TopTop
Begin typing your search above and press return to search.

ഗ്രാന്‍ടൂറിസ്‌മോ വരുന്നു; അഴകിലും കരുത്തിലും വെല്ലാനാരുണ്ട്

ഗ്രാന്‍ടൂറിസ്‌മോ വരുന്നു; അഴകിലും കരുത്തിലും വെല്ലാനാരുണ്ട്

മസരാറ്റി. അത്ര സുപരിചിതമല്ലാത്ത വാഹനനിര്‍മ്മാണ കമ്പനിയാണ് മസരാറ്റി. പക്ഷേ പഴക്കവും പാരമ്പര്യവുമുള്ള കമ്പനി തന്നെയാണിത്. 1914-ല്‍ ഇറ്റലിയിലെ ബൊലോനയില്‍ ജനനം. തുടക്കത്തില്‍ തന്നെ കമ്പനിയുടെ ലക്ഷ്യം വിവരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്, To build luxury performance automobiles with timeless italian style, accomodating bespoke interiors and signature sounding power.

അന്നു തൊട്ട് ഇന്നുവരെ കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ പറഞ്ഞിരിക്കുന്ന സ്‌റ്റൈലും തകര്‍പ്പന്‍ ഇന്റീരിയേഴ്‌സും നെഞ്ചില്‍ തീ കോരിയിടുന്ന എക്‌സ്‌ഹോസ്റ്റ് സൗണ്ടുമെല്ലാം എല്ലാ മോഡലുകളിലും നിലനിര്‍ത്താന്‍ മസരാറ്റിയ്ക്കു കഴിഞ്ഞിട്ടുണ്ട്. കോടികള്‍ വിലമതിക്കുന്ന കാറുകളാണെങ്കിലും പ്രതിവര്‍ഷം 35,000-ലേറെ യൂണിറ്റുകള്‍ വില്‍ക്കാനും മസരാറ്റിക്ക് കഴിയുന്നുണ്ട്. ഇപ്പോള്‍ നമുക്ക് സുപരിചിതമായ ഫിയറ്റ് കമ്പനിയുടെ ഉടമസ്ഥതയിലാണ് മസരാറ്റി.

സ്മാര്‍ട്ട് ഡ്രൈവില്‍ മസരാറ്റിയുടെ മോഡല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിന് ഒരു കാരണം കൂടിയുണ്ട്. മസരാറ്റി ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ക്വാഡ്രാപ്പോര്‍ട്ട്, ഖിബ്‌ലി, ഗ്രാന്‍ ടൂറിസ്‌മോ, ഗ്രാന്‍കാബ്രിയോ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ വില്പന ആരംഭിക്കുകയാണെന്നും കമ്പനി പറഞ്ഞു. 1.14 കോടി മുതല്‍ 2.2 കോടി രൂപ വരെ വില വരുന്നതാണ് ഈ മോഡലുകള്‍. ഇന്ത്യയില്‍ നാല് ഡീലര്‍ഷിപ്പുകള്‍ക്കും മസരാറ്റി തുടക്കമിട്ടു കഴിഞ്ഞു.

ഗ്രാന്‍ ടൂറിസ്‌മോ

2007-ലാണ് ഗ്രാന്‍ ടൂറിസ്‌മോ എന്ന മോഡലിന് മസരാറ്റി ജന്മം നല്‍കിയത്. ഈ ടൂ ഡോര്‍ 4 സീറ്റര്‍ സ്‌പോര്‍ട്‌സ് കൂപ്പെയുടെ പ്ലാറ്റ്‌ഫോം മസരാറ്റിയുടെ തന്നെ ക്വാഡ്രാപ്പോര്‍ട്ട് 5 എന്ന സെഡാന്റേതാണ്. എന്നാല്‍ പാര്‍ട്‌സുകളില്‍ ഏറെയും ഉപയോഗിച്ചിരിക്കുന്നത് നമ്മുടെയൊക്കെ സ്വപ്‌നമായ ഫെരാരിയുടെ 599 ജിടിബിയുടേതാണ്. അങ്ങനെ നോക്കുമ്പോള്‍, മസരാറ്റി എന്ന ആട്ടിന്‍കുട്ടിയുടെ തോലണിഞ്ഞ ഫെരാരി എന്ന ചെന്നായയാണ് ഗ്രാന്‍ ടൂറിസ്‌മോ എന്നു വേണമെങ്കില്‍ പറയാം.

കാഴ്ച

ഒരു സ്‌പോര്‍ട്‌സ് കാറിന്റെ നിയതമായ രൂപഭാവങ്ങളെല്ലാം ഒത്തിണങ്ങിയിട്ടുണ്ട് മസരാറ്റി ഗ്രാന്‍ ടൂറിസ്‌മോയില്‍. ഇതൊരു ചെറിയ 2 സീറ്റര്‍ സ്‌പോര്‍ട്‌സ് കൂപ്പെയല്ല. രണ്ടു ഡോറുകളേ ഉള്ളുവെങ്കിലും നാലു പേര്‍ക്ക് ഇരിക്കാവുന്ന, 4881 മി.മീ. നീളവും 2056 മി.മീ. വീതിയുമുള്ള കാറാണ്. അതായത്, ഒരു സെഡാന്റെ വലിപ്പമുണ്ട് എന്നു തന്നെ പറയാം. ഇറ്റലിയിലെ വിശ്വപ്രസിദ്ധമായ പിനിന്‍ ഫാരിന ഡിസൈന്‍ സ്റ്റുഡിയോയാണ് ഗ്രാന്‍ ടൂറിസ്‌മോയുടെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നത്.

വലിയ ഗ്രില്ലാണ് മുന്‍ഭാഗത്തു നിറഞ്ഞു നില്‍ക്കുന്നത്. ഉള്ളിലേക്കു വളഞ്ഞ നിരവധി സ്‌പോക്കുകളുണ്ട് ഗ്രില്ലില്‍. കൂടാതെ മസരാറ്റിയുടെ ലോഗോയും കാണാം. ഗ്രീക്ക് ദേവനായ നെപ്റ്റ്യൂണിന്റെ കുന്തമുനയുടെ രൂപത്തിലാണ് ലോഗോ സൃഷ്ടിച്ചിരിക്കുന്നത്. കുനിഞ്ഞു നോക്കിയാല്‍ കാണുന്നത്ര താഴെയാണ് എയര്‍ഡാം. ബോഡി പാനലുകളുമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ബമ്പറില്‍ ഫോഗ്‌ലാമ്പ്. താഴ്ന്നു കിടക്കുന്ന ബമ്പറിന്റെ ഇരുവശത്തെയും പവര്‍ ബള്‍ജിന്മേല്‍ ഒട്ടും മുഴച്ചു നില്‍ക്കാതെ ചെറിയ ഹെഡ്‌ലാമ്പ്. വശങ്ങളില്‍ ഗ്രാന്‍ ടൂറിസ്‌മോയുടെ കരുത്ത് വിളിച്ചോതുന്ന എയര്‍ ഇന്‍ടേക്കുകള്‍.

വലിയ വീല്‍ ആര്‍ച്ചിനു താഴെ ഹൃദയഹാരിയായ സൗന്ദര്യവുമായി 20 ഇഞ്ച് അലോയ് വീലുകള്‍. ചെരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈന്‍. വീല്‍ ആര്‍ച്ചുകള്‍ക്കിടയില്‍ തടിച്ച ഷോള്‍ഡര്‍ ലൈന്‍. സൈഡ് വിന്‍ഡോയുടെ പിന്നില്‍ ചെറിയ ക്വാര്‍ട്ടര്‍ ഗ്ലാസ്.

പിന്‍ഭാഗത്തിന് ഒരു സെഡാന്റെ രൂപഭംഗിയുണ്ട്. വലിയ വിന്‍ഡ് ഷീല്‍ഡിനു താഴെ ചെറിയ ബൂട്ട് ലിഡ്. ബൂട്ട്‌സ്‌പേസും മറ്റ് സ്‌പോര്‍ട്‌സ് കൂപ്പെകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോശമല്ല 260 ലിറ്റര്‍. തികഞ്ഞ എയ്‌റോ ഡൈനാമികത നല്‍കുന്ന ഇന്‍ഗ്രേറ്റഡ് സ്‌പോയ്‌ലര്‍ മട്ടിലാണ് ബൂട്ട്‌ലിഡിന്റെ അഗ്രഭാഗം. ചുവന്ന ഔട്ട്‌ലൈനോടു കൂടിയ ടെയ്ല്‍ലാമ്പ് അതിമനോഹരമാണ്. ബമ്പറിന്റെ ബ്ലാക്ക് ഫിനിഷുള്ള ഭാഗത്ത് ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍. ഹാ, ഗ്രാന്‍ ടൂറിസ്‌മോ, നീയെത്ര സുന്ദരി!

ഉള്ളില്‍

2007 മുതല്‍ വിപണിയിലുണ്ടെങ്കിലും സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് ഗ്രാന്‍ ടൂറിസ്‌മോയുടെ ഇന്റീരിയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ മസരാറ്റി ശ്രദ്ധിച്ചിട്ടുണ്ട്. ഏറ്റവും വലിയ കൂടിയ ലെതറില്‍ പൊതിഞ്ഞ സീറ്റുകളും സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റവും ഇന്‍ബില്‍റ്റ് 30 ജിബി ഹാര്‍ഡ്‌ഡ്രൈവുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമൊക്കെ ഗ്രാന്‍ടൂറിസ്‌മോയിലെ കാലികമായ മാറ്റങ്ങളാണ്.

ഡാര്‍ക്ക് ബീജെന്നോ മഡ് കളറെന്നോ വിളിക്കാം, ഉള്‍ഭാഗത്തിന്റെ കളര്‍തീമിനെ. ബ്ലാക്ക് ഫിനിഷും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. മുന്‍ഭാഗത്ത് ലെഗ്‌സ്‌പേസ് ഇഷ്ടം പോലെയുണ്ട്. മ്യൂസിക് സിസ്റ്റത്തിന്റെ ഡിസൈന്‍ പഴയ ചില കാറുകളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഡാഷ്‌ബോര്‍ഡിനു നടുവില്‍ ഒരു അനലോഗ് ക്ലോക്കുണ്ട്. അവിടവിടെയായി കാണുന്ന സ്റ്റീല്‍ ഫിനിഷുള്ള സ്ട്രിപ്പുകള്‍ ഇന്റീരിയറിന്റെ അഴക് വര്‍ദ്ധിപ്പിക്കുന്നു. സ്റ്റിയറിംഗ് വീലില്‍ കണ്‍ട്രോളുകള്‍ കാണാം. സ്റ്റിയറിംഗ് വീലിനോടൊപ്പം ഉയര്‍ന്നു നില്‍ക്കുന്നു, മീറ്റര്‍ കണ്‍സോള്‍.

സ്‌പോര്‍ട്‌സ് കാറുകളില്‍ സാധാരണ കണ്ടുവരാറുള്ള സീറ്റിങ് പൊസിഷനെക്കാള്‍ ഭേദമാണ് ഗ്രാന്‍ ടൂറിസ്‌മോയുടെ കാര്യം. സീറ്റുകള്‍ അഡ്ജസ്റ്റ് ചെയ്ത്, സുഖപ്രദമായ സീറ്റിങ്ങ് പൊസിഷന്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ എത്രദൂരവും സുഖപ്രദമായി ഓടിച്ചു പോകാം. മുന്‍ഭാഗത്തെ സീറ്റുകള്‍ അനായാസം മടക്കി പിന്‍സീറ്റില്‍ കയറിയിരിക്കാം. തരക്കേടില്ലാത്ത ലെഗ്‌സ്‌പേസ് പിന്‍സീറ്റിലുമുണ്ട്. നാലു സീറ്ററാണ് എന്നുള്ളതു കൊണ്ടു തന്നെ ഒരു പ്രാക്ടിക്കല്‍ സ്‌പോര്‍ട്‌സ് കൂപ്പെയാണ് ഗ്രാന്‍ടൂറിസ്‌മോ എന്നു പറയാം.

എഞ്ചിന്‍

ഫെരാരിയും മസരാറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുക്കുകയും ഫെരാരി നിര്‍മ്മിച്ചു നല്‍കുകയും ചെയ്ത എഫ് 136 ഗണത്തില്‍പ്പെടുന്ന എഞ്ചിനാണ് മസരാറ്റി ഗ്രാന്‍ടൂറിസ്‌മോയിലുള്ളത്. 385 ബി.എച്ച്.പി മുതല്‍ 597 ബി.എച്ച്.പി വരെ പവറുള്ള എഞ്ചിനുകള്‍ എഫ് 136 ശ്രേണിയില്‍പ്പെടുന്നുണ്ട്. നമ്മള്‍ ഓടിച്ചു കൊണ്ടിരിക്കുന്ന ഈ സ്‌പോര്‍ട്‌സ് കൂഫെയുടെ ബോണറ്റിനുള്ളിലുള്ളത് 400 കുതിരകളുടെ ശക്തിയാണ്. 4.2 ലിറ്റര്‍, വി.8 പെട്രോള്‍ എഞ്ചിനാണ് 400 ബി.എച്ച്.പി പവര്‍ തരുന്നത്. വെറും

5.2 സെക്കന്റ് മതി, 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 7100 ആര്‍.പി.എമ്മിലാണ് മാക്‌സിമം പവറായ 400 ബി.എച്ച്.പി.ലഭിക്കുന്നത്. 284 കി.മീ/മണിക്കൂറാണ് മാക്‌സിമം സ്പീഡ്. രണ്ട് ടണ്ണോളം ഭാരമുള്ള ഗ്രാന്‍ ടൂറിസ്‌മോയെ യാതൊരു ലാഗുമില്ലാതെ വലിച്ചുകൊണ്ടുപോകുന്നത് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന്റെ കഴിവുകൂടിയാണ്.

ഗ്രാന്‍ ടൂറിസ്‌മോ ഏറ്റവുമധികം പുകഴ്ത്തപ്പെട്ടിട്ടുള്ളത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന്, എക്‌സ്‌ഹോസ്റ്റ് പൈപ്പില്‍ നിന്നുയരുന്ന, നാട്ടുകാരെ മുഴുവന്‍ നടുക്കുന്ന ശബ്ദത്തിന്റെ കാര്യത്തില്‍. മറ്റൊന്ന് അതീവസുന്ദരമായ ഹാന്‍ഡിലിങ്ങിന്റെ കാര്യത്തില്‍. ഇത്രയും ട്യൂണ്‍ഡ് ആയ സസ്‌പെന്‍ഷനും റോഡ്ഗ്രിപ്പും സ്‌പോര്‍ട്‌സ് കാറുകളില്‍ വിരളമായേ കണ്ടിട്ടുള്ളു. ഗ്രാന്‍ ടൂറിസ്‌മോയുടെ സ്‌പോര്‍ട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ ഡാമ്പറുകള്‍ കുറച്ചുകൂടി കരുത്തുറ്റതാകുന്നു. അതുപോലെ, ട്രാക്ഷന്‍ കണ്‍ട്രോള്‍ ജാഗരൂകമായി മാറുന്നു. അഥവാ റോഡ് ഗ്രിപ്പ് കൂടുന്നു. കൂടാതെ ത്രോട്ട്ല്‍ റെസ്‌പോണ്‍സിലും മാറ്റം വരുന്നുണ്ട്. എഞ്ചിനും ഗിയര്‍ബോക്‌സും ആക്‌സിലുകള്‍ക്കിടയില്‍ ഘടിപ്പിച്ചതു കൊണ്ടാണ് സ്റ്റെബിലിറ്റി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതെന്ന് മസരാറ്റി അവകാശപ്പെടുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories