UPDATES

ആലപ്പുഴയിൽ എന്തുകൊണ്ടാണ് ഇത്രയധികം ഗുണ്ടകൾ?

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ ഉള്ളത് ആലപ്പുഴയില്‍; 336 പേര്‍

കായല്‍, ആറ്, കടല്‍, വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, നാടന്‍ കള്ള് ഈ ചേരുവകള്‍ ചേരുന്നതാണ് ആലപ്പുഴ ജില്ല. ആലപ്പുഴ പട്ടണം എന്ന ഒരു പേര് സാങ്കേതികമായി വിളിക്കപ്പെടുന്നതൊഴിച്ചാല്‍ പട്ടണത്തിന്റേതായ യാതൊരു സ്വഭാവങ്ങളും പ്രകടിപ്പിക്കാത്ത ജില്ല. ഇങ്ങനെയൊരിടത്ത് ഗുണ്ടകള്‍ക്കെന്ത് കാര്യം?

കേരള സര്‍ക്കാര്‍ ഗുണ്ടാ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ തോന്നിയ ചോദ്യം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ ഉള്ളത് ആലപ്പുഴയില്‍; 336 പേര്‍. മെട്രോ നഗരമായ കൊച്ചിയെയും പൂര്‍ണമായും നഗരാന്തരീക്ഷമുള്ള തിരുവനന്തപുരത്തേയും കടത്തിവെട്ടി ഗുണ്ടകളുടെ കാര്യത്തില്‍ ആലപ്പുഴ മുന്നോട്ട് പോയിരിക്കുന്നു. നഗരത്തിനുള്ളില്‍ നടക്കുന്ന വ്യാപാരങ്ങള്‍ക്കോ വിനിമയങ്ങള്‍ക്കോ സാധ്യതയില്ലാത്ത ഈ ജില്ലയില്‍ എങ്ങനെ ഇത്രയും ഗുണ്ടകള്‍ ഉണ്ടായി? ഗ്രാമീണച്ചുവ മാത്രമുള്ള ആലപ്പുഴയിലെ പ്രദേശങ്ങളില്‍ എന്താണ് ഇവര്‍ ചെയ്യുന്നത്? ചോദ്യങ്ങള്‍ നിരവധിയാണ്. ആലപ്പുഴയെ ആലപ്പുഴയാക്കുന്ന ചേരുവകളില്‍ തന്നെയാണ് ഇതിനുള്ള ഉത്തരം കിടക്കുന്നതും.

അഞ്ച് ലക്ഷം രൂപ കൊടുത്താല്‍ രണ്ട് മണിക്കൂറിനുള്ളില്‍ 10 സെന്റ് നിലം നികത്തി നല്‍കും
ആലപ്പുഴ കരുവാറ്റ സ്വദേശി രതീഷ്. പ്രദേശത്തെ ഏറ്റവും വലിയ ഗുണ്ട. നാല് കൊലക്കേസില്‍ പ്രതി. ഇപ്പോള്‍ പ്രധാന ജോലി നിലംനികത്ത്! അഞ്ച് ലക്ഷം രൂപ കൊടുത്താല്‍ രണ്ട് മണിക്കൂറിനുള്ളില്‍ 10 സെന്റ് നിലം നികത്തി നല്‍കും. രാത്രിയോ പകലെന്നോ വ്യത്യാസം രതീഷിനും സംഘത്തിനുമില്ല. ആവശ്യക്കാരന്റെ സകര്യം പോലെ ഏത് സമയത്തുമാവാം. നികത്തേണ്ട സ്ഥലത്ത് രതീഷിന്റെ ടിപ്പര്‍ ലോറി വന്ന് നിന്നാല്‍ പിന്നെ നാട്ടുകാരാരും പേടിച്ചിട്ട് പ്രദേശത്തേക്കടുക്കില്ല. റവന്യൂ വകുപ്പും പോലീസും പ്രദേശത്തേക്കേ വരില്ല.

രതീഷ് ഒരു ഉദാഹരണം മാത്രമാണ്. സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ലിസ്റ്റിലുള്‍പ്പെട്ട 336 പേരില്‍ മുന്നൂറോളം പേരും ആലപ്പുഴയുടെ തെക്കന്‍ മേഖലകളിലുള്ളവരാണ്. കുട്ടനാട് മുതല്‍ ഓണാട്ടുകര വരെ നീണ്ട് കിടക്കുന്ന നിലങ്ങളാണ് ഇത്തരം ഗുണ്ടാസംഘങ്ങളുടെ പ്രധാന വരുമാനമാര്‍ഗം. നിലംനികത്തലിന് സര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി ആവശ്യക്കാരനെ തൃപ്തിപ്പെടുത്തുക എന്നതാണ് ഗുണ്ടാസംഘങ്ങള്‍ ചെയ്യുന്നത്. നിലംനികത്തണമെന്ന് ആവശ്യവുമായി ഗുണ്ടാസംഘത്തലവനെ നേരിട്ട് കണ്ട് പ്രതിഫലത്തുക തീരുമാനിക്കേണ്ട ആവശ്യമേയുള്ളൂ. പൊതു അവധി ദിവസങ്ങളിലാണ് കൂടുതലും നികത്തലുകള്‍ നടക്കുന്നത്. ‘നികത്തുന്ന സ്ഥലത്ത് ഗുണ്ടാ തലവന്‍മാരൊന്നും ഉണ്ടാവില്ല. അയാളുടെ സംഘത്തില്‍ പെട്ടവരായിരിക്കും അതിന് നേതൃത്വം നല്‍കുക. നോക്കി നില്‍ക്കുന്ന സമയത്തിനുള്ളില്‍ നിലം നികന്ന് കിട്ടും. ഗുണ്ടാ സംഘത്തിന്റെ ടിപ്പര്‍ ലോറികള്‍ കണ്ടാല്‍ നാട്ടുകാര്‍ക്കറിയാം. പിന്നെ ആരും തടയാനോ പരാതിപ്പെടാനോ പോവാറില്ല. തല പോവുന്നതിലും വലുതല്ലല്ലോ വല്ലവന്റേം നിലം നികത്തുന്നത്. ഇവിടെ ഇത് പതിവ് സംഭവമാണ്.’ ഹരിപ്പാട് സ്വദേശിയായ അബൂബക്കര്‍ പറയുന്നു.

കായലിനോടും ആറുകളോടും ചേര്‍ന്ന സ്ഥലങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനിടെ മൂന്നിരട്ടി വരെ വില വര്‍ധിച്ചു. ഒരു സ്ഥലം ഒരു വര്‍ഷത്തിനിടെ ഏഴ് പേരുടെ കൈമറിഞ്ഞ് പോയ സംഭവം വരെയുണ്ട്. ഈ സ്ഥലങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ പിടിമുറുക്കി തുടങ്ങിയിട്ട് കാലമേറെയായി. ഇതിനുള്ള സഹായ സഹകരണങ്ങള്‍ ചെയ്ത് കൊടുക്കുകയെന്നതും പ്രദേശത്തെ ഗുണ്ടകളുടെ ജോലികളില്‍ പെടുന്നു. നിലം നികത്തിയാലും കുഴിച്ചാലും കായല്‍ കയ്യേറി റിസോര്‍ട്ടും കെട്ടിടങ്ങളും പണിതാലും നാട്ടുകാരില്‍ നിന്ന് എതിര്‍പ്പിന്റെ ഒരു ശബ്ദം പോലും പുറത്തുവരാതിരിക്കാന്‍ ഇവര്‍ തങ്ങളാലാവുന്നത് ചെയ്യും.

മണല്‍ ഗുണ്ടകള്‍
ആവശ്യക്കാരേറെയുള്ള കായല്‍ മണലും ആറ്റുമണലും- ഇതുമായി ബന്ധപ്പെട്ടാണ് ഗുണ്ടാസംഘങ്ങളുടെ അടുത്ത പ്രവര്‍ത്തനം. ആവശ്യനുസരണം മണല്‍ വാരാനും കടത്താനും ഗുണ്ടാ കാവല്‍ ലഭ്യമാണ്. മണല്‍ വാരുന്നയിടത്തും ലോഡ് കയറ്റുന്നയിടത്തും അഞ്ച് വീതം ഗുണ്ടകളെ നിര്‍ത്തിയാണ് ഓപ്പറേഷന്‍. വേണമെങ്കില്‍, പണക്കിഴിയുടെ കനം കൂടുകയാണെങ്കില്‍ മാത്രം, മണല്‍ വാരുന്നതും ചുമട്ടുതൊഴിലാളിയാവാനും വരെ ഇവര്‍ തയ്യാറാണ്. എത്തിക്കേണ്ടിടത്ത് എത്തിക്കും വരെ ഒരു സംഘം ഗുണ്ടകളും മണല്‍ ലോറിയെ അനുഗമിക്കും. ആലപ്പുഴ ജില്ലയ്ക്കകത്തും മറ്റ് ജില്ലകളിലേക്കും ഈ മണല്‍ ലോറികള്‍ പായുക പതിവാണ്. സ്വന്തമായി ടിപ്പര്‍ ലോറിയുള്ള ഗുണ്ടാ സംഘങ്ങള്‍ ആ ലോറിയില്‍ തന്നെ ആവശ്യക്കാരന് മണലെത്തിച്ച് കൊടുക്കും.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ കടല്‍ത്തീരങ്ങളെ സമ്പുഷ്ടമാക്കുന്ന കരിമണലാണ് മറ്റൊരു കനി. കരിമണല്‍ കടത്ത് പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ തീരത്തു നിന്ന് കരിമണല്‍ വ്യാപകമായി കടത്തിക്കൊണ്ട് പോവുന്നതായി നാട്ടുകാര്‍ പറയുന്നു. കോടികള്‍ വിലമതിക്കുന്ന കരിമണല്‍ ശേഖരത്തില്‍ നോട്ടമിട്ടിരിക്കുന്നവരില്‍ വ്യവസായിക പ്രമുഖരും രാഷ്ട്രീയ നേതാക്കളടക്കമുള്ളവരുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ സംസാരം. എന്നാല്‍ രാത്രിയുടെ മറവില്‍ നടക്കുന്ന കരിമണല്‍ കടത്ത് പിടിക്കാന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഗുണ്ടാ ആക്രമണം തന്നെയാണ് ഇവരെ ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നത്. ‘ഇവിടെ നടക്കുന്ന ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണങ്ങളും കൊലപാതകവുമൊന്നും വിരോധം തീര്‍ക്കാന്‍ ചെയ്യുന്നതല്ല. മണല്‍ കടത്ത് പോലെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ പോലും ആരും അങ്ങോട്ടടുക്കാതിരിക്കാന്‍, ഒരു ഭീതി ജനിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ് പലതും. ഗുണ്ടാ സംഘങ്ങളുടെ ഏരിയയാണെന്ന് പറഞ്ഞാല്‍ പിന്നെ അങ്ങോട്ട് ചെല്ലാന്‍ ആരാണെങ്കിലും പേടിക്കും. ഇവിടെ അടുത്ത് നടന്ന ഒരു കൊലപാതകം പോലും അങ്ങനെയായിരുന്നു.’ തൃക്കുന്നപ്പുഴ സ്വദേശിയായ ദേവരാജന്‍ പറഞ്ഞു.

ആലപ്പുഴയിലെ കള്ളില്‍ സ്പിരിറ്റ് ചേര്‍ക്കുന്നവര്‍
ഗുണ്ടാ സംഘങ്ങളുടെ ‘സഹായം’ ഏറെ ആവശ്യപ്പെടുന്ന മറ്റൊന്നാണ് ആലപ്പുഴയിലെ കള്ള് വ്യവസായം. കുട്ടനാട്ടിലെ നാടന്‍ കള്ള് കുടിക്കാനെത്തുന്നവര്‍ക്ക് നല്‍കാനുള്ള സ്പിരിറ്റ് എത്തിച്ചുകൊടുക്കുന്നത് ഈ ഗുണ്ടാസംഘങ്ങളുടെ എസ്‌കോര്‍ട്ടോടെയാണ്. സ്പിരിറ്റ് കടത്ത്, സുരക്ഷിതമായി ഒളിപ്പിക്കല്‍, കള്ള് കലക്കല്‍, കൃത്രിമ കള്ളുത്പാദനം എന്നീ പ്രവൃത്തികളില്‍ നല്ല പ്രതിഫലം വാങ്ങി പങ്കെടുക്കുന്നതിനൊപ്പം എക്‌സൈസ് റെയ്ഡ് ഒഴിവാക്കുക, റെയ്ഡ് നടന്നാല്‍ കൃത്രിമക്കള്ള് പിടിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ അധിക ചുമതലകളും കൂടി ഇവര്‍ നിര്‍വഹിക്കണം. ഇതുവഴി ലക്ഷങ്ങളാണ് ഗുണ്ടാ സംഘങ്ങള്‍ കൈപ്പറ്റുന്നത്. കായംകുളം, ഹരിപ്പാട് പ്രദേശങ്ങളിലാണ് വ്യാജക്കള്ള് നിര്‍മ്മാണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ പ്രദേശങ്ങളിലുള്ള ഗുണ്ടാസംഘങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവിന് ഇതും കാരണമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അതിര്‍ത്തി തര്‍ക്കവും വഴിപ്രശ്‌നങ്ങളും ഡീല്‍ ചെയ്യുന്ന ‘നല്ല’ ഗുണ്ടകള്‍ 
പിന്നെ ചില ‘നല്ല’ ഗുണ്ടകളുണ്ട്. തെങ്ങ് വെട്ടിക്കൊടുക്കും, അതിര്‍ത്തി തര്‍ക്കവും വഴിപ്രശ്‌നങ്ങളും പരിഹരിക്കും. പണ്ട് രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും ചെയ്തിരുന്ന നാട്ടുകാര്യങ്ങള്‍ ഇപ്പോള്‍ ഇക്കൂട്ടരാണ് ചെയ്യുന്നത്. ആവശ്യക്കാര്‍ ആരാണെങ്കിലും സിറ്റിങ് ഒന്നിന് അയ്യായിരം രൂപ ചുരുങ്ങിയത് നല്‍കണമെന്ന് മാത്രം. കായംകുളത്ത് ഈയിടെ നടന്ന സംഭവം ഉദാഹരണമാണ്. ഫ്ലക്സുകളും ഹോര്‍ഡിങ്ങുകളും വയ്ക്കുന്ന ഒരു കരാറുകാര്‍ സ്ഥലത്തെ പ്രധാന ഗുണ്ടയ്ക്ക് ഒരു ക്വട്ടേഷന്‍ നല്‍കി. അയാള്‍ ഫ്ലക്‌സ് വയ്ക്കുന്ന സ്ഥലത്തിനടുത്ത് ഒരു തെങ്ങുണ്ട്. ഈ തെങ്ങ് നില്‍ക്കുന്നതു കൊണ്ട് ഫ്ലക്‌സ് ബോര്‍ഡ് ആരും ശ്രദ്ധിക്കുന്നില്ല. തെങ്ങിന്റെ അവകാശികളോട് വെട്ടിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. അയാള്‍ ഉടനെ പരാതിയുമായി ഗുണ്ടാസംഘത്തലവനെ കണ്ടു. അന്ന് രാത്രി തെങ്ങ് നില്‍ക്കുന്ന പുരയിടത്തിന്റെ ഉടമസ്ഥനെ ഗുണ്ടാത്തലവനടക്കമുള്ള നാല് പേര്‍ ചെന്നു കണ്ടു. ഒന്നുകില്‍ നിങ്ങള്‍ വെട്ടുക, അല്ലെങ്കില്‍ ഞങ്ങള്‍ വെട്ടും. ഇതിലേത് വേണമെന്ന് തീരുമാനിക്കൂ എന്ന് മാത്രമേ ഗുണ്ടാത്തലവന്‍ പറഞ്ഞുള്ളൂ. പിറ്റേന്ന് ആ തെങ്ങ് അവിടെയുണ്ടായിരുന്നില്ല.

കൊച്ചിയില്‍ പണി നടത്താന്‍ പോകുന്നവര്‍
എറണാകുളം നഗരത്തിലെ ഗുണ്ടാ സംഘങ്ങള്‍ ഇപ്പോള്‍ ‘വേറെ ലെവലിലാണ്’ എന്നാണ് ആലപ്പുഴയിലെ ഗുണ്ടാസംഘത്തില്‍ പെട്ട ഒരാള്‍ പറയുന്നത്. ‘അവര്‍ ചെറിയ അടിപിടി കേസിനൊന്നും ഇപ്പോള്‍ പോവുന്നില്ല. വലിയ അധോലോക കളികളാണ്. അവിടെ ഒരു ചെറിയ ‘പണി’ നടത്തണമെങ്കില്‍ ഞങ്ങള്‍ ഇവിടുന്ന് വണ്ടീം വിളിച്ച് പോവും. ‘പണി നടത്താന്‍’ പോവുന്നവരേക്കാള്‍ കാണാന്‍ പോവുന്നവരായിരിക്കും വണ്ടിയില്‍ കൂടുതലും. ഞങ്ങള്‍ പാട്ടും കൂത്തുമൊക്കെയായി ആഘോഷിച്ച് പോകും.’ കരുവാറ്റ സ്വദേശിയായ ഇയാള്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്. കുറ്റപത്രം നല്‍കുന്നതിലുള്ള പോലീസ് അനാസ്ഥ മൂലം കൊലക്കേസ് പ്രതികള്‍ക്ക് പോലും 90 ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കുകയാണ്. കരുവാറ്റ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സജീവമായ ഗുണ്ടാം സംഘാംഗങ്ങള്‍ പലരും വിവിധ കേസുകളില്‍ പ്രതികളാണ്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള നടപടി പോലീസ് മനഃപൂര്‍വം നീട്ടിക്കൊണ്ട് പോവുകായെണെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്കുള്ളത്. ’90 ദിവസം കഴിഞ്ഞ് പുറത്തിറങ്ങിയ ഒരു ഗുണ്ടാ നേതാവ് ‘ഞാന്‍ വീണ്ടും വന്നു. നിന്നോടൊക്കെ എണ്ണം പറഞ്ഞ് കണക്ക് തീര്‍ക്കാന്‍’ എന്ന് ഫ്ലക്‌സ് വരെ ഇവിടെ വച്ചു. എന്നിട്ടും പോലീസ് അനങ്ങിയതേയില്ല.’ കായംകുളം സ്വദേശിയായ റിയാസ് കോയ പറയുന്നു.

ഹരിപ്പാട്, കരുവാറ്റ പോലീസ് സ്‌റ്റേഷനുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് ഗുണ്ടകളുടെ എണ്ണം കൂടുതല്‍. ഗുണ്ടാ സംഘങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞയിടെ ചുമതപ്പെടുത്തിയ ഹരിപ്പാട് സിഐ ടി. മനോജിന് പറയാനുള്ളത് ഇതാണ്: ‘ആലപ്പുഴയില്‍ ക്വട്ടേഷന്‍ സംഘങ്ങളില്ല. മാധ്യമങ്ങള്‍ ആ പദം ഉപയോഗിച്ച് അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതാണ്. ഇവിടെയുള്ളത് സാമൂഹ്യ വിരുദ്ധരാണ്. പ്രത്യേകിച്ച് ഒരു കാര്യവും ഉണ്ടാവണമെന്നില്ല. മണല്‍ കടത്ത്, നിലംനികത്തല്‍, സ്പിരിറ്റ് കടത്തല്‍ ഇതെല്ലാം വഴി ഗുണ്ടാ സംഘങ്ങള്‍ക്ക് വന്‍തോതില്‍ പണം ലഭിക്കുന്നുണ്ട്. പണവും മദ്യവുമുണ്ടെങ്കില്‍ ഇവര്‍ സ്വാഭാവികമായും സാമൂഹ്യ വിരുദ്ധരായി മാറും. ശക്തമായ പോലീസിങ് സംവിധാനങ്ങളുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സുരക്ഷിതരായി ജീവിക്കാനാവും.’

(മാധ്യമ പ്രവർത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍