TopTop
Begin typing your search above and press return to search.

ജര്‍മനീ, ഇത് വര്‍ണവെറിയോ അതോ വെറും തമാശയോ?

ജര്‍മനീ, ഇത് വര്‍ണവെറിയോ അതോ വെറും തമാശയോ?

ആന്തണി ഫയോല
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

അവര്‍ ഇപ്പോള്‍ തന്നെ ഇതിനെ 'ഗൗച്ചോ നൃത്തം' എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ലോകകപ്പ് കിരീടം ജര്‍മനിയിലേക്ക് കൊണ്ട് വന്നതിന് വഴിയുണ്ടാക്കിയ ആ സല്‍പ്പേര് ഒരു പരിധിയെങ്കിലും ബര്‍ലിനിലെ ഒരു സ്റ്റേജില്‍ ഏതാനും നിമിഷം കൊണ്ട് ജര്‍മന്‍ ദേശീയ ഫുട്ബോള്‍ ടീം നഷ്ടമാക്കി. അവരെ സ്വീകരിക്കുന്നതിനായി തെരുവില്‍ ഇറങ്ങിയ ആയിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ വിജയശ്രീലാളിതരായ ആറ് കളിക്കാര്‍ 'ഗൗച്ചോ നൃത്തം' അവതരിപ്പിച്ചു.

ഈ നൃത്തത്തിലൂടെ ജര്‍മന്‍കാരും അര്‍ജന്റീനക്കാരും തമ്മിലുള്ള വ്യത്യാസം അവതരിപ്പിക്കുകയായിരുന്നു ജര്‍മന്‍ ടീമംഗങ്ങള്‍.'ഗൗച്ചോകള്‍ ഇങ്ങനെയാണ് നടക്കുന്നത്, ഗൗച്ചോകള്‍ ഇങ്ങനെ നടക്കുന്നു,' തെക്കെ അമേരിക്കക്കാരെ കൂനന്മാരും കുള്ളന്മാരും ചെറിയ ആള്‍ക്കാരുമായി കളിയാക്കിക്കൊണ്ട് ജര്‍മന്‍കാര്‍ മന്ത്രിച്ചു.

അടുത്തത് ജര്‍മന്‍കാരുടെ വരവായിരുന്നു. 'ഇങ്ങനെയാണ് ജര്‍മന്‍കാര്‍ നടക്കുന്നത്, ജര്‍മന്‍കാര്‍ ഇങ്ങനെ നടക്കുന്നു.' നട്ടെല്ല് നിവര്‍ത്തി, പൊക്കത്തില്‍, അഭിമാനത്തോടെ. ഉന്നതര്‍?

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ദേശസ്‌നേഹം എന്ന വാക്കിനോട് പോലും ഏറെ അസഹിഷ്ണുത പുലര്‍ത്തുന്ന ഒരു രാജ്യത്ത് അത് മടങ്ങി വരുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളെ കുറിച്ചുള്ള പരാമര്‍ശം പോലും സ്‌ഫോടനാത്മകമാണ്. സെമിഫൈനലില്‍ ബ്രസീലിനെ 7-1ന് തകര്‍ത്ത വിജയത്തിന് ശേഷം തങ്ങളുടെ പക്വത നിലനിറുത്തുന്നതില്‍ ജര്‍മ്മനി പൊതുവില്‍ വിജയിച്ചു. എന്നാല്‍ പൊതുസ്വീകരണസ്ഥലത്തെ അവരുടെ പ്രകടനം വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നതിനും കടുത്ത രോഷത്തിനും പ്രത്യക്ഷത്തില്‍ വര്‍ണവെറി എന്ന ആരോപണത്തിനും ഇടയാക്കിയിരിക്കുകയാണ്.

നാസി പട്ടാളത്തിന്റെ പ്രസിദ്ധമായ 'ഗൂസ് സ്റ്റെപ്പിംഗി' ലേക്ക് ട്വിറ്ററില്‍ ലിങ്ക് കൊടുത്തിട്ട് സെബാസ്റ്റിയന്‍ കാവ്ക എന്ന ആള്‍ ഇങ്ങനെ അടിക്കുറിപ്പെഴുതി, 'ഇങ്ങനെയാണ് ജര്‍മന്‍കാര്‍ നടക്കുന്നത്, ജര്‍മന്‍കാര്‍ ഇങ്ങനെ നടക്കുന്നു.'ജര്‍മനിയിലെ ദേ റ്റാഗെസെയ്തുങ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍സ് പോള്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു;' ഇത് അവരുടെ യഥാര്‍ത്ഥ മുഖം കാണിക്കുന്നു: ഇങ്ങനെയാണ് ഗൗച്ചോകള്‍ നടക്കുന്നത്… ഇത് ഒരു വലിയ അപമാനമാണ്.'

മറ്റൊരു പത്രമായ ഫ്രാങ്ക്ഫ്രട്ടെര്‍ അല്ലെജെമെയ്ന്‍ സെയ്തുങ് എഡിറ്റോറിയലില്‍ ഇങ്ങനെ എഴുതി: 'ഈ വിജയത്തോട് ജര്‍മന്‍കാര്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നതിന്‍റെ ബിംബമായി ഈ ചിത്രങ്ങള്‍ മാറുന്നത് അര്‍ജന്റീനയില്‍ മാത്രമായിരിക്കില്ല. ടീമിന്റെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ആഴ്ചകളോളം ‘പുതിയ ജര്‍മനി’യെക്കുറിച്ച് കേള്‍ക്കുമായിരുന്നതെല്ലാം ഇനി അപമാനങ്ങളായി മാറിയേക്കാം.'

തീര്‍ച്ചയായും അമ്മൂമ്മയുടെ സാന്നിധ്യത്തില്‍ പാടാന്‍ സാധിക്കാത്ത വിധത്തിലുള്ള വാക്കുകള്‍ കലര്‍ന്ന പാട്ടുകള്‍ ഉത്തേജിപ്പിക്കുന്ന ഒരു ഉപസംസ്‌കാരമായ ഫുട്ബോള്‍ എന്ന കായിക വിനോദം മാത്രമാണിത്. ഒരു മിശ്ര സൗഹൃദ സദസില്‍ നിങ്ങള്‍ പാടാന്‍ ആഗ്രഹിക്കാത്ത ഒരു ചെറു ഗാനം അര്‍ജന്റീനക്കാര്‍ ബ്രസീലിനെതിരായി നിര്‍മിക്കുകയും ചെയ്തിരുന്നു.

അതേസമയം, ട്വിറ്ററിലൂടെയും അല്ലാതെയും ജര്‍മനിയിലെമ്പാടും നിരവധി ശബ്ദങ്ങള്‍ ഒരു ദേശീയ ആഘോഷസമയത്ത് ആഹ്ലാദചിത്തരായ ഒരു പറ്റം യുവാക്കള്‍ നടത്തിയ ആഘോഷ നൃത്തത്തെ കര്‍ശന വിലയിരുത്തലുകള്‍ക്ക് വിധേയമാക്കുന്നതിനെ വിമര്‍ശിക്കുന്നുണ്ടായിരുന്നു.

യാഥാസ്ഥിതിക വാദികളായ ബില്‍ഡ് ടാബ്ലോയ്ഡ് ദേശീയ ടീമിനെ ഇങ്ങനെ പ്രചോദിപ്പിച്ചു: 'ഗൗച്ചോ നൃത്തത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ജര്‍മന്‍ സ്വഭാവ സവിശേഷതയുടെ ഭാഗമാണ്. എന്നാല്‍ ഇതിനെ ഒരു വിവാദമാക്കി മാറ്റുന്നത് അര്‍ത്ഥശൂന്യവും ഇടുങ്ങിയ ചിന്തയും ഫലിതരാഹിത്യവും മൊത്തത്തില്‍ അനവസരത്തിലുള്ളതുമാണ്! കായിക മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്ന പ്രവൃത്തികളാണ് ജര്‍മന്‍ ദേശീയ ടീമില്‍ നിന്നും ഉണ്ടായത്....ജര്‍മനി ലോകചാമ്പ്യന്മാര്‍ ജര്‍മനിയുടെ നയതന്ത്ര പ്രതിനിധികളായി സ്വയം പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഗൗച്ചോ നൃത്തത്തിന് അതിനെ മാറ്റി മറിക്കാനാവില്ല.'

ജര്‍മ്മന്‍ ലോംഗ് ജമ്പ് താരം ക്രിസ്റ്റ്യന്‍ റെയ്ഫ് ഇങ്ങനെ ട്വീറ്റ് ചെയ്തു: 'ബലം പിടിക്കല്ലേ ജര്‍മ്മനി.'

'വൈകാരികവും ആഹ്ലാദകരവുമായ ഒരു നിമിഷത്തില്‍ കളിക്കാരുടെ മനസില്‍ സ്വയം പൊട്ടിവിടര്‍ന്ന ആശയമാണത്. അവരെല്ലാവരും തീര്‍ത്തും മാന്യരും മര്യാദക്കാരുമായ കായിക താരങ്ങളാണ്. അവര്‍ക്ക് ആരെയും കളിയാക്കാന്‍ കഴിയില്ല. ആരാധകരുമായി ഉത്സാഹത്തോടെ വിജയാഘോഷം നടത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അത് മറ്റൊരു രീതിയില്‍ മനസിലാക്കപ്പെടുകയും ചിലരെങ്കിലും തെറ്റിധരിക്കുകയും ചെയ്‌തെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.'

'ഈ പ്രവര്‍ത്തി ഒരു കാരണവശാലും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്ന് കാണിച്ച് എന്റെ അര്‍ജന്റീനന്‍ സഹപ്രവര്‍ത്തകനായ ജൂലിയോ ഗ്രോണ്‍ഡോണയ്ക്ക് ഞാന്‍ കത്തെഴുതുന്നുണ്ട്. ഞങ്ങള്‍ അര്‍ജന്റീനയെ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. അവിടുത്തെ ഫുട്ബോള്‍ അസോസിയേഷനുമായി വളരെ നല്ല ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്. മാത്രമല്ല അടുത്ത് തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ഡ്യൂസെല്‍ഡോര്‍ഫില്‍ നടക്കാനിരിക്കുന്ന മത്സരത്തെ വളരെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.'

പക്ഷെ ഇപ്പോഴും ടീമിന്റെ ആഘോഷങ്ങള്‍ ആ ചുവന്ന വര കടന്നു എന്ന് വിചാരിക്കുന്നവരാണ് അധികവും.

അടിക്കുറിപ്പ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പുല്‍മേടുകളില്‍ പാര്‍ത്തിരുന്ന ആട്ടിടയന്മാരെയാണ് ഗൗച്ചോകള്‍ എന്ന് വിശേഷിപ്പിച്ചിരുന്നത്. അവര്‍ അമേരിക്കയിലെ കൗബോയികള്‍ക്ക് സമാനരാണെന്ന് വിക്കിപ്പീഡിയ പറയുന്നു.


Next Story

Related Stories