TopTop
Begin typing your search above and press return to search.

ദേശസ്നേഹം വാചകമടി മാത്രം; സൈനികരുടെ വികാലംഗ പെന്‍ഷന്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

ദേശസ്നേഹം വാചകമടി മാത്രം; സൈനികരുടെ വികാലംഗ പെന്‍ഷന്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

നിയന്ത്രണരേഖ കടന്ന് പാക് അധിനിവേശ കശ്മീരില്‍ സ്ഥിതി ചെയ്യുന്ന തീവ്രവാദികേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തിരികെ പോന്ന ഇന്ത്യന്‍ കമാന്‍ഡോസിന്റെ വീരകഥകളുടെ പങ്കുപറ്റുന്ന കേന്ദ്രസര്‍ക്കാര്‍ അതേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ പിറ്റേദിവസം( സെപ്തംബര്‍ 30) നടത്തിയ ഒരു ചെയ്തി സേനയുടെ ആത്മവീര്യം കെടുത്തുന്നത്. കരസേനയില്‍ ജോലി നോക്കുന്ന കാലത്ത് യുദ്ധത്തില്‍ പങ്കെടുത്തോ മറ്റു സൈനിക സേവനത്തിനിടയിലോ ഗുരുതരമായി പരിക്കേറ്റ് അംഗവൈകല്യം വരുക വഴി സൈന്യത്തില്‍ നിന്നും പുറത്തു പോകേണ്ടി വന്നവര്‍ക്ക് നല്‍കി വന്നിരുന്ന പെന്‍ഷന്‍ തുക കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറിച്ചു. സര്‍വീസിലിരിക്കെ ഏറ്റവും ഒടുവിലായി വാങ്ങിയ ശമ്പളം ആയിരുന്നു ഇതുവരെ ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ ആയി നല്‍കിയിരുന്നത്. ഈ രീതി മാറ്റി പകരം സ്ലാബ് രീതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിരോധമന്ത്രാലയത്തിന്റെതാണ് തീരുമാനം.

മാരകമായ പരിക്കുകളോടെ സൈനികസേവനത്തില്‍ നിന്നും വിടുതല്‍ തേടാന്‍ നിര്‍ബന്ധിതനാകുന്ന ഒരു സാധാരണ സൈനികന് നല്‍കി വന്നിരുന്ന 45, 200 രൂപ ഒറ്റയടിക്ക് 27,200 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. പത്തുവര്‍ഷത്തില്‍ കുറയാത്ത സര്‍വീസുള്ള മേജര്‍മാര്‍ക്കുള്ള പെന്‍ഷനില്‍ കുറവു വരുത്തിയിരിക്കുന്നത് 70,000 രൂപയോളം. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ റാങ്കിലുള്ളവര്‍ക്കും ഇത്തരത്തില്‍ പെന്‍ഷന്‍ വെട്ടികുറയ്ക്കപ്പെട്ടിട്ടുണ്ട്. 26 വര്‍ഷത്തോളം സര്‍വീസുള്ള സുബേദാര്‍ നായിക് റാങ്കിലുള്ളവരുടെ പെന്‍ഷന്‍ തുകയില്‍ 40,000 ആണ് കുറവ് വന്നിരിക്കുന്നത്. യുദ്ധത്തിലോ ആക്രമണത്തിലോ പങ്കെടുക്കുക വഴി പരിക്കേല്‍ക്കുന്നവര്‍ക്കു മാത്രമല്ല, രോഗബാധിതരായി പിരിയേണ്ടി വരുന്നവര്‍ക്കും, പരിശീലന കാലയളവില്‍ സംഭവിക്കുന്ന പരിക്കുകളാല്‍ പുറത്തു പോകേണ്ടി വരുന്നവര്‍ക്കും, ഉയരമുള്ള സൈനിക പോസ്റ്റുകളില്‍ ഡ്യൂട്ടി നോക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ശ്വാസസംബന്ധിയായും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാലും സേവനകാലാവധിക്കു മുമ്പ് പിരിയേണ്ടിവരുന്നവര്‍ക്കും ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ തുകയിലും കുറവ് വരുത്തിയിട്ടുണ്ട്.

സെപ്തംബര്‍ 30 ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് എക്‌സ്-സര്‍വീസ് വെല്‍ഫയര്‍ ഡിപ്പാര്‍ട്ടിമെന്റ് പെന്‍ഷന്‍ തുക വെട്ടിക്കുറച്ചിരിക്കുന്ന വിവരം വ്യക്തമാക്കിയിരിക്കുന്നത്. 2006 ലെ ആറാം ശമ്പള കമ്മിഷന്‍ ശിപാര്‍ശ പ്രകാരം അവസാന സമയത്ത് വാങ്ങിയിരുന്ന ശമ്പളം തന്നെയാണ് പെന്‍ഷന്‍ തുകയായി നല്‍കിയിരുന്നത്. അതുമാറ്റിയാണ് സ്ലാബ് സമ്പ്രദായം കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ അഞ്ചു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഒരു സൈനികന് 34,000 രൂപയായിരുന്നു പ്രതിമാസ ശമ്പളമെങ്കില്‍ അയാള്‍ 100 ശതമാനം അംഗവൈകല്യത്തോടെ സേനയില്‍ നിന്നും പിരിഞ്ഞുപോകേണ്ടി വന്നാല്‍ ശമ്പളം തന്നെ പെന്‍ഷന്‍ ആയി കിട്ടും. ഇപ്പോഴത് വെറും 12,000 രൂപയായി കുറയും. 10 വര്‍ഷത്തെ സര്‍വീസുള്ള മേജര്‍ക്ക് 98,300 രൂപയാണ് ശമ്പളം കിട്ടുന്നതെങ്കില്‍ ഇതേ കാരണത്താല്‍ പിരിയുകയാണെങ്കില്‍ ഇനിയദ്ദേഹത്തിനു 27,000 രൂപയേ വികലാംഗ പെന്‍ഷനായി കിട്ടൂ. ഓഫിസര്‍ റാങ്കിലുള്ള ഒരാള്‍ക്ക് ഇനി മുതല്‍ 27,00 രൂപയും ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍ക്ക് 17,000 വും മറ്റു റാങ്കിലുള്ളവര്‍ക്ക് 12,000 ആണ് ഇനി മുതല്‍ വികലാംഗ പെന്‍ഷനായി കിട്ടുക. സ്ലാബ് സമ്പ്രദായത്തില്‍ സീനിയര്‍ ശിപായിക്ക് 100 ശതമാനം വൈകല്യത്തില്‍ പിരിഞ്ഞാല്‍ 2040 രൂപയും സുബേദാറിനു 3472 രൂപയും ലഫ്. കേണലിന് 6855 രൂപയുമേ പെന്‍ഷന്‍ കിട്ടൂ. വൈകല്യത്തിന്റെ തോത് അനുസരിച്ചായിരിക്കും ഇനി പെന്‍ഷന്‍ നിശ്ചയിക്കുക. സൈനികപോരാട്ടത്തിനിടയില്‍ സംഭവിക്കുന്ന പരിക്കുകയും അല്ലാത്ത സമയത്തുണ്ടാകുന്ന പരിക്കുകളും രണ്ടായി കണക്കാക്കും.

ഈ ഉത്തരവ് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പില്‍ വന്നു കഴിഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരേ വിരമിച്ച സൈനികര്‍ക്കിടയില്‍ നിന്നും സര്‍വീസിലുള്ളവര്‍ക്കിടയില്‍ നിന്നും ശക്തമായ എതിര്‍പ്പുകളും നിരാശകളും ഉയരുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.Next Story

Related Stories