TopTop
Begin typing your search above and press return to search.

ഓര്‍മ്മയുണ്ടോ ഈ ഗോഞ്ചിയൂര്‍? പാലക്കാട് ദത്തെടുക്കുന്നതിന് മുന്‍പ് സുരേഷ് ഗോപിയോട് ഒരു ചോദ്യം

ഓര്‍മ്മയുണ്ടോ ഈ ഗോഞ്ചിയൂര്‍? പാലക്കാട് ദത്തെടുക്കുന്നതിന് മുന്‍പ് സുരേഷ് ഗോപിയോട് ഒരു ചോദ്യം

അട്ടപ്പാടി ഷോളയൂരിലെ ഗോഞ്ചിയൂരുള്ള മരതനെയോ അയാളുടെ മകള്‍ ബിന്ദുവിനെയോ അറിയാന്‍ വഴിയില്ല സുരേഷ് ഗോപി എം പിക്ക്. ഒരിക്കല്‍ താങ്കള്‍ ആ നാട്ടില്‍ ചെന്ന് അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? പക്ഷേ സുരേഷ് ഗോപി സാറിനെയും അദ്ദേഹം പറഞ്ഞ കാര്യങ്ങളും മരതനെയും ബിന്ദുവിനെയും പോലെ ഗോഞ്ചിയൂരുള്ളവരെല്ലാം ഓര്‍ത്തിരിക്കുന്നുണ്ട്.

പാലക്കാട് ജില്ല മുഴുവന്‍ സുരേഷ് ഗോപി ദത്തെടുക്കുന്നു എന്നതരത്തിലൊരു വാര്‍ത്ത ഈയിടെ കണ്ടു. സത്യമാണോ അല്ലയോ എന്നുറപ്പില്ല. വാസ്തവമുണ്ടെങ്കില്‍ അതിനു തുനിയുന്നതിനു മുമ്പ് അങ്ങ് ആദ്യം ദത്തെടുത്തെന്നു പറയുന്ന ഗോഞ്ചിയൂരിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്തിട്ടാകുന്നതാണ് നല്ലത്.

നാലുവര്‍ഷങ്ങള്‍ മുമ്പ് ഊരില്‍ സംഘടിപ്പിച്ച മലയാള മനോരമയുടെ 'നല്ലപാഠം' പദ്ധതിയുടെ ഭാഗമായാണ് സുരേഷ് ഗോപി ഗോഞ്ചിയൂരിലെത്തുന്നത്. വാറ്റു ചാരായം ഉണ്ടാക്കലും അതിന്റെ കടത്തലും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഊരായിരുന്നു അതുവരെ ഗോഞ്ചിയൂര്‍. ഊരിന്റെ അന്നത്തെയവസ്ഥയില്‍ മനംനൊന്തെന്നപോലെ, സുദൃഢമായ തന്റെ വാക്പ്രയോഗങ്ങള്‍ നിരത്തി ഉഗ്രനൊരു പ്രസംഗം സൂപ്പര്‍ സ്റ്റാര്‍ അന്നു നടത്തിയിരുന്നു. ഗോഞ്ചിയൂരിനെ ഗ്രസിച്ചിരുന്ന വിഷമദ്യത്തിന്റെ ദൂഷ്യങ്ങളും അതിന്റെ അടിമകളാകുന്നവര്‍ നേരിടേണ്ടി വരുന്ന വിപത്തുകളെക്കുറിച്ചും സുരേഷ് ഗോപി നടത്തിയ ഉപദേശങ്ങളും താക്കീതുകളും കുട്ടികളടക്കം ഊരുവാസികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. നല്ലതിലേക്കുള്ള വഴി തന്നെയാണ് അദ്ദേഹം പറഞ്ഞു കൊടുത്തതും. ഇതിനൊപ്പം നല്‍കിയ ഏറ്റവും മനോഹരമായ വാഗ്ദാനം ഊരിലെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടായിരുന്നു. പലതിലും വാക്ക് നല്‍കിയ കൂട്ടത്തില്‍ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം താന്‍ നല്‍കുമെന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ ആവേശത്തോടെയും ആഹ്ളാദത്തോടെയും കുട്ടികളും മാതാപിതാക്കളും ഏറ്റെടുത്തു.

സുരേഷ് ഗോപി നിരവധി നല്ലപ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ളയാളാണ്. പക്ഷേ അദ്ദേഹം ഗോഞ്ചിയൂരെ കുട്ടികള്‍ക്ക് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്നത് മറ്റൊരു വാസ്തവം. സുരേഷ് ഗോപി ഗ്രാമം എന്നൊക്കെയാണ് അറിയപ്പെടുന്നതെങ്കിലും ഗോഞ്ചിയൂരുകാര്‍ അന്നത്തെ ദിവസത്തിനുശേഷം സുരേഷ് ഗോപിയെ കണ്ടിട്ടില്ല, പക്ഷേ ഊരുകാര്‍ ഇപ്പോഴും അദ്ദേഹത്തെ പ്രതീക്ഷിക്കുന്നുണ്ട്...

മരതന്‍ പറയുന്നത് കേള്‍ക്കുക; ആ സാര്‍ ഇതുവരെ ഒന്നും ഞങ്ങള്‍ക്ക് തന്നിട്ടില്ല. ഊരില് പലതും ചെയ്യാമെന്ന് വര്‍ത്താനം പറഞ്ഞിരുന്നു. പഠിക്കാന്‍ കുട്ടികള്‍ക്ക് പറ്റണത് ചെയ്യാന്ന് പറഞ്ഞു. ഇത് വരെ ഒരാനുകൂല്യവും ഞങ്ങക്ക് ലഭിച്ചിട്ടില്ല. അന്ന് വന്നതല്ലാതെ പിന്നെ വന്നിട്ടുമില്ല...

കൂലിപ്പണിക്കാരനാണ് മരതന്‍. ഒരു ദിവസം പണിയെടുത്താല്‍ കിട്ടുന്നത് 250-300 രൂപ. ഇതുകൊണ്ട് കുടുംബം നടത്തണം ഒപ്പം മകളുടെ വിദ്യാഭ്യാസവും. ഇതു മരതന്റെ മാത്രം അവസ്ഥയല്ല, ഊരിലെ മൊത്തം അവസ്ഥ ഏകദേശം ഇങ്ങനെ തന്നെയാണ്.

എന്റെ കുട്ടി കോയമ്പത്തൂരിലെ അവിനാശലിംഗം കോളേജിലാണ് പഠക്കുന്നത്. ഒരു ദിവസം പോയിട്ട് വരാന്‍ തന്നെ 100 രൂപ വേണം. വീട്ടീന്നു പോയാണ് പഠിക്കണത്. ഹോസ്റ്റലില്‍ വിടണോങ്കീ ആയ്യായിരം പതിനായിരം റുപ്യ വേണം. അതു ഞങ്ങക്ക് പറ്റില്ല.

മരതന്റെ മകള്‍ ബിന്ദുവിനെ പോലെ ശിവകാമി, രാധ, ബിന്ദു തുടങ്ങി ആറോളം കുട്ടികള്‍ കോളേജ് വിദ്യാഭ്യാസത്തിനായി കോയമ്പത്തൂര്‍ പോലുള്ളിടങ്ങളില്‍ പോകുന്നുണ്ട്. ഇവര്‍ക്കൊന്നും ഹോസ്റ്റല്‍ ഫീസ് താങ്ങാനുള്ള കഴിവില്ലാത്തതിനാല്‍ വീട്ടീല്‍ നിന്നും പോയിവരേണ്ട അവസ്ഥയാണ്. ഈ കുട്ടികളുടെയെല്ലാം രക്ഷകര്‍ത്താക്കള്‍ എസ്റ്റേറ്റുകളില്‍ കൂലിപ്പണിക്കാരാണ്. ആഴ്ചയില്‍ എല്ലാദിവസവും പണി ഉണ്ടാകണമെന്നില്ല. ഇപ്പോള്‍ വേനല്‍ക്കാലമായതിനാല്‍ നാലു ദിവസം മാത്രമെ പണിയുണ്ടാകുകയുള്ളൂവെന്ന് മരതന്‍ പറയുന്നുണ്ട്.

ആദിവാസികള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്നവര്‍ ഇപ്പോള്‍ നിരവധിയാണ്. അവരില്‍ ഭൂരിഭാഗവും ലക്ഷ്യമിടുന്നത് വെറും പബ്ലിസിറ്റി മാത്രമാണ്. പലപ്പോഴും വാഗ്ദാനങ്ങള്‍ വിശ്വസിച്ച് സ്വയം വഞ്ചിതരാകാനാണ് ഓരോ ആദിവാസിയുടെയും യോഗം. ഗോഞ്ചിയൂരുകാര്‍ക്കും അതേ യോഗം തന്നെ.

പറഞ്ഞിട്ടു പോണതല്ലാതെ ആരും ഒന്നും ചെയ്യണില്ല. പറഞ്ഞവരൊന്നും ഇപ്പം ഊരിന്റെ ഭാഗത്ത് വരണില്ലാ... അവര് പറഞ്ഞപോലെ ഒരു കാര്യോം ഇവിടെ നടപടിയായിട്ടില്ല. ഇപ്പഴും കഷ്ടപ്പാട് തന്നെയാണ്.

എന്റെ കുട്ടിയെ നന്നായിട്ട് പഠിക്കവക്കണം. പണിക്ക് പോയി കിട്ടണ കാശോണ്ട് ബുദ്ധിമുട്ടാണ്...ചെലവ് നങ്ങക്ക് താങ്ങാന്‍ പറ്റണില്ല. സഹായിക്കാന്ന് ആ സാറ് പറഞ്ഞപ്പം സന്തോഷിച്ച്. കൂട്ടിന്റെ കാര്യം നല്ലോണം നടക്കൂലോ. പക്ഷേ.. ഇനിയെന്ത് കൂടുതല്‍ പറയണമെന്നറിയാതെ മരതന്‍ നിശബ്ദനായി.

അഞ്ചുലക്ഷം രൂപ കുട്ടികളുടെ പഠിത്തത്തിനു മാത്രം തരാന്ന് പറഞ്ഞു. ഇതുവരെ ഞങ്ങള്‍ക്കൊന്നും ചെയ്തിട്ടില്ല. എല്ലാവര്‍ക്കും ഓരോ ലൈറ്റ് മാത്രമാണ് ആകെ കൊടുത്തത്. ഞാനിപ്പോ കോളേജില്‍ പോയിട്ടുവരുകയാണ്. ദിവസം കാശുവേണം. കൂറെ നേരം യാത്രയുണ്ട്. പഠിക്കാന്‍ സമയം കിട്ടണത് തന്നെ കുറച്ചാണ്. ഒത്തിരി ബുദ്ധിമുട്ടുണ്ട്. എന്നെപ്പോലെ വേറെയും കുട്ടികളുണ്ട്. അവരും പഠിക്കാന്‍ പോകാന്‍ കുറെ ബുദ്ധിമുട്ടണുണ്ട്. മരതന്റെ മകള്‍ ബിന്ദു പറയുന്നു.

ഗോഞ്ചിയൂരിലെ വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനായി അഞ്ചുലക്ഷം രൂപ ഷോളയൂര്‍ സ്‌കൂളില്‍ സുരേഷ് ഗോപി ഏല്‍പ്പിച്ചതായി പറയുന്നവരുണ്ട്. ആ പണത്തില്‍ നിന്നാണോ എന്നറിയില്ല എണ്ണായിരത്തിനപ്പുറം വിലവരാത്തൊരു ടെലിവിഷന്‍ സെറ്റ് വാങ്ങി ഗോഞ്ചിയൂരില്‍ അഹാഡ്‌സ് നിര്‍മിച്ച കമ്യൂണിറ്റി ഹാളില്‍ കൊണ്ടുവച്ചു. ആ കമ്യൂണിറ്റി ഹാളിലാണെങ്കില്‍ വൈദ്യുതിബന്ധവുമില്ല. അടുത്തുള്ള ഒരു വീട്ടില്‍ നിന്നും വയര്‍ വലിച്ചായിരുന്നു ആദ്യ സമയത്തൊക്കെ ടി വി വര്‍ക്ക് ചെയ്യിപ്പിച്ചിരുന്നത്. ഇപ്പോള്‍ ആ ടെലിവിഷന്‍ അവിടെയുണ്ടോയെന്ന് ഊരുകാര്‍ക്കുപോലും അറിയില്ല.

ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികളുടെ പഠനത്തിന് എത്ര ചെലവു വന്നാലും മുഴുവനായി ഞാന്‍ നോക്കിക്കോളം എന്ന വാഗ്ദാനം നല്‍കിയാണ് അന്ന് സുരേഷ് ഗോപി ഇവിടെ നിന്നും പോയത്; ഗോഞ്ചിയൂരിലെ എസ്‌റ്റേറ്റ് മാനേജറായി ജോലി നോക്കുന്ന പൊന്നുസ്വാമി ഓര്‍ക്കുന്നു. ആ പോയപോക്കല്ലാതെ ഇന്നേ വരെ ഈ കുട്ടികളെ കുറിച്ച് അന്വേഷിച്ചിട്ടുമില്ല. ഇതുവരെ ഒരുറുപ്പികേടെ പ്രയോജനം ഈ കുട്ടികള്‍ക്ക് കിട്ടിയിട്ടുമില്ല. ഊരില്‍ ഏറ്റവും ദയനീയാവസ്ഥയില്‍ ജീവിക്കുന്നൊരാളാണ് മരതന്‍. പക്ഷേ അയാളുടെ മകള്‍ പഠിക്കാന്‍ മിടുക്കിയായതുകൊണ്ട് എത്ര കഷ്ടപ്പെട്ടാലും പഠിക്കാന്‍ വിടണത്. ആ കുട്ടി ദിവസോം പോകുന്നത് ഞങ്ങളുടെ വീടുവഴിയാണ്. രാവിലെ ആറു മണിയാകുമ്പോള്‍ പോകുന്ന ആ കുട്ടി വൈകിട്ട് എഴു മണിയൊക്കെ കഴിഞ്ഞാണ് മടങ്ങി വരുന്നത്. ആനയിറങ്ങുന്ന വഴികളിലൂടെയാണ് ഈ കുട്ടികള്‍ ഇരുട്ടുവീണ സമയത്ത് വരുന്നതെന്നോര്‍ക്കണം. ഊരില്‍ ആവശ്യം വേണ്ട സൗകര്യങ്ങളൊക്കെയുണ്ട്. അതൊക്കെ നേരത്തെ തന്നെയുള്ളതാണ്. അല്ലാതെ സുരേഷ് ഗോപി ദത്തെടുത്ത് എന്നു പറഞ്ഞശേഷം ഒരു ചെറുതരിയുടെ വികസനം പോലും ഈ ഊരില്‍ നടന്നിട്ടില്ല. ഒരുപകാരോം ആര്‍ക്കും കിട്ടിയിട്ടുമില്ല. ആകെ ചെയ്തതെന്നു പറയാനുള്ളത് നൂറോ നൂറ്റമ്പതോ റൂപ്പ്യേടെ ഓരോ എമര്‍ജന്‍സി ലൈറ്റ് എല്ലാ വീട്ടുകാര്‍ക്കും കൊടുത്തതും പിന്നെയാ ടി വിയും. കൂടിപ്പോയാല്‍ ഇരുപതിനായിരം റുപ്പിക ഇവര്‍ക്ക് മുടക്കിക്കാണണം. അഞ്ചുലക്ഷം രൂപ സ്‌കൂളില്‍ എല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ബാക്കി എവിടെ പോയി? അതല്ലാ അയാള് പണം കൊടുത്തെന്നു പറയണത് ഉള്ളതാണോ എന്നും അറിയില്ല. ഇവിടെ വന്നപ്പം പറഞ്ഞതാണ് അഞ്ച് ലക്ഷം രൂപ കുട്ടികളുടെ പഠന ചെലവിനായി കൊടുത്തിട്ടുണ്ടെന്ന്. പക്ഷേ അതാര്‌ടെ അടുത്ത് കൊടുത്തെന്നോ ഇതുവരെ എത്രപേര്‍ക്ക് അതിന്റെ ഗുണം കിട്ടിയെന്നോ ഊരിലുള്ള ആര്‍ക്കും അറിയില്ല. ആരോടാണ് തിരക്കേണ്ടതെന്നുപോലും ഇവിടെയുള്ളവര്‍ക്ക് അറിയില്ല. കുട്ടികളോട് ചോദിക്കുമ്പോള്‍ അവര്‍ക്ക് ഒന്നും കിട്ടിയിട്ടില്ലെന്നാണ് പറയുന്നത്.

നല്ലപാഠം പദ്ധതിയുടെ ഭാഗമായി അന്ന് ഒരാഴ്ചയോളം കുട്ടികള്‍ക്ക് ക്ലാസ് എടുത്തെന്നു തോന്നുന്നു. പിറ്റേ വര്‍ഷം അതേസമയം വന്ന് കുട്ടികളെ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു ഫോട്ടോ എടുത്ത് പോവുകയായിരുന്നു. നല്ലപാഠം പദ്ധതി ഊരില്‍ സജീവമായി നടക്കുന്നുണ്ടെന്ന് കാണിക്കാനായിരുന്നു ഈ ഫോട്ടോയെടുത്ത് പേപ്പറില്‍ കൊടുത്തത്. അങ്ങനെയൊരു പദ്ധതി കൊണ്ട് ഇവിടെയുള്ള കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുകയോ ഇവിടെ അത്തരം ക്ലാസുകള്‍ സ്ഥിരം നടക്കുകയോ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

ഇത്തവണ ഏഴോളം കുട്ടികള്‍ പ്ലസ് ടു ജയിച്ചവരായിട്ടുണ്ട്. എണ്‍പത് ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ വരെ ഈ കുട്ടികള്‍ക്കിടയിലുണ്ട്. ഇവര്‍ക്കെല്ലാം തുടര്‍ന്നു പഠിക്കണമെന്ന് ഒരുപാട് ആഗ്രഹമുള്ളവരാണ്. പക്ഷേ അതിനിവര്‍ക്ക് ഒത്തിരി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും. മക്കളെ പഠിക്കാന്‍ വിടണമെന്ന് ആഗ്രഹിക്കുന്നവരാണ് അവരുടെ മാതാപിതാക്കളും, പക്ഷേ അതിനുവേണ്ടി മുടക്കാന്‍ പണമില്ല. സുരേഷ് ഗോപിയെ പോലുള്ളവരുടെ വാക്കുകളിലാണ് ഇവര്‍ പ്രതീക്ഷയര്‍പ്പിച്ചത്. പലരോടും വിദ്യാഭ്യാസ ലോണിന്റെ കാര്യം ഞാന്‍ തന്നെ സംസാരിച്ചതാണ്. അപ്പോഴെല്ലാം അവര്‍ പറയുന്നത് ആ സാറ് സഹായിക്കാമെന്ന് പറഞ്ഞിട്ടില്ലേ എന്നാണ്. അവരിപ്പോഴും പ്രതീക്ഷയിലാണ്... പൊന്നുസ്വാമി പറഞ്ഞു നിര്‍ത്തുന്നു.

ബിന്ദുവിനെപോലെ രാധയെ പോലെ ശിവകാമിയെ പോലെ... ഇനിയും ഒരുപാട് കുട്ടികള്‍ പഠിക്കണമെന്ന മോഹവുമായി ഗോഞ്ചിയൂരില്‍ മാത്രമല്ല കേരളത്തിലെ വിവിധ ആദിവാസി ഊരുകളിലുണ്ട്. പക്ഷേ അവരുടെ ലക്ഷ്യങ്ങള്‍ക്കു മുന്നില്‍ തടസങ്ങള്‍ നിരവധിയാണ്.അത് നീങ്ങി കിട്ടിയാല്‍ സ്വന്തം വിഭാഗത്തിന്റെ ഉന്നമനം ഈ കുട്ടികളിലൂടെ തന്നെ സംഭവിക്കും. അതിനിപ്പോള്‍ അവര്‍ക്ക് ആരുടെയെങ്കിലുമൊക്കെ സഹായം വേണം. അതുകൊണ്ടുള്ള അഭ്യര്‍ത്ഥനയാണ്; സുരേഷ് ഗോപി അങ്ങയുടെ ഭാഗത്ത് നിന്നു വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍, അത് തിരുത്തി ആ കുട്ടികളുടെ കാത്തിരിപ്പ് അവസാനിപ്പിക്കണം.

http://www.azhimukham.com/kerala-attappadi-tribal-life-infant-death-malnutrition-by-kg-balu/


Next Story

Related Stories