിയറ്റ് ഭരണകൂടങ്ങള്‍ തങ്ങള്‍ എന്തോ അസാധാരണമായ നേട്ടത്തിന്റെ വക്കത്താണെന്ന് സാധാരണക്കാരായ ഭൂരിപക്ഷത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.ജനക്കൂട്ടത്തിന്റെ ഈ ആവേശത്തോടെയുള്ള പങ്കാളിത്തം അവരുടെ നേതാക്കളെ മറ്റ് ഭരണവര്‍ഗങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ വക്താക്കളായി തോന്നിപ്പിച്ചു. അവസാനം നമുക്കറിയാവുന്നതുപോലെ എല്ലാം ഒരുമിച്ചു ചെയ്യാന്‍ ശ്രമിച്ച്, ആ പ്രക്രിയയില്‍ നിരവധി ദുരന്തങ്ങളെ അഴിച്ചുവിട്ടു.

പക്ഷേ ഏറെക്കാലത്തോളം മുഖ്യധാര രാഷ്ട്രീയക്കാര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാതിരുന്ന അസംതൃപ്തിയെ ഉപയോഗിക്കാന്‍ ഈ ഗീര്‍വണക്കാര്‍ക്ക് കഴിഞ്ഞു. അമാനുഷികമായ പ്രകടനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട്, പൌരന്മാരെ ഈ ലോകത്തുനിന്നും അന്യവത്കരിക്കുകയും ദുര്‍ബലരാക്കുകയും ചെയ്തതിന്റെ ആഴം മനസിലാക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയ,സാമ്പത്തിക സംവിധാനങ്ങള്‍ക്കുനേരെ അവര്‍ അവജ്ഞ ചൊരിഞ്ഞു.

“മനുഷ്യന്റെ സര്‍വാധീശത്വത്തില്‍ വിശ്വസിക്കുന്നവരും (ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കാന്‍ അറിഞ്ഞാല്‍ എന്തും സാധ്യമാണ് എന്നു കരുതുന്നവര്‍) അധികാരരാഹിത്യം തങ്ങളുടെ ജീവിതത്തിന്റെ പ്രധാന അനുഭവമായി മാറിയവരും എന്ന നിലക്ക് മനുഷ്യരാശി വിഭജിച്ച പോലെയായിരുന്നു,” എന്നാണ് The Origins of Totalitarianism എന്ന പുസ്തകത്തില്‍ Hanna Arendt എഴുതിയത്. ഇന്നിപ്പോള്‍ ലോകത്തിന്റെ പലയിടത്തും നിരവധി പേര്‍ ഈ ശേഷിയില്ലായ്മയുടെ, ശക്തിക്കുറവിന്റെ ബോധത്തില്‍ ഉഴലുമ്പോള്‍ അവര്‍ ഈ ഗീര്‍വാണ രാഷ്ട്രീയത്തിലേക്കാണ് പോകുന്നത്.

ഉദാര മുതലാളിത്തം ഫാസിസത്തെയും സമഗ്രാധിപത്യത്തെയും കുഴിച്ചുമൂടി എന്നത് അബദ്ധധാരണയാണെന്ന് യാഥാസ്ഥിതിക അമേരിക്കന്‍ എഴുത്തുകാരന്‍ അലന്‍ ബ്ലൂം 1990-കളില്‍ കൃത്യമായി മുന്നറിയിപ്പ് നല്കിയിരുന്നു. “ഒരു ബദല്‍ തേടിയാല്‍,” ബ്ലൂം എഴുതി, “എവിടേയും അത് കിട്ടാനില്ല. ഞാന്‍ പറയുന്നതു ഫാസിസത്തിന് ഒരു ഭാവിയുണ്ടെന്നാണ്, അതല്ല ഭാവിയെന്നാല്‍പ്പോലും.”

ലോകത്തിന്റെ നിരവധി പ്രദേശങ്ങളില്‍ ഈ ഭാവി എത്തിക്കഴിഞ്ഞു. ജനാധിപത്യ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വയം അഭിനന്ദിക്കാതെ ഫാസിസത്തെ അപഗ്രഥിക്കുക എന്നതാണൊരു വഴി. യഥാര്‍ത്ഥത്തില്‍, നിലനില്‍ക്കുന്ന ജനാധിപത്യത്തിനോട് ദീര്‍ഘകാലമായുള്ള അസംതൃപ്തികള്‍ അതിനെ എങ്ങനെ വളംവെച്ചുകൊടുക്കുന്നു എന്നും പ്രത്യേക ശ്രദ്ധയോടെ പരിശോധിക്കേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories