TopTop
Begin typing your search above and press return to search.

ഗ്രീസ്; സിപ്രാസ് ലോകത്തിന് നേരെ എറിഞ്ഞ കൈബോംബ്

ഗ്രീസ്; സിപ്രാസ് ലോകത്തിന് നേരെ എറിഞ്ഞ കൈബോംബ്

ഗ്രീസിന്റെ ഇന്നത്തെ അവസ്ഥയില്‍ കറുത്ത ഫലിതത്തിന് പോലും അതിന്റേതായ പ്രത്യയശാസ്ത്ര മാനങ്ങളുണ്ട്.

ഫലിതത്തിന്റെ മുതലാളിത്ത ഭാഷ്യം ഇങ്ങനെയാണ്. ഡച്ച് രീതിയില്‍ എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം ഭക്ഷണശാലയിലെ ചെലവ് പോയവരെല്ലാം കൂടി പങ്കിടുക എന്നാണ്. എന്നാല്‍ ഗ്രീക്ക് രീതിയാകട്ടെ എല്ലാവരും തിന്നുകയും കുടിക്കുകയും ചെയ്തിട്ട് എല്ലാവരും എഴുന്നേല്‍ക്കവേ ആരുടെ കയ്യിലും കാശില്ലെന്ന് തിരിച്ചറിയുന്നതാണ്. പക്ഷേ ഇതിന്റെ സോഷ്യലിസ്റ്റ് ഭാഷ്യം ഇതാണ്. ഭക്ഷണത്തിന് പറഞ്ഞവര്‍ തിരിച്ചറിയുന്നു, തങ്ങള്‍ക്കുള്ള ഭക്ഷണം അപ്പുറത്തെ മേശയില്‍ വിളമ്പി എന്നും അത് കഴിക്കുന്നവര്‍ ഭക്ഷണശാലയുടെ ഉടമകളാണെന്നും അവര്‍ ഒരിയ്ക്കലും അതിനു പണം നല്‍കുന്നില്ലെന്നുമാണ്.

മുതലാളിത്ത ഫലിതം: ഗ്രീസിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം നിലവില്‍ 250 ദശലക്ഷം യു എസ് ഡോളറാണ്. ആപ്പിള്‍ ഗ്രൂപ്പിന്റെ കമ്പനികളുടെ ബാലന്‍സ് ഷീറ്റിലെ മിച്ചം അതിനെക്കാള്‍ 30 ബില്ല്യണ്‍ ഡോളര്‍ കൂടുതലാണ്. അതുകൊണ്ട് ആപ്പിള്‍ ഗ്രീസിനെ വാങ്ങിയാല്‍ അവരുടെ ജീവനക്കാര്‍ക്ക് (computer geeks) ഗ്രീക്കുകാര്‍ വക അവധിക്കാലം ആസ്വദിക്കാം.

സോഷ്യലിസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന ഒരു തമാശ ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് ഒരു അമേരിക്കക്കാരന്‍ മുതലാളിത്തവാദി പറഞ്ഞതാണ്: നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ 100 ഡോളര്‍ വായ്പയുണ്ട്. അത് തിരിച്ചടക്കാന്‍ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്കൊരു പ്രശ്നമുണ്ട്; എന്നാല്‍ നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ 100 ദശലക്ഷം വായ്പയും അത് തിരിച്ചടക്കാനുമാകുന്നില്ലെങ്കില്‍ ബാങ്കിനെന്തോ പ്രശ്നമുണ്ട്.

ജര്‍മ്മന്‍ നാടകകൃത്ത് ബെര്‍ത്തോള്‍ത് ബ്രെഹത്തിന്റെ “The Resistible Rise and Fall of Arturo Ui” എന്ന ഹിറ്റ്ലറുടെയും ചിക്കാഗോ മാഫിയ തലവന്‍ അല്‍ കപോനിന്റെയും ഉയര്‍ച്ചയെ സമാന്തരമായി അവതരിപ്പിക്കുന്ന നാടകത്തിനൊടുവില്‍ അര്‍ടുറോ ഉയി ആയി അഭിനയിക്കുന്ന നടന്‍ മുന്നോട്ട് വന്നു അയാളുടെ ഹിറ്റ്ലര്‍ മീശ എടുത്തുമാറ്റുന്നു. എന്നിട്ട് കാണികളോടായി പറയുന്നു:

തുറിച്ചുനോക്കുന്നതിന് പകരം നമുക്ക് നോക്കാന്‍ കഴിഞ്ഞെങ്കില്‍, പ്രഹസനത്തിന്റെ ഹൃദയത്തിലുള്ള ഭയാനകതയെ നാം കണ്ടേനെ.. സംസാരിക്കുന്നതിന് പകരം നമുക്ക് അഭിനയിക്കാന്‍ കഴിഞ്ഞെങ്കില്‍, നാം എല്ലായ്പ്പോഴും ഇരുന്നുപോകില്ലായിരുന്നു...

ഗ്രീസ് പ്രക്ഷുബ്ധമാണ്. യൂറോപ്പിലെ 28 രാജ്യങ്ങളില്‍ ഏതാണ്ട് എല്ലാം തന്നെ മാന്ദ്യത്തില്‍ മുങ്ങാന്‍ പോവുകയാണ്. 16 വര്‍ഷം മുമ്പ് 1999-ലാണ് യൂറോ പൊതുനാണയമാക്കാനുള്ള തീരുമാനമെടുത്തത്. നിലവില്‍ 19 രാഷ്ട്രങ്ങള്‍ യൂറോസോണിന്റെ ഭാഗമാണ്. സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്കും ചെലവ് വെട്ടിച്ചുരുക്കാനുമുള്ള നിര്‍ദേശങ്ങള്‍ തള്ളിയ ഹിതപരിശോധന ഫലത്തെ തുടര്‍ന്ന് ഗ്രീസ് യൂറോസോണില്‍ ഉണ്ടാകുമോ എന്നു പറയാനാകാതെ വന്നിരിക്കുന്നു.

ജൂണ്‍ 30-നു അന്താരാഷ്ട്ര നാണയ നിധിക്കുള്ള (IMF) വായ്പാ തിരിച്ചടവിനുള്ള ബാധ്യത അടുത്തകാലത്തായി മുടക്കിയ ആദ്യത്തെ വികസിത രാജ്യമായി ഗ്രീസ്. ഐ എം ഫും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, യൂറോപ്യന്‍ കമ്മീഷന്‍ എന്നിവയുമടങ്ങുന്ന ത്രിമൂര്‍ത്തികള്‍ ഗ്രീസിന് വലിയ തുകകള്‍ വായ്പയായി നല്കിയിട്ടുണ്ട്.

2004-ല്‍ ഗ്രീസിന്റെ പൊതുകടം 183.2 ബില്ല്യണ്‍ യൂറോ ആയിരുന്നു. 2009 ആയപ്പോഴേക്കും ഇത് 300 ബില്ല്യനായി അഥവാ ജി ഡി പിയുടെ 127%. അവിടെയും നില്‍ക്കാതെ പൊതുകടം 323 ബില്ല്യണ്‍ യൂറോയും മൊത്തം വരുമാനത്തിന്റെ 175 ശതമാനവുമായി കുത്തനെ ഉയര്‍ന്നു.

1939-ല്‍ തുടങ്ങി 1945-ല്‍ അവസാനിച്ച രണ്ടാം ലോകമഹായുദ്ധത്തോടെ ഏഥന്‍സും ബെര്‍ലിനും തമ്മിലുള്ള അകലം ഏറെ കൂടിയിരുന്നു. ഗ്രീക്കുകാരില്‍ കുറേപ്പേര്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിനെ ഹിറ്റ്ലറുടെ പുതിയ അവതാരമായാണ് കാണുന്നത്.

1953-ലെ ലണ്ടന്‍ ഉടമ്പടിയെ തുടര്‍ന്ന് നാസി ഭരണം അവസാനിച്ച ജര്‍മ്മനിയുടെ പൊതുകടത്തിന്റെ പകുതി എഴുതിത്തള്ളിയെന്നും, ഒരു വ്യാവസായിക ഭീമനും യൂറോസോണിലെ ഏറ്റവും സമ്പന്ന രാജ്യവുമായി വളരാന്‍ ജര്‍മ്മനിയെ സഹായിച്ചത് ഇതാണെന്നും ഗ്രീസില്‍ ഇപ്പോള്‍ ആളുകള്‍ ഓര്‍ക്കുന്നുണ്ട്.

“രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളോടെ (യൂറോപ്യന്‍) ആദ്യം പദ്ധതിയെ ഒന്നിപ്പിച്ചു നിര്‍ത്തിയിരുന്ന പശ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. ക്രൂരമായ വിധം സങ്കീര്‍ണമായ നിയമങ്ങളും, അനൌദ്യോഗികമായ പെരുമാറ്റച്ചട്ടങ്ങളും, സാധാരണക്കാരെ കുഴപ്പിക്കുന്ന സാങ്കേതിക വിശദാംശങ്ങള്‍ക്കുള്ള ഉദ്യോഗസ്ഥരുടെ പ്രതിപത്തിയും കൊണ്ട് (യൂറോക്രാറ്റ് എന്ന അധിക്ഷേപം കേട്ടവര്‍) ഒന്നിപ്പിച്ചിരുന്നതായിരുന്നു അതിനെ. എന്തായാലും ഈ സംവിധാനത്തിനുള്ളിലേക്ക് ഒരു കൈബോംബ് എറിഞ്ഞിരിക്കുകയാണ് സിരിസിയ.” (വാഷിംഗ്ടണ്‍ പോസ്റ്റ് ജൂലായ് 2)

ഇടതുപക്ഷ സഖ്യം/സിരിസിയ ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. വിജയത്തിനുശേഷം സഖ്യനേതാവ് 40-കാരനായ അലെക്സിസ് സിപ്രാസ് ആവേശംകൊണ്ടു: “ഗ്രീക്കുകാര്‍ ചരിത്രമെഴുതിയിരിക്കുന്നു.”

ധനികരായ ഉപരിവര്‍ഗത്തോടുള്ള യുവാക്കളുടെ പ്രതിഷേധമായാണ് മിക്ക നിരീക്ഷകരും തെരഞ്ഞെടുപ്പ് ഫലത്തെ കണ്ടത്. ഗ്രീസിലെ അതിധനികര്‍, പ്രത്യേകിച്ചും കപ്പല്‍ മുതലാളിമാര്‍, ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഭാവനകളില്‍ ഇടംപിടിച്ചു. ഒരിക്കല്‍ ലോകത്തെ ഏറ്റവും വലിയ ധനികനും ജാക്വിലിന്‍ കെന്നഡിയെ വിവാഹം കഴിക്കുകയും ഓപ്പറ ഗായിക മറിയ കല്ലാസിനെ സഖിയാക്കുകയും ചെയ്ത അരിസ്റ്റോട്ടില്‍ ഒനാസീസിനെ ഓര്‍ക്കുന്നില്ലേ?

സമ്പദ് രംഗത്തെ ചലിപ്പിക്കുമെന്ന് പറഞ്ഞ് ത്രിമൂര്‍ത്തികള്‍ ഗ്രീസിന് നല്കിയ രക്ഷാ പദ്ധതി വിപരീതഫലമാണുണ്ടാക്കിയത്. അഞ്ചു കൊല്ലത്തിനുള്ളില്‍ ഗ്രീസിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞു. ദേശീയ വരുമാനം നാലിലൊന്നായി കുറഞ്ഞു. കൂലിയും ഇതേ അനുപാതത്തില്‍ ഇടിഞ്ഞു.

ആ രാജ്യത്തെ നാലില്‍ ഒന്നുപേരും യൂറോപ്യന്‍ നിലവാരം വെച്ചുനോക്കിയാല്‍ ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും സാമൂഹ്യമായ അരക്ഷിതാവസ്ഥയിലുമാണ് കഴിയുന്നത്. 110 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ 26% പേരും തൊഴില്‍രഹിതരാണ്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 60%-ത്തിന് മുകളിലും.

പൊതുചെലവ് വെട്ടിച്ചുരുക്കലിനെതിരായ-ആരോഗ്യ സുരക്ഷാ, പെന്‍ഷന്‍, വിദ്യാഭ്യാസം- പരിപാടിയുടെ പേരില്‍ ജയിച്ചുവന്ന പുതിയ സര്‍ക്കാര്‍ കടഭാരം പുനഃപരിശോധനക്ക് വിധേയമാക്കാന്‍ ചര്‍ച്ചകള്‍ വേണമെന്നാവശ്യപ്പെട്ടു. പ്രതീക്ഷിച്ചപ്പോലെ ത്രിമൂര്‍ത്തി സംഘങ്ങളും പ്രത്യേകിച്ചും ജര്‍മ്മനിയുടെ ചാന്‍സലര്‍ മെര്‍ക്കലും കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നു.

കഴിഞ്ഞ സര്‍ക്കാരുകളുടെ ധാരാളിത്തത്തിന്റെയും കണക്കുകളിലെ വെട്ടിപ്പുകളുടേയും ഭാരത്തില്‍ നിന്നും സിപ്രാസിന്റെ സര്‍ക്കാരിന് എളുപ്പത്തില്‍ വിടുതല്‍ നേടുക സാധ്യമല്ലായിരുന്നു.

രാജ്യത്തിന്റെ പൊതുകടത്തിന്റെ 80%-വും യൂറോപ്പിലെ വ്യത്യസ്ത സ്ഥാപനങ്ങള്‍ക്കും ഐ എം ഫിനും ബാക്കി സ്വകാര്യ വായ്പാ സ്ഥാപനങ്ങള്‍ക്കുമാണ്.2010-നു മുമ്പുള്ള ഗ്രീസിന്റെ പൊതുകടത്തിലെ വര്‍ദ്ധന സര്‍ക്കാര്‍ ചെലവ് മൂലമല്ല, മറിച്ച് വായ്പയുടെ കനത്ത പലിശയും, അനധികൃതമായി പണം പുറത്തെക്കൊഴുകുന്നതിന്റെ ഭാഗമായുള്ള നികുതിനഷ്ടവും, വന്‍തോതിലുള്ള സൈനികചെലവും മൂലമായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ ഗ്രീസിന് നല്കിയ 254 ബില്ല്യണ്‍ യൂറോയുടെ വായ്പയില്‍ കേവലം 11% മാത്രമാണു നടപ്പ് സര്‍ക്കാര്‍ ചെലവുകളിലേക്ക് വകയിരുത്തിയത്.

എന്നിട്ടും ത്രിമൂര്‍ത്തികള്‍ ആവശ്യപ്പെടുന്നത് 2018-ല്‍ ഗ്രീസ് ജി ഡി പിയുടെ 3.5% (പലിശ കൂട്ടാതെ) ബജറ്റ് മിച്ചം കാണിക്കണം എന്നാണ്. രാജ്യത്തിന്റെ സമ്പദ് രംഗത്തിന്റെ അവസ്ഥ നോക്കിയാല്‍ ഇത് തീര്‍ത്തൂം അസാധ്യമായ ഒരു ആവശ്യമാണ്.

ജൂണ്‍ അവസാനം ഐ എം ഫില്‍ നിന്നെടുത്ത 1.5 ബില്ല്യണ്‍ യൂറോയുടെ കടം തിരിച്ചടക്കാന്‍ വീഴ്ച്ച വരുത്തിയതോടെ അടുത്ത രണ്ടുവര്‍ഷം കൊണ്ടുള്ള വായ്പാ തിരിച്ചടവിനായി 29.1 ബില്ല്യണ്‍ യൂറോയുടെ ഒരു പുതിയ വായ്പ ലഭിക്കാന്‍ ഗ്രീക് പ്രധാനമന്ത്രി നിര്‍ദേശം വെച്ചു. പക്ഷേ അത് നടന്നില്ല.

കടത്തിന്റെ വലിപ്പംകൊണ്ട് മാത്രമല്ല ഗ്രീസിലെ പ്രതിസന്ധി. നോബല്‍ സമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സ് പ്രഞ്ഞതുപോലെ ഗ്രീസിന് ലഭിച്ച വായ്പയില്‍ വളരെക്കുറച്ച് പണം മാത്രമേ ജനങ്ങളിലേക്ക് പോയുള്ളൂ. അത് പ്രധാനമായും പോയത് ജര്‍മനിയിലും ഫ്രാന്‍സിലുമുള്ള ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും അടങ്ങുന്ന സ്വകാര്യ വായ്പക്കാര്‍ക്കാണ്.

ആന്‍റിബയോടിക്സും എലിവിഷവും ഒന്നിച്ചുചേര്‍ന്ന ഒരു മരുന്നിനോടാണ് മറ്റൊരു നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍ ഗ്രീസിന് നല്കിയ കുറിപ്പടിയെ ഉപമിച്ചത്. രോഗി അത്യാസന്നനിലയിലാണ്, പക്ഷേ ഗുളികയില്‍ മരുന്നും വിഷവുമുണ്ട്.

യൂറോപ്പിന്റെ മൊത്തം ജി ഡി പിയുടെ വെറും 2% മാത്രമാണു ഗ്രീസിന്റെ സംഭാവന. പിന്നെന്താണ് അതിനിത്ര പ്രാധാന്യം? ഉത്തരം:ഗ്രീസ് പുറത്തേക്ക് പോയാല്‍ ആ വ്യാധി യൂറോപ്പിലാകേ പരക്കാനും ഒരുപക്ഷേ ലോകത്താകെ ബാധിക്കാനും സാധ്യതയുണ്ട്.

ഗ്രീക്കിന്റെ ബഹിര്‍ഗമനം പ്രതികൂലമായി ആദ്യം ബാധിക്കുക യൂറോപ്പിലെ താരതമ്യേന ദുര്‍ബലമായ സാമ്പത്തിക വ്യവസ്ഥകളായ പോര്‍ച്ചുഗല്‍, അയര്‍ലണ്ട്, സ്പെയിന്‍, ഇറ്റലി എന്നിവയെ ആയിരിയ്ക്കും. സ്പെയിന്‍, ഫ്രാന്‍സ്, നെതര്‍ലാണ്ട്സ് എന്നിവടങ്ങളില്‍ ഇടതു,വലതു രാഷ്ട്രീയ സഖ്യങ്ങള്‍ കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.

ഗ്രീസ് പുറത്തുപോകുന്നത് അവര്‍ക്കല്ല, യൂറോപ്യന്‍ യൂണിയനും ഐ എം ഫിനും ആണ് കൂടുതല്‍ ദോഷമുണ്ടാക്കുക എന്നു മാത്യൂ ലിന്നിനെ പോലുള്ള നിരീക്ഷകര്‍ പറയുന്നു.

ആഗോള സാമ്പത്തിക മൂലധന ശക്തികളും ജനാധിപത്യ ശക്തികളും തമ്മിലുള്ള പോരാട്ടത്തില്‍ രാജ്യത്തെ ഭീഷണിപ്പെടുത്താനാണ് ത്രിമൂര്‍ത്തികള്‍ ശ്രമിക്കുന്നതെന്ന് സിപ്രാസ് പറയുമ്പോള്‍ ഗ്രീസില്‍ മാത്രമല്ല ലോകത്താകെ അതിനു വലിയ തോതില്‍ സ്വീകാര്യതയുണ്ട്.

സമീപഭാവിയില്‍ത്തന്നെ യൂറോപ്പിലും ലോകത്തിലാകെയും വലിയ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ അനിശ്ചിതത്വത്തിനുള്ള സാധ്യതകളുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളില്‍ ഒരു ഡസനോളം ഭരണമാറ്റങ്ങളുണ്ടായി.

സര്‍ക്കാര്‍ അവകാശവാദം എന്തൊക്കെയാണെങ്കിലും ഈ പ്രതിസന്ധിയില്‍ നിന്നും ഇന്ത്യക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ ആവില്ല. കയറ്റുമതി ദുര്‍ബ്ബലമാകും. മൊത്തമായെടുത്താല്‍ ഇരട്ടമാര്‍ഗ വ്യാപാരത്തില്‍ ഇന്ത്യയുടെ ഏറ്റവും അളിയാ വാണിജ്യ പങ്കാളിയാണ് യൂറോപ്പ്. കഴിഞ്ഞ വര്‍ഷം 72.5 ബില്ല്യണ്‍ ഡോളറിന്റെ/ 5,30,000 കോടി രൂപയുടെ വാണിജ്യ ഇടപാടുകളാണ് നടന്നത്.

യൂറോയുടെ ഭാവി അനിശ്ചിതത്വത്തിലാകവേ, രാഷ്ട്രീയ ഐക്യം കൂടാതെ സാമ്പത്തിക ഐക്യത്തിന് ശ്രമിക്കുന്നത് എത്രത്തോളം പ്രായോഗികവും ആശാസ്യവുമാണ് എന്ന ചോദ്യം ഉയരുന്നു. ഏക വിപണി സൃഷ്ടിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ഉണ്ടാക്കിയത്. 28 അംഗരാഷ്ട്രങ്ങളില്‍ 19 എണ്ണം മാത്രമേ ഇപ്പോള്‍ യൂറോസോണില്‍ ഉള്ളൂ എങ്കിലും.

ഇന്ത്യയുടെ അനുഭവം തിരിച്ചാണ്. രാജ്യം രാഷ്ട്രീയമായി എന്നത്തേക്കാളും ഒന്നിച്ചാണെങ്കിലും സാമ്പത്തികമായി ശിഥിലമാണ്. അതുകൊണ്ടാണ് സര്‍ക്കാരിന് ഏറ്റവും നിര്‍ണായകമായ സാമ്പത്തിക പരിഷ്കരണങ്ങളിലൊന്ന് എന്നു പലരും കരുതുന്ന, രാജ്യത്തെയൊട്ടാകെ ഒരൊറ്റ വിപണിയാക്കാന്‍ ഉതകുന്ന ചരക്ക്,സേവന നികുതി (GST) കൊണ്ടുവരാന്‍ സര്‍ക്കാരിന് കടുത്ത പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുന്നത്.

യൂറോപ്പിന്റെ അനുഭവത്തില്‍ നിന്നും ഇന്ത്യക്ക് മറ്റൊരു പാഠം കൂടി പഠിക്കാനുണ്ട്. നമ്മുടെ ബാങ്കിംഗ് സംവിധാനം ശരിയാക്കേണ്ടതുണ്ട്.പൊതുമേഖല ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍ അഥവാ കിട്ടാക്കടം പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതൊന്നും ചെറുകിടക്കാര്‍ക്ക് നല്കിയതല്ല, വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, കച്ചവടക്കാര്‍ക്കും-വിജയ് മല്ല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് പോലെ- നല്‍കിയതാണ്.

2007-08-ല്‍ തുടങ്ങിയ വലിയ മാന്ദ്യത്തെ ചെറുത്തുനിന്ന ഇന്ത്യന്‍ ബാങ്കുകള്‍ എന്നത്തേക്കാളും ദുര്‍ബ്ബലമാണിന്ന്. സര്‍ക്കാരും അരുണ്‍ ജെറ്റ്ലിയും പൊതുമേഖല ബാങ്കുകളുടെ ആസ്തികള്‍ വിറ്റുതുലക്കുന്നുണ്ടെങ്കിലും.

ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിനെ ചൊല്ലി ഇവിടെ തര്‍ക്കം രൂക്ഷമാകുന്ന അതേ ഘട്ടത്തില്‍ തന്നെയാണ് ലോകത്താകെ ഇടതു-വലതു സംഘര്‍ഷം നീറിപ്പുകയുന്നത്. അതെന്നെത്താക്കളും രൂക്ഷമാണിപ്പോള്‍. ഒരുപക്ഷേ 1989-ലെ ബെര്‍ലിന്‍ മതില്‍ തകര്‍ച്ചക്കും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കും ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ തര്‍ക്കം.

സ്റ്റിഗ്ലിറ്റ്സ് വാദിക്കുന്നതുപോലെ ഗ്രീസിലെ പ്രതിസന്ധി “പണത്തിനും സാമ്പത്തികശാസ്ത്രത്തിനെക്കാളുമേറെ അധികാരത്തെയും ജനാധിപത്യത്തെയും കുറിച്ചാണ്.”

ഇപ്പോള്‍ പുറത്തുവന്ന ഹിതപരിശോധനാ ഫലത്തെ തുടര്‍ന്ന് എന്തൊക്കെ സംഭവിച്ചാലും നമ്മളില്‍ പലരും സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ എത്രയോ ഏറെ ലോകത്തെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥ മാറിയിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories