നോട്ട് നിരോധനം നടപ്പക്കാന്‍ സര്‍ക്കാര്‍ എങ്ങനെയാണ് റിസര്‍വ് ബാങ്കിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്കിന്റേതായിരുന്നുവെന്ന സര്‍ക്കാര്‍ അവകാശവാദം ശരിയല്ലെന്നും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നുമുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇക്കാര്യം റിസര്‍വ് ബാങ്ക് തന്നെയാണ് ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് കമ്മിറ്റിയെ അറിയിച്ചത്.
കഴിഞ്ഞ മാസം 22-ന് പാര്‍ലമെന്റ് കമ്മിറ്റിയില്‍ സമര്‍പ്പിച്ച ഏഴു പേജുള്ള കുറിപ്പിലാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡിന്റെ ഉപദേശ പ്രകാരം നോട്ട് പിന്‍വലിക്കല്‍ നടപടി പ്രഖ്യാപിക്കുന്നു എന്നായിരുന്നു സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. ഇക്കാര്യം ഔദ്യോഗിക പത്രക്കുറിപ്പിലും ഉണ്ടായിരുന്നു; ഒപ്പം പാര്‍ലമെന്റില്‍ പറഞ്ഞതും ഇങ്ങനെയായിരുന്നു. എന്നാല്‍ ഇതല്ല സംഭവിച്ചതെന്നും നോട്ട് നിരോധനം നടപ്പാക്കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് അടിയന്തരമായി തീരുമാനമെടുക്കണമെന്നുള്ള സര്‍ക്കാരിന്റെ നിര്‍ദേശ (advice) ത്തിന്റെ അടിസ്ഥാനത്തില്‍ പിറ്റേന്ന് തന്നെ സെന്‍ട്രല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുത്തുവെന്നും കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി അധ്യക്ഷനായ സമിതിക്ക് നല്കിയ കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
'കള്ളനോട്ട്, കള്ളപ്പണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ് എന്നിവ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് പരിഗണിക്കണമെന്ന് 2016 നവംബര്‍ ഏഴിന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനേട് നിര്‍ദേശിച്ചു'വെന്ന് കുറിപ്പില്‍ പറയുന്നു.
'കള്ളപ്പണത്തിന്റെ ഒഴുക്ക് പ്രധാനമായും നിലനില്‍ക്കുന്നത് കറന്‍സി നോട്ടുകളായാണെന്നും സര്‍ക്കാര്‍ പറഞ്ഞുവെന്ന് കുറിപ്പില്‍ പറയുന്നു. കള്ളപ്പണം ഇല്ലാതാക്കുന്നതു വഴി സമാന്തര സമ്പദ്വ്യവസ്ഥയെ മൂടി നില്ക്കുന്ന നിഴല്‍ ഇല്ലാതാക്കാനാവും. ഇത് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും ഗുണകരമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 500, 1000 രുപാ നോട്ടുകളുടെ സര്‍ക്കുലേഷന്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഒപ്പം ഈ നോട്ടുകളുടെ കള്ളനോട്ടുകളും ഉണ്ടെ'ന്ന് കേന്ദ്രം പറഞ്ഞതായി റിസര്‍വ് ബാങ്കിന്റെ കുറിപ്പില്‍ പറയുന്നു.
'ഇത്തരം കള്ളനോട്ടിന്റെ ഉറവിടം അയല്‍രാജ്യമാണ്. അത് ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളിയാണ്. അതുകൊണ്ട് ഈ നോട്ടുകള്‍ അസാധുവാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നു. ഇക്കാര്യം റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അടിയന്തിരമായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച'തായി റിസര്‍വ് ബാങ്ക് കുറിപ്പില്‍ പറയുന്നുണ്ട്.
തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശം ചര്‍ച്ച ചെയ്യാനായി നവംബര്‍ എട്ടിനു തന്നെ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നെന്നും ഇതിനു ശേഷം 500, 1000 രുപാ നോട്ടുകള്‍ അസാധുവാക്കുന്നതിന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുകയാണ് ഉണ്ടായതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. അന്നു വൈകിട്ട് തന്നെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
അതേ സമയം, കേന്ദ്ര ഊര്‍ജ, കല്‍ക്കരി മന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളന സമയത്ത് രാജ്യസഭയില്‍ പറഞ്ഞത് ഇതിനു വിരുദ്ധമായാണ്. 'നോട്ട് അസാധുവാക്കാനുള്ള തീരുമാനമെടുത്തത് റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സാണ്. തുടര്‍ന്നിത് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയയ്ക്കുകയും കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്ന് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തു' എന്നായിരുന്നു ഗോയലിന്റെ പ്രസ്താവന.
നോട്ട് നിരോധനം നടപ്പാക്കിയതും ഇതെങ്ങനെ ഇന്ത്യയെ ബാധിക്കുന്നുവെന്നതും അറിയിക്കാനായി ഈ മാസം 18-ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍, ധനകാര്യ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എകണോമിക് അഫയേഴ്സ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് റവന്യൂ, ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്, എസ്.ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവരുടെ പ്രതിനിധികള്‍ ഹാജരാകണമെന്ന് മൊയ്ലിയുടെ നേതൃത്വത്തിലുള്ള സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
വേണ്ടത്ര മുന്നൊരുക്കങ്ങളോട് കൂടിയാണ് നോട്ട് നിരോധന പരിപാടി നടപ്പാക്കിയത് എന്നായിരുന്നു സര്‍ക്കാരിന്റെ ഇതുവരെയുള്ള അവകാശവാദം. റിസര്‍വ് ബാങ്കാണ് ഇതിന് ശിപാര്‍ശ ചെയ്തതെന്നും വ്യക്തമാക്കി സര്‍ക്കാര്‍ കൈകഴുകുകയായിരുന്നു ഇതുവരെ ചെയ്തത്. എന്നാല്‍ നോട്ട് നിരോധനം എന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും അതിന് റിസര്‍വ് ബാങ്കിനെ ഉപയോഗിക്കുകയാണ് ചെയ്തതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്.