TopTop
Begin typing your search above and press return to search.

അയര്‍ലന്‍ഡിന് ഏപ്രില്‍ മുതല്‍ പാല്‍ സ്വാതന്ത്ര്യം

അയര്‍ലന്‍ഡിന് ഏപ്രില്‍ മുതല്‍ പാല്‍ സ്വാതന്ത്ര്യം

വിറ്റ്‌നി മാക്‌ഫെറോന്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഡബ്ലിനില്‍ സ്ഥിതി ചെയ്യുന്ന അയര്‍ലന്‍ഡിന്റെ കാര്‍ഷിക വകുപ്പ് ഓഫീസില്‍ സ്ഥാപിച്ച ഒരു ഫ്‌ളാറ്റ് ടിവി സ്‌ക്രീനിലെ ഡിജിറ്റല്‍ ക്ലോക്കില്‍ ഏപ്രില്‍ ഒന്ന് വരെയുള്ള നിമിഷങ്ങള്‍ കൗണ്ട് ഡൗണ്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

മൂന്ന് ദശാബ്ദങ്ങളായി യൂറോപ്പിന്റെ ക്ഷീരമേഖലയുടെ വികാസത്തെ പരിമിതപ്പെടുത്തിയ ഉത്പാദന നിയന്ത്രണം യൂറോപ്യന്‍ യൂണിയന്‍ ആ ദിവസം എടുത്തു മാറ്റുകയാണ്. ഇതിനെ ക്ഷീര സ്വാതന്ത്ര്യ ദിനമെന്നു തന്നെ വിളിക്കാം. 2010 മുതല്‍ ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു അയര്‍ലന്‍ഡ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ക്ഷീരോത്പാദകരാകുവാന്‍, കമ്പനികളും കര്‍ഷകരും സര്‍ക്കാരും കോടിക്കണക്കിന് യൂറോയാണ് കൂടുതല്‍ സംസ്‌കരണ പ്ലാന്റുകള്‍ക്കായും ഉപകരണങ്ങള്‍ക്കായും പശുക്കള്‍ക്കായും ചെലവാക്കിയിരിക്കുന്നത്.

ആഗോള തലത്തില്‍ പാല്‍ മിച്ചം വരുന്നത് കാരണം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ക്ഷീരോത്പന്നങ്ങള്‍ക്കുള്ളതെങ്കിലും മരതക ദ്വീപെന്ന് അറിയപ്പെടുന്ന അയര്‍ലന്‍ഡിലെ കര്‍ഷകര്‍ വിപുലീകരണ പദ്ധതികളുമായി മുന്നേറാനുള്ള തീവ്ര ശ്രമത്തിലാണ്. ഇഷ്ടം പോലെ മഴ ലഭിക്കുന്ന കാലാവസ്ഥയും മേച്ചില്‍പുറങ്ങള്‍ നിറഞ്ഞ ഗ്രാമപ്രദേശങ്ങളും അവരെ ഏറ്റവും കുറഞ്ഞ ചെലവില്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറിക്കഴിഞ്ഞിട്ടില്ലാത്ത രാജ്യത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10,000 തൊഴില്‍ സൃഷ്ടിക്കാന്‍ ഈ വര്‍ദ്ധിച്ച ഉത്പാദനം സഹായിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്, ഇതില്‍ നാലായിരത്തോളം കാര്‍ഷികരംഗത്ത് നിന്നാകും.

''അയര്‍ലന്‍ഡിനെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്.'' ഡബ്ലിനില്‍ വെച്ച് നടന്ന ഒരു അഭിമുഖത്തില്‍ കൃഷി മന്ത്രി സൈമണ്‍ കവനേയ് പറഞ്ഞു. ''പാലുത്പാദനം കാര്യമായി തന്നെ കൂട്ടാനുള്ള കഴിവ് നമ്മുടെ കുറേയധികം കര്‍ഷകര്‍ക്കുണ്ട്.''

ഇപ്പോഴത്തെ സ്ഥിതിയില്‍ അയര്‍ലന്‍ഡിലെ ക്ഷീര വ്യവസായത്തിന്റെ വളര്‍ച്ച ആഗോള സംഭരണത്തെ വലിയ രീതിയില്‍ ബാധിക്കാനിടയില്ല. 2020 വരെയുള്ള ദശാബ്ദത്തിനിടയില്‍ രാജ്യത്തിന്റെ വാര്‍ഷിക ഉത്പാദനം 50 ശതമാനത്തിന്റെ കുതിപ്പ് നേടി 750 കോടി ലിറ്ററിലെത്തുമെന്നാണ് കവനെയ് കണക്കുകൂട്ടുന്നത്. ലോകത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദകരായ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ പശുക്കളില്‍ നിന്ന് ഒരു മാസം കിട്ടുന്ന അത്രയുമാണത്. കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ വിസ്‌കോന്‍സിന്‍ സംസ്ഥാനം മാത്രം ഉത്പാദിപ്പിച്ചതിനേക്കാള്‍ കുറവുമാണ് ഈ അളവ്.

എന്നാല്‍ അതൊന്നും തന്നെ അയര്‍ലന്‍ഡിലെ ക്ഷീരമേഖലയെക്കുറിച്ചുള്ള പ്രതീക്ഷകളെ ഇല്ലാതാക്കുന്നില്ല. ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനുമാണ് യൂറോപ്പിലെ വലിയ ഉത്പാദകരെന്നിരിക്കിലും ഉത്പാദന പരിധി നീക്കുന്നതിലൂടെ അയര്‍ലന്‍ഡാണ് ഏറ്റവും ഗുണമുണ്ടാക്കാന്‍ പോകുന്നത്. അയര്‍ലന്‍ഡ് സംഭരിക്കുന്നതിന്റെ 90 ശതമാനവും കയറ്റി അയക്കുകയാണ്, ഫലത്തില്‍ ബാക്കിവരുന്ന പാല്‍ മുഴുവന്‍ വിദേശങ്ങളില്‍ വിറ്റു പോകും.

കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ അയര്‍ലന്‍ഡിന്റെ ക്ഷീരമേഖലയിലെ പശുക്കളുടെ എണ്ണത്തില്‍ 6.4 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. യൂറോസ്റ്റാറ്റിന്റെ സ്ഥിതിവിവരക്കണക്കനുസരിച്ച് യൂണിയനില്‍ ഉള്‍പ്പെടുന്ന 28 രാജ്യങ്ങളിലെ ഏറ്റവും വേഗമേറിയ നേട്ടമാണിത്. യൂറോപ്യന്‍ യൂണിയന്റെ പിഴ ഒഴിവാക്കാനായി പശുക്കളെ ദിവസവും രണ്ടു നേരം കറക്കുന്നതിന് പകരം ഒരു നേരം കറക്കുകയോ അല്ലെങ്കില്‍ കറക്കാതിരിക്കുകയോ ചെയ്തുകൊണ്ടിരുന്ന കര്‍ഷകരില്‍ നിന്ന് നിലവിലെ നിയന്ത്രണം ഇല്ലാതാകുന്നതോടെ കൂടുതല്‍ പാല്‍ സംഭരിക്കാമെന്ന് ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ഡയറി കമ്മിറ്റി ചെയര്‍മാന്‍ സീന്‍ ഓലിയറി പറയുന്നു.''കൂടാതെ മികച്ച രീതിയില്‍ പശുക്കളെ വളര്‍ത്തുന്നതിനും പുല്‍പ്രദേശങ്ങളെ കാര്യക്ഷമമായി പരിപാലിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്, പാല്‍ ഉത്പാദനം കൂട്ടാനും കര്‍ഷകര്‍ ഇപ്പോള്‍ കൂടുതല്‍ സ്വതന്ത്രരാണ്'', ഐറിഷ് ഡയറി ബോര്‍ഡിലെ സാമ്പത്തിക കാര്യ വിദഗ്ധന്‍ മാര്‍ക് ഫാഹര്‍ട്ടി പറഞ്ഞു. കെറിഗോള്‍ഡ് വെണ്ണയുടെ നിര്‍മാതാക്കളായ ഐറിഷ് ഡയറി ബോര്‍ഡാണ് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പന്നങ്ങള്‍ രാജ്യത്ത് നിന്ന് കയറ്റി അയക്കുന്നത്.

''ഏപ്രില്‍ ഒന്നാകുന്നതോടെ വളരെ വേഗത്തിലുള്ള വളര്‍ച്ചയായിരിക്കും ഞങ്ങള്‍ രേഖപ്പെടുത്താന്‍ പോകുന്നത്.'' ഡബ്ലിനില്‍ വെച്ച് നടന്ന അഭിമുഖത്തില്‍ ഫാഹെര്‍ട്ടി പറഞ്ഞു. ''ഉത്പാദന പരിധി എന്നത് തുടക്കം മുതലേ അടിച്ചേല്‍പ്പിച്ച ഒന്നായിരുന്നു. എന്നാല്‍ അന്ന് തൊട്ട് കാര്‍ഷികരംഗത്തിന്റെ ഉത്പാദനക്ഷമതയില്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.''

1984ല്‍ മിച്ചമായ പാല്‍ സര്‍ക്കാര്‍ ശേഖരിക്കുന്നതിന് നിശ്ചിത പരിധി ഏര്‍പ്പെടുത്തി പാല്‍ വില സ്ഥിരപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത് കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു. എന്നാല്‍ പകരം അത് അമിതോത്പാദനത്തിലേക്കാണ് നയിച്ചത്. 2009 തൊട്ടുള്ള വാണിജ്യ വര്‍ഷങ്ങളില്‍, ഉത്പാദന പരിധി ഓരോ വര്‍ഷവും 1 ശതമാനം വെച്ച് കൂട്ടി ഉയര്‍ന്ന പരിധി എടുത്തുമാറ്റാനുള്ള ശ്രമമാണ് യൂറോപ്യന്‍ യൂണിയന്‍ നടത്തിക്കൊണ്ടിരുന്നത്.

2014 ഫെബ്രുവരിയിലെ കണക്കില്‍ നിന്നും 34 ശതമാനം താഴ്ചയാണ് ആഗോള തലത്തില്‍ പാല്‍വിലക്കുണ്ടായതെങ്കിലും, വരുമാനം കൂടുന്നതിനൊപ്പം ആവശ്യങ്ങളും വര്‍ധിച്ചതോടെ 2010 തൊട്ടുള്ള ശരാശരി കഴിഞ്ഞ ദശാബ്ദത്തേക്കാള്‍ 60 ശതമാനത്തോളം കൂടുതലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ കാണിക്കുന്നത്.

"നിശ്ചിത വിഹിതം മാറുന്നത് ഏറ്റവുമധികം ഉപയോഗപ്പെടുത്താന്‍ പോകുന്ന വളരെ കുറച്ച് രാജ്യങ്ങളില്‍ ഒന്ന് അയര്‍ലന്‍ഡാകും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഉത്പാദനം ഈ വര്‍ഷം 1 ശതമാനം വര്‍ധിച്ച് 16 കോടി മെട്രിക് ടണ്ണിന് മേലെ എത്തുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ കണക്കാക്കുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളും, പ്രത്യേകിച്ച് തെക്കന്‍ പ്രദേശങ്ങളില്‍ അവര്‍ക്ക് അനുവദിച്ചതിനേക്കാളും കുറവാണ് ഉത്പാദിപ്പിക്കുന്നത്, അവിടെ നിന്നുള്ള ഉത്പാദനം കൂടാനുള്ള സാധ്യതയുമില്ല." റാബോബാങ്ക് ഇന്റര്‍നാഷണലിലെ സീനിയര്‍ ഡയറി അനലിസ്റ്റ് കെവിന്‍ ബെല്ലമി പറയുന്നു.

നെതര്‍ലന്‍ഡ്‌സും ഫ്രാന്‍സും ബെല്‍ജിയമും ഡെന്‍മാര്‍ക്കും ബ്രിട്ടനും ജര്‍മ്മനിയും ഉത്പാദനം കൂട്ടുമായിരിക്കും. എന്നാല്‍ അയര്‍ലന്‍ഡിന്റെ അത്രയും വേഗത്തില്‍ ആകില്ല, അദ്ദേഹം പറഞ്ഞു. ധാന്യങ്ങളും സോയാബീനും ഭക്ഷിച്ച് കൂടുതല്‍ സമയവും അകത്ത് ചെലവഴിക്കുന്ന വടക്കന്‍ യൂറോപ്പിലെ ഹോല്‍സ്‌റ്റെയിന്‍ വിഭാഗത്തില്‍പ്പെട്ട പശുക്കളെക്കാളും സ്വതവേ ചെറുതും ഏത് സാഹചര്യത്തിലും അതിജീവിക്കുന്നവയുമാണ് അയര്‍ലന്‍ഡിലെ പശുക്കള്‍.

''പുല്ലുള്ളത് കൊണ്ടും പശുക്കളെ ദീര്‍ഘനേരം പുറത്ത് വിടുന്നത് കൊണ്ടും, യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ പറ്റുന്ന സ്ഥലമാണ് അയര്‍ലന്‍ഡ്'', ബെല്ലമി പറഞ്ഞു. ''നിങ്ങള്‍ക്ക് വീണ്ടും ജനിക്കണമെന്നുണ്ടെങ്കില്‍, ഒരു ഡച്ച് പശുവായിട്ട് വരൂ, കാരണം ആഡംബര പൂര്‍ണമായ സൗകര്യങ്ങളില്‍ കേന്ദ്രീകൃത ഹീറ്റിങ് സംവിധാനമുള്ളിടത്താണ് അവയുടെ വാസം. ''2014നെ അപേക്ഷിച്ച് യൂറോപ്യന്‍ യൂണിയനിലെ ശരാശരി പാല്‍ വില ജനുവരിയില്‍ 21 ശതമാനം കുറവാണെങ്കിലും, ഡച്ച് ഫെഡറേഷന്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്റ് ഹോര്‍ട്ടികള്‍ച്ചറിനെ സംബന്ധിച്ച് വിലക്കുറവ് കൈകാര്യം ചെയ്യാനാകും. പാല്‍പ്പൊടിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായ ചൈനയില്‍ ആവശ്യം കുറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് വിതരണം കൂട്ടാന്‍ പോകുന്നത്. വെണ്ണയുടെയും ചീസിന്റെയും ഏറ്റവും വലിയ ഉപഭോക്താവായ റഷ്യ, തങ്ങളുടെ യുക്രെയ്‌നിലെ ഇടപെടലിന് മേലുണ്ടായ നടപടിയോടുള്ള പ്രതികരണമെന്നവണ്ണം യുറോപ്യന്‍ യൂണിയനുമായി കച്ചവടം വിലക്കിയിരിക്കുകയാണ്.

"ഒരു കിലോഗ്രാം പാലിന് ശരാശരി 33 യൂറോ സെന്റാണ് യൂറോപ്യന്‍ യൂണിയന്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത്, അത് യൂറോപ് ഭൂഖണ്ഡത്തിലെ മിക്ക ഉത്പാദകര്‍ക്കും ചെലവാക്കിയ തുക തിരിച്ചു പിടിക്കാനെ തികയുകയുള്ളു>" ഫാഹര്‍ട്ടി പറഞ്ഞു. ''അയര്‍ലന്‍ഡിലെ കര്‍ഷകര്‍ക്ക് 28 സെന്റ് ലഭിച്ചാല്‍ തന്നെ ലാഭമുണ്ടാക്കാന്‍ കഴിയും.''

പാല്‍പ്പൊടിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ന്യൂസിലന്‍ഡിലേക്ക് ഒരു കണ്ണ് വെച്ചുകൊണ്ടാണ് അയര്‍ലന്‍ഡിന്റെ വളര്‍ച്ച. പുല്ലുകള്‍ക്ക് അനുയോജ്യമായ തണുത്തതും മഴ ധാരാളം ലഭിക്കുന്നതുമായ കാലാവസ്ഥയാണ് രണ്ടു ദ്വീപ് രാജ്യങ്ങള്‍ക്കും. യൂറോപ്യന്‍ യൂണിയന്‍ ഉത്പാദനത്തിന് നിശ്ചിത പരിധി ഏര്‍പ്പെടുത്തുന്നതിന് മുമ്പ് അയര്‍ലന്‍ഡും ന്യൂസിലന്‍ഡും ഒരേ അളവിലാണ് പാല്‍ ഉത്പാദിപ്പിച്ചു കൊണ്ടിരുന്നതെന്ന് കൃഷി മന്ത്രി കവാനേയ് പറഞ്ഞു.

കമ്പനികള്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഗ്ലാന്‍ബിയ 235 മില്ല്യണ്‍ യൂറോയാണ് വികസന പദ്ധതികള്‍ക്കായി ചെലവാക്കുന്നത്. ബെല്‍വ്യൂവില്‍ ഈയിടെ അവര്‍ കയറ്റി അയക്കാനുള്ള പാല്‍പ്പൊടി ഉണ്ടാക്കാനുള്ള സജ്ജീകരണങ്ങളും നടത്തിക്കഴിഞ്ഞു.

അത്തരത്തിലെ കമ്പനികള്‍ക്ക് ബാക്കിയുള്ള പാല്‍ നല്‍കാന്‍ കര്‍ഷകര്‍ തയ്യാറാകും, ഓലെയ്‌റി പറഞ്ഞു. കൗണ്ടി കോക്കിലെ മോണ്‍ അബ്ബേയില്‍ രണ്ട് വര്‍ഷം മുമ്പ് വരെ സ്വന്തമായി 80 പശുക്കള്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 120 ആക്കി കൂട്ടിയിരിക്കുകയാണ് ഓലെയ്‌റി.

ഈ രംഗത്തുള്ളവര്‍ക്ക് തങ്ങളുടെ വ്യവസായം വളര്‍ത്താന്‍ പറ്റാത്ത സാഹചര്യം യൂറോപ്യന്‍ യൂണിയനിലുണ്ടായിരുന്നെന്നും ഓലെയ്‌റി പറഞ്ഞു. തന്റെ കാളകളെ വിറ്റ് കൂടുതല്‍ പശുക്കളെ വാങ്ങിച്ച് ഈ വര്‍ഷം 60 ശതമാനത്തോളം കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ''നമ്മള്‍ അതിനും അപ്പുറത്തേക്കെത്തിയിരിക്കുന്നു. ഭാവിയെക്കുറിച്ച് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ശുഭപ്രതീക്ഷയുണ്ട്.''


Next Story

Related Stories