TopTop
Begin typing your search above and press return to search.

നിയമവകുപ്പ് ആവശ്യപ്പെട്ടിട്ടും സെന്‍കുമാറിന്റെ നിയമനം വൈകുന്നു; പോലീസില്‍ നാഥനില്ലാക്കളി

നിയമവകുപ്പ് ആവശ്യപ്പെട്ടിട്ടും സെന്‍കുമാറിന്റെ നിയമനം വൈകുന്നു; പോലീസില്‍ നാഥനില്ലാക്കളി

സംസ്ഥാന പോലീസ് മേധാവിയായി ടിപി സെന്‍കുമാറിനെ നിയമിക്കുന്നതില്‍ തുടരുന്ന അനിശ്ചിതാവസ്ഥ പോലീസില്‍ കടുത്ത പ്രതിസന്ധിക്ക് കാരണമാകുന്നു. സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന് സുപ്രിംകോടതി മൂന്ന് ദിവസം മുമ്പ് ഉത്തരവിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇനിയും നിയമന ഉത്തരവ് ഇറക്കിയിട്ടില്ല.

സുപ്രിംകോടതി ഉത്തരവ് പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചെങ്കിലും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം തീരുമാനമായില്ല. ഇതിനിടെ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിയമിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് നിയമ സെക്രട്ടറി പിജി ഹരീന്ദ്രനാഥ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സുപ്രിംകോടതി വിധിക്കെതിരായ പുനപരിശോധന ഹര്‍ജിയ്ക്ക് ഒരു സാധ്യതയുമില്ലെന്നാണ് ഹരീന്ദ്രനാഥിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോടതി ഉത്തരവിറങ്ങി മൂന്ന് ദിവസമായിട്ടും സെന്‍കുമാറിന്റെ നിയമന ഉത്തരവ് പുറത്തിറക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്. അതേസമയം സുപ്രിംകോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചുവരികയാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. സര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും സര്‍ക്കാരിന്റെ ഉത്തരവ് വരട്ടെയെന്നുമാണ് സെന്‍കുമാര്‍ പറയുന്നത്.

നിലവിലെ ഡിജിപി ലോക്‌നാഥ് ബഹ്രയ്ക്കാണ് താല്‍ക്കാലിക ചുമതലയുള്ളത്. രമണ്‍ ശ്രീവാസ്തവയെ പോലീസ് ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. അതേസമയം ശ്രീവാസ്തവയെ നിയമിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി മാത്രമാണെന്നും അദ്ദേഹത്തിന് പോലീസ് വകുപ്പില്‍ ഇടപെടാനാകില്ലെന്നും സെന്‍കുമാര്‍ ഇന്നലെ അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഡിജിപിക്ക് ഉപദേശം നല്‍കാനല്ല മറിച്ച് മുഖ്യമന്ത്രിയ്ക്ക് ഉപദേശം നല്‍കാനാണ് ശ്രീവാസ്തവയെ നിയമിച്ചിരിക്കുന്നതെന്നും പോലീസിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സര്‍ക്കാര്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ ഉന്നത പോലീസ് മേധാവികള്‍ക്ക് പോലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിയ്ക്ക് തൊട്ടുപിന്നില്‍ പോലീസിന്റെ അധികാരം ശ്രീവാസ്തവയ്ക്കാണെന്ന് ചിലര്‍ പറയുയുന്നുണ്ടെങ്കിലും സെന്‍കുമാര്‍ പറയുന്നത് പോലെ അദ്ദേഹം ഉപദേഷ്ടാവ് മാത്രമാണെന്നതാണ് സത്യം. പോലീസ് നേതൃത്വം എടുക്കേണ്ട പല സുപ്രധാന തീരുമാനങ്ങളും വൈകുന്നുണ്ട്. മൂന്ന് പേരെ കേന്ദ്രീകരിച്ച് സംസ്ഥാന പോലീസിന്റെ നേതൃത്വം അനിശ്ചിതവാസ്ഥയിലാക്കിയിരിക്കുന്നത് പോലീസില്‍ നാഥനില്ലാക്കളിയ്ക്ക് കാരണമാകുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.


Next Story

Related Stories