TopTop
Begin typing your search above and press return to search.

സത്യാന്വേഷണത്തെക്കുറിച്ച് ഒരു കല്പിതകഥ: മോഡിയും ഗോധ്രയും

സത്യാന്വേഷണത്തെക്കുറിച്ച് ഒരു കല്പിതകഥ: മോഡിയും ഗോധ്രയും

ടിം അഴിമുഖം

കോടതി വിധി നിര്‍ണയങ്ങളെ ഇഴകീറി പരിശോധിക്കുന്നതിലും കോടതിയുടെ തെറ്റായ നടപടികളെ വിമര്‍ശിക്കുന്നതിലും ഏറെ പ്രസിദ്ധനായ ടൈംസ് ഓഫ് ഇന്‍ഡ്യ സീനിയര്‍ എഡിറ്റര്‍ മനോജ് മിട്ട നിയമ മേഖലയിലും മനുഷ്യാവകാശ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ വളരെ ആദരവോടെ കാണുന്ന വ്യക്തിത്വമാണ്. അഡ്വക്കേറ്റ് എച്ച് എസ് ഫൂല്‍കയുമായിച്ചേര്‍ന്നു മനോജ് മിട്ട എഴുതിയ 'വെന്‍ എ ട്രീ ഷൂക് ഡെല്‍ഹി' എന്ന പുസ്തകം നിയമത്തിന്‍റെയും ഡോക്കുമെന്‍റേഷന്‍റെയും കോണില്‍ നോക്കുമ്പോള്‍ 1984ലെ സിഖ് കലാപത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും ആധികാരികമായ രചനയാണ്. സിഖ് കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി പോരാടിക്കൊണ്ടിരിക്കുന്ന ഫൂല്‍ക ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ടി ടിക്കറ്റില്‍ മത്സരിക്കുകയാണ്.

ഇത്തവണ പുസ്തക രചനയില്‍ മിട്ട ഒറ്റയ്ക്കാണ്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍, എസ് ഐ ടി റിപ്പോര്‍ടുകള്‍ തുടങ്ങി നിരവധി രേഖകളിലൂടെ ആഴത്തിലുള്ള അന്വേഷണം നടത്തുകയാണ് ഈ പുസ്തകത്തില്‍ മിട്ട. നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ട അസ്വസ്ഥജനകമായ നിരവധി ചോദ്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രെസ്സ് അഗ്നിക്കിരയാക്കപ്പെട്ടതിനെയും തുടര്‍ന്നുണ്ടായ കലാപത്തെയും സംബന്ധിച്ച് ഗുജറാത്ത് ഗവണ്‍മെന്‍റും അതിന്റെ പോലീസും ആവര്‍ത്തിക്കുന്ന അവകാശ വാദങ്ങളിലെ പഴുതുകള്‍ തുറന്നുകാണിക്കുന്ന തരത്തില്‍ നിരവധി രേഖകള്‍ ഗ്രന്ഥകര്‍ത്താവ് അന്വേഷണ വിധേയമാക്കുന്നുണ്ട്. ഇത്തരം അന്വേഷണാത്മക എഴുത്തില്‍ ശരിക്കുമൊരു പുലിയാണ് മിട്ട. വിചാരണ കോടതി വിധി പുനര്‍വായനയ്ക്ക് വിധേയമാക്കുന്നതിലൂടെ ഗോധ്ര തീവണ്ടി അപകടവുമായി ബന്ധപ്പെട്ടു എത്ര തിരക്ക് പിടിച്ചാണ് മോഡിയുടെയും സംഘത്തിന്‍റെയും കര്‍മികത്വത്തില്‍ ഗുജറാത്ത് പോലീസ് ഒരു ഗൂഢാലോചന സിദ്ധാന്തം ചമച്ചത് എന്നും എങ്ങനെ അത് കോടതിയില്‍ അവതരിപ്പിക്കപ്പെട്ടു എന്നും വിശദീകരിക്കുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. എസ്-6 കോച്ചിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നിലെ ഗൂഢാലോചനയ്ക്ക് തെളിവായി സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ട്രയിന്‍ ആക്രമണത്തിന് തൊട്ട് മുന്‍പത്തെ ദിവസം140 ലിറ്റര്‍ പെട്രോള്‍ വാങ്ങിച്ചു എന്ന കാര്യമാണ് പോലീസ് ഉയര്‍ത്തിക്കൊണ്ട് വന്നത്. ഇതൊരു തെറ്റായ വാദമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പിന്നീട് ടെഹല്‍ക നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയും കോടതിയില്‍ പെട്രോള്‍ ബങ്ക് ജീവനക്കാര്‍ നടത്തിയ കള്ളമൊഴികളിലൂടെയും ഈ വാദത്തിന്‍റെ പൊള്ളത്തരം തെളിയിക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ എന്ന് മോഡിയുടെ പോലീസ് ആരോപിച്ച മൌലവി ഹുസ്സൈന്‍ ഇബ്രാഹിം ഉമര്‍ജി ഉള്‍പ്പെടെ 63 പേരെ കോടതി വെറുതെ വിട്ടത് ഇതിന് തെളിവായി മിട്ട ചൂണ്ടിക്കാട്ടുന്നു.

മുന്‍ സിബിഐ മേധാവിയും രാജീവ് ഗാന്ധി വധത്തെ തുടര്‍ന്ന് സുരക്ഷാ വീഴ്ചകളുടെ പേരില്‍ നടപടി നേരിടുകയും ചെയ്ത ആര്‍ കെ രാഘവന്‍റെ നേതൃത്വത്തില്‍ സുപ്രീംകോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെ കീറിമുറിച്ച് പരിശോധിക്കുന്നുണ്ട് ഈ പുസ്തകം. എസ് ഐ ടിയുടെ പക്ഷപാതപരമായ നിലപാടുകള്‍ ചൂണ്ടി കാണിക്കുന്ന മിട്ട മോഡിക്ക് ക്ലീന്‍ ചീറ്റ് നല്‍കുന്നതിന് വേണ്ടി നിര്‍ണ്ണായകമായ നിരവധി തെളിവുകള്‍ ഒഴിവാക്കിയതിനെയും വിശദീകരിക്കുന്നു.

മോഡിയുടെ ഗുജറാത്തിന്‍റെ യഥാര്‍ത്ഥ മുഖം നിരവധി വസ്തുതകളിലൂടെ വായനക്കാര്‍ക്ക് വെളിവാക്കികൊടുക്കുന്ന പുസ്തകം വസ്തുതകള്‍ വളച്ചൊടിച്ചും പോലീസിനെ ഉപയോഗിച്ചും സാധാരണ ജനങ്ങളുടെ മുന്‍പില്‍ എങ്ങിനെയാണ് അവരുടെ അജ്ഞത മുതലെടുത്ത് ഗവണ്‍മെന്‍റിനെ മുന്‍പോട്ടു കൊണ്ട് പോയത് എന്നും വ്യക്തമാക്കുന്നു. മോഡിയുടെ ഒറ്റ അവകാശ വാദം എടുത്ത് പരിശോധിച്ചാല്‍ മതി ഇതിന് പിന്നിലെ മുഴുവന്‍ കഥയും മനസിലാക്കാന്‍. കലാപം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അത് വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന മോഡിയുടെ മുന്‍ അവകാശ വാദത്തിന് വിരുദ്ധമായ മോഴിയാണ് എസ് ഐ ടിക്ക് മോഡി നല്കിയത്. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന ആക്രമണം 5 മണിക്കൂര്‍ നേരത്തേക്ക് താന്‍ അറിഞ്ഞില്ല എന്നാണ് മൊഴി. വളരെ പ്രചണ്ഡമായി ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന മോഡിയുടെ ഭരണനിര്‍വ്വഹണ സാമര്‍ഥ്യത്തിന് ഇതില്‍ കൂടുതല്‍ എന്തു തെളിവ് വേണം!

ഒരു രാജ്യം ഭരിക്കാന്‍ മോഡി അനുയോജ്യനാണോ? നിശ്ചയദാര്‍ഡ്യമുള്ള ഒരു കുടില മനസ്കന് ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് മോഡി തെളിയിച്ച് കഴിഞ്ഞോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ മനോജ് മിട്ടയുടെ പുസ്തകം ഉയര്‍ത്തുന്നുണ്ട്.

ഇന്ത്യയുടെ വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ച് ആശങ്കയുള്ള ഒരാള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ദി ഫിക്ഷന്‍ ഓഫ് ഫാക്ട് ഫൈന്‍ഡിംഗ്.

പുസ്തകം വാങ്ങുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

http://www.flipkart.com/fiction-fact-finding-modi-godhra/p/itmdtfpsgmjxxxxe?pid=9789350291870&otracker=from-search&srno=t_1&query=the+fiction+of+fact+finding&ref=8362f46d-4d5d-40b7-9856-f35e9cc36d3d


Next Story

Related Stories