ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

നാല് പെഗ്ഗ് തന്ന് തൃശ്ശൂര്‍ക്കാരനെ സത്യം പറയിപ്പിക്കാന്‍ നോക്കാ?

  ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്ന് അവര്‍ വീണ്ടും ആ കാമ്പസില്‍ പോയത്. കൊടും കാട്ടില്‍ കുറേ കെട്ടിടങ്ങള്‍ എന്ന നിലയില്‍ നിന്നും വലിയ കെട്ടിടങ്ങള്‍ക്കിടയില്‍ കുറേ ചെറുകാടുകള്‍ എന്ന നിലയിലേക്ക് മെഡിക്കല്‍ കോളേജ് വളര്‍ന്നിരിക്കുന്നു.

എം.ബി.ബി.എസിന് കൂടെ പഠിച്ച സുനില്‍  എന്നെ എതിരേറ്റു. പലതും പറഞ്ഞു ചിരിച്ചു. നഷ്ടകാമുകിമാരേക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിട്ടു. വീണ്ടും ചിരിച്ചു.

”ചന്ദ്രേട്ടനെ ഇന്നൊന്ന് കാണണം. റിട്ടയര്‍ ആയി. ഒന്നു രണ്ട് പെഗ്ഗ് വാങ്ങിക്കൊടുക്കണം. എന്നാലേ വായ തുറക്കൂ.” സുനില്‍ പറഞ്ഞു.

”എന്തൂട്ടിന്?” ഞാന്‍ പ്രശസ്തവും അതിപുരാതനവുമായ ഭാഷ പുറത്തെടുത്തു.

”ചിലതൊക്കെ കേള്‍ക്കെണ്ടേ. എന്നാലല്ലേ പലതും മനസ്സിലാവൂ.” നിഗൂഢമായ തല്ലിപ്പൊളി തത്ത്വചിന്ത.

പുള്ളിയെ സോപ്പിട്ട് മയക്കി, മൂന്നു പെഗ് ചെലുത്തി. നരച്ച നെറ്റിക്കു താഴെ കണ്ണുകള്‍ മിനുങ്ങി.

ഐസിട്ട ആള്‍ക്കഹോള്‍ തണുത്ത നാവിനെ  ചൂടാക്കി. ചന്ദ്രേട്ടന്‍ ചെറുതായി കിറുങ്ങി.

”മനസ്സാക്ഷീണ് മ്മടെ ലൈന്‍. മ്മടെ മനസ്സാക്ഷീമ്മെലാണ് തൃശ്ശൂരെ പത്രക്കാര് കൊറേ നാളെ വെലസീത്.”

ആസ്പത്രി ജീവനക്കാരനായിരുന്ന ചന്ദ്രേട്ടന്‍ ആ മഹാസത്യം ഞങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തി.

”ഈ പാമ്പിന്റെ കാര്യം….” ഞാന്‍ ഇരയെറിഞ്ഞു.

”പിന്നല്ല. ആറാം വാര്‍ഡില് നാല് പ്രാവശ്യാണ് പാമ്പിറങ്ങീത്, നാലാം ഓണത്തിന് റൗണ്ടില് പുലിയെറങ്ങണ ജാതി. നാലുവട്ടോം ഫ്രണ്ട് പേജിലാണ് വാര്‍ത്ത വന്നത്. ഞാനല്ലേ …… ന്റെ റിപ്പോര്‍ട്ടറെ വിളിച്ച് പറഞ്ഞത്.”

ഞാന്‍ ആലോചിച്ചു, സദാ കാമ്പസിലും വാര്‍ഡിലുമായി ഉണ്ടായിരുന്ന ഞങ്ങള്‍ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത പാമ്പുകള്‍ വാര്‍ഡുകളില്‍ ചുറ്റുമുള്ള കാടുകളില്‍ നിന്ന് ഇഴഞ്ഞുകയറുന്നതിനേക്കാള്‍ വേഗത്തില്‍ സ്ഥലത്തെ പത്രത്താളുകളിലേക്ക് പറന്നുകയറിയതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് മനസ്സിലായത്.

”അനാസ്ഥയല്ലേഷ്ടാ, ബയങ്കര അനാസ്ഥ. സര്‍ക്കാരാസ്പത്രീലേക്ക് പാമ്പോളെ കയറ്റി വിട്വാ? എന്തൂട്ടുത്തരവാദിത്തണ് അധികാരികള്‍ക്ക്?” ചന്ദ്രേട്ടന്‍ ധാര്‍മ്മികരോഷം കൊണ്ടു.

”പാമ്പുകളെ പാവം സൂപ്രണ്ട് തന്നെ വന്ന് അങ്ങേരടെ നേതൃത്വത്തില്‍ കൊല്ലുകയുണ്ടായി.” ഞാന്‍ പതിയെ അധികാരവര്‍ഗ്ഗത്തിന്റെ പക്ഷം പിടിച്ചു.

”കേറീട്ട് കൊന്നിട്ടെന്താ കാര്യ? കേറണതിന് മുമ്പേ കൊല്ലണ്ടേ? ഒരു പ്രാവശ്യം സൂപ്രണ്ടിനെ രണ്ടാഴ്ച സസ്‌പെന്‍ഡ് ചെയ്തു.” ചന്ദ്രേട്ടന്‍ നെഞ്ചുവിരിച്ചു.

‘സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. പക്ഷേ അയാള്‍ കാടുവെട്ടണം എന്ന് പറഞ്ഞ ശുപാര്‍ശ സര്‍ക്കാര്‍ അവഗണിച്ചു. പാമ്പുകള്‍ വീണ്ടും നിര്‍ലോഭം ആഗമനോത്സുകരായി ഘോരവനാന്തരങ്ങളില്‍ വിഹരിച്ചു.’ ഞാന്‍ മനസ്സിലോര്‍ത്തു.

”ഈ കരിമീനിന്റെ കാര്യം….” എന്റെ സുഹൃത്ത് അടുത്ത വിഷയം എടുത്തിട്ടു. വണ്ടിയിടിച്ച് ആന്തരിക രക്തസ്രാവമുണ്ടായി ഒരു പത്തുവയസ്സുകാരനെ ഞങ്ങള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് പീഡിയാട്രിക് സര്‍ജറിയില്‍ കൊണ്ടുവന്നിരുന്നു. വളരെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തി തോമസ് സാറാണ് അവന്റെ ജീവന്‍ രക്ഷിച്ചത്. മീന്‍പിടുത്തക്കാരനായ അച്ഛന്‍ നിറഞ്ഞ മനസ്സോടെയും കണ്ണുകളോടെയും അതിലേറെ നിഷ്‌കളങ്കതയോടെയുമാണ് പത്ത് കരിമീന്‍ ആസ്പത്രിയില്‍ തന്നെ വന്ന് വാര്‍ഡില്‍ വച്ച് തോമസ് സാറിന് കൊടുത്തത്. വീട്ടില്‍ സാര്‍ രോഗികളെ പരിശോധിക്കാറുണ്ടായിരുന്നില്ല. തിരസ്‌കരിക്കുന്നത് ക്രൂരതയാവുമെന്ന് കരുതിയാണ് അതുവാങ്ങി വാര്‍ഡിലെ ഫ്രിഡ്ജില്‍ വച്ചത്.

”ജീവന്‍രക്ഷാ മരുന്നുകള്‍ സൂക്ഷിക്കേണ്ട ആസ്പത്രി ഫ്രിഡ്ജില്‍ കരിമീന്‍!” പിറ്റേന്നു പത്രങ്ങളില്‍ മുന്‍പേജ് വാര്‍ത്ത തന്നെ വന്നു. കേരളത്തിലങ്ങോളം ഫ്രഷായ കരിമീന്റെ ഇല്ലാത്ത ചീഞ്ഞ നാറ്റം നാട്ടുകാര്‍ ആവോളം ആസ്വദിച്ചു.

”കരിമീന്‍ വച്ച ഡോക്ടറെ സ്ഥലംമാറ്റി.” എന്ന അതി ഗംഭീരവാര്‍ത്ത കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ കേരളക്കര അതീവ ചാരിതാര്‍ത്ഥ്യത്തോടെ കേട്ടു. ഭയങ്കര പ്രശ്‌നങ്ങളില്‍  ഉടനടി നടപടിയെടുക്കുന്ന സര്‍ക്കാരിന്റെ കര്‍മ്മകുശലതയെ നാട്ടുകാര്‍ വാനോളം പുകഴ്ത്തി. അടച്ചു സീല്‍ ചെയ്ത സ്റ്റെറ്റൈല്‍ മരുന്നുകുപ്പികളിലേക്ക് കരിമീനിലെ ഇല്ലാത്ത അണുക്കള്‍ എങ്ങനെ കയറുമെന്നതും അപകടസാധ്യതയുടെ ഒരു ലക്ഷണവും ഇല്ലാത്തതും ആരുടെയും മനസ്സിലേക്കും പത്രത്താളുകളിലേക്കും വന്നില്ല. ആവശ്യത്തിന് ഫ്രിഡ്ജുകളില്ലാത്തതിനാല്‍ നശിച്ചുപോകുന്ന കോടിക്കണക്കിന് വില വരുന്ന മരുന്നുകളെക്കുറിച്ചും ആവശ്യത്തിന് മരുന്നുകളും സാമഗ്രികളും ഇല്ലാത്തതിനാല്‍ മരിച്ചുപോകുന്ന അനേകം രോഗികളെക്കുറിച്ചും ആരും  ആവലാതിപ്പെട്ടില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും മേലെ തണുത്തുവിറങ്ങലിച്ച പത്തു കരിമീന്‍ കണ്ണെഴുതി, ചിറകുവിടര്‍ത്തി, സൗകര്യപൂര്‍വ്വം കിടന്നു – മാസങ്ങളോളം.

ഞാന്‍ പുതിയൊരു കാര്യം എടുത്തിട്ടു:

”ഈ പ്രൈവറ്റാസ്പത്രികളിലൊക്കെ ഓണാഘോഷം പതിവാണ്. തീയേറ്ററിലെ സ്റ്റെറൈല്‍ ഏരിയാക്ക് വെളിയില്‍ ഓണസദ്യം ഞാനും ഉണ്ടിട്ടുണ്ട്. അതുകൊണ്ടൊന്നും സംഭവിക്കുകയില്ല. നമ്മളും മനുഷ്യരല്ലേ ചേട്ടാ? ഓണമൊക്കെ ഞങ്ങക്കും വേണ്ടേ?”

”ഏയ്, പറ്റില്ല്യാ, പറ്റില്യാ, ഈ നാടിന്റെ ആരോഗ്യംന്ന് പറേണ സാധനാണ് നിങ്ങടെ കൈയില്. അത് വച്ചുള്ള കള്യൊന്നും മ്മള് സമ്മതിക്കില്ല. പിന്നെ പ്രൈവറ്റാസ്പത്രീന്റെ കാര്യൊന്നും പോയി പറഞ്ഞാ ഒറ്റൊരുത്തരും സ്‌കോച്ച് പോയിട്ട് പട്ടച്ചാരായം വാങ്ങാനുള്ള കാശ് പോലും തരില്യാ. സര്‍ക്കാരാസ്പത്രി തന്നെ വേണം.”

”അപ്പോ, ഇത് കാശ് കിട്ടുന്ന പണിയാണല്ലേ ചേട്ടാ?”

”പിന്നേ, ചെല റിപ്പോര്‍ട്ടര്‍മാര്ണ്ട്. കള്ളും കാശും തരും. എല്ലാര്വല്ലട്ടാ. മിക്കതെങ്ങ്വോള്‍ക്കും മനസ്സാക്ഷീടെ അസുഖണ്ട്. ഇല്ലാത്ത ചെലര് മതീന്ന്, ആവശ്യത്തിന് ബോംബൊക്കെ പൊട്ടിക്കാന്‍. മ്മക്ക് ലാഭത്തിനും.”

ഒന്ന് നിര്‍ത്തിയിട്ട് ചന്ദ്രേട്ടന്‍ തുടര്‍ന്നു:

”ഓരോ വാര്‍ത്ത പൊട്ടിക്കഴിയുമ്പോ, എല്ലാ പ്രൈവറ്റാസ്പത്രീലും പോയി ഒന്നു തെണ്ടും. കൊറേക്കെ തടയും…”

”അതു ശരി. അപ്പോ പണ്ടൊക്കെ സി.ടി.സ്‌കാനും മറ്റും ഇടയ്ക്കിടെ കേടാവാറുണ്ടായിരുന്നു. പിന്നെ രോഗികളെ വേറെ സ്ഥലങ്ങളിലേക്ക് സ്‌കാനിംഗിന് വിടേണ്ടി വരും. അതിലും ചില മനസ്സാക്ഷീന്റെ കൈകള്‍ ഉണ്ടായിരുന്നോ ചന്ദ്രേട്ടാ?”

ചന്ദ്രേട്ടന്‍ എഴുന്നേറ്റു.

”പ്പഴേ, മ്മക്കാ പൂവ്വാം… ഇത് ശര്യാവില്ല. നാല് പെഗ്ഗ് തന്ന് തൃശ്ശൂര്‍ക്കാരനെ സത്യം പറയിപ്പിക്കാന്‍ നോക്കാ? ഡോക്ടറാണെന്നൊന്നും ഞാന്‍ നോക്കില്ല്യ, ശവ്യേ… മ….മ….മ… അല്ല മത്തങ്ങാത്തലയാ.”

ഞാനും പെട്ടെന്നു തന്നെ എണീറ്റു. വീട്ടില്‍ പോയി ഓണസദ്യ ഉണ്ണണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍