TopTop
Begin typing your search above and press return to search.

മഴക്കാടുകള്‍ കടന്ന് ഉന്മാദങ്ങളുടെ തീരത്തേക്ക്- അമല്‍ ലാല്‍ എഴുതുന്ന ബൈക്ക് യാത്രാനുഭവം

മഴക്കാടുകള്‍ കടന്ന് ഉന്മാദങ്ങളുടെ തീരത്തേക്ക്- അമല്‍ ലാല്‍ എഴുതുന്ന ബൈക്ക് യാത്രാനുഭവം

അമല്‍ ലാല്‍

ഇത് ഞങ്ങളുടെ ബൈക്ക് യാത്രയെ പറ്റിയൊരെഴുത്താണ്! സന്തോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും നെറുകയില്‍ വാക്കുകള്‍ മുട്ടുന്നെങ്കിലും വിക്കി വിക്കിയെങ്കിലും ചിലത് പറഞ്ഞു വയ്ക്കാനൊരു ശ്രമം!

ഈ കുറിപ്പിലത്രയും എഴുതിയിരിക്കുന്നത് മഴക്കാടുകളില്‍ വച്ചാണ്. ആദ്യ ഖണ്ഡിക മുഴുവന്‍ ചാറ്റല്‍ മഴ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. ഈ എഴുത്താകെ മഴ നനവില്‍ തണുത്തു വിറച്ചിരിക്കുന്നു.... 1500 കിലോമീറ്ററോളം മഴ നനഞ്ഞു ബൈക്കില്‍ പോയ അക്ഷരങ്ങള്‍ എങ്ങിനെ വിറക്കാതെ ഇരിക്കാനാണ്!

പത്ത് മണിക്കൂര്‍ മഴ നനഞ്ഞ ചില അക്ഷരങ്ങള്‍ ആവികൊള്ളുന്നതായും കാണാം. ഈ പേജിനെ മുഴുവന്‍ മൂടി നില്‍ക്കുന്നുണ്ട് മഴക്കാറും ഈര്‍പ്പവും. ഈ കുറിപ്പിന്‍റെ മാര്‍ജിനില്‍ തട്ടി നില്‍ക്കുന്ന വെള്ളത്തുള്ളികള്‍ നാളത്തെ വെയിലില്‍ തിളങ്ങുമായിരിക്കാം.

ഗോ ഗോവയെന്നു മനസ്സ് പറഞ്ഞത് കേട്ട് ദില്‍ ചാത്താ ഹെ മൂളിപ്പാടി നാല് പേര്‍ ബൈക്കെടുക്കുമ്പോള്‍ കേരളം കാലവര്‍ഷത്തെ വെയിലില്‍ പൊള്ളുകയും, പൊള്ളുന്ന വെയിലില്‍ വിയര്‍ത്തൊഴുകുകയും ആയിരുന്നു! എന്തിനു വേണ്ടി, ആര്‍ക്ക് വേണ്ടി പെയ്യുന്നു എന്ന അസ്ഥിത്വ പ്രതിസന്ധിയില്‍ മഴ പെയ്യാതെ നിന്നൊരു കാലവര്‍ഷം. തുളുമ്പുകയോ തൂളുകയോ ചെയ്യാതെ പ്രതിഷേധമറിയിച്ച മഴ! പഠിപ്പ് മുടക്കി സമരം ചെയ്യുന്നത് സംഘടനാ വിരുദ്ധമാണെന്ന് അറിയാത്ത പാവം മഴ....

നികത്തിയ പാടവും കത്തിയെരിഞ്ഞ വയനാടന്‍ കാടുകളും പശ്ചിമഘട്ടത്തിലെ ക്വാറികളും പെയ്യാത്ത മഴയോട് ഐക്യദാര്‍ഡ്യപ്പെട്ടു.

ഇങ്ങനെയുള്ള ഒരു കാലത്താണ്, മഴ നനയാന്‍ കൊതിയുള്ളവര്‍ മഴക്കാടുകള്‍ വഴി ഒരു ഗോവയാത്രയെ സ്വപ്നം കണ്ടത്.... മഴക്കാടുകള്‍ വഴി അങ്ങനെ ബൈക്കും എടുത്തൊരു യാത്ര! ഓരോ വളവിലും തിരിവിലും കാത്ത് വച്ചതിനെ മുഴുവന്‍ അടുത്തറിഞ്ഞങ്ങനെ....!!

ഗൂഗിള്‍ മുത്തപ്പനോട്‌ വഴി തിരക്കിയപ്പോള്‍ നേര്‍ വഴിയില്‍ പോയാല്‍ ഗോവയിലേക്ക് 660 കിലോമീറ്റര്‍ എന്ന് പറഞ്ഞു...നേര്‍ വഴി പണ്ടേ താല്പര്യമില്ല! ലക്ഷ്യത്തില്‍ അല്ല കാര്യം വഴികളിലാണ്....കുറച്ച് വളഞ്ഞു തിരിഞ്ഞു പോയാലും ഇത്തിരി നേരം വൈകിയാലും വഴികള്‍ കാത്തു വച്ചതെല്ലാം അറിഞ്ഞു പതുക്കെ എത്തിയാ മതി.

അങ്ങനെ മടികേരിയും ആഗുമ്പേയും ജോഗ് ഫാള്‍സും കടന്നു ഗോവയിലേക്ക്! മഴക്കാടുകള്‍ കടന്നു ഉന്മാദങ്ങളുടെ ബീച്ചിലേക്ക്...

എടപ്പാള്‍ നിന്നാണ് യാത്ര തുടങ്ങുന്നത്! ജൂലൈ 6 എന്ന് കലണ്ടര്‍ ഓര്‍മ്മിപ്പിച്ച ദിവസം യാത്ര തുടങ്ങി. ഒരു ദിവസം കണ്ണൂരില്‍ കിടന്നുറങ്ങി.ഒന്നാം ദിവസം
പിറ്റേ ദിവസം കണ്ണൂരിന്‍റെ എല്ലാ ഊര്‍ജവും മനസ്സില്‍ കൂട്ടി, തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്ക് ഞങ്ങള്‍ 2 ബൈക്കും നാല് പേരും യാത്ര തുടര്‍ന്നു!

കണ്ണൂരില്‍ നിന്നും ഇരിട്ടി വഴി മടികേരിയിലേക്ക്. ഇരിട്ടി വിട്ടത് മുതല്‍ പിന്നെ കാടും മലയും കുന്നും പച്ചപ്പും ഇരുട്ടും! പച്ചക്കടലിന്‍റെ ആദ്യ തിരകളില്‍ കാല് നനച്ചു. പച്ചക്കടലിന്‍റെ തണുപ്പില്‍ വണ്ടികള്‍ ചെറുതായി തണുത്തു വിറച്ചു. ഒരു ബുള്ളറ്റും ഒരു ഹങ്കും !

പശ്ചിമഘട്ടം തുടങ്ങിയപ്പോ തന്നെ മഴ സ്നേഹത്തോടെ ഒന്ന് തൂളി. കോട്ടോന്നും ഇടാതെ തന്നെ സ്വയം നനഞ്ഞു ആദ്യ മഴയെ സ്വീകരിച്ചു. അതില്‍ നനയണം...നനവിനെ അറിയണം....കാറ്റിനെ അറിയണം....ആദ്യ മഴയിലെല്ലാം ഒഴുക്കി കളയണം.

രാവിലെ ഉദിച്ചു വന്ന സൂര്യന്‍ മഴ കണ്ട് മരച്ചില്ലയിലും മേഘക്കൂട്ടത്തിലും ഒളിച്ചിരുന്നു...ഇടക്കെപ്പോഴോ പുറത്തു വന്നു വീണ്ടും മര ചില്ലകള്‍ക്കിടയിലേക്ക് തിരിച്ചു പോയി. രാവിലെ തന്നെ ഞങ്ങള്‍ മടികേരി എത്തി. ഇനി ആഗുമ്പെയിലേക്ക് വച്ച് പിടിക്കണം. രാത്രിയാവുമ്പോഴേക്കും മൂകാംബികയെത്തണം.

മടികേരി മുതല്‍ ആഗുമ്പെ വരെ പിന്നെ മഴയാണ്! മലകള്‍ക്കപ്പുറത്തു നിന്ന് ഓടി വന്നൊരു മഴ! ആദ്യ തുള്ളിയുടെ ചേലോക്കെ അവസാനിച്ചപ്പോ ഞങ്ങള്‍ കോട്ടിനുള്ളില്‍ കയറി. മഴ പിന്നോട്ട് പെയ്തു,കാറ്റ്പിന്നോട്ട് വീശി മരങ്ങള്‍ പിന്നോട്ട്ഓടി! അപ്പോഴും ഞങ്ങള്‍ മുന്നോട്ട് തന്നെ പോയി. മടികേരി മുതല്‍ ആഗുമ്പേ വരെയുള്ള 200ല്‍ പരം കിലോമീറ്റര്‍ മഴ ഞങ്ങളോടൊപ്പം കൂടി. പല വിധത്തില്‍ മഴ വേഷം മാറി യാത്ര ആഘോഷമാക്കി!

പതുക്കെ പതുക്കെ മുഖത്തടിച്ചു ഷവറില്‍ നിന്നും വെള്ളം വീഴുന്ന പോലെ പെയ്തു. അതെല്ലാം മുഖം ഉയര്‍ത്തിപ്പിടിച്ച് തന്നെ ഏറ്റു വാങ്ങി! മുഖത്ത് നിന്നും മഴ വെള്ളം പതുക്കെ പതുക്കെ ഒലിച്ചിറങ്ങി! കാട്ടിലെ കാറ്റില്‍ മുഖം തണുത്തു!
ഇടക്ക് ചരല് വാരിയേറിയും പോലെ മഴ വേദനിപ്പിച്ചു. അപ്പൊ വണ്ടിയുടെ വേഗം അങ്ങ് കുറച്ചു. ചില സമയത്ത് ഒരു തുള്ളി പെരുവെള്ളം വീഴ്ത്തി!

മഴ ക്ലാരയായി! അപ്പൊ തന്നെയാണ് രാധയുടെ മെസ്സേജ് വന്നത്! ഇനിയും ക്ലാരയെ തികട്ടിയിരുന്നാല്‍ വലിച്ചെടുത്തു തൂഫാനക്കും!! രാധയും ക്ലാരയെയും പാട്ടിനു വിട്ട് വണ്ടി മുന്നോട്ട് നീക്കി.

ആഗുമ്പേ
ആഗുമ്പേ ചിറാപുഞ്ചിയാണെന്ന് എവിടെയോ വായിച്ചിരുന്നു. തെക്കേ ഇന്ത്യക്കാരുടെ ചിറാപുഞ്ചി! രാജവെമ്പാലകള്‍ പത്തി വിടര്‍ത്തുന്ന കാടുകള്‍!

മഴനിഴല്‍ക്കാടുകളില്‍ ഫണമുണര്‍ത്തുന്ന പ്രണയ സര്‍പ്പങ്ങള്‍ ഇതുവരെ മഴയായിരുന്നെങ്കില്‍ പിന്നീട് വേറെ എന്തോ ആയിരുന്നു! അതിനെന്തേലും പേരുണ്ടോ എന്ന് തന്നെ അറിയില്ല! ഓരോ മഴതുള്ളിയിലും മഞ്ഞും ഒളിച്ചിരുന്നു. കോടമഞ്ഞു നിറഞ്ഞു നിന്നപ്പോള്‍ മഴയോ മഞ്ഞോ എന്നറിയാതെ മഴമഞ്ഞുത്തുള്ളികള്‍ കൂട്ടക്ഷരങ്ങളായി.

പോയ പോക്കില്‍ ഏറ്റോം കിടിലനായി മനസ്സില്‍ ചിത്രം വരച്ചത് ആഗുമ്പേ തന്നെ. കോടമഞ്ഞു മൂടിയ നീല നിറവും, നിറഞ്ഞു നില്‍ക്കുന്ന പച്ചമരങ്ങളും, ഒട്ടും ധൃതിയില്ലാതെ പതുക്കെ പെയ്ത മഴയും, മഞ്ഞില്‍ തട്ടി തെറിച്ച വെളിച്ചവും കൊണ്ട് മുന്നോട്ട് പോയ ഞങ്ങളുടെ വണ്ടികളും ഓരോ ഹെയര്‍പ്പിന്‍ വളവിലും എടുത്ത് വച്ചത് അത്ഭുതങ്ങള്‍.

ബൈക്ക് യാത്രക്കാരനും നടന്നു മലകയറുന്നവനും അറിയുന്ന ഒരു തണുപ്പുണ്ട്. ഓരോ വളവിലെയും ഓരോ തണുപ്പുകള്‍! തണുപ്പില്‍ കെട്ടിപ്പിടിച്ചു വണ്ടി മുകളിലോട്ട് കയറി. മഴയത്ത് വണ്ടി വച്ച് ചേര്‍ന്ന് നിന്ന് ഒപ്പം ആര്‍ത്തു വിളിച്ചു!

തൂക്കി നടന്ന ക്യാമറയെ നോക്കി മഴ പല്ലിളിച്ചു! കണ്ടതും കൊണ്ടതും മനസ്സില്‍ മാത്രം വച്ചാ മതിയെന്ന് ഒരു താക്കീതും! അതോണ്ട് മഴക്കാഴ്ചകള്‍ മനസ്സില്‍ മാത്രമായി. പക്ഷെ അതിങ്ങനെ മനസ്സില്‍ മായാതെ നില്‍ക്കുകയും ചെയ്യും.

പിന്നെ രാജവെമ്പാല പാര്‍ക്കും കാട്ടുവഴിയിലൂടെ വെള്ളച്ചാട്ടം തേടി ഒരു നടത്തം! ഓരോ അടി വക്കലിലും സൂക്ഷിച്ചു, എന്നാല്‍ കാടറിഞ്ഞു ഇറങ്ങി ഇറങ്ങി നടന്നു, കുത്തിയോഴുകുന്ന പേരറിയാ വെള്ളച്ചാട്ടം കണ്ടു!!

നടന്നു കേറിയ കാട് തിരിച്ചു നടക്കുമ്പോള്‍ ആ തണുപ്പില്‍ ആലോചിച്ചത് ഒരാളെ പറ്റി മാത്രം! ഇഷ്ടപ്പെട്ട സ്ഥലത്തെ ഒരു പിടി മണ്ണു തിരിച്ചു ചെല്ലുമ്പോ കൊടുക്കാം എന്ന് പറഞ്ഞോരാള്‍! എന്താ വേണ്ടേന്നു ചോയ്ച്ചപ്പോ ഒരു കൂട്ടുക്കാരിക്ക് നല്ല മഴ വേണം! ആഗുമ്പേയിലെക്കാള്‍ നല്ല മഴ എവിടെ കിട്ടാന്‍. ഒരു കുപ്പിയെടുത്തു മഴയെ പലകൈയ്യില്‍ പിടിച്ചു കുപ്പിയിലാക്കി എടുത്തു വച്ചു!പിന്നീട് കുപ്പിക്ക് ഓട്ടയായി വെള്ളമെല്ലാം ഒഴുകി പോയെന്നു കഥയുടെ ട്രാജിക്ക് അവസാനം.

അങ്ങനെ കണ്ണും മനസ്സും എല്ലാം നിറച്ച ആഗുമ്പേ കയറ്റങ്ങള്‍ തിരിച്ചറിങ്ങി. തങ്ങാന്‍ ഒരു ഇടം തേടി മൂകാംബികയിലേക്ക് വിട്ടു. ആഗുമ്പേ മുതല്‍ മൂകാംബികവരെയുള്ള 80 കിലോമീറ്ററുകള്‍ കൂടിയും മഴ കൂടെ വന്നു. അപ്പോഴേക്കും മഴ ഒരു ശീലമാവുകയും യാത്രയുടെ സ്വാഭാവികതയില്‍ ഒരു സഹയാത്രികന്‍ ആവുകയും ചെയ്തിരുന്നു.

മൂകാംബിക കൈരളി റെസിഡന്‍സിയില്‍ വച്ച് മഴയെ പുറത്തുവച്ച് ഉറങ്ങാന്‍ കിടന്നു! നാട്ടിലെ ചില വിളികള്‍ക്ക് കാതോര്‍ത്തു മൊബൈല്‍ ഓണ്‍ ആക്കി വച്ച് ചില സംസാരങ്ങള്‍ക്ക് ശേഷം കണ്ണങ്ങനെ അടഞ്ഞുപോയി.. ഇടക്കെപ്പോഴോ തണുത്തു വിറച്ചതും ബെഡ്ഷീറ്റ് കൊണ്ട് പുതച്ചതും ഓര്‍മ്മയുണ്ട്..രണ്ടാം ദിവസം
രാവിലെ 6 30 നു അടുത്ത യാത്ര! ബുള്ളറ്റും കാളക്കൂറ്റനും റെഡി! മഴ വരാന്‍ ഇത്തിരി വൈകി.. 8 മണി വരെ മഴ വന്നതേയില്ല. പക്ഷെ കൃത്യം 8 മണിആയപ്പോള്‍ ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയില്‍ മഴ കൂടെ കൂടി.

ജി പി എസു കാണിച്ചു തന്ന വഴികള്‍ എല്ലാം ഒരു വല്ലാത്ത വഴിയായിരുന്നു. വേറെ ഒരു വണ്ടിയും കൂടെ ഇല്ലാത്ത വഴി. കുന്നുംപുറം. വിദേശത്തൊക്കെ കാണുന്ന കണ്ട്രി സൈഡ് എന്ന് തോന്നിക്കുന്ന വഴികള്‍. 90 കിലോമീറ്റര്‍ നീണ്ട ജോഗ് ഫാള്‍സ് യാത്രയില്‍ കണ്ടതെല്ലാം പുതിയ തരം വഴികള്‍. പുതിയ മഴകള്‍! പുതിയ നനവുകള്‍!!

ജോഗ് വെള്ളച്ചാട്ടം!

കൊറേ കൊറേ ഉയരത്തില്‍ നിന്ന് നാലായും അഞ്ചായും അരുവി പോലെ താഴേക്കു ചാടുന്ന വെള്ളച്ചാട്ടത്തിനു ശക്തിപോരെന്നു തോന്നിയെങ്കിലും ഭംഗിയ്ക്കൊട്ടും കുറവില്ല!

സര്‍ക്കാര്‍ പണിത കെട്ടിടങ്ങളും പടവുകളും കോണ്‍ക്രീറ്റ് സാമഗ്രികളും ഭംഗികുറയ്ക്കാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ടെങ്കിലും പെട്ടെന്ന് തലകുനിക്കാന്‍ തയ്യാറല്ലാതെ തല ഉയര്‍ത്തി തന്നെ നിന്ന ജോഗ് വെള്ളച്ചാട്ടം!

വെള്ളച്ചാട്ട കാഴ്ച്ചയില്‍ നിന്നും പിന്നെ നേരെ ഗോവയിലേക്കായിരുന്നു യാത്ര!!
235 കിലോമീറ്റര്‍ താണ്ടി ജോഗ് വെള്ളച്ചാട്ടത്തില്‍ നിന്നും ഗോവയിലേക്ക്.

വീണ്ടും പശ്ചിമഘട്ടം. മല. മരം. മഴ നിറഞ്ഞ മനസ്സ്.ഗോവ
ഗോവന്‍ അതിര്‍ത്തി താണ്ടിയപ്പോഴും വീണ്ടും ചുറ്റും പച്ചമരങ്ങള്‍... നിറച്ചും പച്ചപ്പ്‌! അല്ല ഞങ്ങളുടെ മനസ്സിലുള്ള ഗോവ ഇങ്ങനെയല്ല! ഗോവ- ബീച്ചും പോര്‍ച്ചുഗീസ് തിരുശേഷിപ്പുകള്‍ മാത്രമുള്ള ഒരിടം!

പക്ഷെ ഗോവ അത് മാത്രമല്ല! ഗോവ പച്ചപ്പിന്‍റെ നാടുകൂടിയാണ്. തെക്കേഗോവയില്‍ നിറയെ മരങ്ങള്‍. വടക്കേ ഗോവ കുറച്ചു കൂടി പട്ടണം ആണ്. വിദേശ പട്ടണങ്ങളോടൊക്കെ ചേര്‍ന്ന് പോകാവുന്ന ഒരു നഗരം!

വന്യ മൃഗങ്ങള്‍ ഉള്ള കാടും തിമര്‍ത്തു പെയ്ത മഴയും കാറ്റും ഒന്നും നമ്മുടെ അസ്വസ്ഥതായില്ലെങ്കിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നിര നിരയായി വണ്ടികള്‍ ഓടുന്ന കോണ്‍ക്രീറ്റ്കാടുകള്‍ ഉള്ള ഗോവന്‍ പട്ടണ വഴികള്‍ ശരിയ്ക്കും പേടിപ്പിക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു! മനുഷ്യന് ഏറ്റോം പേടി മനുഷ്യനെ തന്നെയാണ്...!

രാത്രിയായി ഗോവ എത്തുമ്പോള്‍! ഹോട്ടലില്‍ മുറിയെടുത്ത് ഒരു ഒറ്റ ഉറക്കം വച്ച് കൊടുത്തു!

രാവിലെ ഗോവ മഴ കൊണ്ട് മൂടി...മഴയോട് മഴ...

പച്ച വിരിച്ച് നിക്കുന്ന ഗോവയില്‍...ഹൈവേക്കരികില്‍ തെങ്ങുകള്‍ നിരന്നു നില്‍ക്കുന്ന ഗോവയില്‍ മഴ തിമര്‍ത്തു പെയ്തു! വെറുതെ അല്ല നമ്മുടെ നാട്ടില്‍ മഴ പെയ്യാതെ എല്ലാ മഴയും മരങ്ങള്‍ നിറഞ്ഞു നില്‍കുന്ന ഗോവയിലും ആഗുമ്പേയിലും പെയ്യുകയല്ലേ …

ഗോവയിന്നും ആ കൊളോണിയല്‍ സംസ്കാരത്തിന്‍റെ തിരുശേഷിപ്പുകളില്‍ തന്നെയാണ്! വേഷത്തിലും നടപ്പിലും ആ പാശ്ചാത്യ സ്വാതന്ത്ര്യ ബോധവും പുത്തന്‍ രീതികളും കാണാമെങ്കിലും... എവിടെയോ കുടുങ്ങി കിടക്കുന്ന യാഥാസ്ഥിതിക ബോധവും ചോരയില്‍ അവശേഷിക്കുന്ന പശ്ചാത്യ സംസകാരവും തമ്മിലുള്ള ഒരു അവിയല്‍ പരുവവും ഉള്ളില്‍ തന്നെയുള്ള ഒരു സ്വത്വ പ്രതിസന്ധിയും ഒക്കെ പലമുഖങ്ങളിലും നിഴലിച്ചു!

അഞ്ചു മിനുറ്റ് കൊണ്ട് നില്‍ക്കുന്ന മഴയാണെന്നു കൂടെവന്ന എല്‍ദോ മാഷ്‌ പറഞ്ഞപ്പോള്‍ മഴയ്ക്ക് അതിഷ്ടപ്പെട്ടില്ല! പിന്നെ പെയ്തത് അഞ്ചിലും കൂടുതല്‍ മണിക്കൂറുകള്‍. ചപ്പോറ കോട്ടയില്‍ ദില്‍ ചാത്താ ഹെ പാടി നടന്നു; മഴ കൊണ്ടു!

ചപ്പോറ കോട്ടയിലും മാണ്ട്രേം ബീച്ചിലും പോയെങ്കിലും ആളൊഴിഞ്ഞ ബീച്ചില്‍ മഴ തന്നെ ഷോ കട്ടെടുത്തു!

പിന്നെ അധികം അവടെ നില്‍ക്കാതെ തിരിച്ചു വണ്ടി എടുത്തു! കാരണം കണ്ണും മനസ്സും എപ്പോഴേ നിറഞ്ഞിരുന്നു!! പിന്നെ നാട്ടില്‍ കാത്തിരിപ്പുണ്ട്‌ ചിലര്‍. മഴ കാത്ത് . . . കൊണ്ട് വരാന്‍ വച്ച മണ്ണും കാത്ത്! സ്നേഹവും കാത്ത്. വിശ്വാസവും സ്വാതന്ത്ര്യവും തന്നു വീട്ടില്‍ അച്ഛനും അമ്മയും കാത്തിരിപ്പുണ്ട്‌.

മൂന്നു ദിവസങ്ങള്‍ എടുത്തൊരു 900 കിലോമീറ്റര്‍ കടന്ന യാത്രയായിരുന്നു ഗോവക്ക് എങ്കില് ഒരു രാത്രി കൊണ്ട് 600 കിലോമീറ്റര്‍ താണ്ടി നാട്ടില്‍ എത്തി!കടല്‍ കരയിലെ റോഡ്‌ വഴികള്‍, കാടു വഴികള്‍, നാടു വഴികള്‍, നഗര വഴികള്‍ എല്ലാം താണ്ടി കൂടെ വന്ന മഴയും തിരിച്ചു വിളിച്ചു ഉറങ്ങാതെ ഒരു യാത്ര!

അപ്പോഴേക്കും മഴയെ ശപിക്കാനും വെറുക്കാനും ഒക്കെ തുടങ്ങിയിരിക്കുന്നു. മഴ ആഗുമ്പേയില്‍ ഞങ്ങള്‍ക്കായി ഒരുക്കി വച്ചതെല്ലാം മറവിക്ക് കൊടുത്തു നീചമായി ഞങ്ങള്‍ മഴയെ ചീത്ത വിളിച്ചു!കണ്ണൂര്‍ വന്ന്‍ റൂമില്‍ മഴ ഓര്‍മ്മകള്‍ എല്ലാം വെള്ളത്തില്‍ മുങ്ങി പിഴിഞ്ഞെടുത്ത് തോരാന്‍ ഇടുമ്പോഴും മഴയാത്ര ഓര്‍മ്മയില്‍ മനസ്സ് കുളിരുന്നുണ്ടായിരുന്നു!

പശ്ചിമഘട്ടത്തെ പണയം വയ്ക്കാന്‍ ഓശാന പാടുന്ന പള്ളിക്കാരോടും, പാറ പൊട്ടിക്കാന്‍ ദാസ് ക്യാപിറ്റല്‍ തിരയുന്ന പാര്‍ട്ടിക്കാരോടും ഒരുപാട് ദേഷ്യം തോന്നിയൊരു യാത്ര കൂടിയായിരുന്നു ഇത്! ഈ പശ്ചിമഘട്ടത്തില്‍ കൂടി ഒരു മഴയാത്ര! മഴക്കാടുകള്‍ വഴിയൊരു ഗോവയാത്ര തന്നെ മതിയാവും എല്ലാം മറന്നു നമ്മളെ പ്രകൃതി സ്നേഹിയാക്കാന്‍.

ഗോവ ഇനിയും പോണം! പ്രണയവും ബീച്ചും ഉന്മാദങ്ങളും കാണാന്‍ ഒരിക്കല്‍ കൂടി ഗോവ വിളിക്കുന്നുണ്ട്.

ഗോവയിലെ ഏതോ രാജാവ് പറഞ്ഞിരിക്കുന്നത് ഇനി നിക്കറും ബിക്കിനിയും ഒന്നും ഇട്ട് നടക്കരുത് എന്നാണ്!!ഉഗ്രനായ കല്‍പ്പന! ആ കല്‍പ്പനയ്ക്ക് മുന്നേ അവിടെ ആഘോഷമാക്കാന്‍ പോണം! സ്വാതന്ത്ര്യം ഫാഷിസ്റ്റുകളെ ബുദ്ധിമുട്ടിക്കുന്നുണ്ടാവും.പ്രണയം അവരെ നിരാശരാക്കുമായിരിക്കും! അതേ, അടുത്ത ഗോവന്‍ യാത്ര ഞങ്ങളുടെ പ്രണയത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ആഘോഷമാവേണ്ടതുണ്ട്.

ആ അതൊക്കെ പോട്ടെ.

എന്തായാലും മലകള്‍ക്കപ്പുറത്ത് നിന്ന് ഞങ്ങള്‍ മഴയെ ഇങ്ങു കൊണ്ടുവന്നിരിക്കുന്നു! ഇപ്പൊ ഇവടെ കേരളത്തിലും മഴ പെയ്യുന്നുണ്ട് നല്ല തണുത്ത കാറ്റും വീശി മഴ പെയ്യുന്നുണ്ട്!

ഈ യാത്ര ഒരു ബക്കറ്റ് ലിസ്റ്റ് ആയിരുന്നു! ച്ചാല്‍ ബക്കറ്റ് നിറച്ച് വച്ചിരുന്ന ആഗ്രഹങ്ങളില്‍ ചിലത്! അതിലൊന്ന് ഇതോടെ തീരുന്നു. ഈ ബക്കറ്റ് തട്ടി മറിച്ചു പോണേന്‍റെ മുന്നേ ചെയ്തു തീര്‍ക്കാന്‍ ഇനിയുമെന്തൊക്കെയോ കാര്യങ്ങള്‍ ആഗ്രഹങ്ങള്‍.

ഓരോ യാത്രയും ഓരോരോ ജീവിതങ്ങള്‍..ഓരോ നിമിഷവും ഓരോ ജീവിതം... ഓരോ തിരിവും പുതിയ കാഴ്ചകള്‍! യാത്രയില്‍ തുടര്‍ന്ന് യാത്രയില്‍ ഇല്ലാതാവാന്‍ ആഗ്രഹിക്കുമ്പോഴും ഇപ്പൊ അത്യാവശ്യം വേണ്ടത് എല്ലാം മറന്നൊരു ഉറക്കം. തളര്‍ന്നൊരു ഉറക്കം. സ്വപ്നങ്ങളില്‍ ''വീണ്ടും താരകങ്ങള്‍, സാഗരങ്ങള്‍, ജാലകങ്ങള്‍, ഗോപുരങ്ങള്‍, പൂവുകള്‍, മോഹങ്ങള്‍''

അടുത്തയാത്ര ഒരു ഉറക്കത്തിനു ശേഷം !

(ചിത്രങ്ങള്‍- മിഥുന്‍ വിജയന്‍)


Next Story

Related Stories