TopTop

വീഡിയോകോള്‍ സിമ്പിളും പവര്‍ഫുള്ളുമാക്കാന്‍ ഇനി ഗൂഗിള്‍ ഡ്യുയോ

വീഡിയോകോള്‍ സിമ്പിളും പവര്‍ഫുള്ളുമാക്കാന്‍ ഇനി ഗൂഗിള്‍ ഡ്യുയോ

ലിഷ അന്ന

തൊണ്ണൂറുകളുടെ അവസാനത്തിലായിരുന്നു അത്. മലയാളി കത്തെഴുത്ത് നിര്‍ത്തി. പകരം ഫോണ്‍ വന്നു. കൈക്കും കണ്ണിനും പകരം വായും ചെവിയും പ്രവര്‍ത്തിച്ചു തുടങ്ങി. മണിക്കൂറുകളോളം മൊബൈലിലായി പിന്നെ ജീവിതം. ആ സമയത്ത് ഗള്‍ഫുകാരൊക്കെ ഇന്റര്‍നെറ്റിലായിരുന്നു വിളിയും പറച്ചിലും എല്ലാം. അതിന്‍റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട! ഒരിക്കലെങ്കിലും നെറ്റ്‌കോളില്‍ സംസരിച്ചവര്‍ക്ക് അതിന്‍റെ ബുദ്ധിമുട്ട് മനസിലാവും. പലപ്പോഴും ലാഗ് കാരണം സെക്കന്‍ഡുകള്‍ വൈകിയാണ് അപ്പുറത്തുള്ള ആള്‍ പറയുന്നത് ഇപ്പുറത്തെത്തുന്നത്. എന്തെങ്കിലും തിരക്കിലായിരിക്കുന്ന സമയത്ത് എങ്ങാനുമാണ് കോള്‍ വന്നതെങ്കില്‍ തീര്‍ന്നു!

പിന്നീട് ദൂരങ്ങളിലുള്ള ആളുകളുമായി സംസാരിക്കാന്‍ പുതുപുത്തന്‍ ആപ്പുകള്‍ വന്നു. ഇമോ, സ്‌കൈപ്പ്, ഫേസ്ബുക്ക് മെസ്സഞ്ചര്‍, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ എല്ലാം തന്നെ ലോകത്തിന്റെ അങ്ങേത്തലയ്ക്കല്‍ ഇരിക്കുന്ന ആളുകളോട് ഈസിയായി സംസാരിക്കാന്‍ നമ്മളെ സഹായിച്ചു. അതാവുമ്പോള്‍ കുറച്ചു സ്പീഡ് ഉള്ള നെറ്റ്വര്‍ക്ക് മാത്രം മതി. സേവനമാണെങ്കിലോ പൂര്‍ണ്ണമായും സൗജന്യം. അങ്കോം കാണാം താളീം ഒടിക്കാം!

ഈ കൂട്ടത്തിലേയ്ക്ക് വരുന്ന ഏറ്റവും പുതിയ അതിഥിയാണ് ഗൂഗിള്‍ ഡ്യുയോ. ഏറ്റവും സിമ്പിളായ വീഡിയോ കോളിംഗ് ആപ്പ് എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ആന്‍ഡ്രോയിഡിലും ഐഫോണിലും ഒരുപോലെ ഉപയോഗിക്കാം. ഒരു ഫോണ്‍ നമ്പര്‍ മാത്രം ഉണ്ടായാല്‍ മതി.

വീഡിയോ കോള്‍ ആപ്ലിക്കേഷന്‍ ലോകത്ത് വിപ്ലവം ഉണ്ടാക്കുക എന്നതൊന്നുമല്ല ഇതിന്‍റെ ലക്ഷ്യം. കൂടുതല്‍ ആധുനികമായ കാഴ്ചപ്പാടുമായാണ് ഗൂഗിളിന്‍റെ ഈ ഉദ്യമം. ഈ വര്‍ഷത്തെ ഗൂഗിള്‍ ആന്വല്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വരവ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത്ര ആകര്‍ഷകമായിരുന്നില്ല ഈ ആപ്പ്. എന്നാല്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഈ ചിന്ത നീങ്ങും. പിന്നീട് മറ്റൊരു വീഡിയോ കോള്‍ ആപ്പിനെ കുറിച്ച് ചിന്തിക്കുക പോലുമില്ലെന്ന് ഉപയോഗിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അതെ. ഡ്യുയോ വളരെ സിമ്പിളാണ്! പവര്‍ഫുള്ളുമാണ്. ആകെ വേണ്ടത് ഒരു ഫോണ്‍ നമ്പര്‍ മാത്രം! നമ്മുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ള ആരുമായും ഇതിലൂടെ ആശയവിനിമയം നടത്താം. വ്യക്തിവിവരങ്ങള്‍ നല്‍കി പ്രത്യേകം വേറെ അക്കൌണ്ട് ഉണ്ടാക്കേണ്ട ആവശ്യമില്ല. മൂന്നേ മൂന്നു സിമ്പിള്‍ സ്റ്റെപ്പുകളില്‍ സൈന്‍ അപ്പ് ചെയ്യാം. Android 6.0 Marshmallow യോ അതിന്റെ മുകളിലുള്ള വേര്‍ഷനുകളോ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യം തന്നെ കുറെ പെര്‍മിഷന്‍ റിക്വസ്റ്റുകള്‍ വരും. ഫോണ്‍ നമ്പര്‍ നല്‍കുക. എസ്.എം.എസ് വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. യൂസര്‍നെയിമോ പാസ്സ്വേര്‍ഡോ ഒന്നും വേണ്ട. Facetime, Skype, Hangouts തുടങ്ങിയ എല്ലാ ആപ്പുകളെക്കാളും വേഗത്തില്‍ സൈനപ്പ് ചെയ്യാം. ഒറ്റ ടാപ്പില്‍ വീഡിയോ കോളിംഗ് ആരംഭിക്കുകയും ചെയ്യാം.വളരെ ചെറിയ മെനുവാണ് ഡ്യുയോയുടേത്. തുറന്നു വരുമ്പോള്‍ ആദ്യം നമുക്ക് സ്വന്തം മുഖം തന്നെ ഫ്രണ്ട് ക്യാമറയിലൂടെ കാണാം. വേണമെങ്കില്‍ ബാക്ക് ക്യാമറ ഉപയോഗിക്കാനുള്ള ഓപ്ഷനും ഉണ്ട്. സ്‌ക്രീനില്‍ താഴെ ഭാഗത്ത് ഇതുവരെ വിളിച്ച കോള്‍ലിസ്റ്റും കാണും. മറ്റുള്ള ആപ്പുകളിലേത് പോലെത്തന്നെ 'ശല്യക്കാരന്‍ നമ്പറുകളെ' ബ്ലോക്ക് ചെയ്യുകയും ആവാം.

വീഡിയോ കോള്‍ കണക്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഫെയിലാവുന്നതും വീഡിയോ കലങ്ങിപ്പോവുന്നതുമൊക്കെ സ്ഥിരം സംഭവമാണല്ലോ. കൂടുതല്‍ വേഗതയാര്‍ന്നതും വിശ്വസിക്കാന്‍ കൊള്ളാവുന്നതുമാണ് ഗൂഗിള്‍ ഡ്യുയോ എന്ന് കമ്പനി പറയുന്നു. അതുകൊണ്ടുതന്നെ പെട്ടെന്ന് കണക്റ്റ് ആവുകയും വേഗത കുറഞ്ഞ നെറ്റ് വര്‍ക്കുകളില്‍ പോലും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഓരോ കോളിന്‍റെയും ക്വാളിറ്റി നെറ്റ്വര്‍ക്കിനനുസരിച്ച് താനേ അഡ്ജസ്റ്റാവുന്നതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സംസാരത്തില്‍ തടസം നേരിടില്ല. ബാന്‍ഡ് വിഡ്ത്തിനു പരിധിയുള്ളപ്പോഴെല്ലാം ആപ്പ് സ്വയം കോളിന്റെ റെസല്യൂഷന്‍ മാറ്റി ക്രമീകരിക്കും. വൈഫൈയും മൊബൈല്‍ ഡാറ്റയും ആവശ്യമുള്ളപ്പോള്‍ പരസ്പരം മാറ്റി മാറ്റി ആപ്പ് സ്വയം ഉപയോഗിച്ചോളും. അതുകൊണ്ടുതന്നെ കോള്‍ ഒരിക്കലും ഡ്രോപ്പായി പോവുന്ന പ്രശ്‌നമില്ല.

വളരെ ഊഷ്മളവും സൗഹൃദപരവുമായ ഡിസൈന്‍ ആണ് ഇതിന്റേത്. കോള്‍ എടുക്കുന്നതിനു മുന്‍പേ തന്നെ വിളിക്കുന്ന ആളിന്റെ ലൈവ് വീഡിയോ കാണാം. എന്തിനാണ് വിളിക്കുന്നത് എന്നൊരു മുന്‍ധാരണ ഉണ്ടാക്കാന്‍ ഈ സൗകര്യം സഹായിക്കും.' Knock Knock ' എന്നാണു ഈ ഫീച്ചറിന്‍റെ പേര്. ഫോണിന്‍റെ അഡ്രെസ്സ് ബുക്കില്‍ ഇല്ലാത്തവര്‍ക്ക് ഈ സൗകര്യം ലഭ്യമാവില്ല. ഇനി ഇത് വേണ്ട എന്നുണ്ടെങ്കില്‍ ഡിസേബിള്‍ ചെയ്തു വെക്കാനും വഴിയുണ്ട്.

സുരക്ഷയുടെ കാര്യത്തിലും ഡ്യുയോ മുന്നില്‍ തന്നെയാണ്. രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുന്നത് ഇടയ്ക്ക് വച്ച് ചോര്‍ത്തപ്പെടുന്നത് തടയുന്ന end-to-end encryption ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഓഡിയോ കോളുകളും ഗ്രൂപ്പ് കോളുകളും പറ്റില്ല എന്നൊരു പ്രശ്‌നം ഇതിനുണ്ട്. വാട്‌സാപ്പ് ഒക്കെ ഉപയോഗിക്കുന്നത് പോലെ വിവിധ ഡിവൈസുകളില്‍ ഒരേ സമയം ഉപയോഗിക്കാനാവില്ല. പൂര്‍ണ്ണതയെത്തിയ ആപ്ലിക്കേഷനായി മാറണം എങ്കില്‍ ഇനിയും നിരവധി ഫീച്ചറുകള്‍ ഇതില്‍ കൂട്ടിച്ചെര്‍ത്തേ പറ്റൂ.മറ്റു പ്രധാനപ്പെട്ട ചില വീഡിയോ കോളിംഗ് ആപ്പുകളെക്കൂടി പരിചയപ്പെടാം

1. സ്‌കൈപ്പ് (Skype)
സ്‌കൈപ്പിനു ആമുഖമൊന്നുംതന്നെ ആവശ്യമില്ല. മൊബൈലിലും കമ്പ്യൂട്ടറിലും ഒരുപോലെ ഉപയോഗിക്കാവുന്ന ആപ്പാണ് ഇത്. സൗജന്യസേവനമാണ്. ഐഡിയും പാസ് വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്താല്‍ പരസ്പരം കണ്ടുകൊണ്ടു സംസാരിക്കാം. പ്രീമിയം സേവനം ഉപയോഗപ്പെടുത്തുക വഴി സ്‌കൈപ്പില്‍ ഇല്ലാത്ത ആളുകളോട് സംസാരിക്കാന്‍ സാധിക്കും. ഇതിനു കാശ് കൊടുത്ത് സ്‌കൈപ്പ് ക്രെഡിറ്റ് വാങ്ങണം എന്ന് മാത്രം.

2. വൈബര്‍ (Viber)
സ്‌കൈപ്പിന്റെ അത്രയും ജനപ്രീതിയാര്‍ജ്ജിച്ച ഒന്നല്ല വൈബര്‍. പ്രധാനമായും ഓഡിയോ കോളുകള്‍ക്കാണ് ഉപയോഗിക്കപ്പെടുന്നത് എങ്കിലും ഇതിന്റെ വീഡിയോ കോളിംഗ് സൗകര്യവും മേന്മയേറിയത് തന്നെയാണ്. സ്ഥിരത കുറവാണ് എന്നൊരു പ്രശ്‌നമുണ്ട്. ക്രാഷ് ആയിപ്പോവാനും ലാഗുണ്ടാവാനുമൊക്കെ സാധ്യത കൂടുതലാണെങ്കിലും നിരവധി ആളുകള്‍ വൈബര്‍ ഉപയോഗിക്കുന്നുണ്ട്.

3. ഊവൂ (ooVoo Video Call, Text & Voice)
ആന്‍ഡ്രോയിഡിലും ഐഫോണിലും പിന്നെ വിന്‍ഡോസ്, മാക് ഡിവൈസുകളിലും ഇത് ഉപയോഗിക്കാം. പന്ത്രണ്ടു പേര്‍ വരെയുള്ള ഗ്രൂപ്പുകളില്‍ ചാറ്റ് ചെയ്യാനും ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനും ഇതില്‍ സാധിക്കും. കുറഞ്ഞ ഇന്റര്‍നെറ്റ് സ്പീഡില്‍ പോലും വീഡിയോ നന്നായി കാണാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന മേന്മ.

4. ഗൂഗിള്‍ ഹാങ്ങൌട്ട്‌സ് (Google Hangouts)
കമ്പ്യൂട്ടറിലും മൊബൈലിലും ഒരുപോലെ ഉപയോഗിക്കാവുന്ന ആപ്പാണ് ഇതും. ഒരേസമയം ഒന്നിലധികം ആളുകളുമായി ആശയവിനിമയം നടത്താവുന്നതും സൗജന്യവുമായ സേവനമാണ് ഇത്. ഗൂഗിള്‍ പ്ലസ് അക്കൌണ്ട് ഉള്ള ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാം.

5. ടാന്‍ഗോ (Tango Messenger, Video & Calls)
ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കാവുന്ന മറ്റൊരു വീഡിയോ കോളിംഗ് ആപ്പാണ് ടാന്‍ഗോ. വൈ ഫൈ ആവട്ടെ, മൊബൈല്‍ ഡാറ്റയാവട്ടെ, ടാന്‍ഗോയുടെ പെര്‍ഫോമന്‍സ് എപ്പോഴും നല്ലതായിരിക്കും. നിലവില്‍ ഉള്ള ഫ്രെണ്ട്‌സിലൂടെ പുതിയ ഫ്രെണ്ട്‌സിനെ കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

6. ഇമോ (Imo)
മെസേജ് ചെയ്യാനും വീഡിയോ ചാറ്റ് ചെയ്യാനും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആപ്പാണ് ഇമോ ഇന്ന്. Windows, Android, iPhone തുടങ്ങിയവയില്‍ ഒരുപോലെ പ്രവര്‍ത്തിക്കും. ഫോണില്‍ ഉള്ള കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇമോ ഇന്‍സ്റ്റാള്‍ ചെയ്ത ആരുമായും പരസ്പരം കണ്ടു സംസാരിക്കാന്‍ സാധിക്കും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലിഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories